Saturday 28 July 2012

രോഗം വരുന്ന വഴികള്‍

ഡോ. ബി. പത്മകുമാര്‍ (അഡീഷനല്‍ പ്രഫസര്‍, ആലപ്പുഴ മെഡിക്കല്‍ കോളജ്)

കേരളത്തില്‍ ഇന്ന് ഏറ്റവും വളര്‍ച്ച നേടിയ ബിസിനസാണ് ഹോട്ടല്‍ വ്യവസായം. ചെറു പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളില്‍ പോലും ദിനേന ഹോട്ടലുകളും റസ്റ്റാറന്‍റുകളും മുളച്ചുപൊന്തുകയാണ്. അവയിലെല്ലാം ആവശ്യക്കാരുമുണ്ട്. വീട്ടില്‍നിന്ന് പുറത്തുപോകുന്ന ശീലമുള്ള മലയാളി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഇത്തരം ഹോട്ടലുകളെയാണ്. അതില്‍ വൃത്തിയും വെടിപ്പുമുള്ള ഭക്ഷണം വിളമ്പുന്നു എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്.

വേണ്ടത്ര പരിശീലനമോ ബോധവത്കരണമോ ലഭിക്കാത്ത ജീവനക്കാരാണ് ഒട്ടുമുക്കാല്‍ ഹോട്ടലുകളിലുമുള്ളത്. ഏതൊക്കെ ആരോഗ്യത്തിന് ഹാനികരമാകുമെന്നതിനെക്കുറിച്ച് ഇവര്‍ക്ക് ഒരു ബോധവുമില്ല. സത്യത്തില്‍ ഈ അജ്ഞതയുടെ ഇരകളായി മാറുന്നത് സാധാരണ ഉപയോക്താക്കളാണ്. പലതരം അസുഖങ്ങളുമായി നിത്യേന നിരവധിപേര്‍ ആശുപത്രികളില്‍ വരുന്നുണ്ട്. ജലജന്യ രോഗങ്ങളായ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് ബി, അമീബിയാസ് തുടങ്ങിയവയുമായി വരുന്നവരില്‍ മിക്കവരും പതിവായി ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവരാണ് എന്ന് മനസ്സിലായിട്ടുണ്ട്.

ഹോട്ടലുകളിലെ ശുചിത്വമില്ലായ്മയും അവിടെ ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിലവാരമില്ലായ്മയും ഒക്കെയാണ് ഇതിന് ഒരു പ്രധാന കാരണം. ഹോട്ടലുകളിലെ ശുചിത്വം എന്നത് ഹോട്ടലുകളിലെ ഭൗതിക സാഹചര്യങ്ങളുടെയും അവിടത്തെ ജീവനക്കാരുടെയും ശുചിത്വം കൂടിയാണ്. പഴയ ചില സിനിമകളില്‍ ചായയില്‍ വിരലിട്ട് മേശപ്പുറത്തുകൊണ്ടു വെക്കുന്ന കോമഡി കഥാപാത്രങ്ങളെ കാണാം. പലയിടങ്ങളിലും ഇതേ രീതി ഇപ്പോഴുമുണ്ട്. വെട്ടിവെടിപ്പാക്കാത്ത നഖങ്ങളും ഫംഗസ് പോലുള്ള ത്വഗ്രോഗങ്ങളുമുള്ള ജീവനക്കാര്‍ ഭക്ഷണത്തിലും അതിന്‍റെ അണുക്കളെ വിതരണം ചെയ്യുന്നു. ക്ഷയരോഗം പോലുള്ള അസുഖങ്ങള്‍ ബാധിച്ചവര്‍ വരെ ഹോട്ടല്‍ ജീവനക്കാരില്‍ കാണാറുണ്ട്. ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തുകയും ഇടക്കിടെ വൈദ്യപരിശോധന നടത്തുകയും ചെയ്യേണ്ടത് സ്ഥാപന ഉടമയുടെ ബാധ്യതയാണ്. ശുചിത്വവും ആരോഗ്യവും ഇല്ലാത്തവര്‍ക്ക് ഹോട്ടല്‍ ജീവനക്കാരായിരിക്കാന്‍ അനുവാദം നല്‍കാന്‍ പാടില്ലാത്തതാണ്. അവര്‍ക്ക് വെടിപ്പുള്ള യൂനിഫോം ഏര്‍പ്പെടുത്തുകയും വേണം. ഇതിനുപുറമെ ശുചിത്വ ബോധവത്കരണവും മാസംതോറും വൈദ്യപരിശോധനയും നടത്തുകയും ചെയ്താല്‍ ജീവനക്കാരുടെ ആരോഗ്യവും ഉപഭോക്താക്കളുടെ ആരോഗ്യവും സംരക്ഷിക്കാനാവും.

