Wednesday 14 November 2012

നിശ്ശബ്ദ കൊലയാളി; ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക്

ന്യൂദല്‍ഹി: ജീവിതശൈലീ രോഗങ്ങളിലെ ഏറ്റവും അപകടകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രമേഹരോഗത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഇന്‍റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്‍ (ഐ.ഡി.എഫ്) അധ്യക്ഷന്‍ ജീന്‍ ക്ളോഡ് എംബന്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പ്രമേഹരോഗികളുടെ എണ്ണം ഇതിനകം 6.13 കോടി കവിയുമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഈ കണക്കുകള്‍ യഥാര്‍ഥ രോഗികളുടെ എണ്ണത്തിന് അടുത്തുപോലും എത്തില്ല. ശരിയായ ആരോഗ്യ ബോധവത്കരണത്തിന്‍െറ അഭാവം കാരണം പ്രമേഹരോഗികളില്‍ 60 ശതമാനത്തിലേറെയും കണക്കു പുസ്തകത്തിന് പുറത്താണെന്നും ഐ.ഡി.എഫ് മേധാവി ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ പലരും രോഗം കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തുകയോ ചികിത്സക്ക് വിധേയരാവുകയോ ചെയ്യാത്തവരാണ്.

ഒമ്പതുകോടി രോഗികളുമായി ചൈനയാണ് മുന്‍നിരയിലെങ്കിലും ഏറെ വൈകാതെ ഇന്ത്യ ‘ആഗോള പ്രമേഹ തലസ്ഥാന’മായി മാറുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന അമേരിക്കയും ഇന്ത്യയും തമ്മില്‍ രോഗികളുടെ എണ്ണത്തില്‍ ഏറെ അന്തരമുണ്ട്. അമേരിക്കയിലെ രോഗികളുടെ എണ്ണം 2.37 കോടി മാത്രമാണ്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് പ്രമേഹം ഭീകരമാംവിധം പിടിമുറുക്കാന്‍ വഴിയൊരുക്കിയത്. കുട്ടികളും മുതിര്‍ന്നവരുമടക്കമുള്ളവരുടെ അകാലമരണത്തിന് ഈ മാരകരോഗം വഴിയൊരുക്കുന്നതായും ക്ളോഡ് എംബന്യ പറയുന്നു. മുന്‍ കാലങ്ങളില്‍ സമ്പന്നരുടെ മാത്രം ജീവിത ശൈലീ രോഗമായി കണക്കാക്കിയിരുന്ന പ്രമേഹം ഇന്ന് സര്‍വ സാധാരണമായിട്ടുണ്ട്.

ഭക്ഷണക്രമത്തില്‍ വന്ന മാറ്റങ്ങളും വ്യായാമത്തിന്‍െറ കുറവുമാണ് രോഗം പെരുകാന്‍ കാരണം. വികസനത്തെക്കുറിച്ച് മാത്രം സംസാരിക്കുമ്പോഴും ആരോഗ്യത്തിന് മുന്‍ഗണനയുള്ള വികസനമെന്ന കാഴ്ചപ്പാട് ഇത്തരം രാജ്യങ്ങള്‍ മറക്കുകയാണെന്നും എംബന്യ പറഞ്ഞു. രക്ഷിതാക്കള്‍ കുട്ടികളെ മുറിക്കകത്ത് അടച്ചിട്ട് കൈയില്‍ ശീതളപാനീയങ്ങള്‍ നല്‍കി ടെലിവിഷന്‍ കാണാന്‍ പ്രേരിപ്പിക്കുകയാണ്. കളിസ്ഥലങ്ങള്‍ എല്ലായിടനിന്നും അപ്രത്യക്ഷമാവുകയാണ്. നഗരങ്ങളില്‍ സൈക്കിള്‍ പാതയും കാല്‍നട യാത്രക്കാര്‍ക്കുള്ള പ്രത്യേക ഇടങ്ങളും സ്ഥാപിക്കണമെന്ന് ജീന്‍ ക്ളോഡ് എംബന്യ പറഞ്ഞു.
ലോകത്ത് മൊത്തം 30 കോടി പ്രമേഹ രോഗികളാണുള്ളത്. ആകെ മുതിര്‍ന്ന ജനസംഖ്യയുടെ ആറു ശതമാനമാണിത്. പ്രതിവര്‍ഷം 70 ലക്ഷം പേരാണ് പ്രമേഹബാധിതരുടെ പട്ടികയില്‍ ഇടംനേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍സുലിന്‍െറ കുറവുമൂലമോ ഗ്രന്ഥികളുടെ പ്രവര്‍ത്ത തകരാറ് കാരണമോ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതാണ് പ്രമേഹത്തിന് കാരണമാകുന്നത്.

