മലത്തിന് മഞ്ഞനിറം ഉണ്ടാക്കുന്നത് ഈ രാസവസ്തുവാണ്. രക്തത്തില്‍ ബിലിറൂബിന്റെ സാധാരണ അളവ് ഒരു മില്ലിഗ്രാം പാര്‍ഡസിലിറ്റാണ്. ഇത് മൂന്നുഗ്രാമില്‍ കൂടുതലാകുമ്പോള്‍ തൊലിയ്ക്കും കണ്ണിലെ സ്കളീറയ്ക്കും മഞ്ഞ നിറമാകും.
രക്തത്തില്‍ അളവുകൂടുമ്പോള്‍ മൂത്രത്തിലൂടെ കൂടുതല്‍ വിസര്‍ജിക്കപ്പെടും. മൂത്രത്തിന് കടുത്ത മഞ്ഞനിറം ഉണ്ടാകും.
ബിലിറൂബിന്‍ കൂടാനുള്ള കാരണങ്ങള്‍
1. രക്താണുക്കളുടെ നശീകരണം.
2. കരള്‍ ബിലിറൂബിന്‍ ആഗിരണം ചെയ്ത് വിസര്‍ജിക്കുന്നതിലെ അപാകത
3. കരളില്‍ നിന്ന് രക്തത്തിലേയ്ക്ക് ലയിക്കപ്പെടുന്നതു കാരണം.
രക്താണുക്കളുടെ അധികനശീകരണം മൂലമുണ്ടാകുന്ന ഹീമോളിറ്റിക് ജോണ്ടിസ് അപൂര്‍വ്വമാണ്. കരള്‍കോശങ്ങളുടെ പ്രവര്‍ത്തന വൈകല്യം മൂലമുണ്ടാകുന്നതാണ് ഏറ്റവും വ്യാപകം. ഇതില്‍ വൈറസ് മുഖേനയുണ്ടാകുന്നതാണ് മാരകം. വിവിധ തരം വിഷവസ്തുക്കളും (കാര്‍ബണ്‍ടെട്രാ ക്ളോറൈഡ് ബന്‍സീന്‍ , കുമിള്‍ വിഷാംശം, പാരസെറ്റാമോള്‍, ടെട്രാ സൈക്ളിന്‍, ടി.ബിയ്ക്കുള്ള മരുന്നുകള്‍, വേദന സംഹാരികള്‍, അനസ്തേഷ്യയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ മുതലായവയുടെ ഉപയോഗം), മദ്യപാനവും കാരണമാകാം. ബിലിറൂബിന്‍ വിസര്‍ജിക്കുന്ന നാളിയ്ക്ക് തടസമുണ്ടാക്കുന്നതുമൂലമുണ്ടാകുന്നതാണ് മൂന്നാമത്തെ വിഭാഗം.
ഹെപ്പറ്റൈറ്റിസ് എ
ആറു മുതല്‍ 12 മാസം വരെ നിലനില്‍ക്കും. ജലം വഴി പകരും.താരതമ്യേന നിസാരം. അണുക്കള്‍ കടന്ന് 15-45 ദിവസങ്ങള്‍ക്കകം ലക്ഷണങ്ങള്‍ പ്രകടമാകും. ചികിത്സയൊന്നും കൂടാതെ ഭേദപ്പെടും. പ്രതിരോധവാക്സിന്‍ ലഭ്യം.
ഹെപ്പറ്റൈറ്റിസ് ബി
മാരകം. കരളിനെ ഗുരുതരമായി ബാധിക്കും. കരള്‍ കാന്‍സറിന് സാദ്ധ്യത. രക്തത്തില്‍ കൂടിയും ലൈംഗികബന്ധത്തിലൂടെയും അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേയ്ക്കുമാണ് പകരുന്നത്. 90 ശതമാനം പേരും പൂര്‍ണ്ണ സൌഖ്യം നേടുന്നു. പ്രായമുള്ളവരിലും കൊച്ചുകുഞ്ഞുങ്ങളിലും എയ്ഡ്സ് പോലെ പ്രതിരോധശക്തി കുറഞ്ഞവരിലും ഇത് മാരകമാകാം.
ഹെപ്പറ്റൈറ്റിസ് സി
രക്തം സ്വീകരിക്കുന്നതിലൂടെ ഉണ്ടാകുന്ന മഞ്ഞപ്പിത്തത്തില്‍ 90 ശതമാനത്തിലേറെയും സി വൈറസ് മൂലം. ലൈംഗികബന്ധം വഴിയും പകരാം. മാരകമാണ്. 150 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. വാക്സിന്‍ ലഭ്യമല്ല. അതിനാല്‍ രക്തം സ്വീകരിക്കുമ്പോള്‍ കര്‍ശനമായി പരിശോധിക്കുക.
ഹെപ്പറ്റൈറ്റിസ് ഡി
ബി വൈറസിനോടൊപ്പം നിലനില്‍ക്കുന്നതോ അത്തരക്കാരെ തുടര്‍ന്നാക്രമിക്കുന്നതോ ആണ് ഡി വൈറസ.് ഇതു മൂലം ബി വൈറസ് ബാധിച്ചവരില്‍ മരണസാദ്ധ്യത കൂടുതല്‍.പ്രതിരോധകുത്തിവയ്പ്പ് ഫലപ്രദം.
'ഇ, ജി' വൈറസുകള്‍
ഇ വൈറസ് ജലംവഴിയും ജി വൈറസ് രക്തം വഴിയും പകരുന്നു. രണ്ടിനും മാരകസ്വഭാവം കുറവും സ്വയമേധാ നിയന്ത്രണ വിധേയമാകുന്നതുമാണ്.
ലക്ഷണങ്ങള്‍
അതിയായ ക്ഷീണമാണ് ആദ്യ ലക്ഷണം. മനം പുരട്ടല്‍, ഛര്‍ദ്ദി, വയറിളക്കം, ചെറിയ
പനി എന്നിവ കൂടാതെ രോഗം കൂടുന്നതോടൊപ്പം മഞ്ഞമൂത്രം, കണ്ണിന് മഞ്ഞനിറം, കൈ വെള്ളയ്ക്ക് മഞ്ഞ, വേദനയോടുകൂടിയ കരള്‍വീക്കം എന്നിവയും ഉണ്ടാകും.
ചികിത്സ
ചികിത്സ പരിമിതമാണ്. വിശ്രമമാണ് പ്രധാനം. കലോറി കൂടിയ ഭക്ഷണം കഴിക്കുക ധാരാളം വെള്ളം കുടിക്കണം. കരളിനെ ബാധിക്കാന്‍ സാദ്ധ്യതയുള്ള ഔഷധങ്ങള്‍ (ഉദാ:പാരസെറ്റാമോള്‍, വേദന സംഹാരികള്‍) ഉപേക്ഷിക്കേണ്ടതാണ്.
ഡോ.കെ.വേണുഗോപാല്‍
(ശ്വാസകോശ രോഗചികില്‍സാ വിഭാഗം മേധാവി, ജനറല്‍ ആശുപത്രി, ആലപ്പുഴ)
(കടപ്പാട്: കേരളകൌമുദി ഓണ്‍ലൈന്‍ എഡിഷന്‍ )