മാരകമായ പല രോഗങ്ങളും കുടിവെള്ളത്തിലൂടെയാണ് പകരുന്നത്. നമ്മുടെ പല നഗരങ്ങളിലെയും ഹോട്ടലുകളില്‍ ടാങ്കറുകളിലാണ് വെള്ളമെത്തിക്കുന്നത്. ഈ ടാങ്കറുകള്‍ എവിടെനിന്നാണ് വെള്ളം ശേഖരിക്കുന്നത് എന്നറിയാനോ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചാണോ വെള്ളമെത്തിക്കുന്നത് എന്ന് പരിശോധിക്കാനോ ഒരു സംവിധാനവും ഇവിടെയില്ല. ഇതൊരു വന്‍ ബിസിനസായി മാറിയിരിക്കുന്നതിനാല്‍ ആര്‍ക്കുവേണമെങ്കിലും എവിടെ നിന്നും വെള്ളമെടുത്ത് വിതരണം ചെയ്ത് പണമുണ്ടാക്കാം എന്ന നിലയിലായിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് മഞ്ഞപ്പിത്തം പൊട്ടിപ്പുറപ്പെട്ടതും മെഡിക്കല്‍ കോളജിലെ ഡോക്ടറടക്കം ഒട്ടേറെപേര്‍ മരിച്ചതും ഏതാനും വര്‍ഷം മുമ്പ് വലിയ വാര്‍ത്തയായിരുന്നു. പരിസരത്തെ ഹോട്ടലുകളില്‍ വിതരണം ചെയ്ത വെള്ളമായിരുന്നു വില്ലന്‍ എന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്.

ചൂടുവെള്ളത്തില്‍ അണുക്കള്‍ കാണില്ല എന്നത് നമ്മുടെ വിശ്വാസം മാത്രമാണ്. അതുകൊണ്ടായിരിക്കണം ഹോട്ടലുകളില്‍ കയറിയാല്‍ നമ്മള്‍ ചൂടുവെള്ളം ആവശ്യപ്പെടുന്നതും. കരിങ്ങാലി, ജീരകം, പതിമുകം തുടങ്ങിയ പച്ചമരുന്നുകള്‍ ഇട്ട വെള്ളമാകുമ്പോള്‍ ധൈര്യമായി കുടിക്കുകയും ചെയ്യും. പച്ചവെള്ളത്തിലേക്ക് തിളച്ച വെള്ളം കുറച്ച് ഒഴിച്ച് കുടിക്കാന്‍ പാകത്തിലാക്കിയാണ് ഹോട്ടലുകള്‍ വിതരണം ചെയ്യുന്നത്. വിശ്വാസയോഗ്യമായ സ്രോതസ്സില്‍നിന്നുള്ള വെള്ളമാണ് എന്നുറപ്പുണ്ടായാല്‍ പോലും അഞ്ചുമിനിറ്റില്‍ കുറയാതെ തിളപ്പിച്ച ശേഷമേ ഉപയോഗിക്കാവൂ. എങ്കിലേ രോഗകാരികളായ അണുക്കള്‍ അതില്‍ ഇല്ലെന്ന് ഉറപ്പുവരുത്താനാവൂ. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഹോട്ടലുകള്‍ നല്‍കുന്നുള്ളൂ എന്നുറപ്പുവരുത്തണം.