സൂക്ഷിക്കണം, ഈ ‘നിശ്ശബ്ദ കൊലയാളി’യെകെ.എന്‍. നുസൈബ

സൂക്ഷിക്കണം,  ഈ ‘നിശ്ശബ്ദ കൊലയാളി’യെ
ഒരിക്കല്‍ കാശുകാരായ മധ്യവയസ്കരുടെ രോഗമായിരുന്ന ‘പ്രമേഹം’ഇന്ന് സാധാരണക്കാരന്‍െറ സന്തത സഹചാരിയാണ്. പനിയും ജലദോഷവും ഒക്കെപോലെ മതിയായ പരിശോധനയും ശ്രദ്ധയും ഇല്ലെങ്കില്‍ ഏതുപ്രായക്കാര്‍ക്കും ബാധിക്കാവുന്ന രോഗമായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്ത് 346 ബില്യന്‍ പ്രമേഹ ബാധിതര്‍ ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 2030 ആകുമ്പോഴേക്കും ഇത് ഇരട്ടിയാകും. കേരളത്തില്‍ നിലവില്‍ 22ശതമാനമാണ് പ്രമേഹ ബാധിതര്‍. 65 ശതമാനം പേരാകട്ടെ, എപ്പോള്‍ വേണമെങ്കിലും രോഗബാധിതരാകാമെന്ന അവസ്ഥയിലുമാണ്.
പ്രമേഹം തിരിച്ചറിയുന്ന നിമിഷം മുതല്‍ ചികിത്സ ആരംഭിക്കാത്ത പക്ഷം ജീവന്വരെ ഭീഷണിയാകുന്ന തരത്തില്‍ രോഗം സങ്കീര്‍ണമാകാനിടയുണ്ട്. ഓരോ എട്ട് സെക്കന്‍ഡിലും പ്രമേഹം മൂലം ഒരാള്‍ മരണമടയുന്നു എന്നതാണ് കണക്ക്. ഈ ‘നിശ്ശബ്ദ കൊലയാളി’ മൂലമുണ്ടാകുന്ന മരണങ്ങളില്‍ 80 ശതമാനവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലാണ് സംഭവിക്കുന്നതെന്നും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.
ആഹാരത്തിലെ കാര്‍ബോഹൈഡ്രേറ്റ്സില്‍നിന്ന് ലഭിക്കുന്ന ഊര്‍ജം ശരിയായ രീതിയില്‍ ശരീരത്തിന് ഉപയോഗപ്പെടുത്താന്‍ പറ്റാത്ത അവസ്ഥയാണ് പ്രമേഹം. ഭക്ഷണം ദഹിക്കുന്നതോടെ ഉണ്ടാകുന്ന ഗ്ളൂക്കോസിനെ പാന്‍ക്രിയാസ് ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ശരീര കോശങ്ങളില്‍ ശേഖരിക്കുകയാണ് സാധാരണ മനുഷ്യരില്‍ ചെയ്യാറ്. ഈ ഗ്ളൂക്കോസാണ് ആരോഗ്യമുള്ള ഒരാള്‍ക്ക് ഊര്‍ജദായകമാകുന്നത്. പ്രമേഹബാധിതരില്‍ ഇന്‍സുലിന്‍െറ ഉല്‍പാദനവും ഉപയോഗവും ആരോഗ്യമുള്ളയാളില്‍ നിന്ന് കുറഞ്ഞിരിക്കും. ഇതുവഴി രക്തത്തില്‍ ഗ്ളൂക്കോസിന്‍െറ അളവ് കൂടും. ഇത് പരിധിവിടുന്ന പക്ഷം മൂത്രത്തിലും ഗ്ളൂക്കോസ് കണ്ടുതുടങ്ങുന്നതാണ് പ്രമേഹം. ഇതൊഴിവാക്കാന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടക്കിടെ പരിശോധിക്കുകയാണ് വേണ്ടത്. രക്തത്തിലെ പഞ്ചസാര സാധാരണ നിലയിലേക്കാളും ഉയര്‍ന്നതാണെങ്കില്‍ ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹത്തെ അകറ്റിനിര്‍ത്താനാകും.
രണ്ടുതരം പ്രമേഹങ്ങളാണ് സാധാരണ കണ്ടുവരുന്നത്. ടൈപ്പ്1 എന്ന ആദ്യയിനത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥികള്‍ ജന്മനാ ഇല്ലാതിരിക്കുകയും മറ്റെന്തെങ്കിലും കാരണത്താല്‍ ഗ്രന്ഥികള്‍ നശിച്ചുപോകുന്നതിനാല്‍ ഇന്‍സുലിന്‍ ശരീരത്തില്‍ അല്‍പം പോലും കാണാത്ത അവസ്ഥയുമാണ്. 40 വയസ്സിനുള്ളില്‍ ഈ രോഗമുണ്ടാകും. 10 മുതല്‍ 15 ശതമാനം പേരില്‍ മാത്രം കണ്ടുവരുന്ന ഈ പ്രമേഹബാധിതര്‍ നിര്‍ബന്ധമായും ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ എടുക്കേണ്ടിവരും. പത്തില്‍ ഒരാള്‍ക്ക് ഈ രോഗാവസ്ഥ കണ്ടുവരുന്നതായാണ് കണക്ക്.
ടൈപ്പ് 2 പ്രമേഹമാണ് സാധാരണ കണ്ടുവരുന്നത്. ജീവിതശൈലിയിലെ പാളിച്ച മൂലം ശരീരത്തില്‍ ആവശ്യമായ ഇന്‍സുലിന്‍ ഉല്‍പാദിക്കപ്പെടാതിരിക്കുകയോ ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരിയാംവിധം ഉപയോഗപ്പെടുത്താതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണിത്. സാധാരണ 40 വയസ്സിന് മുകളില്‍ ഉള്ളവരാണ് ഇതിന്‍െറ ഇരകള്‍. ചില സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് രക്തഗ്ളൂക്കോസിന്‍െറ അളവ് വര്‍ധിക്കുന്നത് കണ്ടുവരുന്നുണ്ട്. പ്രസവശേഷം ഇവരിലെ ഗ്ളൂക്കോസിന്‍െറ അളവ് പഴയ നിലയിലേക്ക് മടങ്ങും.
ലക്ഷണങ്ങള്‍ മനസ്സിലാക്കാം
1. അമിതമായ വിശപ്പ്/ദാഹം
2. സ്ഥിരമായ അസുഖം/രോഗം
3. കൈകാലുകളില്‍ പെരുപ്പ്/ക്ഷീണം/തളര്‍ച്ച
4. ലൈംഗിക പ്രശ്നങ്ങള്‍
5. ശരീരത്തിന് ഭാരക്കുറവ്
6. മുറിവുകള്‍ ഉണങ്ങാന്‍ താമസം
7. എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നുക
8. കാഴ്ചക്ക് മങ്ങല്‍
രോഗസാധ്യത കൂടുതല്‍ ആര്‍ക്കൊക്കെ?
1. മാതാപിതാക്കള്‍ക്കോ സഹോദരനോ സഹോദരിക്കോ ടൈപ്പ് 2 പ്രമേഹമുള്ളവര്‍
2. അമിത ഭാരമുള്ളവര്‍
3. 40ഉം അതിന് മുകളിലും പ്രായമുള്ളവര്‍
4. ഉയര്‍ന്ന രക്തസമ്മര്‍ദമോ ഹൃദയാഘാതമോ മസ്തിഷ്കാഘാതമോ ഉണ്ടായിട്ടുള്ളവര്‍
5. പോളിസ്റ്റിക് ഓവറി സിന്‍ഡ്രം ഉള്ള അമിത ഭാരമുള്ള സ്ത്രീകള്‍
6. ഗര്‍ഭകാല സംബന്ധിയായ പ്രമേഹമുണ്ടായിരുന്ന സ്ത്രീകള്‍
നേരത്തേ കണ്ടെത്തിയില്ലെങ്കില്‍
പ്രമേഹം നേരത്തേ തിരിച്ചറിയാത്ത പക്ഷം ശരീരത്തിലെ അവയവങ്ങളെ ഒന്നൊന്നായി അത് ബാധിക്കും. വൃക്കരോഗമാണ് പ്രമേഹബാധിതരില്‍ സാധാരണ കണ്ടുവരുന്ന രോഗം. ഉയര്‍ന്ന രക്തഗ്ളൂക്കോസും രക്ത സമ്മര്‍ദവും മാലിന്യങ്ങളെ അരിച്ച് നീക്കുന്നതിനുള്ള വൃക്കയുടെ കഴിവ് നഷ്ടപ്പെടുത്തുകയാണ് ചെയ്യുക. ഹൃദ്രോഗമാണ് മറ്റൊരു ഭീഷണി. ടൈപ്പ് 2 പ്രമേഹബാധിതരില്‍ ഹൃദ്രോഗവും മസ്തിഷ്കാഘാതവും ഉണ്ടാകാന്‍ രണ്ടു മുതല്‍ നാലിരട്ടി സാധ്യതയുണ്ട്. ഇത് പലപ്പോഴും മരണകാരണവുമാകാറുണ്ട്. പ്രായപൂര്‍ത്തിയെത്തിയവരില്‍ അന്ധതക്ക് കാരണമായേക്കാവുന്ന തിമിരം, റെറ്റിനോപ്പതി, ഗ്ളൂക്കോമ എന്നീ രോഗങ്ങളും പ്രമേഹബാധിതര്‍ക്ക് ഉണ്ടാകാനിടയുണ്ട്. ശരീരത്തിലുടനീളമുള്ള നാഡികള്‍ക്ക് തകരാര്‍ സംഭവിക്കുന്ന ഡയബെറ്റിക് റെറ്റിനോപ്പതിയാണ് മറ്റൊരു ഗുരുതര ആരോഗ്യപ്രശ്നം. ഡയബെറ്റിക് ന്യൂറോപ്പതി എന്നറിയപ്പെടുന്ന ഈ അവസ്ഥയുടെ തുടര്‍ച്ചയായി കാല്‍പാദങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരക്കാര്‍ വേഗത്തില്‍ അണുബാധക്ക് ഇരയാകാനും അതുവഴി അവയവം മുറിച്ചുമാറ്റലിലേക്കും എത്താറുണ്ട്. പല്ലുകളിലും മോണകളിലും ഇതുമൂലം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്.
രോഗബാധിതര്‍ ചെയ്യണ്ടത്
1. നിയന്ത്രിതമായ ഭക്ഷണക്രമവും വ്യായാമവും ശീലമാക്കുക.
2. ഇടവേളകളില്‍ വൈദ്യപരിശോധന നടത്തുക.
3. മരുന്നുകള്‍ സമയത്തിന് ഉപയോഗിക്കുക.
4. ധാരാളം വെള്ളം കുടിക്കുക.
5. പുകവലിയും മദ്യപാനവും ഒഴിവാക്കുക.
6. ശരീരഭാരം കുറക്കുക.
7. നന്നായി ഉറങ്ങുക.
8. ഒറ്റക്ക് താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും മുന്‍കരുതലുകള്‍ എടുക്കുക.
ഒരിക്കല്‍ പ്രമേഹം വന്നുകഴിഞ്ഞാല്‍ അത് പൂര്‍ണമായി ഭേദപ്പെടുത്താനാകില്ല; മറിച്ച് നിയന്ത്രിച്ച് നിര്‍ത്താനേ കഴിയൂ. പ്രമേഹത്തെ നമുക്ക് മുമ്പേ നടക്കാന്‍ അനുവദിക്കരുത്. നമുക്ക് പുറകെയും. കൂട്ടുകാരനെപ്പോലെ കൂടെ നടത്തുക. കൂട്ടുകാരന്‍ നമ്മെ വഞ്ചിക്കാതിരിക്കാന്‍ നാം കൂട്ടുകാരനെ മനസ്സിലാക്കുക. നാം നമ്മോട് തന്നെ പ്രതിബദ്ധതയുള്ളവരാകുക.
വിവരങ്ങള്‍ക്ക് കടപ്പാട്:
Dr. SEENAJ CHANDRAN MBBS, MD(Med), Dip. DIAB
PHYSICIAN&DIABETOLOGIST
KIMS HOSPITAL, ERNAKULAM

