തിരുവനന്തപുരം: ബി.ഒ.ടി വ്യവസ്ഥയില്‍ മാലിന്യ സംസ്കരണത്തിനു പദ്ധതി തയാറാകുന്നു. സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പദ്ധതികള്‍ക്കാണു നിര്‍ദേശം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതയോഗം മാലിന്യ സംസ്കരണത്തിനായുള്ള നിര്‍ദേശങ്ങള്‍ വിലയിരുത്തി.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ വലിയ പദ്ധതികള്‍ ആരംഭിക്കാനാണു നിര്‍ദേശം. ബി.ഒ.ടി അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതിയെക്കുറിച്ചു തീരുമാനമെടുക്കേണ്ടതു മന്ത്രിസഭയാണെന്നു യോഗതീരുമാനങ്ങള്‍ വിശദീകരിച്ച മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനു പുറമെ, ചെറിയ വികേന്ദ്രീകരണ ബയോഗ്യാസ് പദ്ധതികളും ആരംഭിക്കും. ഉല്‍ഭവ സ്ഥാനങ്ങളില്‍ മാലിന്യം സംസ്കരിക്കാന്‍ സ്ഥാപിക്കുന്ന ഇത്തരം പദ്ധതികള്‍ക്ക് 75 ശതമാനം സബ്സിഡി നല്‍കും.
ഘട്ടം ഘട്ടമായി പ്ളാസ്റ്റിക് നിരോധിക്കുന്നതിന്‍റെ ഭാഗമായി പ്ളാസ്റ്റിക് ബാഗുകള്‍ക്കു വില ഈടാക്കാന്‍ ഓര്‍ഡിനന്‍സ് ഇറങ്ങി. ഈടാക്കുന്ന വിലയുടെ ഒരു ഭാഗം മാലിന്യ സംസ്കരണത്തിനു പ്രയോജനപ്പെടുത്താം. എന്തു വില ഈടാക്കണമെന്നു തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിശ്ചയിക്കാം.
നിലവിലുള്ള പ്ളാസ്റ്റിക് നശിപ്പിക്കാനായി, ഇവ ബിറ്റുമിനില്‍ ചേര്‍ക്കാനാവുമോയെന്നു പരിശോധിക്കും. മലബാര്‍ സിമന്‍റ്സുമായും ഇക്കാര്യം സംസാരിക്കും. പ്ളാസ്റ്റിക് നിരോധം കര്‍ശനമാക്കാന്‍ പഞ്ചായത്ത്, മുനിസിപ്പല്‍ നിയമങ്ങളിലും ഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ.സി. ജോസഫ്, ഡോ.എം.കെ. മുനീര്‍, തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രിക, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, ശുചിത്വ മിഷന്‍ ഡയറക്ടര്‍ ഡോ.ജോര്‍ജ് ചാക്കഞ്ചേരി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
(വാര്‍ത്ത മാധ്യമത്തില്‍ നിന്ന്)