Friday 30 September 2011

പലവിധ മഞ്ഞപ്പിത്തങ്ങള്‍

രക്തത്തില്‍ ബിലിറൂബിന്റെ അളവ്  വളരെക്കൂടുന്നയവസ്ഥ.ചുവന്ന രക്താണുക്കള്‍ ദഹിച്ചുണ്ടാകുന്നതാണ് ബിലിറൂബിന്‍. രക്തത്തിലെ പ്രോട്ടീനുകള്‍ വഴി കരളില്‍ എത്തിച്ചേരുന്ന ബിലിറൂബിന്‍  ബൈല്‍( പിത്തരസം)  വഴി കുടലിലെത്തി യൂറോബിലിനോജന്‍ എന്ന വസ്തുവായിമലം വഴി പുറന്തള്ളപ്പെടും.

മലത്തിന് മഞ്ഞനിറം ഉണ്ടാക്കുന്നത് ഈ രാസവസ്തുവാണ്. രക്തത്തില്‍ ബിലിറൂബിന്റെ സാധാരണ അളവ് ഒരു മില്ലിഗ്രാം പാര്‍ഡസിലിറ്റാണ്. ഇത് മൂന്നുഗ്രാമില്‍ കൂടുതലാകുമ്പോള്‍ തൊലിയ്ക്കും കണ്ണിലെ സ്കളീറയ്ക്കും മഞ്ഞ നിറമാകും.

രക്തത്തില്‍  അളവുകൂടുമ്പോള്‍ മൂത്രത്തിലൂടെ കൂടുതല്‍ വിസര്‍ജിക്കപ്പെടും. മൂത്രത്തിന് കടുത്ത മഞ്ഞനിറം ഉണ്ടാകും.
ബിലിറൂബിന്‍ കൂടാനുള്ള കാരണങ്ങള്‍
1. രക്താണുക്കളുടെ നശീകരണം.
2. കരള്‍ ബിലിറൂബിന്‍ ആഗിരണം ചെയ്ത് വിസര്‍ജിക്കുന്നതിലെ അപാകത
3. കരളില്‍ നിന്ന് രക്തത്തിലേയ്ക്ക് ലയിക്കപ്പെടുന്നതു കാരണം.
 രക്താണുക്കളുടെ അധികനശീകരണം മൂലമുണ്ടാകുന്ന ഹീമോളിറ്റിക് ജോണ്ടിസ് അപൂര്‍വ്വമാണ്. കരള്‍കോശങ്ങളുടെ പ്രവര്‍ത്തന വൈകല്യം മൂലമുണ്ടാകുന്നതാണ് ഏറ്റവും വ്യാപകം. ഇതില്‍ വൈറസ് മുഖേനയുണ്ടാകുന്നതാണ് മാരകം. വിവിധ തരം വിഷവസ്തുക്കളും (കാര്‍ബണ്‍ടെട്രാ ക്ളോറൈഡ് ബന്‍സീന്‍ , കുമിള്‍ വിഷാംശം, പാരസെറ്റാമോള്‍, ടെട്രാ സൈക്ളിന്‍, ടി.ബിയ്ക്കുള്ള മരുന്നുകള്‍, വേദന സംഹാരികള്‍, അനസ്തേഷ്യയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ മുതലായവയുടെ ഉപയോഗം), മദ്യപാനവും  കാരണമാകാം. ബിലിറൂബിന്‍ വിസര്‍ജിക്കുന്ന നാളിയ്ക്ക് തടസമുണ്ടാക്കുന്നതുമൂലമുണ്ടാകുന്നതാണ് മൂന്നാമത്തെ വിഭാഗം.
ഹെപ്പറ്റൈറ്റിസ് എ

ആറു മുതല്‍ 12 മാസം വരെ നിലനില്‍ക്കും. ജലം വഴി പകരും.താരതമ്യേന നിസാരം. അണുക്കള്‍  കടന്ന് 15-45 ദിവസങ്ങള്‍ക്കകം ലക്ഷണങ്ങള്‍ പ്രകടമാകും.  ചികിത്സയൊന്നും കൂടാതെ ഭേദപ്പെടും. പ്രതിരോധവാക്സിന്‍ ലഭ്യം.

ഹെപ്പറ്റൈറ്റിസ് ബി

മാരകം. കരളിനെ ഗുരുതരമായി ബാധിക്കും. കരള്‍ കാന്‍സറിന് സാദ്ധ്യത. രക്തത്തില്‍ കൂടിയും ലൈംഗികബന്ധത്തിലൂടെയും അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേയ്ക്കുമാണ് പകരുന്നത്. 90 ശതമാനം പേരും പൂര്‍ണ്ണ സൌഖ്യം നേടുന്നു.  പ്രായമുള്ളവരിലും കൊച്ചുകുഞ്ഞുങ്ങളിലും എയ്ഡ്സ് പോലെ പ്രതിരോധശക്തി കുറഞ്ഞവരിലും  ഇത് മാരകമാകാം.

ഹെപ്പറ്റൈറ്റിസ് സി

രക്തം സ്വീകരിക്കുന്നതിലൂടെ ഉണ്ടാകുന്ന മഞ്ഞപ്പിത്തത്തില്‍ 90 ശതമാനത്തിലേറെയും  സി വൈറസ് മൂലം. ലൈംഗികബന്ധം വഴിയും പകരാം.   മാരകമാണ്. 150 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. വാക്സിന്‍ ലഭ്യമല്ല. അതിനാല്‍ രക്തം സ്വീകരിക്കുമ്പോള്‍ കര്‍ശനമായി പരിശോധിക്കുക.

