Friday 6 April 2012

നല്ല ആരോഗ്യം ദീര്‍ഘായുസിന്

നാളെ ലോകാരോഗ്യ ദിനം. ‘നല്ല ആരോഗ്യം ദീര്‍ഘയുസിന്’ ("Good health adds life to years")എന്നാണ് ഇക്കുറി ലോകാരോഗ്യ സംഘടനയുടെ മുദ്രാവാക്യം.
1948 ഏപ്രില്‍ ഏഴിനാണ് ലോകാരോഗ്യ സംഘടന സ്ഥാപിതമായതെങ്കിലും 1950 മുതലാണ് ഈ ദിനം ലോകാരോഗ്യദിനമായി ആചരിക്കപ്പെടുന്നത്. ഈ വര്‍ഷത്തെ ലോകാരോഗ്യദിനത്തിന്റെ പ്രമേയം 'വാര്‍ധക്യവും ആരോഗ്യവും' എന്നതാണ്.
ജീവിതത്തിലുടനീളം പാലിക്കുന്ന നല്ല ആരോഗ്യശീലങ്ങള്‍ വാര്‍ധക്യകാലത്തിന് മുതല്‍ക്കൂട്ടാവും. ലോകാരോഗ്യ സംഘടനയിലെ 194 അംഗരാഷ്ട്രങ്ങളും ഔദ്യോഗിക ഏജന്‍സികളും സിവില്‍ സൊസൈറ്റികളും പൊതുജന കൂട്ടായ്മകളും ഇതിനെ ആധാരമാക്കി ബോധവത്കരണ പരിപാടികളും ക്യാമ്പുകളും മറ്റും സംഘടിപ്പിക്കുന്നുണ്ട്. ലോകത്തിന് ഇന്ന് പ്രായമേറുകയാണ്. 2060 ആകുമ്പോള്‍ 80 വയസ്സിനുമുകളിലുള്ളവരുടെ എണ്ണം മാത്രം 40 കോടിയാവുമെന്ന് കണക്കുകള്‍ പറയുന്നു. ഇപ്പോള്‍തന്നെ മിക്ക കുഞ്ഞുങ്ങള്‍ക്കും അവരുടെ മുതുമുത്തച്ഛന്മാരെയും മുതുമുത്തശ്ശിമാരെയും കാണാനുള്ള ഭാഗ്യമുണ്ട്. ഇങ്ങനെപോയാല്‍, സമീപഭാവിയില്‍തന്നെ ലോകത്ത് കുട്ടികളേക്കാള്‍ കൂടുതല്‍ വൃദ്ധജനങ്ങളായിരിക്കും. വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ 65 വയസ്സിനുമുകളിലുള്ളവരുടെ എണ്ണം അഞ്ചു വയസ്സിനുതാഴെയുള്ള കുഞ്ഞുങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാവുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഈ ഗതിമാറ്റം കൂടുതല്‍ അനുഭവപ്പെടുക ഇന്ത്യപോലുള്ള വികസ്വര രാഷ്ട്രങ്ങളിലാണ്. ആരോഗ്യമുള്ള വാര്‍ധക്യത്തിന് ഗര്‍ഭാവസ്ഥ മുതലുള്ള ജീവിതചക്രത്തിലെ മുഴുവന്‍ ആരോഗ്യസ്ഥിതിയുമായും ബന്ധമുണ്ട്. ഗര്‍ഭസ്ഥശിശു അനുഭവിക്കുന്ന പോഷകക്കുറവും കൗമാരത്തിലെ അമിതവണ്ണവും പ്രമേഹത്തിനും രക്തചംക്രമണ വ്യവസ്ഥയെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ക്കും കാരണമാവും. എന്നാല്‍, കേവലം പോഷണം മാത്രമല്ല നമ്മുടെ ഭക്ഷണവും വ്യായാമവും ദുശ്ശീലങ്ങള്‍ (മദ്യപാനം, മയക്കുമരുന്ന്, പുകവലി) വെടിയലും ജീവിതത്തോടുള്ള തുറന്ന സമീപനവും നല്ല വാര്‍ധക്യം തേടുന്നവര്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങളാണ്. ഇന്ന് ദരിദ്ര രാഷ്ട്രങ്ങളില്‍പോലും അധിക ജനങ്ങളുടെയും മരണകാരണം സാംക്രമികരോഗങ്ങളല്ല. മറിച്ച്, ഹൃദ്രോഗവും അര്‍ബുദവും പ്രമേഹവുമൊക്കെയാണ്. പ്രായമുള്ള ആളുകളാകട്ടെ, ഇത്തരത്തിലുള്ള ഒരുപാട് അസുഖങ്ങള്‍ ഒരേസമയം പേറി പ്രയാസപ്പെടുന്നതും കാണുന്നു. വിവിധ അംഗവൈകല്യങ്ങളാല്‍ ദുരിതമനുഭവിക്കുന്ന ആളുകളുടെ ആയുസ്സിലും സമാനമായ വര്‍ധന കണ്ടുവരുന്നു. ലോകജനതയുടെ 20 ശതമാനം  50 വയസ്സിനുമുകളില്‍ പ്രായമുള്ളവരാണ്.  അംഗവൈകല്യങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ  കാര്യത്തില്‍ സമൂഹത്തിന്റെ പ്രത്യേകശ്രദ്ധ പതിയേണ്ടതുണ്ട്.