(മാധ്യമം ദിനപത്രത്തോട് കടപ്പാട്)

Thursday 13 September 2012

ബില്‍ നല്‍കാത്ത ഹോട്ടലുകള്‍ പൂട്ടുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം



തിരുവനന്തപുരം: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് കൃത്യമായി ബില്‍ നല്‍കിയിരിക്കണമെന്നും അല്ലാത്തപക്ഷം നോട്ടീസ്‌കൂടാതെ പൂട്ടുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

 ബില്ലില്‍ ഹോട്ടലിന്റെ പേര്, ലൈസന്‍സ് നമ്പര്‍, രജിസ്‌ട്രേഷന്‍ നമ്പര്‍, തീയതി ഇവ കൃത്യമായി കാണിച്ചിരിക്കണം. എല്ലാ ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിലുള്ള ടോള്‍ഫ്രീ നമ്പരും അതത് സ്ഥലത്തുള്ള ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നമ്പരും പ്രദര്‍ശിപ്പിക്കണം. ക്യാഷ് കൗണ്ടറില്‍ പൊതുജനങ്ങള്‍ കാണുന്ന വിധത്തിലായിരിക്കണം ഇത് പ്രദര്‍ശിപ്പിക്കേണ്ടത്. ഹോട്ടലുകളില്‍ ലൈസന്‍സിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി വ്യക്തമായി കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അടുത്തിടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ റെയ്ഡുകളും ബോധവത്കരണ പരിശീലന പരിപാടികളും നടന്നിട്ടും പലരും നിഷേധാത്മക സമീപനം പുലര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കര്‍ശന നടപടി കൊണ്ടുവന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, ഭക്ഷണശാല, ക്യാന്റീനുകള്‍ മുതലായവ ഭക്ഷ്യസുരക്ഷാ ഗുണനിലവാര റെഗുലേഷന്‍ 2011 പ്രകാരം പാലിക്കേണ്ട നിബന്ധനകളുള്‍ക്കൊള്ളിച്ച് മുപ്പതിന നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

അടുക്കളയും പരിസരവും അടര്‍ന്നുവീഴാത്ത രീതിയില്‍ പ്ലാസ്റ്റര്‍ചെയ്ത്, വൈറ്റ്‌വാഷ് ചെയ്ത്, ചിലന്തിവല, മറ്റ് അഴുക്കുകള്‍ ഒന്നുമില്ലാതെ സൂക്ഷിക്കണം. അടുക്കളഭാഗത്തുള്ള ഓടകളിലോ തറയിലോ വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. കക്കൂസുകള്‍, കുളിമുറികള്‍ എന്നിവ അടുക്കളഭാഗത്തുനിന്നും നിശ്ചിത അകലം പാലിക്കുന്നില്ലെങ്കിലോ വൃത്തിഹീനമായി കിടക്കുന്നതോ കണ്ടാല്‍ കര്‍ശന നടപടിയുണ്ടാകും. ഡ്രെയിനേജ് പൂര്‍ണമായി അടച്ചിരിക്കണം. മലിനജലം ഹോട്ടലിനകത്തോ, പുറത്തോ കെട്ടിക്കിടക്കരുത്. ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകള്‍ ഭക്ഷണം തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ ആരില്‍നിന്നാണോ വാങ്ങുന്നത് അവരുടെ രജിസ്റ്റര്‍ തയ്യാറാക്കണം.

സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന വെള്ളം പാനയോഗ്യമായിരിക്കണം. അതിനുള്ള കെമിക്കല്‍ മൈക്രോ ബയോളജിക്കല്‍ പരിശോധന കാലാനുസൃതമായി ഇടവേളകളില്‍ അംഗീകൃത ലാബുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി രേഖകള്‍ സൂക്ഷിക്കണം. മെഡിക്കല്‍ സര്‍ജനില്‍ കുറയാത്ത ഗവണ്മെന്റ് ഡോക്ര്‍ നിയമാനുസൃതം നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹോട്ടലുകളിലെയും ഭക്ഷണശാലകളിലെയും എല്ലാ തൊഴിലാളികള്‍ക്കും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ ഹോട്ടലുകള്‍ ഉദ്യോഗസ്ഥര്‍ പൂട്ടുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നു. പകര്‍ച്ചവ്യാധികള്‍ ഉള്ള തൊഴിലാളികളെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുറിവോ വ്രണങ്ങളോ ഉണ്ടെങ്കില്‍ ഭക്ഷണസാധനങ്ങളുമായി അടുത്തിടപഴകാന്‍ പാടില്ല. ശരീരഭാഗങ്ങളിലോ തലയിലോ ചൊറിയുന്നത് ജോലിസമയത്ത് ഒഴിവാക്കണം. കൃത്രിമ നഖങ്ങളും ഇളകുന്നതരത്തിലുള്ള ആഭരണങ്ങളും ഭക്ഷണംപാകം ചെയ്യുമ്പോള്‍ ഒഴിവാക്കണം. പുകവലിക്കുന്നതും ചവയ്ക്കുന്നതും തുപ്പുന്നതും മൂക്കുചീറ്റുന്നതും ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥലത്ത് നിരോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
(കടപ്പാട്: മാതൃഭൂമി ദിനപത്രം)

Tuesday 7 August 2012

കൊച്ചി: ഡോക്ടര്‍മാരുടെ അപര്യാപ്തത പ്രധാന വെല്ലുവിളിയാണെന്ന് പുതിയതായി ചുമതലയേറ്റ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജുനൈദ് റഹ്മാന്‍. ആരോഗ്യരംഗത്ത് നൂറുകണക്കിന് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യമാണെന്ന ബോധ്യമുണ്ട്. കുറഞ്ഞകാലം കൊണ്ട് ജില്ലയിലെ ആരോഗ്യ സംവിധാനത്തെ കാര്യക്ഷമമാക്കുക പ്രായോഗികമല്ല. പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെ കുറവും പോരായ്മയാണ്. ജില്ലയില്‍ മികച്ച ടീമിനെയാണ് ലഭിച്ചിരിക്കുന്നത്. ജനറല്‍ ആശുപത്രി സൂപ്രണ്ടായി പ്രവര്‍ത്തിച്ച കാലത്ത് ലഭിച്ച മികച്ച പിന്തുണ തന്‍റെ പ്രവര്‍ത്തന വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍മാരായിരുന്ന ഗ്യാനേഷ് കുമാര്‍, മുഹമ്മദ് ഹനീഷ്, ഷെയ്ഖ് പരീത്, ജനപ്രതിനിധികളായ കെ.വി. തോമസ്, സെബാസ്റ്റ്യന്‍ പോള്‍, ഡൊമനിക് പ്രസന്‍റേഷന്‍, ഹൈബി ഈഡന്‍ ഇങ്ങനെ നിരവധി പേര്‍ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിച്ചു.
2002 ലാണ് ഡോ. ജുനൈദ് ജനറല്‍ ആശുപത്രിയില്‍ ആര്‍.എം.ഒ ആയി ചുമതലയേറ്റത്. തുടര്‍ന്ന് നടത്തിയ ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് (എന്‍.എ.ബി.എച്ച്) അംഗീകാരം ലഭിക്കുന്ന നിലയിലേക്ക് ആശുപത്രിയെ വളര്‍ത്തിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായി നടപ്പാക്കിയ ഡയട്രി കിച്ചണ്‍, എം.ആര്‍.ഐ സി.ടി സ്കാന്‍ സെന്‍ററുകള്‍, ആധുനിക ഓപറേഷന്‍ തിയറ്റര്‍, നവീകരിച്ച ഇന്‍ജക്ഷന്‍ സെന്‍റര്‍, തുടങ്ങി നിരവധി സംവിധാനങ്ങള്‍ ഇന്ന് ജനറല്‍ ആശുപത്രിയിലുണ്ട്. ആലപ്പുഴ സ്വദേശിയായ ഡോ. ജുനൈദ് കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസിന്‍റെ സഹോദരനാണ്.