ഹെപ്പറ്റൈറ്റിസ് ഡി

ബി വൈറസിനോടൊപ്പം നിലനില്‍ക്കുന്നതോ അത്തരക്കാരെ  തുടര്‍ന്നാക്രമിക്കുന്നതോ ആണ് ഡി വൈറസ.്  ഇതു മൂലം ബി വൈറസ് ബാധിച്ചവരില്‍ മരണസാദ്ധ്യത കൂടുതല്‍.പ്രതിരോധകുത്തിവയ്പ്പ്  ഫലപ്രദം.

'ഇ, ജി' വൈറസുകള്‍

ഇ വൈറസ് ജലംവഴിയും ജി വൈറസ്  രക്തം വഴിയും പകരുന്നു. രണ്ടിനും മാരകസ്വഭാവം കുറവും സ്വയമേധാ നിയന്ത്രണ വിധേയമാകുന്നതുമാണ്.

ലക്ഷണങ്ങള്‍

അതിയായ  ക്ഷീണമാണ് ആദ്യ ലക്ഷണം. മനം പുരട്ടല്‍, ഛര്‍ദ്ദി, വയറിളക്കം, ചെറിയ
പനി എന്നിവ കൂടാതെ രോഗം കൂടുന്നതോടൊപ്പം മഞ്ഞമൂത്രം, കണ്ണിന് മഞ്ഞനിറം, കൈ വെള്ളയ്ക്ക് മഞ്ഞ, വേദനയോടുകൂടിയ കരള്‍വീക്കം എന്നിവയും ഉണ്ടാകും.

ചികിത്സ

ചികിത്സ പരിമിതമാണ്. വിശ്രമമാണ്  പ്രധാനം. കലോറി കൂടിയ ഭക്ഷണം കഴിക്കുക ധാരാളം വെള്ളം കുടിക്കണം. കരളിനെ ബാധിക്കാന്‍ സാദ്ധ്യതയുള്ള ഔഷധങ്ങള്‍  (ഉദാ:പാരസെറ്റാമോള്‍, വേദന സംഹാരികള്‍)  ഉപേക്ഷിക്കേണ്ടതാണ്.

ഡോ.കെ.വേണുഗോപാല്‍
(ശ്വാസകോശ രോഗചികില്‍സാ  വിഭാഗം മേധാവി, ജനറല്‍ ആശുപത്രി, ആലപ്പുഴ)
(കടപ്പാട്: കേരളകൌമുദി ഓണ്‍ലൈന്‍ എഡിഷന്‍ )

Thursday 29 September 2011

എലിപ്പനിക്കെതിരെ മുന്‍കരുതലുകള്‍

ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മൂലം രക്തക്കുഴലുകള്‍ക്ക് ഉണ്ടാകുന്ന അണുബാധയാണ് എലിപ്പനി. ലെപ്റ്റോസ്പിറോസിസ് എന്നാണ് എലിപ്പനിയുടെ ശാസ്ത്രനാമം. വീല്‍സ് രോഗം എന്നും ഇതിനു പേരുണ്ട്.ഏതു സമയത്തും എലിപ്പനി പിടിപെടാം. ഇടവപ്പാതി, തുലാമഴ കാലത്ത് എലിപ്പനി വ്യാപകമാകുന്നതായും രൂക്ഷമാകു ന്നതായും കാണുന്നു. ഈ സമയത്ത് വെള്ളക്കെട്ടുകള്‍ കൂടുന്നതാണ് കാരണം. ഏതു പ്രായക്കാര്‍ക്കും എലിപ്പനി പിടിപെടാം. 20-50 വയസിനിടയില്‍ ഉള്ളവരിലാണ് ഏറ്റവും കൂടുതല്‍. കൊച്ചുകുട്ടികളില്‍ വിരളമായേ എലിപ്പനി ഉണ്ടാകാറുള്ളൂ. പറമ്പിലും ചെളിയിലും തോടുകളിലെ വെള്ളത്തിലും കളിക്കുമ്പോഴാണ് കുട്ടികള്‍ക്ക് അണുബാധ ഉണ്ടാകാന്‍ സാധ്യത. പറമ്പില്‍ പണിയെടുക്കുന്ന പുരുഷന്‍മാര്‍ക്കും കൃഷിയില്‍ തല്‍പ്പരരായ വീട്ടമ്മമാര്‍ക്കും ഈ രോഗം പിടിപെടാം. സാധാരണ പനിയുമായി സാമ്യം തോന്നുമെങ്കിലും എലിപ്പനി അത്യന്തം മാരകമാണ്. വൃക്ക, ഹൃദയം, ശ്വാസകോശം, നാഡീ ഞരമ്പ് തുടങ്ങിയ ആന്തരികാവയവങ്ങളെ ഇത് ബാധിക്കുന്നു.

