Tuesday 17 January 2012

പെന്‍റാവാലെന്‍റിനെതിരായ നീക്കം സ്വകാര്യ മേഖലയെ സഹായിക്കാന്‍


പ്രതിരോധ മരുന്നിനെതിരായ ഹരജി സ്വകാര്യമേഖലയെ സഹായിക്കാനെന്ന്

കൊച്ചി: പ്രതിരോധ ഔഷധമായ പെന്‍റാവാലന്‍റ് വാക്സിനെതിരായ ഹരജി സ്വകാര്യവാക്സിന്‍ നിര്‍മാതാക്കളെ സഹായിക്കാനെന്ന് കേന്ദ്രസര്‍ക്കാര്‍‍ . പെന്‍റാവാലന്‍റ് വാക്സിന്‍ നല്‍കുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്നും ഇതു നിരോധിക്കണമെന്നും ചൂണ്ടിക്കാട്ടി ഹൈകോടതിയില്‍ നല്‍കിയ ഹരജിയിന്മേല്‍ നല്‍കിയ വിശദീകരണത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിരോധ മരുന്ന് 2004 മുതല്‍ ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ ലഭ്യമാണ്. സ്വകാര്യ ഡോക്ടര്‍മാര്‍ ഇത് വ്യാപകമായി നിര്‍ദേശിക്കുകയും ആളുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഒരു ഡോസിന് കുറഞ്ഞത് 2000 രൂപ വീതം മൂന്ന് ഡോസിന് 6000മാണ് ഈടാക്കുന്നത്. 2007-11 കാലയളവില്‍ ഉല്‍പ്പാദിപ്പിച്ച 1.67കോടി ഡോസ് വാക്സിനില്‍ 1.56 കോടിയും ചെലവഴിച്ചു. കൂടുതല്‍ വാക്സിന്‍ നിര്‍മാതാക്കള്‍ ഈ രംഗത്തേക്ക് കടന്നുവന്നതും ഇതുമായി ബന്ധപ്പെട്ട ലാഭം മുന്നില്‍ക്കണ്ടാണ്. ഇതിനിടെ, പ്രത്യേക പദ്ധതിയുടെ ഭാഗമായി വാക്സിനുകള്‍ സര്‍ക്കാര്‍ സൗജന്യ വിതരണം നടത്തുന്നത് തങ്ങളുടെ ലാഭം ഇല്ലാതാക്കുമെന്നുകണ്ടു തടയാനാണു ഹരജിയിലൂടെ ശ്രമിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി കമീഷണര്‍ (ഇമ്യൂണൈസേഷന്‍) നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

വര്‍ഷങ്ങളായി നിലവിലുള്ള വാക്സിനെ ഇപ്പോള്‍ മാത്രം എതിര്‍ക്കുന്നതിനു കാരണമിതാണ്. ജനങ്ങള്‍ക്കിടയില്‍ വാക്സിനെതിരെ അനാവശ്യഭയം വളര്‍ത്താനും ഇക്കൂട്ടര്‍ ശ്രമിക്കുന്നതായി സത്യവാങ്മൂലത്തില്‍ പറയുന്നു.

രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച ഉന്നതതല ഉപദേശക സമിതിയായ നാഷനല്‍ ടെക്നിക്കല്‍ ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്‍റെ (എന്‍.ടി.എ.ജി.ഐ) നിര്‍ദേശപ്രകാരമാണ് വാക്സിന്‍ വിതരണം സംബന്ധിച്ച തീരുമാനമുണ്ടായത്. പൊതുജനാരോഗ്യം, ഇമ്യൂണോളജി, വൈറോണ്‍, റിസര്‍ച്ച്, പീഡിയാട്രിക്, അക്കാദമിക് മേഖലകളിലെ 27പ്രമുഖരടങ്ങുന്ന സമിതിയാണ്  എന്‍.ടി.എ.ജി.ഐ എന്നത് ഹരജിക്കാരന്‍ മറച്ചുവെക്കുന്നു. 116രാഷ്ട്രങ്ങളില്‍ പെന്‍റാവാലന്‍റ് അടങ്ങിയ വാക്സിനാണ് വിതരണം ചെയ്യുന്നത്. ചില രോഗങ്ങള്‍ കണ്ടെത്തിയാല്‍ എട്ട് മണിക്കൂറിനകം ചികിത്സ അനിവാര്യമാണ്. ഭൂരിപക്ഷം പേര്‍ക്കും ഈ ചികിത്സ അടിയന്തരമായി നല്‍കാനാവാത്ത അവസ്ഥയാണുള്ളത്. അതിനാല്‍ പ്രതിരോധ മരുന്നാണ് ആശ്രയം. ഈ ആശയത്തിന്‍റെ ഭാഗമായാണ് പെന്‍റാവാലന്‍റ് വാക്സിന്‍ രോഗപ്രതിരോധത്തിന്‍റെ ഭാഗമായി വിതരണം ചെയ്യുന്നത്.