ശീതള പാനീയങ്ങളും ജ്യൂസ്, ഐസ്ക്രീം തുടങ്ങിയവയും ഏറ്റവും കൂടുതല്‍ ചെലവാകുന്ന സംസ്ഥാനമാണ് കേരളം. സര്‍ബത്ത്, ജ്യൂസ് എന്നിവയിലൊക്കെ ഐസ് പൊട്ടിച്ചിട്ട് നല്‍കാറുണ്ട്. സ്കൂളുകള്‍ക്ക് സമീപം ഐസ് മിഠായി പോലുള്ളവ വില്‍പന നടത്തുന്നുമുണ്ട്. ഈ ഐസ് ഏതുതരം വെള്ളത്തില്‍നിന്ന് ഉണ്ടാക്കിയതാണ് എന്നതിന് എന്തുറപ്പാണ് ഉള്ളത്? മത്സ്യം കേടുകൂടാതിരിക്കാന്‍ ഉണ്ടാക്കുന്ന ഐസ്പോലും സര്‍ബത്തില്‍ ഉപയോഗിക്കുന്ന നിരവധി കടകള്‍ നമ്മുടെ നാട്ടിലുണ്ട്.
പൂജ്യം ഡിഗ്രി ഊഷ്മാവില്‍ താഴെ അണുക്കള്‍ നിലനില്‍ക്കില്ല എന്ന വിശ്വാസത്തിലാണ് പലരും ഐസ് വിഴുങ്ങുന്നത്. എന്നാല്‍, മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് എ, ഇ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളുടെ അണുക്കള്‍ ഈ തണുപ്പിലും അതിജീവിക്കുകയും അനുകൂലമായ സാഹചര്യത്തില്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നതാണ്. ശീതളപാനീയത്തിലും സര്‍ബത്തിലുമൊക്കെ ഐസിടുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണ്. അത്തരം സ്ഥാപനങ്ങളില്‍ ശുചിത്വം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യ വിഭാഗം നിതാന്ത ജാഗ്രത കാണിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോയേക്കാം. കാരണം, ഓരോ ദിവസവും നമ്മുടെ ജലസ്രോതസ്സുകള്‍ മലിനമാക്കപ്പെടുന്നതിന്‍റെ അളവ് വര്‍ധിച്ചുവരുകയാണ്.
ദൂരയാത്ര പോകുമ്പോഴാണ് നമ്മള്‍ മിനറല്‍ വാട്ടര്‍ എന്നറിയപ്പെടുന്ന കുപ്പിവെള്ളത്തെ ആശ്രയിക്കുന്നത്. പൂര്‍ണമായി അണുവിമുക്തമാക്കിയതും മാലിന്യങ്ങള്‍ ഇല്ലാത്തതും ആവശ്യമായ ധാതു ലവണങ്ങള്‍ അടങ്ങിയതുമായ വെള്ളമാണ് മിനറല്‍ വാട്ടര്‍ എന്ന് പറയുന്നത്. യഥാര്‍ഥ സ്രോതസ്സുകളായ മലനിരകള്‍ പോലുള്ള ഉദ്ഭവ സ്ഥാനത്തുനിന്ന് എടുത്തു ശുചിയാക്കിയാലേ ഈ നിലവാരമുള്ള വെള്ളം ലഭിക്കുകയുള്ളൂ.
എന്നാല്‍, ഈ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് എത്ര കമ്പനികള്‍ ഇവിടെ വെള്ളം വിപണിയില്‍ എത്തിക്കുന്നുണ്ട്? വമ്പന്‍ കമ്പനികള്‍ വന്‍ പരസ്യത്തിന്‍റെ അകമ്പടിയോടെ വില്‍ക്കുന്ന വെള്ളം പോലും അത്യന്തം ശുചിത്വമേറിയതല്ല. പല കമ്പനികളും ഭൂഗര്‍ഭ ജലം കുഴല്‍ക്കിണറുകള്‍ വഴി ശേഖരിച്ചാണ് കുപ്പിയിലാക്കുന്നത്. അയണ്‍, ആഴ്സനിക്, ഫ്ളൂറൈഡ് തുടങ്ങിയ ആരോഗ്യത്തെ അത്യന്തം പ്രതികൂലമായി ബാധിക്കുന്ന ഖന ലോഹങ്ങളുടെ സാന്നിധ്യം ഈ വെള്ളത്തില്‍ കൂടുതലുമായിരിക്കും.

ഹോട്ടലുകളിലും ബേക്കറികളിലും ഏറ്റവും അപകടകാരി ആവര്‍ത്തിച്ചുപയോഗിക്കുന്ന എണ്ണയാണ്. ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കിയ എണ്ണയിലാണ് ചിപ്സും മിക്സ്ചറും മറ്റും ഉണ്ടാക്കുന്നത്. വീണ്ടും വീണ്ടും അതേ എണ്ണതന്നെ ഉപയോഗിക്കുകയും അതിലേക്ക് പുതിയ എണ്ണ ഒഴിക്കുകയും ചെയ്യുമ്പോള്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ സൃഷ്ടിക്കുന്ന അത്യന്തം അപകടകാരിയായി അത് മാറുന്നു. നിറത്തിനും മണത്തിനും രുചിക്കുമായി ഭക്ഷണത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളാണ് മറ്റൊരു കൊടുംഭീകരന്‍. ഉദരരോഗങ്ങള്‍ക്കും കാന്‍സറിനും കാരണമന്വേഷിച്ച് മറ്റെങ്ങും പോകേണ്ടതില്ല. ഇവയൊക്കെ കണ്ടെത്തി അവസാനിപ്പിക്കാന്‍ ശക്തമായ നടപടിയും ബോധവത്കരണവും ആവശ്യമാണ്. അതാണ് ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ലക്ഷ്യംവെക്കേണ്ടത്.