മാധ്യമം ദിനപത്ര(2012 ഓഗസ്റ്റ് 6 നു പ്രസിദ്ധീകരിച്ചത്)

Saturday 28 July 2012

രോഗം വരുന്ന വഴികള്‍

ഡോ. ബി. പത്മകുമാര്‍ (അഡീഷനല്‍ പ്രഫസര്‍, ആലപ്പുഴ മെഡിക്കല്‍ കോളജ്)

കേരളത്തില്‍ ഇന്ന് ഏറ്റവും വളര്‍ച്ച നേടിയ ബിസിനസാണ് ഹോട്ടല്‍ വ്യവസായം. ചെറു പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളില്‍ പോലും ദിനേന ഹോട്ടലുകളും റസ്റ്റാറന്‍റുകളും മുളച്ചുപൊന്തുകയാണ്. അവയിലെല്ലാം ആവശ്യക്കാരുമുണ്ട്. വീട്ടില്‍നിന്ന് പുറത്തുപോകുന്ന ശീലമുള്ള മലയാളി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഇത്തരം ഹോട്ടലുകളെയാണ്. അതില്‍ വൃത്തിയും വെടിപ്പുമുള്ള ഭക്ഷണം വിളമ്പുന്നു എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്.

വേണ്ടത്ര പരിശീലനമോ ബോധവത്കരണമോ ലഭിക്കാത്ത ജീവനക്കാരാണ് ഒട്ടുമുക്കാല്‍ ഹോട്ടലുകളിലുമുള്ളത്. ഏതൊക്കെ ആരോഗ്യത്തിന് ഹാനികരമാകുമെന്നതിനെക്കുറിച്ച് ഇവര്‍ക്ക് ഒരു ബോധവുമില്ല. സത്യത്തില്‍ ഈ അജ്ഞതയുടെ ഇരകളായി മാറുന്നത് സാധാരണ ഉപയോക്താക്കളാണ്. പലതരം അസുഖങ്ങളുമായി നിത്യേന നിരവധിപേര്‍ ആശുപത്രികളില്‍ വരുന്നുണ്ട്. ജലജന്യ രോഗങ്ങളായ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് ബി, അമീബിയാസ് തുടങ്ങിയവയുമായി വരുന്നവരില്‍ മിക്കവരും പതിവായി ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവരാണ് എന്ന് മനസ്സിലായിട്ടുണ്ട്.

ഹോട്ടലുകളിലെ ശുചിത്വമില്ലായ്മയും അവിടെ ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിലവാരമില്ലായ്മയും ഒക്കെയാണ് ഇതിന് ഒരു പ്രധാന കാരണം. ഹോട്ടലുകളിലെ ശുചിത്വം എന്നത് ഹോട്ടലുകളിലെ ഭൗതിക സാഹചര്യങ്ങളുടെയും അവിടത്തെ ജീവനക്കാരുടെയും ശുചിത്വം കൂടിയാണ്. പഴയ ചില സിനിമകളില്‍ ചായയില്‍ വിരലിട്ട് മേശപ്പുറത്തുകൊണ്ടു വെക്കുന്ന കോമഡി കഥാപാത്രങ്ങളെ കാണാം. പലയിടങ്ങളിലും ഇതേ രീതി ഇപ്പോഴുമുണ്ട്. വെട്ടിവെടിപ്പാക്കാത്ത നഖങ്ങളും ഫംഗസ് പോലുള്ള ത്വഗ്രോഗങ്ങളുമുള്ള ജീവനക്കാര്‍ ഭക്ഷണത്തിലും അതിന്‍റെ അണുക്കളെ വിതരണം ചെയ്യുന്നു. ക്ഷയരോഗം പോലുള്ള അസുഖങ്ങള്‍ ബാധിച്ചവര്‍ വരെ ഹോട്ടല്‍ ജീവനക്കാരില്‍ കാണാറുണ്ട്. ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തുകയും ഇടക്കിടെ വൈദ്യപരിശോധന നടത്തുകയും ചെയ്യേണ്ടത് സ്ഥാപന ഉടമയുടെ ബാധ്യതയാണ്. ശുചിത്വവും ആരോഗ്യവും ഇല്ലാത്തവര്‍ക്ക് ഹോട്ടല്‍ ജീവനക്കാരായിരിക്കാന്‍ അനുവാദം നല്‍കാന്‍ പാടില്ലാത്തതാണ്. അവര്‍ക്ക് വെടിപ്പുള്ള യൂനിഫോം ഏര്‍പ്പെടുത്തുകയും വേണം. ഇതിനുപുറമെ ശുചിത്വ ബോധവത്കരണവും മാസംതോറും വൈദ്യപരിശോധനയും നടത്തുകയും ചെയ്താല്‍ ജീവനക്കാരുടെ ആരോഗ്യവും ഉപഭോക്താക്കളുടെ ആരോഗ്യവും സംരക്ഷിക്കാനാവും.

മാരകമായ പല രോഗങ്ങളും കുടിവെള്ളത്തിലൂടെയാണ് പകരുന്നത്. നമ്മുടെ പല നഗരങ്ങളിലെയും ഹോട്ടലുകളില്‍ ടാങ്കറുകളിലാണ് വെള്ളമെത്തിക്കുന്നത്. ഈ ടാങ്കറുകള്‍ എവിടെനിന്നാണ് വെള്ളം ശേഖരിക്കുന്നത് എന്നറിയാനോ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചാണോ വെള്ളമെത്തിക്കുന്നത് എന്ന് പരിശോധിക്കാനോ ഒരു സംവിധാനവും ഇവിടെയില്ല. ഇതൊരു വന്‍ ബിസിനസായി മാറിയിരിക്കുന്നതിനാല്‍ ആര്‍ക്കുവേണമെങ്കിലും എവിടെ നിന്നും വെള്ളമെടുത്ത് വിതരണം ചെയ്ത് പണമുണ്ടാക്കാം എന്ന നിലയിലായിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് മഞ്ഞപ്പിത്തം പൊട്ടിപ്പുറപ്പെട്ടതും മെഡിക്കല്‍ കോളജിലെ ഡോക്ടറടക്കം ഒട്ടേറെപേര്‍ മരിച്ചതും ഏതാനും വര്‍ഷം മുമ്പ് വലിയ വാര്‍ത്തയായിരുന്നു. പരിസരത്തെ ഹോട്ടലുകളില്‍ വിതരണം ചെയ്ത വെള്ളമായിരുന്നു വില്ലന്‍ എന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്.