ദോഷകരമായി ബാധിക്കുന്ന വാക്സിനുകള്‍ സര്‍ക്കാര്‍ അനുവദിക്കില്ല. വാക്സിനേഷനുമായി ബന്ധപ്പെട്ട് ജില്ലാ, സംസ്ഥാന, ദേശീയതലത്തില്‍ ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാറുണ്ട്. വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സംവിധാനങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ വാക്സിനുമായി ബന്ധപ്പെട്ടുള്ള കുപ്രചാരണങ്ങളുടെ ഭാഗം മാത്രമാണ് ഹരജിയെന്ന് സര്‍ക്കാറിന്‍റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Friday 13 January 2012

ക്വിസ് മത്സരം --ദൃശ്യങ്ങള്‍

തിരുവാങ്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധികളെക്കുറിച്ച് ഇരുമ്പനം വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 7,8,9 ക്ലാസുകളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂളില്‍ വച്ചു നടത്തിയ ക്വിസ് മത്സരത്തിന്‍റെ ദൃശ്യങ്ങള്‍
 എച്ച് ഐ ക്വിസ് നടത്തുന്നു . മെഡിക്കല്‍ ഓഫീസര്‍ -ഇന്‍ -ചാര്‍ജ് , എന്‍ ആര്‍ എച് എം കോ ഓഡിനേറ്റര്‍ , ജെ പി എച് എന്‍മാര്‍ , ജെ എച് ഐ ഇവരെ കാണാം.
     പ്രിന്‍സിപ്പല്‍ സമ്മാനവിതരണ ചടങ്ങില്‍ . പി എച് സി സ്റ്റാഫ് സമീപം
 ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥിക്ക് മെഡിക്കല്‍ ഓഫീസര്‍ സമ്മാനം നല്‍കുന്നു

 ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ വിദ്യാര്‍ഥികളുമൊത്ത് എച്ച് ഐയും എം ഓയും 

ക്വിസ് നടത്തുന്നതിന്‍റെ വേറൊരു ദൃശ്യം

Wednesday 11 January 2012

സമഗ്ര ആരോഗ്യ പരിപാടി: ജില്ലാതല പദ്ധതി രൂപരേഖ സമര്‍പ്പിച്ചു


കൊച്ചി: സംസ്ഥാനതലത്തി ല്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പരിപാടിയില്‍ ഉള്‍പ്പെടുത്താനുള്ള ജില്ലാതല പദ്ധതിയുടെ  അന്തിമ രൂപരേഖ സര്‍ക്കാറിന് സമര്‍പ്പിച്ചതായി  കലക്ടര്‍ പി. ഐ. ഷെയ്ഖ് പരീത് അറിയിച്ചു. 759.58 കോടിയുടെ സംയോജിത ആരോഗ്യ പദ്ധതിയാണ്  ജില്ലയില്‍ നടപ്പാക്കുക.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. സുധാകരന്‍ കണ്‍വീനറും അഡീഷനല്‍ ഡി.എം.ഒ ഡോ. ഹസീന മുഹമ്മദ് നോഡല്‍ ഓഫിസറുമായ സമിതിയാണ് പദ്ധതി രൂപവത്കരിച്ചത്.


ദേശീയ ആരോഗ്യ ദൗത്യം ജില്ലാ മാനേജര്‍ ഡോ. കെ.വി. ബീനയും ജില്ലാ പ്ളാനിങ് ഓഫിസര്‍ ആര്‍. ഗിരിജയും രേഖ തയാറാക്കുന്നതില്‍ പങ്കാളികളായി. ജില്ലാ ആസൂത്രണ സമിതി പദ്ധതി തത്വത്തില്‍ അംഗീകരിച്ചു. സര്‍ക്കാറിന്‍െറ ഒരു വര്‍ഷ കര്‍മ പദ്ധതിയുടെ ഭാഗമായാണ് സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കുക. ജില്ലാതല പദ്ധതികള്‍ ക്രോഡീകരിച്ചാകും സംസ്ഥാനതല പദ്ധതി നടപ്പാക്കുക.  


ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ 1625 ആരോഗ്യ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷം കൊണ്ട് 337 കോടി  ഇതിനായി ചെലവിടും. അന്തര്‍ദേശീയ നിലവാരത്തിലേക്ക് ചികിത്സാ സൗകര്യമുയര്‍ത്താന്‍ 675 അനുബന്ധ ഭൗതിക സാഹചര്യ വികസന പദ്ധതികളും നടപ്പാക്കും. 422.58 കോടിയാണ് ഇതിനുള്ള വിഹിതം. മൊത്തം 2300 പദ്ധതികള്‍ക്കായി 759.58 കോടി രൂപ വിനിയോഗിക്കാനാണ് ജില്ല ലക്ഷ്യമിടുന്നത്.

