Thursday 8 December 2011

പാരസെറ്റമോള്‍ അറിഞ്ഞ് ഉപയോഗിച്ചില്ലെങ്കില്‍ അപകടം




(ഒ.കെ. മുരളീകൃഷ്ണന്‍ മാതൃഭൂമി ഓണ്‍ലൈന്‍ ഹെല്‍ത്തിലെഴുതിയ ലേഖനം.)

 കേരളത്തിലെ മെഡിക്കല്‍ ഷോപ്പുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഗുളിക ഏതെന്നു ചോദിച്ചാല്‍ കിട്ടുന്ന ഉത്തരങ്ങളിലൊന്ന് പാരസെറ്റമോള്‍ എന്നായിരിക്കും.ഡോക്ടറുടെ നിര്‍ദേശപ്രകാരം അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കഴിക്കുന്നവരല്ല ഇതു വാങ്ങുന്നവരിലേറെയും.മറിച്ച് സ്വയം ചികിത്സയുടെ ഭാഗമായി വേദനസംഹാരിയായും മറ്റും വാങ്ങുന്നവരാണു കൂടുതല്‍.എന്നാല്‍, എന്തിനും ഏതിനും പാരസെറ്റാമോള്‍ കഴിക്കുന്നവര്‍ സൂക്ഷിക്കുക.ദീര്‍ഘകാലം ഗുളിക കഴിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാകുമെന്നു പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.എഡിന്‍ബറോ സര്‍വകലാശാലയില്‍ 16വര്‍ഷമായി നടന്ന പഠനഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 

വേദനസംഹാരിയായി പാരസെറ്റമോള്‍ ഉപയോഗിക്കുന്നവരിലേറെയും അമിത ഡോസാണ് അവര്‍ കഴിക്കുന്നതെന്ന് അറിയുന്നില്ല;ഇതു കരളിനെ ദോഷകരമായി ബാധിക്കുന്നുവെന്നും.ഗുളിക അധികം കഴിച്ചതാണു രോഗകാരണമെന്ന് രോഗിയെ പരിശോധിക്കുന്നവര്‍ ഒറ്റയടിക്കു തിരിച്ചറിയണമെന്നില്ലെന്നും ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ഫാര്‍മക്കോളജിയില്‍ പ്രസിദ്ധപ്പെടുത്തിയ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റയടിക്ക് അധികം അളവില്‍ കഴിക്കുന്നതിനേക്കാള്‍ പാരസെറ്റമോള്‍ ദിര്‍ഘകാലം തുടര്‍ച്ചയായി ഉപയോഗിക്കുന്നതു ദോഷം ചെയ്യുമെന്നാണു മറ്റൊരു കണ്ടെത്തല്‍. ഗവേഷണസംഘം പഠനവിധേയമാക്കിയ 161 രോഗികളില്‍ കരളിനും തലച്ചോറിനും തകരാറുകള്‍ കണ്ടെത്തി.വൃക്കയ്ക്ക് ഡയാലിസിസും വേണ്ടിവന്നു.

വേദനയ്ക്കു പാരസെറ്റമോള്‍ കഴിച്ചിട്ടു ഫലമില്ലെങ്കില്‍ ഒരു ഗുളിക കൂടി കഴിക്കുകയാണു പലരുടെയും ശീലം.ഇത് അപകടകരമാണ്. പകരം ഡോക്ടറുടെ നിര്‍ദേശം തേടുകയാണു വേണ്ടത്.മറിച്ചാവുമ്പോള്‍ വേദന കുറയില്ലെന്നു മാത്രമല്ല രോഗം വിളിച്ചുവരുത്തുകയാണെന്നു തിരിച്ചറിയണമെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.ചില സന്ദര്‍ഭങ്ങളില്‍ ജലദോഷത്തിനും പകര്‍ച്ചപ്പനിക്കും കഴിക്കുന്ന മരുന്നുകളില്‍ പാരസെറ്റാമോളിന്‍റെ സാന്നിധ്യമുണ്ടാകും.ഇതും കൂടിയാകുമ്പോള്‍ അമിത അളവാകും.

പാരസെറ്റമോളിന്‍റെ അമിത ഉപയോഗത്തെക്കുറിച്ച് മുന്‍പും മുന്നറിയിപ്പു വന്നിരുന്നു.ഗര്‍ഭിണികളിലെ അമിത ഉപയോഗം കുട്ടികളെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു പഠനഫലം.അവര്‍ക്കു ജനിക്കുന്ന ആണ്‍കുട്ടികളില്‍ വൃഷണത്തിലെ തകരാറിന് ഇതു കാരണമാകുമെന്നു തെളിഞ്ഞിരുന്നു.അതുപോലെ ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്കു പാരസെറ്റമോള്‍ ഉത്പന്നങ്ങള്‍ നല്‍കുമ്പോള്‍ കുറഞ്ഞ അളവേ പാടുള്ളൂ എന്ന് അമേരിക്കയിലെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി നിര്‍ദേശിച്ചിരുന്നു.