ചൂടുവെള്ളത്തില്‍ അണുക്കള്‍ കാണില്ല എന്നത് നമ്മുടെ വിശ്വാസം മാത്രമാണ്. അതുകൊണ്ടായിരിക്കണം ഹോട്ടലുകളില്‍ കയറിയാല്‍ നമ്മള്‍ ചൂടുവെള്ളം ആവശ്യപ്പെടുന്നതും. കരിങ്ങാലി, ജീരകം, പതിമുകം തുടങ്ങിയ പച്ചമരുന്നുകള്‍ ഇട്ട വെള്ളമാകുമ്പോള്‍ ധൈര്യമായി കുടിക്കുകയും ചെയ്യും. പച്ചവെള്ളത്തിലേക്ക് തിളച്ച വെള്ളം കുറച്ച് ഒഴിച്ച് കുടിക്കാന്‍ പാകത്തിലാക്കിയാണ് ഹോട്ടലുകള്‍ വിതരണം ചെയ്യുന്നത്. വിശ്വാസയോഗ്യമായ സ്രോതസ്സില്‍നിന്നുള്ള വെള്ളമാണ് എന്നുറപ്പുണ്ടായാല്‍ പോലും അഞ്ചുമിനിറ്റില്‍ കുറയാതെ തിളപ്പിച്ച ശേഷമേ ഉപയോഗിക്കാവൂ. എങ്കിലേ രോഗകാരികളായ അണുക്കള്‍ അതില്‍ ഇല്ലെന്ന് ഉറപ്പുവരുത്താനാവൂ. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഹോട്ടലുകള്‍ നല്‍കുന്നുള്ളൂ എന്നുറപ്പുവരുത്തണം.

ശീതള പാനീയങ്ങളും ജ്യൂസ്, ഐസ്ക്രീം തുടങ്ങിയവയും ഏറ്റവും കൂടുതല്‍ ചെലവാകുന്ന സംസ്ഥാനമാണ് കേരളം. സര്‍ബത്ത്, ജ്യൂസ് എന്നിവയിലൊക്കെ ഐസ് പൊട്ടിച്ചിട്ട് നല്‍കാറുണ്ട്. സ്കൂളുകള്‍ക്ക് സമീപം ഐസ് മിഠായി പോലുള്ളവ വില്‍പന നടത്തുന്നുമുണ്ട്. ഈ ഐസ് ഏതുതരം വെള്ളത്തില്‍നിന്ന് ഉണ്ടാക്കിയതാണ് എന്നതിന് എന്തുറപ്പാണ് ഉള്ളത്? മത്സ്യം കേടുകൂടാതിരിക്കാന്‍ ഉണ്ടാക്കുന്ന ഐസ്പോലും സര്‍ബത്തില്‍ ഉപയോഗിക്കുന്ന നിരവധി കടകള്‍ നമ്മുടെ നാട്ടിലുണ്ട്.
പൂജ്യം ഡിഗ്രി ഊഷ്മാവില്‍ താഴെ അണുക്കള്‍ നിലനില്‍ക്കില്ല എന്ന വിശ്വാസത്തിലാണ് പലരും ഐസ് വിഴുങ്ങുന്നത്. എന്നാല്‍, മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് എ, ഇ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളുടെ അണുക്കള്‍ ഈ തണുപ്പിലും അതിജീവിക്കുകയും അനുകൂലമായ സാഹചര്യത്തില്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നതാണ്. ശീതളപാനീയത്തിലും സര്‍ബത്തിലുമൊക്കെ ഐസിടുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണ്. അത്തരം സ്ഥാപനങ്ങളില്‍ ശുചിത്വം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യ വിഭാഗം നിതാന്ത ജാഗ്രത കാണിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോയേക്കാം. കാരണം, ഓരോ ദിവസവും നമ്മുടെ ജലസ്രോതസ്സുകള്‍ മലിനമാക്കപ്പെടുന്നതിന്‍റെ അളവ് വര്‍ധിച്ചുവരുകയാണ്.
ദൂരയാത്ര പോകുമ്പോഴാണ് നമ്മള്‍ മിനറല്‍ വാട്ടര്‍ എന്നറിയപ്പെടുന്ന കുപ്പിവെള്ളത്തെ ആശ്രയിക്കുന്നത്. പൂര്‍ണമായി അണുവിമുക്തമാക്കിയതും മാലിന്യങ്ങള്‍ ഇല്ലാത്തതും ആവശ്യമായ ധാതു ലവണങ്ങള്‍ അടങ്ങിയതുമായ വെള്ളമാണ് മിനറല്‍ വാട്ടര്‍ എന്ന് പറയുന്നത്. യഥാര്‍ഥ സ്രോതസ്സുകളായ മലനിരകള്‍ പോലുള്ള ഉദ്ഭവ സ്ഥാനത്തുനിന്ന് എടുത്തു ശുചിയാക്കിയാലേ ഈ നിലവാരമുള്ള വെള്ളം ലഭിക്കുകയുള്ളൂ.
എന്നാല്‍, ഈ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് എത്ര കമ്പനികള്‍ ഇവിടെ വെള്ളം വിപണിയില്‍ എത്തിക്കുന്നുണ്ട്? വമ്പന്‍ കമ്പനികള്‍ വന്‍ പരസ്യത്തിന്‍റെ അകമ്പടിയോടെ വില്‍ക്കുന്ന വെള്ളം പോലും അത്യന്തം ശുചിത്വമേറിയതല്ല. പല കമ്പനികളും ഭൂഗര്‍ഭ ജലം കുഴല്‍ക്കിണറുകള്‍ വഴി ശേഖരിച്ചാണ് കുപ്പിയിലാക്കുന്നത്. അയണ്‍, ആഴ്സനിക്, ഫ്ളൂറൈഡ് തുടങ്ങിയ ആരോഗ്യത്തെ അത്യന്തം പ്രതികൂലമായി ബാധിക്കുന്ന ഖന ലോഹങ്ങളുടെ സാന്നിധ്യം ഈ വെള്ളത്തില്‍ കൂടുതലുമായിരിക്കും.

ഹോട്ടലുകളിലും ബേക്കറികളിലും ഏറ്റവും അപകടകാരി ആവര്‍ത്തിച്ചുപയോഗിക്കുന്ന എണ്ണയാണ്. ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കിയ എണ്ണയിലാണ് ചിപ്സും മിക്സ്ചറും മറ്റും ഉണ്ടാക്കുന്നത്. വീണ്ടും വീണ്ടും അതേ എണ്ണതന്നെ ഉപയോഗിക്കുകയും അതിലേക്ക് പുതിയ എണ്ണ ഒഴിക്കുകയും ചെയ്യുമ്പോള്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ സൃഷ്ടിക്കുന്ന അത്യന്തം അപകടകാരിയായി അത് മാറുന്നു. നിറത്തിനും മണത്തിനും രുചിക്കുമായി ഭക്ഷണത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളാണ് മറ്റൊരു കൊടുംഭീകരന്‍. ഉദരരോഗങ്ങള്‍ക്കും കാന്‍സറിനും കാരണമന്വേഷിച്ച് മറ്റെങ്ങും പോകേണ്ടതില്ല. ഇവയൊക്കെ കണ്ടെത്തി അവസാനിപ്പിക്കാന്‍ ശക്തമായ നടപടിയും ബോധവത്കരണവും ആവശ്യമാണ്. അതാണ് ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ലക്ഷ്യംവെക്കേണ്ടത്.