ലക്ഷണങ്ങള്‍     
ലെപ്റ്റോസ്പൈറ ബാക്ടീരിയ ഒരാളിന്റെ ശരീരത്തില്‍ കടന്ന് 6-8 ദിവസങ്ങള്‍ ക്കുള്ളിലാണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുക. 5-6 ദിവസമാകുമ്പോള്‍ വിറയലോടു കൂടിയ പനി, ഛര്‍ദി, മനംപിരട്ടല്‍, നെഞ്ചുവേദന, മൂത്രത്തിനു നേരിയ ചുവപ്പുനിറം എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകും. 8-9 ദിവസമാകുമ്പോള്‍ അസുഖം കുറഞ്ഞതായി തോന്നാം. പക്ഷേ, പെട്ടെന്നു കൂടും. ഈ രണ്ടാം ഘട്ടത്തില്‍ ലക്ഷണങ്ങളും വ്യത്യസ്തമാണ്. അതികഠിനമായ തലവേദന, ഇടവിട്ടുള്ള കടുത്ത പനി, പേശികള്‍ വലിഞ്ഞുമുറുകി പൊട്ടിപ്പോകുന്ന തരത്തിലുള്ള വേദന, കണ്ണിന് നല്ല ചുമപ്പുനിറം എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകും. ശരീരവേദന പ്രധാനമായും തുടയിലേയും വയറിലെയും പേശികള്‍ക്കാണ് അനുഭവപ്പെടുക. തലവേദന വരുമ്പോള്‍, വേദന തലയുടെ പിന്‍ഭാഗത്തു നിന്നു തുടങ്ങി നെറ്റിയിലേക്കു വ്യാപിക്കുന്നു.കഴുത്ത്, പുറം, വയറ്, കൈകളുടെ മുകള്‍ഭാഗം എന്നിവിടങ്ങളില്‍ ഇടവിട്ട് കടുത്ത വേദന ഉണ്ടാകും.

വിശപ്പില്ലായ്മയും ഛര്‍ദിയും മനംപിരട്ടലും ഉണ്ടാകും. ഈ സമയത്ത് മലബന്ധമോ വയറിളക്കമോ പിടിപെടാനിടയുണ്ട്. ചിലര്‍ക്ക് നെഞ്ചുവേദനയും വരണ്ട ചുമയും ഉണ്ടാകും. ചിലപ്പോള്‍ തുപ്പലില്‍ രക്തം കണ്ടേക്കാം. ചില രോഗികള്‍ മാനസിക വിഭ്രമങ്ങള്‍ പ്രകടിപ്പിക്കാം. വല്ലാതെ അസ്വസ്ഥരാകുകയും ചിന്താക്കുഴപ്പങ്ങളില്‍ പെടുകയും ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്നതു പോലെ പെരുമാറുകയും ചെയ്യും. ഈ സമയത്ത് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളും പ്രകടമാകും. മിക്കവാറും 4-6 ദിവസങ്ങളിലാണ് മഞ്ഞപ്പിത്തം പിടിപെടുന്നത്. അവസാന ഘട്ടത്തില്‍ മെനിഞ്ജൈറ്റിസ്, നെഫ്രൈറ്റിസ്, ന്യൂമോണിയ, തലച്ചോര്‍ വീക്കം, ഹൃദയകോശവീക്കം, പിത്തസഞ്ചിവീക്കം, ആന്തരാവയവങ്ങളില്‍ രക്തസ്രാവം തുടങ്ങിയ രോഗങ്ങളും പിടിപെടാം. ഈ അവസ്ഥയെത്തുടര്‍ന്നു മരണവും സംഭവിക്കുന്നു. വൃക്കകള്‍ക്കും കരളിനും തകരാറു വന്നാല്‍ രക്ഷപെടുത്താനാകും. ശ്വാസകോശത്തിനും ഹൃദയത്തിനും തകരാറു വന്നാല്‍ പ്രയാസമാണ്. 60-70 ശതമാനമാണ് ശ്വാസകോശതകരാറു മൂലമുള്ള മരണ സാധ്യത.

പകരുന്ന രീതി     
മൂന്നു വിധത്തില്‍ രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ കയറിപ്പറ്റാം. എലിമൂത്രത്തിലൂടെ, എലിപ്പനിയുള്ള മൃഗങ്ങളിലൂടെ, എലിപ്പനിയുള്ള രോഗിയിലൂടെ.എലിമൂത്രം കലര്‍ന്ന വെള്ളം ഉള്ളിലെത്താനിടയായാല്‍ എലിപ്പനി വരാം. എലിപ്പനിയുടെ ബാക്ടീരിയകള്‍ മണ്ണിലും ജലത്തിലും കലരും. ഈ വെള്ളം ശരീരത്തിലെ പോറലോ മുറിവോ ഉള്ള ഭാഗങ്ങളില്‍ പറ്റിയാല്‍ അതുവഴി ബാക്ടീരിയകള്‍ ഉള്ളില്‍ കയറും. വെള്ളത്തില്‍ അധികം നേരം നില്‍ക്കുമ്പോള്‍ ത്വക്കിനുണ്ടാകുന്ന മാര്‍ദവം പോലും ബാക്ടീരിയകള്‍ക്ക് ഉള്ളില്‍ കയറാനുള്ള വഴിയൊരുക്കുന്നു. വായിലും മൂക്കിലും ഉള്ളതു പോലുള്ള ശ്ളേഷ്മസ്തരങ്ങളിലൂടെയും ഇവ ശരീരത്തില്‍ കയറും. കുളിക്കുന്ന വെള്ളത്തില്‍ എലിമൂത്രം കലര്‍ന്നിട്ടുണ്ടെങ്കില്‍ കണ്ണിലൂടെ അവ ശരീരത്തില്‍ എത്താനിടയുണ്ട്.എലിമൂത്രം കലര്‍ന്ന വെള്ളത്തില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളുടെ ശരീരത്തിലും എലിപ്പനിയുടെ ബാക്ടീരിയകള്‍ കയറും. വളര്‍ത്തുമൃഗങ്ങളുടെ മൂത്രത്തിലൂടെയും ശരീരത്തിലെ സ്രവങ്ങളിലൂടെയും അവ പുറത്തുവരും. എലി മൂത്രത്തിലൂടെ രോഗാണു പുറത്തുവരുന്നു. ഇതു മലിനജലത്തില്‍ കലര്‍ന്ന് രോഗാണു മാസങ്ങളോളം നശിക്കാതെ കിടക്കും. കാലുകളിലും കൈകളിലുമുള്ള മുറിവുകള്‍, മലിനജലത്തിന്റെ ഉപയോഗം, മൃഗങ്ങളുടെ മാംസം കൈകാര്യം ചെയ്യുക എന്നിവ വഴി രോഗം മനുഷ്യരിലെത്തുന്നു.

