Saturday 10 December 2011

ബയോഗ്യാസ് പ്ലാന്‍റിന് 75 % സബ്സിഡി



തിരുവനന്തപുരം: ബി.ഒ.ടി വ്യവസ്ഥയില്‍ മാലിന്യ സംസ്കരണത്തിനു പദ്ധതി തയാറാകുന്നു. സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പദ്ധതികള്‍ക്കാണു നിര്‍ദേശം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതയോഗം മാലിന്യ സംസ്കരണത്തിനായുള്ള നിര്‍ദേശങ്ങള്‍ വിലയിരുത്തി.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ വലിയ പദ്ധതികള്‍ ആരംഭിക്കാനാണു നിര്‍ദേശം. ബി.ഒ.ടി അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതിയെക്കുറിച്ചു തീരുമാനമെടുക്കേണ്ടതു മന്ത്രിസഭയാണെന്നു യോഗതീരുമാനങ്ങള്‍ വിശദീകരിച്ച മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനു പുറമെ, ചെറിയ വികേന്ദ്രീകരണ ബയോഗ്യാസ് പദ്ധതികളും ആരംഭിക്കും. ഉല്‍ഭവ സ്ഥാനങ്ങളില്‍ മാലിന്യം സംസ്കരിക്കാന്‍ സ്ഥാപിക്കുന്ന ഇത്തരം പദ്ധതികള്‍ക്ക് 75 ശതമാനം സബ്സിഡി നല്‍കും.
ഘട്ടം ഘട്ടമായി പ്ളാസ്റ്റിക് നിരോധിക്കുന്നതിന്‍റെ ഭാഗമായി പ്ളാസ്റ്റിക് ബാഗുകള്‍ക്കു വില ഈടാക്കാന്‍ ഓര്‍ഡിനന്‍സ് ഇറങ്ങി. ഈടാക്കുന്ന വിലയുടെ ഒരു ഭാഗം മാലിന്യ സംസ്കരണത്തിനു പ്രയോജനപ്പെടുത്താം. എന്തു വില ഈടാക്കണമെന്നു തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിശ്ചയിക്കാം.

നിലവിലുള്ള പ്ളാസ്റ്റിക് നശിപ്പിക്കാനായി, ഇവ ബിറ്റുമിനില്‍ ചേര്‍ക്കാനാവുമോയെന്നു പരിശോധിക്കും. മലബാര്‍ സിമന്‍റ്സുമായും ഇക്കാര്യം സംസാരിക്കും. പ്ളാസ്റ്റിക് നിരോധം കര്‍ശനമാക്കാന്‍ പഞ്ചായത്ത്, മുനിസിപ്പല്‍ നിയമങ്ങളിലും ഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ.സി. ജോസഫ്, ഡോ.എം.കെ. മുനീര്‍, തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രിക, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, ശുചിത്വ മിഷന്‍ ഡയറക്ടര്‍ ഡോ.ജോര്‍ജ് ചാക്കഞ്ചേരി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

(വാര്‍ത്ത മാധ്യമത്തില്‍ നിന്ന്)

Thursday 8 December 2011

പാരസെറ്റമോള്‍ അറിഞ്ഞ് ഉപയോഗിച്ചില്ലെങ്കില്‍ അപകടം




(ഒ.കെ. മുരളീകൃഷ്ണന്‍ മാതൃഭൂമി ഓണ്‍ലൈന്‍ ഹെല്‍ത്തിലെഴുതിയ ലേഖനം.)

 കേരളത്തിലെ മെഡിക്കല്‍ ഷോപ്പുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഗുളിക ഏതെന്നു ചോദിച്ചാല്‍ കിട്ടുന്ന ഉത്തരങ്ങളിലൊന്ന് പാരസെറ്റമോള്‍ എന്നായിരിക്കും.ഡോക്ടറുടെ നിര്‍ദേശപ്രകാരം അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കഴിക്കുന്നവരല്ല ഇതു വാങ്ങുന്നവരിലേറെയും.മറിച്ച് സ്വയം ചികിത്സയുടെ ഭാഗമായി വേദനസംഹാരിയായും മറ്റും വാങ്ങുന്നവരാണു കൂടുതല്‍.എന്നാല്‍, എന്തിനും ഏതിനും പാരസെറ്റാമോള്‍ കഴിക്കുന്നവര്‍ സൂക്ഷിക്കുക.ദീര്‍ഘകാലം ഗുളിക കഴിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാകുമെന്നു പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.എഡിന്‍ബറോ സര്‍വകലാശാലയില്‍ 16വര്‍ഷമായി നടന്ന പഠനഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 