വീട് നിര്‍മാണത്തില്‍ ഇന്ന് ഏറ്റവും ചെലവേറിയ ഭാഗം അടുക്കളയാണ്. പക്ഷേ, അതില്‍ പാചകം നന്നേ കുറഞ്ഞുവരുന്നു എന്നതാണ് കേരളത്തിന്‍െറ സാംസ്കാരിക വിപര്യയം. പുറത്തുനിന്നു വാങ്ങുന്ന ഭക്ഷണം ചൂടാക്കി ഉപയോഗിക്കാനുള്ള ഒരിടം മാത്രമായി അടുക്കളകള്‍ മാറിയിരിക്കുന്നു. അടുക്കള പൂട്ടി ഹോട്ടലുകളില്‍ പോയിരുന്ന് ഭക്ഷണം കഴിക്കുന്ന പ്രവണത വ്യാപകമായിക്കൊണ്ടിരിക്കുന്നു. ദിവസങ്ങളോളം കഴിക്കാനുള്ള ഭക്ഷണം വാങ്ങി ഫ്രിഡ്ജില്‍ വെച്ച് കുറേശ്ശെയായി എടുത്ത് ചൂടാക്കി കഴിക്കുന്നതാണ് ഇപ്പോഴത്തെ ഫാഷന്‍. ഇതുമൂലം രോഗങ്ങള്‍ വിലകൊടുത്തു വാങ്ങുകയാണ് എന്ന് തിരിച്ചറിയുക. നമുക്ക് ഏറ്റവും യോജിച്ചത് ഈ ഫാസ്റ്റ് ഫുഡ് അല്ല; പരമ്പരാഗതമായി നമ്മള്‍ വീട്ടില്‍ ഉണ്ടാക്കി കഴിച്ചുവന്നിരുന്ന നമ്മുടെ തനത് രുചികള്‍തന്നെയാണ്. അത് തിരിച്ചറിയുകയാണെങ്കില്‍ ആരോഗ്യത്തോടെ കുറെക്കാലം കൂടി ജീവിക്കാന്‍ നമുക്കു കഴിയും.
(കടപ്പാട് മാധ്യമം ദിനപത്രം 2012 ജൂലൈ 28)



Friday 20 July 2012

ഹോട്ടലുകളില്‍ റെയ്ഡ്

 ഭക്ഷ്യ വിഷബാധയേറ്റ് ആലപ്പുഴ സ്വദേശി ബംഗളൂരുവില്‍ മരിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ ഹോട്ടലുകളില്‍ ആരംഭിച്ച പരിശോധന തുടരുന്നു. ഭക്ഷ്യ സുരക്ഷാ-ആരോഗ്യ വകുപ്പുകള്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒരു ബദാം ഷേക് നിര്‍മാണ കേന്ദ്രവും 39 ഹോട്ടലുകളും പൂട്ടിച്ചു. തിരുവനന്തപുരത്ത് പത്തും കോഴിക്കോട്ടും കൊല്ലത്തും രണ്ടു വീതം ഹോട്ടലുകളും അടപ്പിച്ചു.

എറണാകുളം ജില്ലയില്‍ 549 ഹോട്ടലുകളില്‍ പരിശോധന; 
39 എണ്ണം അടപ്പിച്ചു


കൊച്ചി: ജില്ലയില്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ 39 ഹോട്ടലുകള്‍ പൂട്ടി. വൃത്തിഹീനമായ അവസ്ഥയില്‍ പാചകം നടത്തുന്ന ഹോട്ടലുകളാണ് പൂട്ടിയവയില്‍ ഭൂരിഭാഗവും. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ 549 ഇടങ്ങളിലായിരുന്നു പരിശോധന. വൃത്തിഹീനമായ സാഹചര്യത്തില്‍ നിര്‍മിച്ച് വില്‍പ്പന നടത്തിവന്ന കൊച്ചി നഗരമധ്യത്തിലുള്ള ബദാം ഷേയ്ക്ക് നിര്‍മാണ യൂണിറ്റും പൂട്ടിച്ചു.

പലയിടത്തും പുലര്‍ച്ചേ 5.30 ഓടെ തുടങ്ങിയ പരിശോധന വൈകിട്ടോടെയാണ് അവസാനിച്ചത്. റൂറല്‍ ജില്ലയിലാണ് വ്യാപകരീതിയില്‍ റെയ്ഡ് നടന്നത്. ജില്ലാ ആരോഗ്യ വിഭാഗം ഓഫീസര്‍ പി.എന്‍. ശ്രീനിവാസന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ 20 സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവര്‍ 516 ഹോട്ടലുകള്‍ പരിശോധിച്ചു. ഇതില്‍ 36 ഹോട്ടലുകള്‍ക്ക് പൂട്ടുവാനുള്ള നിര്‍ദ്ദേശം നല്‍കി. 245 ഹോട്ടലുകള്‍ക്ക് നോട്ടീസും നല്‍കി. കറുകുറ്റിയില്‍ 11, മൂക്കന്നൂര്‍, തുറവൂര്‍, പാമ്പാക്കുട, എന്നിവിടങ്ങളില്‍ മൂന്നു വീതവും കീച്ചേരി, കുമ്പളങ്ങി, മയിലാടും തുരുത്ത്, നെട്ടൂര്‍, പല്ലാരിമംഗലം, പണ്ടപ്പിള്ളി, വരാപ്പുഴ, വേങ്ങൂര്‍ എന്നിവിടങ്ങളില്‍ ഒന്നു വീതവും മാലിപ്പുറത്ത് എട്ടു ഹോട്ടലുമാണ് പൂട്ടിയത്.

കൊച്ചി നഗരസഭയില്‍ മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 24 ഹോട്ടലുകള്‍ ഉള്‍പ്പടെ 26 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ഒരു ഹോട്ടല്‍ അടച്ചു പൂട്ടാന്‍ ഉത്തരവ് നല്‍കി. എട്ടു ഹോട്ടലുകള്‍ക്ക് നോട്ടീസും നല്‍കി. സെപ്റ്റിക്ക് ടാങ്ക് പൊട്ടി മലിജലം ഒലിച്ചിറങ്ങി കിടന്ന ബദാം ഷേയ്ക്ക് നിര്‍മാണ യൂണിറ്റും പൂട്ടി സീല്‍ ചെയ്തു. ബദാം വില്‍പ്പന നടത്തി വന്നിരുന്ന മൂന്ന് സൈക്കിളുകളും ഉന്തുവണ്ടികളും കസ്റ്റഡിയിലെടുത്തു.

ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് മൊബൈല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഒന്‍പതിടങ്ങളിലായിരുന്നു പരിശോധന. ഇതില്‍ രണ്ടെണ്ണം പൂട്ടുവാന്‍ നിര്‍ദ്ദേശം നല്‍കി. മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് ഫുഡ് ഇന്‍സ്‌പെക്ടര്‍ ആര്‍.എസ്. സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് അങ്കമാലി നെടുമ്പാശ്ശേരി മേഖലയില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഇവരുടെ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നഗരത്തിലെ നാലു ഹോട്ടലുകള്‍ പൂട്ടുവാന്‍ ഉത്തരവിട്ടിരുന്നു. ഇവര്‍ അടപ്പിച്ച ഹോട്ടലുകളില്‍ ഒന്ന് സൗത്തിലുള്ള കൊച്ചിന്‍ ടൂറിസ്റ്റ് കോര്‍പ്പറേഷന്‍ (നളന്ദ ഹോട്ടല്‍) ആണെന്നും കൊച്ചിന്‍ ടൂറിസ്റ്റ് ഹോം അല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Office of the Commissioner of Food Safety, Kerala
(ഫുഡ് സേഫ്റ്റി കമീഷണറുടെ വെബ്സൈറ്റ് ഇതാണ്. ക്ലിക്കു ചെയ്താല്‍ സൈറ്റിലേക്കു പോകാം. അവിടെ ഭക്ഷ്യ സുരക്ഷാ സംബന്ധമായ നിയമങ്ങളും ഫോമുകളും മറ്റും ലഭ്യമാണ്)

Friday 22 June 2012

പുകയിലക്കെതിരെ ചിത്രബാനര്‍

(ചിത്രത്തില്‍ ക്ലിക്കു ചെയ്താല്‍ വലുതായി കാണാം)
പുകയില വിരുദ്ധ ചിത്രബാനര്‍ ഇരുമ്പനം വി എച് എസ് എസ്സില്‍ തൃപ്പൂണിത്തുറ നഗരസഭ ചെയര്‍മാന്‍ ആര്‍ വേണുഗോപാല്‍ സന്ദേശമെഴുതി ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചെയര്‍ പേഴ്സന്‍ തിലോത്തമ സുരേഷ്, കൌണ്‍സിലര്‍ സി കെ ശശി, അധ്യാപകര്‍ , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ , പിടിഎ ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍ , ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ സമീപം