വീട് നിര്‍മാണത്തില്‍ ഇന്ന് ഏറ്റവും ചെലവേറിയ ഭാഗം അടുക്കളയാണ്. പക്ഷേ, അതില്‍ പാചകം നന്നേ കുറഞ്ഞുവരുന്നു എന്നതാണ് കേരളത്തിന്‍െറ സാംസ്കാരിക വിപര്യയം. പുറത്തുനിന്നു വാങ്ങുന്ന ഭക്ഷണം ചൂടാക്കി ഉപയോഗിക്കാനുള്ള ഒരിടം മാത്രമായി അടുക്കളകള്‍ മാറിയിരിക്കുന്നു. അടുക്കള പൂട്ടി ഹോട്ടലുകളില്‍ പോയിരുന്ന് ഭക്ഷണം കഴിക്കുന്ന പ്രവണത വ്യാപകമായിക്കൊണ്ടിരിക്കുന്നു. ദിവസങ്ങളോളം കഴിക്കാനുള്ള ഭക്ഷണം വാങ്ങി ഫ്രിഡ്ജില്‍ വെച്ച് കുറേശ്ശെയായി എടുത്ത് ചൂടാക്കി കഴിക്കുന്നതാണ് ഇപ്പോഴത്തെ ഫാഷന്‍. ഇതുമൂലം രോഗങ്ങള്‍ വിലകൊടുത്തു വാങ്ങുകയാണ് എന്ന് തിരിച്ചറിയുക. നമുക്ക് ഏറ്റവും യോജിച്ചത് ഈ ഫാസ്റ്റ് ഫുഡ് അല്ല; പരമ്പരാഗതമായി നമ്മള്‍ വീട്ടില്‍ ഉണ്ടാക്കി കഴിച്ചുവന്നിരുന്ന നമ്മുടെ തനത് രുചികള്‍തന്നെയാണ്. അത് തിരിച്ചറിയുകയാണെങ്കില്‍ ആരോഗ്യത്തോടെ കുറെക്കാലം കൂടി ജീവിക്കാന്‍ നമുക്കു കഴിയും.
(കടപ്പാട് മാധ്യമം ദിനപത്രം 2012 ജൂലൈ 28)



Friday 20 July 2012

ഹോട്ടലുകളില്‍ റെയ്ഡ്

 ഭക്ഷ്യ വിഷബാധയേറ്റ് ആലപ്പുഴ സ്വദേശി ബംഗളൂരുവില്‍ മരിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ ഹോട്ടലുകളില്‍ ആരംഭിച്ച പരിശോധന തുടരുന്നു. ഭക്ഷ്യ സുരക്ഷാ-ആരോഗ്യ വകുപ്പുകള്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒരു ബദാം ഷേക് നിര്‍മാണ കേന്ദ്രവും 39 ഹോട്ടലുകളും പൂട്ടിച്ചു. തിരുവനന്തപുരത്ത് പത്തും കോഴിക്കോട്ടും കൊല്ലത്തും രണ്ടു വീതം ഹോട്ടലുകളും അടപ്പിച്ചു.

എറണാകുളം ജില്ലയില്‍ 549 ഹോട്ടലുകളില്‍ പരിശോധന; 
39 എണ്ണം അടപ്പിച്ചു


കൊച്ചി: ജില്ലയില്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ 39 ഹോട്ടലുകള്‍ പൂട്ടി. വൃത്തിഹീനമായ അവസ്ഥയില്‍ പാചകം നടത്തുന്ന ഹോട്ടലുകളാണ് പൂട്ടിയവയില്‍ ഭൂരിഭാഗവും. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ 549 ഇടങ്ങളിലായിരുന്നു പരിശോധന. വൃത്തിഹീനമായ സാഹചര്യത്തില്‍ നിര്‍മിച്ച് വില്‍പ്പന നടത്തിവന്ന കൊച്ചി നഗരമധ്യത്തിലുള്ള ബദാം ഷേയ്ക്ക് നിര്‍മാണ യൂണിറ്റും പൂട്ടിച്ചു.