Tuesday 10 January 2012

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ പ്രത്യേക പദ്ധതി -മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ പ്രത്യേക പദ്ധതി തയാറാക്കിയതായി മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് ഘട്ടമായി പദ്ധതി നടപ്പാക്കും. സംസ്ഥാനത്ത് പകര്‍ച്ചവ്യാധി മൂലമുള്ള മരണങ്ങള്‍ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 98 പേരാണ് പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് മരിച്ചത്. മലേറിയ-രണ്ട്, ഡെങ്കി-10, എലിപ്പനി-64, മഞ്ഞപ്പിത്തം-10, എച്ച്വണ്‍ എന്‍വണ്‍-10 എന്നിങ്ങനെയാണ് മരണസംഖ്യ. മുന്‍വര്‍ഷം 210 പേരും 2009ല്‍ 180 പേരുമാണ് മരിച്ചത്. എലിപ്പനിയാണ് കൂടുതല്‍ മരണം വിതക്കുന്നത്. കഴിഞ്ഞ വര്‍ഷം 64പേരും 2010ല്‍ 85 പേരും 2009ല്‍ 107പേരും 2008ല്‍ 136 പേരും മരിച്ചു. 2007ല്‍ 229 പേരുടെ ജീവനാണ് എലിപ്പനി അപഹരിച്ചത്.

മുന്‍കാല റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക പദ്ധതി തയാറാക്കുന്നത്. ഓരോ പ്രദേശത്തും വരാനിടയുള്ള രോഗങ്ങള്‍ മാപ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനുവരി 15ന് ആരംഭിക്കും.

ജനുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ കൊതുക്, കൂത്താടി നശീകരണം ,മാലിന്യ നിര്‍മാര്‍ജനം, ആരോഗ്യ ബോധവത്കരണം എന്നിവ നടക്കും.


 മേയ് 15 മുതല്‍ ജൂലൈ 31 വരെ ജലജന്യ, കൊതുക്ജന്യ രോഗങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളാണ്.


 സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31വരെ എലിപ്പനിക്കും മലമ്പനിക്കുമെതിരെ പ്രവര്‍ത്തിക്കും.


ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, മേയര്‍മാര്‍ എന്നിവരുടെ യോഗം തിരുവനന്തപരുത്ത് ചേര്‍ന്ന് പദ്ധതിയെ കുറിച്ച് ചര്‍ച്ച നടത്തിയതായി മന്ത്രി പറഞ്ഞു. ജീവിതശൈലീരോഗ നിയന്ത്രണത്തിനായുള്ള സമഗ്ര ആരോഗ്യപദ്ധതി സംബന്ധിച്ചും ചര്‍ച്ച നടത്തി. പദ്ധതിക്ക് കേന്ദ്രസഹായം പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.

സമഗ്ര ആരോഗ്യ പദ്ധതി തയാറായി

തിരുവനന്തപുരം: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് അടുത്ത അഞ്ച് വര്‍ഷത്തേക്ക് വാര്‍ഡുതലം വരെയുള്ള സമഗ്ര ആരോഗ്യപദ്ധതിക്ക് ആരോഗ്യവകുപ്പും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും ചേര്‍ന്ന് രൂപംനല്‍കി. ആലപ്പുഴ ജില്ലയില്‍ തയാറാക്കിയ വികേന്ദ്രീകൃത ആരോഗ്യപദ്ധതിക്ക് സമാനമായ പദ്ധതികളാണ് മറ്റ് ജില്ലകളില്‍ നടപ്പാക്കുക.

പൊതുജനാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായ കുടിവെള്ളം, പോഷകം, ശുചിത്വം, സാക്ഷരത, സ്ത്രീശാക്തീകരണം തുടങ്ങിയവ ഉള്‍പ്പെടുത്തി പഞ്ചായത്ത്, ബ്ളോക്ക്, ജില്ലാതലങ്ങളിലെ പദ്ധതികള്‍ സംയോജിപ്പിച്ച ആരോഗ്യപദ്ധതിയാണ് വിഭാവനം ചെയ്തതെന്ന് മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജീവിതശൈലീരോഗ നിയന്ത്രണത്തിനും ചികിത്സക്കുമായി അഞ്ച് ജില്ലകളില്‍ ഭാഗിക പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇവയുടെ തുടര്‍ച്ചയായി എല്ലാ ജില്ലകളിലും ചിട്ടയായും സമയബന്ധിതമായും പദ്ധതി ജനുവരി 15 മുതല്‍ നടപ്പാക്കും. ഇത് നിലവില്‍ വരുന്നതോടുകൂടി ജീവിതശൈലീരോഗങ്ങളുടെ വര്‍ധന 50 ശതമാനത്തോളം കുറയ്ക്കാനാവും.