(നോട്ടീസ്-ക്ലിക്കു ചെയ്താല്‍ വലുതായി കാണാം)

Wednesday 13 June 2012

'തിരുവാങ്കുളം ആരോഗ്യ കേന്ദ്രം ഇനി ഹൈടെക്‌'

തിരുവാങ്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ബ്ലോഗിനെക്കുറിച്ച് വിവിധ മലയാള ദിനപത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ (ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)



Tuesday 12 June 2012

ആരോഗ്യ തിരുവാങ്കുളം

മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ആരോഗ്യ ബോധവത്കരണ കലണ്ടര്‍ (ആരോഗ്യ തിരുവാങ്കുളം) പ്രകാശനം, ബ്ലീച്ചിങ് പൗഡര്‍ വിതരണം തിരുവാങ്കുളം സോണല്‍ ഓഫീസില്‍ നടന്നു.

ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ സ്വാഗതം പറയുന്നു
ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഡിഎംഓ ഓഫീസ്,എറണാകുളം)കെ എം ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
ആശംസകീച്ചേരി സാമൂഹികോരഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി എം ജോണി
ആരോഗ്യ ബോധവത്കരണ കലണ്ടര്‍ (ആരോഗ്യ തിരുവാങ്കുളം) പ്രകാശനം തിലോത്തമ സുരേഷ് നിര്‍വഹിക്കുന്നു


അധ്യക്ഷപ്രസംഗം:തൃപ്പുണിത്തുറ നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ടി കെ സുരേഷ്

ഉദ്ഘാടനം:തൃപ്പുണിത്തുറ നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ തിലോത്തമ സുരേഷ്

മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ബ്ലീച്ചിങ് പൗഡര്‍ വിതരണം ടി കെ സുരേഷ് നിര്‍വഹിക്കുന്നു
 


Thursday 7 June 2012

മഴക്കാല പൂര്‍വ ശുചീകരണവും ബോധവത്കരണവും

       (ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)                    

Wednesday 6 June 2012

പരിസ്ഥിതി ദിനാചരണവും മഴക്കാല പൂര്‍വശുചീകരണവും

 മഴക്കാല പൂര്‍വ ശുചീകരണ പരിപാടികളെക്കുറിച്ചുള്ള ആലോചനാ യോഗം
 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചെടികള്‍ വച്ചു പിടിപ്പിക്കുന്നു.
 നഗര സഭ വൈസ് ചെയര്‍പേഴ്സന്‍ തിലോത്തമ സുരേഷ് ചെടി നടുന്നു
 ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ സുരേഷ് ചെടിനടുന്നു
 ആശ വര്‍ക്കര്‍ രഞ്ജു ചെടി നടുന്നു
 മെഡിക്കല്‍ ഓഫീസര്‍  ഡോ ഡി ദിവ്യ ചെടിനടുന്നു
കൌണ്‍സിലര്‍ ചന്ദ്രിക ഹരിദാസ് ചെടി നടുന്നു.
ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ ചെടി നടുന്നു. ആശ വര്‍ക്കര്‍ ബിന്ദു ജയന്‍ , റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി ബെന്നി ഇവര്‍ സമീപം.

Saturday 2 June 2012

പുകയില വിരുദ്ധ സ്ലൈഡ് ഷോ

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരുവാങ്കുളം കേശവന്‍പടിയില്‍, മഹാത്മാ മാതൃഭൂമി സ്റ്റഡി സര്‍ക്കിളും പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സ്ലൈഡ് ഷോയുടെ ദൃശ്യങ്ങള്‍.

സ്ലൈഡ് ഷോ കാണുന്ന വിദ്യാര്‍ഥികള്‍
വിദ്യാര്‍ഥികള്‍
സ്ലൈഡ് ഷോ കാണുന്ന വിദ്യാര്‍ഥികള്‍
മഹാത്മ മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ ഭാരവാഹി ,ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ , നഗരസഭാ കൌണ്‍സിലര്‍
സ്ലൈഡ് ഷോ കാണുന്ന വിദ്യാര്‍ഥികള്‍
കൌണ്‍സിലര്‍ ചന്ദ്രിക ഹരിദാസ് സ്ലൈഡ് ഷോ ഉദ്ഘാടനം ചെയ്യുന്നു
രഞ്ജിത്ത് സാര്‍ സ്ലൈഡ് ഷോ നടത്തുന്നു

Monday 28 May 2012

പാന്‍ മസാല നിരോധിച്ചു

തിരുവനന്തപുരം

സംസ്ഥാനത്തു പാന്‍ മസാല നിരോധിച്ചു. കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമാണു പാന്‍ മസാലയും അനുബന്ധ ഉത്പന്നങ്ങളും നിരോധിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യമറിയിച്ചത്. വായിലെ ക്യാന്‍സര്‍ അടക്കം പാന്‍ മസാല ഉപയോഗം കാരണമുള്ള രോഗങ്ങള്‍ വര്‍ധിച്ചതാണു നിരോധനം ഏര്‍പ്പെടുത്താന്‍ കാരണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഉത്തരവു പുറപ്പെടുവിച്ചതിനാല്‍ വില്‍പ്പനയും ഉപയോഗവും നിയമവിരുദ്ധമാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ആറു ലക്ഷം രൂപ പിഴയും ആറു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തു പാന്‍ മസാല നിരോധിച്ച രണ്ടാമത്തെ സംസ്ഥാനമാണു കേരളം. ആദ്യത്തേതു മധ്യപ്രദേശാണ്.

Wednesday 9 May 2012

പകര്‍ച്ചവ്യാധി പ്രതിരോധ നടപടി ശക്തമാക്കും

പകര്‍ച്ചപ്പനി പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കും

കൊച്ചി: പകര്‍ച്ചപ്പനിക്കെതിരെ ബോധവത്കരണം ശക്തമാക്കാനും 16 മുതല്‍ ജില്ലയില്‍ മുഴുവന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും തീരുമാനം. മന്ത്രി കെ. ബാബുവിന്‍െറ നേതൃത്വത്തില്‍ എറണാകുളം ഗെസ്റ്റ് ഹൗസില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കുടുംബശ്രീ, റസിഡന്‍റ്സ് അസോസിയേഷനുകള്‍, പഞ്ചായത്ത് എന്നിവരുമായി സഹകരിച്ച് ആരോഗ്യവകുപ്പിന്‍െറ മേല്‍നോട്ടത്തിലാകും പ്രതിരോധ പ്രവര്‍ത്തനം. 15 നുമുമ്പ് ബ്ളോക്കുതലത്തില്‍ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് യോഗം വിളിച്ചുചേര്‍ക്കും.

പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് പ്രത്യേക മാസ്റ്റര്‍ പ്ളാന്‍ തയാറാക്കണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നെങ്കിലും ഇത് പ്രവര്‍ത്തനം വൈകാന്‍ ഇടയാക്കുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.

