Tuesday 10 January 2012

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ പ്രത്യേക പദ്ധതി -മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ പ്രത്യേക പദ്ധതി തയാറാക്കിയതായി മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് ഘട്ടമായി പദ്ധതി നടപ്പാക്കും. സംസ്ഥാനത്ത് പകര്‍ച്ചവ്യാധി മൂലമുള്ള മരണങ്ങള്‍ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 98 പേരാണ് പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് മരിച്ചത്. മലേറിയ-രണ്ട്, ഡെങ്കി-10, എലിപ്പനി-64, മഞ്ഞപ്പിത്തം-10, എച്ച്വണ്‍ എന്‍വണ്‍-10 എന്നിങ്ങനെയാണ് മരണസംഖ്യ. മുന്‍വര്‍ഷം 210 പേരും 2009ല്‍ 180 പേരുമാണ് മരിച്ചത്. എലിപ്പനിയാണ് കൂടുതല്‍ മരണം വിതക്കുന്നത്. കഴിഞ്ഞ വര്‍ഷം 64പേരും 2010ല്‍ 85 പേരും 2009ല്‍ 107പേരും 2008ല്‍ 136 പേരും മരിച്ചു. 2007ല്‍ 229 പേരുടെ ജീവനാണ് എലിപ്പനി അപഹരിച്ചത്.

മുന്‍കാല റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക പദ്ധതി തയാറാക്കുന്നത്. ഓരോ പ്രദേശത്തും വരാനിടയുള്ള രോഗങ്ങള്‍ മാപ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനുവരി 15ന് ആരംഭിക്കും.

ജനുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ കൊതുക്, കൂത്താടി നശീകരണം ,മാലിന്യ നിര്‍മാര്‍ജനം, ആരോഗ്യ ബോധവത്കരണം എന്നിവ നടക്കും.


 മേയ് 15 മുതല്‍ ജൂലൈ 31 വരെ ജലജന്യ, കൊതുക്ജന്യ രോഗങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളാണ്.


 സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31വരെ എലിപ്പനിക്കും മലമ്പനിക്കുമെതിരെ പ്രവര്‍ത്തിക്കും.


ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, മേയര്‍മാര്‍ എന്നിവരുടെ യോഗം തിരുവനന്തപരുത്ത് ചേര്‍ന്ന് പദ്ധതിയെ കുറിച്ച് ചര്‍ച്ച നടത്തിയതായി മന്ത്രി പറഞ്ഞു. ജീവിതശൈലീരോഗ നിയന്ത്രണത്തിനായുള്ള സമഗ്ര ആരോഗ്യപദ്ധതി സംബന്ധിച്ചും ചര്‍ച്ച നടത്തി. പദ്ധതിക്ക് കേന്ദ്രസഹായം പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.

സമഗ്ര ആരോഗ്യ പദ്ധതി തയാറായി

തിരുവനന്തപുരം: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് അടുത്ത അഞ്ച് വര്‍ഷത്തേക്ക് വാര്‍ഡുതലം വരെയുള്ള സമഗ്ര ആരോഗ്യപദ്ധതിക്ക് ആരോഗ്യവകുപ്പും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും ചേര്‍ന്ന് രൂപംനല്‍കി. ആലപ്പുഴ ജില്ലയില്‍ തയാറാക്കിയ വികേന്ദ്രീകൃത ആരോഗ്യപദ്ധതിക്ക് സമാനമായ പദ്ധതികളാണ് മറ്റ് ജില്ലകളില്‍ നടപ്പാക്കുക.

പൊതുജനാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായ കുടിവെള്ളം, പോഷകം, ശുചിത്വം, സാക്ഷരത, സ്ത്രീശാക്തീകരണം തുടങ്ങിയവ ഉള്‍പ്പെടുത്തി പഞ്ചായത്ത്, ബ്ളോക്ക്, ജില്ലാതലങ്ങളിലെ പദ്ധതികള്‍ സംയോജിപ്പിച്ച ആരോഗ്യപദ്ധതിയാണ് വിഭാവനം ചെയ്തതെന്ന് മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജീവിതശൈലീരോഗ നിയന്ത്രണത്തിനും ചികിത്സക്കുമായി അഞ്ച് ജില്ലകളില്‍ ഭാഗിക പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇവയുടെ തുടര്‍ച്ചയായി എല്ലാ ജില്ലകളിലും ചിട്ടയായും സമയബന്ധിതമായും പദ്ധതി ജനുവരി 15 മുതല്‍ നടപ്പാക്കും. ഇത് നിലവില്‍ വരുന്നതോടുകൂടി ജീവിതശൈലീരോഗങ്ങളുടെ വര്‍ധന 50 ശതമാനത്തോളം കുറയ്ക്കാനാവും.

ഓരോ വാര്‍ഡിലെയും 50 കുടുംബങ്ങളെ കേന്ദ്രീകരിച്ച് ആശാ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ആരോഗ്യപ്രവര്‍ത്തകര്‍ ബോധവത്കരണ ക്ളാസുകള്‍ നടത്തും.കുടുംബക്ഷേമ ആരോഗ്യകേന്ദ്രത്തില്‍ ആരോഗ്യസഭകള്‍ സംഘടിപ്പിച്ച് ബോധവത്കരണത്തിലൂടെ ഭക്ഷണക്രമീകരണത്തിലും ജീവിതശൈലിയിലും മാറ്റം വരുത്തി കാലേക്കൂട്ടി രോഗനിര്‍ണയം നടത്താന്‍ അറിവ് നല്‍കുകയാണ് ലക്ഷ്യം. ആരോഗ്യസഭകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉയര-തൂക്ക അനുപാത നിര്‍ണയം, രക്തസമ്മര്‍ദ നിര്‍ണയം എന്നിവ നടത്തി പ്രശ്നങ്ങളും രോഗനിയന്ത്രണമാര്‍ഗങ്ങളും വിശദീകരിക്കും. ഇതിനായി ഓരോ കുടുംബക്ഷേമ ആരോഗ്യകേന്ദ്രത്തിലും ആഴ്ചയില്‍ ഒരുദിവസം ജീവിതശൈലീരോഗ നിയന്ത്രണ ക്ളിനിക്കുകള്‍ നടത്തി പേരുവിവരം രജിസ്റ്റര്‍ ചെയ്യും.
തുടര്‍പ്രവര്‍ത്തനം എന്നനിലയില്‍ മാസത്തില്‍ ഒരു ദിവസം വിദഗ്ധ ഡോക്ടറുടെ സാന്നിധ്യത്തില്‍ ചികിത്സ നടത്തും.

പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയ 20 കോടിയും മറ്റ് വിവിധ മേഖലകളില്‍ നിന്നുള്ള അഞ്ച്കോടിയും ഉള്‍പ്പെടെ 25 കോടിയാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ജില്ലാതലത്തില്‍ ടി.ഒ.ടി പരിശീലനം നടത്തും.