മുന്‍കരുതലുകള്‍   
രോഗനിര്‍ണയത്തില്‍ വരുന്ന താമസമാണ് എലിപ്പനിയെ മാരകമാക്കുന്നത്. വൈകി മാത്രം ആശുപത്രിയിലെത്തുന്നത് ദുരന്തമാകാറുണ്ട്. സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടന്‍ തന്നെ വൈദ്യസഹായം തേടണം. രണ്ടാമത്തെ ആഴ്ച മുതല്‍ അടുത്ത 4-6 ആഴ്ച വരെ മൂത്രത്തില്‍ ഇടവിട്ട് രോഗാണുക്കള്‍ പ്രത്യക്ഷപ്പെടും. ഡാര്‍ക്ക് ഫീല്‍ഡ് മൈക്രോസ്കോപ്പിലൂടെ നോക്കിയാല്‍ അപ്പോള്‍ രോഗാണുക്കളെ കാണാം. ശരീരത്തിനു പുറത്തെത്തിയാല്‍ മനുഷ്യമൂത്രത്തിന് അമ്ളതയുണ്ട്. അതിനാല്‍ രോഗാണുക്കള്‍ പെട്ടെന്നു നശിച്ചു പോകും. അതുകൊണ്ട് മൂത്രമെടുത്താല്‍ ഉടന്‍തന്നെ പരിശോധിക്കണം. ഈ പരിശോധനയും വിരളമായേ ചെയ്യാ റുള്ളു. രക്തത്തില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന സീറത്തിലെ ആന്റിബോഡികള്‍ നോക്കി എലിപ്പനി കണ്ടു പിടിക്കുന്ന ടെസ്റ്റാണിത്. രോഗം കണ്ടുപിടിക്കാന്‍ ഏറ്റവും കൂടുതലായി ചെയ്യുന്നതും ഈ ടെസ്റ്റാണ്. പ്രോട്ടീനുകള്‍ നീക്കം ചെയ്ത പ്ളാസ്മയാണ് സീറം. ആന്റിബോഡികള്‍ എന്നാല്‍, രോഗാണുബാധയുണ്ടായി ഏഴാം ദിവസത്തോടെ രക്തത്തിലെ പ്ളാസ്മയില്‍ ആന്റിബോഡികള്‍ ഉണ്ടാകും. രണ്ടു തരത്തിലുള്ള സീറം ടെസ്റ്റുകളുണ്ട്. രോഗാണുവിന്റെ സാന്നിദ്ധ്യം മാത്രം തിരിച്ചറിയുന്നതും രോഗാണുവിനെ കണ്ടെത്തുന്നതും. സ്ക്രീനിങ് ടെസ്റ്റുകള്‍ ചെയ്ത് എലിപ്പനിയാണെന്നു സംശയം തോന്നിയാല്‍ ചികില്‍സ തുടങ്ങാമെങ്കിലും രോഗം സ്ഥിരീകരിക്കാന്‍ രണ്ടാമത്തെ വകുപ്പിലെ പരിശോധനകള്‍ ചെയ്യണം.

ഈ സാഹചര്യത്തില്‍ മറ്റു പല പരിശോധനകള്‍ കൂടി നടത്തി, അവയുടെയെല്ലാം ഫലങ്ങള്‍ പരിശോധിച്ച് രോഗം ഉണ്ടോ എന്ന നിഗമനത്തില്‍ എത്തുകയാണു പതിവ്. എലിപ്പനിക്കു വേണ്ടി മാത്രമുള്ള ടെസ്ററുകളല്ല ഇവ. 
(കടപ്പാട് :മലയാള മനോരമ ദിനപ്പത്രം)

