ഡിഫ്ത്തീരിയ, വില്ലന്‍ചുമ, റ്റെറ്റനസ്, മഞ്ഞപ്പിത്തം(ബി),ഹിമോഫിലസ് ഇന്‍ഫ്ലുവന്‍സാ(ബി) ഈ അഞ്ചു മാരക രോഗങ്ങളില്‍ നിന്നു കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പെന്‍റാവാലെന്‍റ് വാക്സിന്‍ ഈ ഡിസംബര്‍ 14 മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വരുകയാണ്. സ്വകാര്യ ആശുപത്രികളില്‍ വര്‍ഷങ്ങളായി നിലവിലുള്ളതാണ് ഈ വാക്സിന്‍ . ഇതില്‍ ഹിബ് വാക്സിന്‍ മാത്രമാണ് ഇപ്പോള്‍ കൂടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് നാലു രോഗങ്ങള്‍ക്കെതിരെയുള്ള വാക്സിനുകള്‍ നേരത്തെതന്നെ സര്‍ക്കാര്‍ സംവിധാനത്തിലുണ്ടായിരുന്നു. പെന്‍റാവാലെന്‍റ് വാക്സിന്‍ വരുന്നതോടെ മൊത്തം മൂന്നു കുത്തിവയ്പുകള്‍ക്കു പകരം ഒറ്റ കുത്തിവയ്പായി ചുരുങ്ങുന്നതാണ്. ഈ കുത്തിവയ്പ് 95 ശതമാനം ഫലപ്രാപ്തിയുള്ളതും പാര്‍ശ്വഫലങ്ങള്‍ കാര്യമായി ഒന്നുമില്ലാത്തതുമാണ്.
ആകെ മൂന്നു ഡോസ് മാത്രമേ ഇതു കുട്ടികള്‍ക്കു നല്‍കേണ്ടതുള്ളൂ. ആദ്യത്തേത് ഒന്നര മാസത്തിലും രണ്ടാമത്തേത് രണ്ടരമാസത്തിലും മൂന്നാമത്തേത് മൂന്നരമാസത്തിലും നല്‍കണം. ബൂസ്റ്റര്‍ ഡോസില്ല ഇതിന്.