Tuesday 7 August 2012

കൊച്ചി: ഡോക്ടര്‍മാരുടെ അപര്യാപ്തത പ്രധാന വെല്ലുവിളിയാണെന്ന് പുതിയതായി ചുമതലയേറ്റ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജുനൈദ് റഹ്മാന്‍. ആരോഗ്യരംഗത്ത് നൂറുകണക്കിന് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യമാണെന്ന ബോധ്യമുണ്ട്. കുറഞ്ഞകാലം കൊണ്ട് ജില്ലയിലെ ആരോഗ്യ സംവിധാനത്തെ കാര്യക്ഷമമാക്കുക പ്രായോഗികമല്ല. പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെ കുറവും പോരായ്മയാണ്. ജില്ലയില്‍ മികച്ച ടീമിനെയാണ് ലഭിച്ചിരിക്കുന്നത്. ജനറല്‍ ആശുപത്രി സൂപ്രണ്ടായി പ്രവര്‍ത്തിച്ച കാലത്ത് ലഭിച്ച മികച്ച പിന്തുണ തന്‍റെ പ്രവര്‍ത്തന വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍മാരായിരുന്ന ഗ്യാനേഷ് കുമാര്‍, മുഹമ്മദ് ഹനീഷ്, ഷെയ്ഖ് പരീത്, ജനപ്രതിനിധികളായ കെ.വി. തോമസ്, സെബാസ്റ്റ്യന്‍ പോള്‍, ഡൊമനിക് പ്രസന്‍റേഷന്‍, ഹൈബി ഈഡന്‍ ഇങ്ങനെ നിരവധി പേര്‍ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിച്ചു.
2002 ലാണ് ഡോ. ജുനൈദ് ജനറല്‍ ആശുപത്രിയില്‍ ആര്‍.എം.ഒ ആയി ചുമതലയേറ്റത്. തുടര്‍ന്ന് നടത്തിയ ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് (എന്‍.എ.ബി.എച്ച്) അംഗീകാരം ലഭിക്കുന്ന നിലയിലേക്ക് ആശുപത്രിയെ വളര്‍ത്തിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായി നടപ്പാക്കിയ ഡയട്രി കിച്ചണ്‍, എം.ആര്‍.ഐ സി.ടി സ്കാന്‍ സെന്‍ററുകള്‍, ആധുനിക ഓപറേഷന്‍ തിയറ്റര്‍, നവീകരിച്ച ഇന്‍ജക്ഷന്‍ സെന്‍റര്‍, തുടങ്ങി നിരവധി സംവിധാനങ്ങള്‍ ഇന്ന് ജനറല്‍ ആശുപത്രിയിലുണ്ട്. ആലപ്പുഴ സ്വദേശിയായ ഡോ. ജുനൈദ് കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസിന്‍റെ സഹോദരനാണ്.

മാധ്യമം ദിനപത്ര(2012 ഓഗസ്റ്റ് 6 നു പ്രസിദ്ധീകരിച്ചത്)