Friday 23 September 2011

എലിപ്പനി മലിനീകരണത്തിന്റെ സന്തതി


ആശങ്കാജനകമായ മലിനീകരണ ചുറ്റുപാട് നല്‍കുന്ന രോഗാവസ്ഥ മലയാളിയെ ഗ്രസിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. നഗരവത്കരണത്തിന്റെ കറുത്ത മുഖമായി മലിനീകരണം മാറിയിരിക്കുന്നു. പകര്‍ച്ചവ്യാധികള്‍ തിമിര്‍ത്താടുകയാണ്. ഓരോ വര്‍ഷവും വിവിധങ്ങളായ പകര്‍ച്ചവ്യാധികള്‍ മൂലം മരിക്കുന്നവരുടെ സംഖ്യ വര്‍ധിച്ചുവരുന്നു. തുടച്ചുനീക്കിയെന്നു കരുതിയ പല രോഗങ്ങളും തലപൊക്കിയെന്നു മാത്രമല്ല, അതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കു കണക്കില്ല. പലപ്പോഴും നിസ്സാരമെന്നു കരുതുന്ന പനി എലിപ്പനിയാണെന്നു തിരിച്ചറിയുമ്പോള്‍ പ്രതിരോധം പോലും ഫലിക്കാതെ വരുന്നു. കര്‍ശനമായ ശുചിത്വ സംസ്കാരത്തിന്റെ വഴികളിലൂടെ ജീവിതം നയിക്കേണ്ട ആവശ്യകതയിലേക്ക് മറ്റു പകര്‍ച്ചവ്യാധികള്‍ പോലെ എലിപ്പനിയും മുന്നറിയിപ്പു നല്‍കുന്നു. എലിപ്പനി ഉണ്ടാക്കുന്നത് സ്പൈറോക്കീറ്റ് എന്ന ഓര്‍ഗാനിസമാണ്. ലെപ്റ്റോ സ്പൈറോസിസ് എന്നാണ് എലിപ്പനിയുടെ ശാസ്ത്രനാമം. വീല്‍സ് രോഗമെന്നും ഇതിനു പേരുണ്ട്. ലെപ്റ്റോസ് പൈറ എന്ന ബാക്ടീരിയ രക്തക്കുഴലില്‍ ഉണ്ടാക്കുന്ന അണുബാധയെന്നു പറയാം. 
രോഗപ്പകര്‍ച്ച
എലി, പശു, പട്ടി തുടങ്ങിയ ജന്തുക്കളിലാണ് ഇവയുടെ അണുക്കള്‍ കൂടുതലും കാണപ്പെടുന്നത്. ഇവയുടെ മൂത്രത്തിലൂടെ അണുക്കള്‍ പുറത്തുവരുന്നു. എലിയുടെയൊക്കെ വൃക്കയിലാണ് അണുക്കള്‍ പെരുകുന്നത്. മൂത്രത്തിലൂടെ അത് എലികള്‍ വസിക്കുന്ന സ്ഥലത്തെ മലിനജലത്തിലും ഓടകളിലും കൃഷിസ്ഥലങ്ങളിലുമെല്ലാം നിറയും. എലിമൂത്രം കലര്‍ന്ന വെള്ളത്തിലൂടെ നടക്കുകയോ അത് ഉപയോഗിക്കുകയോ ചെയ്താല്‍ തീര്‍ച്ചയായും രോഗം പിടിപെട്ടതുതന്നെ. മുന്‍കാലങ്ങളിലും എലിപ്പനി ഉണ്ടായിരുന്നെങ്കിലും ഇത്രമാത്രം ഗുരുതരമല്ലാതിരുന്നത് അക്കാലത്ത് പെന്‍സിലിന്‍ ഉപയോഗിച്ചിരുന്നതുകൊണ്ടാണ്.
ആര്‍ക്കെല്ലാം വരാം?
ചില പ്രത്യേക ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് എലിപ്പനി കണ്ടുവരാറുള്ളത്. പതിറ്റാണ്ടുകളായി ശുചീകരിക്കാത്ത വെള്ളക്കെട്ടുകള്‍, കൃഷിസ്ഥലങ്ങള്‍, കശാപ്പുശാലകള്‍ക്ക് സമീപം, ഓടകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍. പൊതുവെ മാലിന്യംനിറഞ്ഞ ജീവിതസാഹചര്യം കേരളത്തിന്റെ ഭൂരിഭാഗം ജില്ലകളിലും ഇന്നു കാണാന്‍ കഴിയും. മഴക്കാലമായാല്‍ അഴുക്കുചാലുകള്‍ വര്‍ധിക്കുന്നു. ഇത് എലിപ്പനിക്കു പറ്റിയ സാഹചര്യമാണ്. ചെറിയ മഴപെയ്താല്‍ പോലും മലിനീകരണം വ്യാപകമാകുന്നു. അതിനാല്‍ ആര്‍ക്കും എലിപ്പനി പിടിപെടാം. 20നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൂടുതലായി കണ്ടുവരുന്നു. മേല്‍പ്പറഞ്ഞ സ്ഥലങ്ങള്‍ ശുചീകരിക്കുന്നവര്‍ക്കു മുറിവുകളുണ്ടെങ്കില്‍ എലിപ്പനിയുടെ അണുക്കള്‍ കലര്‍ന്ന വെള്ളത്തിലെ സ്പര്‍ശനം മൂലം പനിബാധയുണ്ടാകുന്നു.‌