പലയിടത്തും പുലര്‍ച്ചേ 5.30 ഓടെ തുടങ്ങിയ പരിശോധന വൈകിട്ടോടെയാണ് അവസാനിച്ചത്. റൂറല്‍ ജില്ലയിലാണ് വ്യാപകരീതിയില്‍ റെയ്ഡ് നടന്നത്. ജില്ലാ ആരോഗ്യ വിഭാഗം ഓഫീസര്‍ പി.എന്‍. ശ്രീനിവാസന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ 20 സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവര്‍ 516 ഹോട്ടലുകള്‍ പരിശോധിച്ചു. ഇതില്‍ 36 ഹോട്ടലുകള്‍ക്ക് പൂട്ടുവാനുള്ള നിര്‍ദ്ദേശം നല്‍കി. 245 ഹോട്ടലുകള്‍ക്ക് നോട്ടീസും നല്‍കി. കറുകുറ്റിയില്‍ 11, മൂക്കന്നൂര്‍, തുറവൂര്‍, പാമ്പാക്കുട, എന്നിവിടങ്ങളില്‍ മൂന്നു വീതവും കീച്ചേരി, കുമ്പളങ്ങി, മയിലാടും തുരുത്ത്, നെട്ടൂര്‍, പല്ലാരിമംഗലം, പണ്ടപ്പിള്ളി, വരാപ്പുഴ, വേങ്ങൂര്‍ എന്നിവിടങ്ങളില്‍ ഒന്നു വീതവും മാലിപ്പുറത്ത് എട്ടു ഹോട്ടലുമാണ് പൂട്ടിയത്.

കൊച്ചി നഗരസഭയില്‍ മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 24 ഹോട്ടലുകള്‍ ഉള്‍പ്പടെ 26 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ഒരു ഹോട്ടല്‍ അടച്ചു പൂട്ടാന്‍ ഉത്തരവ് നല്‍കി. എട്ടു ഹോട്ടലുകള്‍ക്ക് നോട്ടീസും നല്‍കി. സെപ്റ്റിക്ക് ടാങ്ക് പൊട്ടി മലിജലം ഒലിച്ചിറങ്ങി കിടന്ന ബദാം ഷേയ്ക്ക് നിര്‍മാണ യൂണിറ്റും പൂട്ടി സീല്‍ ചെയ്തു. ബദാം വില്‍പ്പന നടത്തി വന്നിരുന്ന മൂന്ന് സൈക്കിളുകളും ഉന്തുവണ്ടികളും കസ്റ്റഡിയിലെടുത്തു.

ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് മൊബൈല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഒന്‍പതിടങ്ങളിലായിരുന്നു പരിശോധന. ഇതില്‍ രണ്ടെണ്ണം പൂട്ടുവാന്‍ നിര്‍ദ്ദേശം നല്‍കി. മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് ഫുഡ് ഇന്‍സ്‌പെക്ടര്‍ ആര്‍.എസ്. സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് അങ്കമാലി നെടുമ്പാശ്ശേരി മേഖലയില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഇവരുടെ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നഗരത്തിലെ നാലു ഹോട്ടലുകള്‍ പൂട്ടുവാന്‍ ഉത്തരവിട്ടിരുന്നു. ഇവര്‍ അടപ്പിച്ച ഹോട്ടലുകളില്‍ ഒന്ന് സൗത്തിലുള്ള കൊച്ചിന്‍ ടൂറിസ്റ്റ് കോര്‍പ്പറേഷന്‍ (നളന്ദ ഹോട്ടല്‍) ആണെന്നും കൊച്ചിന്‍ ടൂറിസ്റ്റ് ഹോം അല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Office of the Commissioner of Food Safety, Kerala
(ഫുഡ് സേഫ്റ്റി കമീഷണറുടെ വെബ്സൈറ്റ് ഇതാണ്. ക്ലിക്കു ചെയ്താല്‍ സൈറ്റിലേക്കു പോകാം. അവിടെ ഭക്ഷ്യ സുരക്ഷാ സംബന്ധമായ നിയമങ്ങളും ഫോമുകളും മറ്റും ലഭ്യമാണ്)