വികസിത രാഷ്ട്രങ്ങളില്‍പോലും 4-6 ശതമാനംവരെ വൃദ്ധജനങ്ങള്‍ സ്വന്തം വീടുകളില്‍ മോശം പെരുമാറ്റം നേരിടേണ്ടിവരുന്നുവെന്ന് ലോകാരോഗ്യസംഘടന പറയുന്നു. നമ്മുടെ രാജ്യത്ത് ഇവ തടയുന്നതിന് 2007ല്‍ പാര്‍ലമെന്റ് പാസാക്കിയ വൃദ്ധജനസംരക്ഷണ നിയമം പോലുള്ള നിയമങ്ങള്‍ നിലവിലുണ്ട്. 60 വയസ്സിനുമുകളിലുള്ള മാതാപിതാക്കള്‍ക്കാണ് 2007ലെ നിയമം ബാധകമാകുന്നത്. മാതാപിതാക്കളെ വേണ്ടരീതിയില്‍ പരിചരിക്കാത്ത മക്കള്‍ക്ക് മൂന്നുമാസം ജയില്‍ശിക്ഷയും പിഴയും ഈ നിയമം അനുശാസിക്കുന്നു.
ദീര്‍ഘകാല പരിചരണമാണ് വൃദ്ധജന ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ മറ്റൊരു കാര്യം. ചലനശേഷിക്കുറവും ശോഷിപ്പ്  അടക്കമുള്ള ശാരീരിക അവശതകളും മാനസിക പ്രയാസങ്ങളും പരാശ്രയമില്ലാതെയുള്ള ജീവിതം വൃദ്ധജനങ്ങള്‍ക്ക് അപ്രാപ്യമാക്കുന്നു. ഹോം നഴ്സുമാരുടെ സേവനവും മക്കളുടെയും സമൂഹത്തിലെ പരോപകാര തല്‍പരരായ വളന്റിയര്‍മാരുടെയും പരിചരണവും ദീര്‍ഘകാല ആശുപത്രിവാസവും മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായിവന്നേക്കാം. ഓര്‍മക്കുറവും അല്‍ഷൈമേഴ്സും ബാധിച്ച പ്രായമേറിയവരുടെ എണ്ണം കൂടിവരുകയാണ്. 85 വയസ്സിനുമുകളില്‍ പ്രായമുള്ള 30 ശതമാനത്തോളം പേരില്‍ ഓര്‍മസംബന്ധിയായ പ്രശ്നങ്ങള്‍ കാണപ്പെടുന്നു. ഇന്ത്യപോലുള്ള രാഷ്ട്രങ്ങളില്‍ മറവിരോഗം ബാധിച്ചവര്‍ക്ക് ദീര്‍ഘകാല പരിചരണം നല്‍കുന്നതിനുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും പരിമിതമാണ്. ഇക്കാര്യത്തില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും പൊതുജനങ്ങളുടെയും  ശ്രദ്ധ കാലം ആവശ്യപ്പെടുന്നു.
പ്രകൃതിദുരന്തങ്ങള്‍, യുദ്ധങ്ങള്‍ തുടങ്ങിയ അത്യാഹിതങ്ങളിലും കൂടുതല്‍ ഇരകളാകുന്നത് വൃദ്ധരത്രെ. അതേസമയം, ദുരന്തങ്ങളിലും കലാപങ്ങളിലും പ്രശ്നപരിഹാരശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ മുതിര്‍ന്ന പൗരന്മാരുടെ പങ്ക് നിസ്തുലമാണ്. പരമ്പരാഗത സമൂഹങ്ങളില്‍ പ്രായമായവരെ കാരണവര്‍സ്ഥാനം നല്‍കി ബഹുമാനിക്കുമ്പോള്‍ ആധുനിക സമൂഹങ്ങളില്‍ അവര്‍ കുറഞ്ഞ ബഹുമാനത്തിന് പാത്രമായവരായി കണക്കാക്കപ്പെടുന്നു. വ്യവസ്ഥാപിതമായ ഈ പാര്‍ശ്വവത്കരണ മനോഭാവം അവരെ ഊര്‍ജസ്വലത കുറഞ്ഞവരായും ജോലിക്ക് കഴിയാത്തവരായും മുദ്രകുത്തുന്നു. വൃദ്ധജനങ്ങള്‍ക്കുനേരെയുള്ള ഇത്തരം നിലപാടുകള്‍ അവരെ വിവിധ പരിപാടികളില്‍ സജീവമാകുന്നതില്‍നിന്ന് തടയുന്നു. ഈ മനോഭാവം മാറ്റിയാല്‍ മാത്രമേ മുതിര്‍ന്ന പൗരന്മാരെ സമൂഹത്തിന്റെ മുഖ്യചാലകശക്തിയാക്കാന്‍ സാധിക്കൂ.