ലക്ഷണങ്ങള്‍
കടുത്ത പനി, ശരീര വേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങളോടെയാണു തുടക്കം. രണ്ടുമൂന്ന് ഘട്ടങ്ങളിലായി പനിയുടെ ശക്തി കൂടുകയും അവസാനം ഹൃദയം, ശ്വാസകോശം എന്നിവയെ ബാധിച്ചാല്‍ മരണം സംഭവിക്കുകയും ചെയ്യുന്നു. വിറയല്‍, നെഞ്ചുവേദന, മനംപുരട്ടല്‍, മൂത്രത്തിലെ നിറവ്യത്യാസം എന്നിവ ആദ്യമായി കാണാന്‍ കഴിയും. പിന്നീടു കഠിനമായ തലവേദനയും ഛര്‍ദിയും വിശപ്പില്ലായ്മയും പേശികളുടെ വേദനയും ഉണ്ടാകും. ചിലര്‍ക്കു വയറിളക്കത്തിനും സാധ്യതയുണ്ട്. കണ്ണിനു ചുവപ്പുനിറവും ഉണ്ടായേക്കാം. തുടക്കത്തില്‍ തന്നെ ചികിത്സ പ്രധാനമാണ്. സ്വയം ചികിത്സിക്കുന്നത് അപകടകരം. വിദഗ്ധ ചികിത്സ നല്‍കുകയാണ് ഉത്തമം. രോഗം ആന്തരാവയവങ്ങളെ ബാധിച്ചുകഴിഞ്ഞാല്‍ ഉണ്ടാകുന്ന അവസ്ഥ ഗുരുതരമാണ്. അതിനാല്‍ അതിനുമുമ്പുതന്നെ ആവശ്യമായ ചികിത്സയും വിശ്രമവും ഉണ്ടാകണം.
പ്രതിരോധം
ശുചീകരണ ജോലിയില്‍ ഏര്‍പ്പെടുന്നതിനുമുന്‍പ് ഡോക്സി സൈക്ളിന്‍ എന്ന ഗുളിക നിര്‍ബന്ധമായും കഴിക്കണം. ഇത് പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളില്‍ നിന്നു ലഭിക്കും. തൊഴിലാളികള്‍ മരുന്നു കഴിക്കുന്ന പതിവ് പൊതുവെ പാലിക്കാറില്ല. പണിക്ക് ഇറങ്ങുന്നതിനുമുന്‍പ് അതു പൊതിഞ്ഞു സൂക്ഷിക്കും. പക്ഷേ, കഴിക്കില്ല. ഫലപ്രദമായ വാക്സിന്‍ എലിപ്പനി തടയാന്‍ ഇതുവരെ വിപണിയില്‍ ഇറങ്ങിയിട്ടില്ല. അതിന്റെ വകഭേദങ്ങള്‍ക്കനുസരിച്ച് വാക്സിന്‍ വേണം എന്നതാണ് കാരണം. എങ്കിലും ജീവിത-തൊഴില്‍ സാഹചര്യങ്ങള്‍ ആരോഗ്യകരമാക്കി മാറ്റുക എന്നതാണ് ഉത്തമം. പ്രതിരോധ മരുന്നുകള്‍ കഴിക്കുകയും രോഗം വന്നാല്‍ മികച്ച ചികിത്സ ലഭ്യമാക്കുകയും വേണം. കൈയുറ ധരിച്ചു ജോലിചെയ്യാന്‍ കഴിയുന്ന സ്ഥലങ്ങളിലാണെങ്കില്‍ അങ്ങനെ ചെയ്യണം.
മാലിന്യപ്രശ്നം
അനിയന്ത്രിതമായ നഗരവത്കരണത്തിലൂടെ ഉണ്ടായ മലിനീകരണ പ്രശ്നങ്ങള്‍ എലിപ്പനി പോലുള്ള രോഗങ്ങള്‍ക്ക് എല്ലാവിധ സാധ്യതകളും ഒരുക്കുന്നു. മലിനീകരണവും ചേരികളിലെ അഴുക്കുചാലുകളും നിര്‍മാര്‍ജനം ചെയ്യുന്നതിനൊപ്പം എലികളെ നശിപ്പിക്കുന്ന നടപടികളും ഊര്‍ജിതമാക്കണം. തൊഴില്‍ സാഹചര്യങ്ങള്‍ ആരോഗ്യകരമാകണം. മൃഗങ്ങളെ പരിപാലിക്കുന്ന മേഖലയും രോഗമുക്ത സാഹചര്യമുള്ളവയായിരിക്കണം. ഒരു രോഗത്തില്‍നിന്ന് മറ്റൊരു രോഗത്തിലേക്കു കടന്നുപോകുന്ന നമ്മുടെ നാട്ടില്‍ എലിപ്പനി പ്രതിരോധത്തിന് ആവശ്യമായ ബോധവത്കരണവും കൃത്യമായ നടപടികളും നടത്തേണ്ടതുണ്ട്. എല്ലാത്തിനും ജനങ്ങളുടെ സഹകരണമാണ് ആവശ്യം. ഒപ്പം തദ്ദേശസ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമവും.
-ഡോ. സൈറു ഫിലിപ്പ്
(ആലപ്പുഴ മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ അഡീഷനല്‍ പ്രഫസറാണ് ലേഖിക) 