മഴക്കാല പൂര്‍വ ശുചിത്വപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ 1.74 കോടി രൂപ ആരോഗ്യ കേരളം അനുവദിച്ചിട്ടുണ്ട്. തുക വാര്‍ഡ് സമിതികള്‍ക്ക് കൈമാറി. ഗ്രാമപഞ്ചായത്തുകളിലെ 136 വാര്‍ഡുകള്‍ക്കും 400 മുനിസിപ്പല്‍ വാര്‍ഡുകള്‍ക്കും 10,000 രൂപ വീതമാണ് അനുവദിച്ചതെന്ന് കലക്ടര്‍ പി.ഐ.ഷെയ്ഖ് പരീത് വ്യക്തമാക്കി. ഇതിനുപുറമെ ഗ്രാമപഞ്ചായത്തുകള്‍ക്ക് തനത് ഫണ്ടില്‍ നിന്ന് 25,000 രൂപ വരെ അനുവദിക്കാം. ഇതും പര്യാപ്തമല്ലെങ്കില്‍ 50,000 രൂപ വരെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം തടസ്സമാകില്ലെന്ന് കലക്ടര്‍ ഷെയ്ഖ് പരീത് പറഞ്ഞു. നല്‍കുന്ന പണം ശരിയായി വിനിയോഗിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മലേറിയ, ഡെങ്കി അടക്കമുള്ള പകര്‍ച്ചപ്പനികള്‍ വര്‍ധിച്ചതായി യോഗത്തില്‍ ഡി.എം.ഒ അറിയിച്ചു. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് കഴിഞ്ഞവര്‍ഷത്തെക്കാള്‍ രോഗികളുടെ എണ്ണം ഉയര്‍ന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ കാമ്പയിനും പ്രവര്‍ത്തനവും ഏറ്റെടുക്കണം. ഗ്രനഥശാലകള്‍, സദ്ധസംഘടനകള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍, സ്കൂളുകള്‍, നാഷനല്‍ സര്‍വീസ് സ്കീം, എന്‍.സി.സി, കുടുംബശ്രീ, സദ്ധ സംഘടനകള്‍, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് അനവധി പ്രവര്‍ത്തകരെയും ഈ കാമ്പയിന്‍റ ഭാഗമാക്കും. ജൂണ്‍ മാസം വരെ നീളുന്ന വിപുലമായ പ്രചാരണം ഓരോ വാര്‍ഡിലും സംഘടിപ്പിക്കാനും യോഗത്തില്‍ ധാരണയായി.

പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃധര്‍ക്ക് മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍ദേശം നല്‍കി. മഴക്കാലത്തിന് മുന്നോടിയായി സ്വീകരിക്കേണ്ട പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. ഈ മാസം അഞ്ചുമുതല്‍ എട്ടുവരെ എല്ലാ ജില്ലകളിലും അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ ഉള്‍പ്പെടുത്തി പകര്‍ച്ചവ്യാധി പ്രതിരോധ നടപടി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും വിളിക്കും. ജല, കൊതുകുജന്യ രോഗങ്ങള്‍ ജില്ലയില്‍ വര്‍ധിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ യോഗത്തെ അറിയിച്ചു. എന്നാല്‍, പകര്‍ച്ചവ്യാധി പ്രധിരോധ നടപടി ഈര്‍ജിതമായി നടക്കാത്തതിനാല്‍ ആശങ്കപ്പെടാനില്ലെന്ന് ഡി.എം.ഒ പറഞ്ഞു.

വാട്ടര്‍ അതോറിറ്റി, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Monday 30 April 2012

ജീവിതം റൈറ്റ് ട്രാക്കിലാകട്ടെ

എയ്ഡ്സ് പ്രതിരോധ സന്ദേശങ്ങളുമായി റെഡ്റിബണ്‍ എക്സ്പ്രസ് കൊച്ചിയിലെത്തി. ശനിയാഴ്ച വൈകുന്നേരം എറണാകുളം സൗത് റെയില്‍വേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ ജില്ലാതല പ്രചാരണ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.വി. തോമസ് നിര്‍വഹിച്ചു.
മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. മേയര്‍ ടോണി ചെമ്മണി മുഖ്യപ്രഭാഷണം നടത്തി. എക്സിബിഷന്‍ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പള്ളി, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര,എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ജുനൈദ് റഹ്മാന്‍, കെ.ജി. ജോര്‍ജ് ജോണ്‍, ഡോ.കുഞ്ഞൂഞ്ഞമ്മ ജോര്‍ജ്, ഡോ.കെ.വി. ബീന, പി. രംഗദാസപ്രഭു, കുരുവിള മാത്യൂസ്, എന്‍.ജെ. നിജോ, ഷീബ എന്നിവര്‍ ആശംസ നേര്‍ന്നു.
സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ.കെ. ഷൈലജ ആമുഖപ്രസംഗം നടത്തി. ഡോ.ആര്‍. സുധാകരന്‍ സ്വാഗതവും ജി. ശ്രീകല നന്ദിയും പറഞ്ഞു.

എട്ട് കോച്ചുകളാണ് റെഡ്റിബണ്‍ എക്സ്പ്രസില്‍ ഉള്ളത്. എച്ച്.ഐ.വി അണുബാധിതരോടും എയ്ഡ്സ് ബാധിതരോടും ഉള്ള സാമൂഹിക നിന്ദയും വിവേചനവും ഇല്ലാതാക്കുക,അണുബാധ ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുക , ക്ഷയം,മലേറിയ,പ്രജനനശൈശവ ആരോഗ്യംതുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് റെഡ്റിബണ്‍ എക്സ്പ്രസ് പര്യടനം നടത്തുന്നത്. കോച്ചിനകത്ത് സജ്ജീകരിച്ചിരിക്കുന്ന ജ്യോതിസ്സ് കേന്ദ്രത്തില്‍ ആവശ്യക്കാര്‍ക്ക് എച്ച്.ഐ.വി പരിശോധന നടത്തുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്.

പ്രദര്‍ശനം കാണാന്‍ കഴിഞ്ഞ ദിവസം നിരവധിയാളുകള്‍ റെയില്‍വേ സ്റ്റേഷനിലെത്തി. അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരോടൊക്കെ ഫോണില്‍ ബന്ധപ്പെട്ട് സംശയ നിവാരണം നടത്താനുള്ള സംവിധാനവും ട്രെയിനിലുണ്ട്. ടച്ച് സ്ക്രീനുകളുടെ സഹായത്തോടെ സ്വയം കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ 16 സ്ഥലങ്ങളില്‍ റെഡ് റിബണ്‍ എക്സ്പ്രസിന്‍റെ ഭാഗമായുള്ള രണ്ട് ലൈഫ് ബസുകള്‍ പര്യടനം നടത്തും. ട്രെയിന്‍ കടന്നുചെല്ലാത്ത സ്ഥലങ്ങളിലാകും ലൈഫ്ബസ് പര്യടനം നടത്തുക. ജില്ലയില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കി ട്രെയിന്‍ തിങ്കളാഴ്ച വൈകുന്നേരം ആലപ്പുഴയിലെത്തും.

ഇന്ന് ജില്ലയിലെ വിവിധ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരും ആശ വര്‍ക്കര്‍മാരും നഴ്സിങ് വിദ്യാര്‍ഥികളും വിവിധ പരിപാടികള്‍ അവതരിപ്പിക്കുകയുണ്ടായി. അവയുടെ ചില ചിത്രങ്ങള്‍

 റെഡ് റിബണ്‍ എക്സ്പ്രസ് സൌത്ത് റെയില്‍വെ സ്റ്റേഷനിലെ ആറാം നംബര്‍ പ്ലാറ്റ് ഫോമില്‍

കലാപരിപാടികള്‍ വീക്ഷിക്കുന്ന സദസ്
സദസ്സിന്‍റെ മറ്റൊരു ചിത്രം
 നഴ്സിങ് വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച മൈം
 സ്കിറ്റ്
സ്കിറ്റില്‍ നിന്നുള്ള മറ്റൊരു ദൃശ്യം
 കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും ആശ വര്‍ക്കര്‍മാരും നഴ്സിങ് വിദ്യാര്‍ഥിനികളും
 സ്കിറ്റ്
 റെഡ് റിബണ്‍ എക്സ്പ്രസ്
ജീവിതം റൈറ്റ് ട്രാക്കിലാകട്ടെ
റെഡ് റിബണ്‍ എക്സ്പ്രസിലേക്കുള്ള പ്രവേശന കവാടത്തില്‍ വൊളണ്ടിയര്‍മാര്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നു