വേദനസംഹാരിയായി പാരസെറ്റമോള്‍ ഉപയോഗിക്കുന്നവരിലേറെയും അമിത ഡോസാണ് അവര്‍ കഴിക്കുന്നതെന്ന് അറിയുന്നില്ല;ഇതു കരളിനെ ദോഷകരമായി ബാധിക്കുന്നുവെന്നും.ഗുളിക അധികം കഴിച്ചതാണു രോഗകാരണമെന്ന് രോഗിയെ പരിശോധിക്കുന്നവര്‍ ഒറ്റയടിക്കു തിരിച്ചറിയണമെന്നില്ലെന്നും ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ഫാര്‍മക്കോളജിയില്‍ പ്രസിദ്ധപ്പെടുത്തിയ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റയടിക്ക് അധികം അളവില്‍ കഴിക്കുന്നതിനേക്കാള്‍ പാരസെറ്റമോള്‍ ദിര്‍ഘകാലം തുടര്‍ച്ചയായി ഉപയോഗിക്കുന്നതു ദോഷം ചെയ്യുമെന്നാണു മറ്റൊരു കണ്ടെത്തല്‍. ഗവേഷണസംഘം പഠനവിധേയമാക്കിയ 161 രോഗികളില്‍ കരളിനും തലച്ചോറിനും തകരാറുകള്‍ കണ്ടെത്തി.വൃക്കയ്ക്ക് ഡയാലിസിസും വേണ്ടിവന്നു.

വേദനയ്ക്കു പാരസെറ്റമോള്‍ കഴിച്ചിട്ടു ഫലമില്ലെങ്കില്‍ ഒരു ഗുളിക കൂടി കഴിക്കുകയാണു പലരുടെയും ശീലം.ഇത് അപകടകരമാണ്. പകരം ഡോക്ടറുടെ നിര്‍ദേശം തേടുകയാണു വേണ്ടത്.മറിച്ചാവുമ്പോള്‍ വേദന കുറയില്ലെന്നു മാത്രമല്ല രോഗം വിളിച്ചുവരുത്തുകയാണെന്നു തിരിച്ചറിയണമെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.ചില സന്ദര്‍ഭങ്ങളില്‍ ജലദോഷത്തിനും പകര്‍ച്ചപ്പനിക്കും കഴിക്കുന്ന മരുന്നുകളില്‍ പാരസെറ്റാമോളിന്‍റെ സാന്നിധ്യമുണ്ടാകും.ഇതും കൂടിയാകുമ്പോള്‍ അമിത അളവാകും.

പാരസെറ്റമോളിന്‍റെ അമിത ഉപയോഗത്തെക്കുറിച്ച് മുന്‍പും മുന്നറിയിപ്പു വന്നിരുന്നു.ഗര്‍ഭിണികളിലെ അമിത ഉപയോഗം കുട്ടികളെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു പഠനഫലം.അവര്‍ക്കു ജനിക്കുന്ന ആണ്‍കുട്ടികളില്‍ വൃഷണത്തിലെ തകരാറിന് ഇതു കാരണമാകുമെന്നു തെളിഞ്ഞിരുന്നു.അതുപോലെ ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്കു പാരസെറ്റമോള്‍ ഉത്പന്നങ്ങള്‍ നല്‍കുമ്പോള്‍ കുറഞ്ഞ അളവേ പാടുള്ളൂ എന്ന് അമേരിക്കയിലെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി നിര്‍ദേശിച്ചിരുന്നു.

Sunday 4 December 2011

പെന്‍റാവാലന്‍റ് വാക്സിന്‍ ഡിസംബര്‍ 14ന്

ഡിഫ്ത്തീരിയ, വില്ലന്‍ചുമ, റ്റെറ്റനസ്, മഞ്ഞപ്പിത്തം(ബി),ഹിമോഫിലസ് ഇന്‍ഫ്ലുവന്‍സാ(ബി) ഈ അഞ്ചു മാരക രോഗങ്ങളില്‍ നിന്നു കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പെന്‍റാവാലെന്‍റ് വാക്സിന്‍ ഈ ഡിസംബര്‍ 14 മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വരുകയാണ്. സ്വകാര്യ ആശുപത്രികളില്‍ വര്‍ഷങ്ങളായി നിലവിലുള്ളതാണ് ഈ വാക്സിന്‍ . ഇതില്‍ ഹിബ് വാക്സിന്‍ മാത്രമാണ് ഇപ്പോള്‍ കൂടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് നാലു രോഗങ്ങള്‍ക്കെതിരെയുള്ള വാക്സിനുകള്‍ നേരത്തെതന്നെ സര്‍ക്കാര്‍ സംവിധാനത്തിലുണ്ടായിരുന്നു.   പെന്‍റാവാലെന്‍റ് വാക്സിന്‍ വരുന്നതോടെ മൊത്തം മൂന്നു കുത്തിവയ്പുകള്‍ക്കു പകരം ഒറ്റ കുത്തിവയ്പായി ചുരുങ്ങുന്നതാണ്. ഈ കുത്തിവയ്പ് 95 ശതമാനം ഫലപ്രാപ്തിയുള്ളതും പാര്‍ശ്വഫലങ്ങള്‍ കാര്യമായി ഒന്നുമില്ലാത്തതുമാണ്. 

ആകെ മൂന്നു ഡോസ് മാത്രമേ ഇതു കുട്ടികള്‍ക്കു നല്‍കേണ്ടതുള്ളൂ. ആദ്യത്തേത് ഒന്നര മാസത്തിലും രണ്ടാമത്തേത് രണ്ടരമാസത്തിലും മൂന്നാമത്തേത് മൂന്നരമാസത്തിലും നല്‍കണം. ബൂസ്റ്റര്‍ ഡോസില്ല ഇതിന്.