കടപ്പാട്: മാധ്യമം ദിനപ്പത്രം

Tuesday 20 September 2011

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത

ചിത്രത്തില്‍ ക്ലിക്കു ചെയ്താല്‍ വലുതായി കാണാം.

തിരുവാങ്കുളം-ഇരുമ്പനം മേഖലയിലാണെങ്കില്‍
0484-2783856
Mob: 9446473011, 9995771331,9495842611 
എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഐ ഡി എസ് പി സെല്ലിലെ ഫോണ്‍ നം: 0484 2373616

Saturday 17 September 2011

തട്ടുകടകള്‍ നിരോധിച്ചേക്കും


പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ തട്ടുകടകള്‍ക്കു നിരോധം ഏര്‍പ്പെടുത്തിയേക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രസിഡന്റുമാര്‍ , സെക്രട്ടറിമാര്‍ , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഡി എം ഓയുടെ സാന്നിധ്യത്തില്‍ ഇന്നു ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. 

സംസ്ഥാന പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധന്റെ നിര്‍ദേശപ്രകാരമാണ് തട്ടുകടകള്‍ അടക്കാനുള്ള നിര്‍ദേശം വയ്ക്കുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാര്‍ നടത്തിയ പരിശോധനകളിലും രോഗകാരണങ്ങളിലൊന്ന് ശുചിത്വമില്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകളാണെന്ന് കണ്ടെത്തിയിരുന്നു. മലിനജലം ഉപയോഗിച്ച് ശുചിത്വമില്ലാത്ത സാഹചര്യത്തിലാണ് പലയിടത്തും പാചകം . ഉപയോഗിച്ച പാത്രങ്ങള്‍ കഴുകാതെ അടുത്തയാള്‍ക്കു നല്‍കുന്നതും പതിവാണ്. മാരക രോഗങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അതീവ ഗുരുതരാവസ്ഥ സൃഷ്ടിക്കുമെന്ന നിഗമനത്തെത്തുടര്‍ന്നാണ് നിരോധ നിര്‍ദേശം ചര്‍ച്ച ചെയ്യുന്നത്. എത്രനാളത്തേക്കാണ് നിരോധമെന്നും യോഗത്തില്‍ തീരുമാനിക്കും. 

കോര്‍പ്പറേഷന്‍ , മുനിസിപ്പല്‍ പരിധികളില്‍ അതതു സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗവും പഞ്ചായത്തു പരിധികളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖേനയും നിരോധം നടപ്പാക്കും. ഇക്കാര്യത്തില്‍ കര്‍ശന നിലപാടെടുക്കാനാണു തീരുമാനം. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ പൂട്ടിയിടാനും നിര്‍ദേശമുണ്ടാകും.

ഹോട്ടലുകളിലും ആശുപത്രി കന്റീനുകളിലും ഉള്‍പ്പെടെ പരിശോധന ഇനിയും തുടരും. വീടുകളിലെത്തി കിണറുകള്‍ ശുദ്ധീകരിക്കുന്ന ജോലികള്‍ ജില്ലയിലൊട്ടാകെ നടപ്പാക്കും. 

Friday 16 September 2011

'വാക്‌സിനുകളുടെ പാര്‍ശ്വഫലം' പ്രചാരണം അടിസ്ഥാനരഹിതമെന്ന്


കൊച്ചി: പെന്റവാലന്റ് അടക്കമുള്ള വാക്‌സിനുകള്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരള ഘടകം. വാക്‌സിനുകളുടെ ഉപയോഗം സംബന്ധിച്ച് സമീപകാലത്തായി സംസ്ഥാനത്ത് പൊതുജനങ്ങളിലും ആരോഗ്യപ്രവര്‍ത്തകരിലും ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില വാക്‌സിനുകള്‍ ലോകാരോഗ്യ സംഘടന പിന്‍വലിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ഭാരവാഹികള്‍ അറിയിച്ചു.

ഇന്തന്‍ വാക്‌സിനുകള്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കുന്നതും പിന്‍വലിക്കുന്നതും കേന്ദ്ര സംസ്ഥാന തലങ്ങളിലുള്ള ഡ്രഗ് കണ്‍ട്രോളര്‍മാരാണ്. ഉത്പാദന സംവിധാനങ്ങളിലെ പോരായ്മ ചൂണ്ടിക്കാണിച്ച് ഇവ പരിഹരിക്കുമെന്നല്ലാതെ ഒരു വാക്‌സിനും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് സംസ്ഥാന പ്രസിഡന്റ് ഡോ.വി.എന്‍.എന്‍.പിഷാരടി, സെക്രട്ടറി ഡോ.ഒ.ജോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

പെന്റവാലന്റ് വാക്‌സിന്‍ സംബന്ധിച്ചുള്ള വിവാദങ്ങള്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ വാക്‌സിന്റെ സ്വീകാര്യത കുറയ്ക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഇതൊഴിവാക്കുന്നതിനായി വാക്‌സിന്‍ വിതരണം സംബന്ധിച്ചുള്ള വിവാദങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടതാണെന്നും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പകര്‍ച്ച വ്യാധിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തും

കൊച്ചി: ജില്ലയിലെ പകര്‍ച്ച വ്യാധിക്കെതിരെ എല്ലാ വകുപ്പുകളെയും സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തി പ്രതിരോധ നടപടി ശക്തിപ്പെടുത്താന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തീരുമാനിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എ.ഡി.എം ഇ.കെ.സുജാതയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
ആരോഗ്യവകുപ്പിന്റെ  പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ മറ്റു വകുപ്പുകളുടെയും സംയോജിത ഇടപെടലിലൂടെ മാത്രമേ നിയന്ത്രിക്കാനാവൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. സുധാകരന്‍ പറഞ്ഞു. ജില്ലയില്‍ കിഴക്കന്‍ മേഖലകളിലാണ് പകര്‍ച്ചരോഗങ്ങള്‍ പ്രധാനമായുമുള്ളത്. ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളും സ്വകാര്യ ആശുപത്രികളും പകര്‍ച്ചവ്യാധികള്‍ കണ്ടെത്തിയാല്‍ ഉടന്‍ ഡി.എം.ഓ. ഓഫിസില്‍ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 110348 പനി ബാധിത കേസുകളും 14478 വയറിളക്ക രോഗങ്ങളും ജില്ലയില്‍ രേഖപ്പെടുത്തി. ഇക്കാലയളവില്‍ തന്നെ  289 ചിക്കന്‍ പോക്സ്, 105 മലേറിയ, 81 എലിപ്പനിയും രേഖപ്പെടുത്തി. ജനുവരി മുതല്‍ ജൂലൈ വരെ 11 മഞ്ഞപ്പിത്ത ബാധിതരെ മാത്രം കണ്ടെത്തിയെങ്കില്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രം 54 പേരില്‍ മഞ്ഞപ്പിത്ത രോഗമുള്ളതായി കണ്ടെത്തി.  എ.ഡി.എം ഇ.കെ. സുജാതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഡെപ്യൂട്ടി കലക്ടര്‍ പി. ഇന്ദിരാ ദേവി, അഡീഷനല്‍.ഡി.എം.ഒ ഡോ. ഹസീന മുഹമ്മദ്, എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി. ബീന, റൂറല്‍ ഹെല്‍ത്ത് ഓഫിസര്‍ ശ്രീനിവാസന്‍, വിവിധ വകുപ്പു മേധാവികള്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Wednesday 14 September 2011