ഓരോ വാര്‍ഡിലെയും 50 കുടുംബങ്ങളെ കേന്ദ്രീകരിച്ച് ആശാ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ആരോഗ്യപ്രവര്‍ത്തകര്‍ ബോധവത്കരണ ക്ളാസുകള്‍ നടത്തും.കുടുംബക്ഷേമ ആരോഗ്യകേന്ദ്രത്തില്‍ ആരോഗ്യസഭകള്‍ സംഘടിപ്പിച്ച് ബോധവത്കരണത്തിലൂടെ ഭക്ഷണക്രമീകരണത്തിലും ജീവിതശൈലിയിലും മാറ്റം വരുത്തി കാലേക്കൂട്ടി രോഗനിര്‍ണയം നടത്താന്‍ അറിവ് നല്‍കുകയാണ് ലക്ഷ്യം. ആരോഗ്യസഭകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉയര-തൂക്ക അനുപാത നിര്‍ണയം, രക്തസമ്മര്‍ദ നിര്‍ണയം എന്നിവ നടത്തി പ്രശ്നങ്ങളും രോഗനിയന്ത്രണമാര്‍ഗങ്ങളും വിശദീകരിക്കും. ഇതിനായി ഓരോ കുടുംബക്ഷേമ ആരോഗ്യകേന്ദ്രത്തിലും ആഴ്ചയില്‍ ഒരുദിവസം ജീവിതശൈലീരോഗ നിയന്ത്രണ ക്ളിനിക്കുകള്‍ നടത്തി പേരുവിവരം രജിസ്റ്റര്‍ ചെയ്യും.
തുടര്‍പ്രവര്‍ത്തനം എന്നനിലയില്‍ മാസത്തില്‍ ഒരു ദിവസം വിദഗ്ധ ഡോക്ടറുടെ സാന്നിധ്യത്തില്‍ ചികിത്സ നടത്തും.

പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയ 20 കോടിയും മറ്റ് വിവിധ മേഖലകളില്‍ നിന്നുള്ള അഞ്ച്കോടിയും ഉള്‍പ്പെടെ 25 കോടിയാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ജില്ലാതലത്തില്‍ ടി.ഒ.ടി പരിശീലനം നടത്തും.

Tuesday 3 January 2012

തൃപ്പൂണിത്തുറയില്‍ മാലിന്യ സംസ്കരണ പദ്ധതികള്‍ ......

തൃപ്പൂണിത്തുറ നഗരസഭ ആരോഗ്യ വിഭാഗം നടപ്പാക്കുന്ന വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതി പ്രകാരം മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ത്തന്നെ സംസ്കരിക്കുന്നതിനാവശ്യമായ നടപടി ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനാവശ്യമായ വെര്‍മി കമ്പോസ്റ്റ് , വിന്‍റോ കമ്പോസ്റ്ററ്റ് , റിങ് കമ്പോസ്റ്റ് , ബയോഗ്യാസ് പ്ലാന്‍റ് തുടങ്ങിയ മാലിന്യ സംസ്കരണ യൂണിറ്റുകള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും. വീടുകള്‍ , ചെറുകിട സംരംഭങ്ങള്‍ , ഹോട്ടലുകള്‍ എന്നിവയ്ക്കാവശ്യമായ മാലിന്യ സംസ്കരണ യൂണിറ്റുകള്‍ ലഭിക്കാന്‍ നഗരസഭ അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ നഗരസഭയുടെ ഹെല്‍ത്ത് വിഭാഗത്തില്‍ നിന്നു ലഭിക്കുന്ന നിശ്ചിത ഫോം പൂരിപ്പിച്ച് ഈ മാസം 20നകം നല്‍കണം.

Monday 2 January 2012

മാലിന്യ നിര്‍മാര്‍ജനം സബ്സിഡി വര്‍ധിപ്പിച്ചു

ബയോഗ്യാസ് പ്ലാന്‍റുള്‍പ്പെടെയുള്ള മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന് സബ്സിഡി വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഇവിടെ നിന്ന് അതു ഡൌണ്‍ലോഡ് ചെയ്യാം.

വെര്‍മി കമ്പോസ്റ്റോ കമ്പോസ്റ്റോ ബയോഗ്യാസ് പ്ലാന്‍റോ സ്ഥാപിക്കുന്ന സ്വകാര്യ വ്യക്തിക്ക് ബി.പി.എല്‍ -എ .പി.എല്‍ വ്യത്യാസമില്ലാതെ 75 ശതമാനം (പരമാവധി 5000 ക) ധനസഹായം ലഭിക്കുന്നതാണ്
.