കുട്ടികള്‍ക്കുള്ള കുത്തിവയ്പുകള്‍

ശിശുക്കളെ പ്രധാന മാരകരോഗങ്ങളില്‍നിന്ന് രക്ഷപ്പെടുത്താനാണ് ദേശീയമായി സാര്‍വത്രിക പ്രതിരോധപരിപാടി ആവിഷ്‌കരിച്ചിട്ടുള്ളത്. ഈ പരിപാടിയുടെ കീഴില്‍, രാജ്യത്തിനു ഭീഷണിയായ '6' പ്രധാന മാരകരോഗങ്ങള്‍ക്കെതിരെയുള്ള വാക്‌സിനുകളാണ് നല്‍കിവരുന്നത്. 2007-നുശേഷം ഹെപ്പറ്റൈറ്റിസ് ബി രോഗത്തിനെതിരെയും ചില ജില്ലകളില്‍ 'ജപ്പാന്‍ജ്വര'ത്തിനെതിരായും കുത്തിവെപ്പുകള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം ശിശുമരണങ്ങളും വൈകല്യങ്ങളും വലിയൊരു ശതമാനം തടയപ്പെടുന്നുവെങ്കിലും ഇപ്പോഴും വാക്‌സിന്‍കൊണ്ട് തടയാവുന്ന രോഗങ്ങള്‍മൂലം ആയിരങ്ങള്‍ മരണപ്പെടുന്നുണ്ട്.

ഇന്ത്യയിലെ രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 'ശരിയായി പ്രതിരോധചികിത്സ' ലഭിച്ചവര്‍ 43.5 ശതമാനംമാത്രമാണ്. പ്രതിവര്‍ഷം ഇവിടെ ജനിക്കുന്ന 2.7 കോടി ശിശുക്കളില്‍ ഒരു കോടിയിലധികം പേര്‍ക്കും വേണ്ട പ്രതിരോധ ഔഷധങ്ങള്‍ നല്‍കപ്പെടുന്നില്ല. കേന്ദ്രസര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സര്‍വേപ്രകാരം കേരളത്തിലെ 79.5 ശതമാനം കുട്ടികള്‍ക്കു മാത്രമേ ദേശീയ പ്രതിരോധപരിപാടിപ്രകാരം 'സമ്പൂര്‍ണമായി വാക്‌സിന്‍' നല്‍കപ്പെട്ടിട്ടുള്ളൂ. നിര്‍ബന്ധമായും കുട്ടികള്‍ക്ക് നല്‍കാന്‍ നിര്‍ദേശിക്കപ്പെട്ട വാക്‌സിനുകള്‍: (1) ബി.സി.ജി. (2) ഓറല്‍ പോളിയോ വാക്‌സിന്‍(ഒ.പി.വി) (3) ഡി.പി.ടി. (4) മീസില്‍സ് (അഞ്ചാംപനി) (5) ഹെപ്പറ്റൈറ്റിസ് ബി.

(1) ബി.സി.ജി: പ്രതിരോധിക്കുന്ന രോഗം: ക്ഷയം. വായുമാര്‍ഗമാണ് രോഗം പകരുന്നത്. ഇന്ത്യയില്‍ ജനിക്കുന്ന ശിശുവിലേക്ക് ആദ്യശ്വാസത്തില്‍ത്തന്നെ അന്തരീക്ഷത്തില്‍നിന്ന് രോഗാണു എത്താവുന്നതാണ്. സമയക്രമം: കുട്ടി ജനിച്ച ഉടന്‍-കഴിയുന്നത്ര നേരത്തേതന്നെ നല്‍കണം. ഒരു ഡോസ് മാത്രം. ഇടത് കൈത്തണ്ടയില്‍ തൊലിക്കടിയിലാണ് ബി.സി.ജി. കുത്തിവെക്കുന്നത്. 80 ശതമാനത്തോളം ഫലപ്രാപ്തിയുള്ള വാക്‌സിന്റെ പ്രതിരോധശക്തി 20 വര്‍ഷത്തോളം നീണ്ടുനില്‍ക്കും. ഇതുമൂലം തലച്ചോറിനെ ബാധിക്കുന്ന ടി.ബി.യും രക്തത്തില്‍ വ്യാപിക്കുന്ന ടി.ബി.യും തടയാം. ബി.സി.ജി. വാക്‌സിന്‍ കുഷ്ഠരോഗത്തേയും കാന്‍സറിനെയും തടയുന്നതാണ്.

(2) ഓറല്‍ പോളിയോ വാക്‌സിന്‍: കുട്ടികളിലുണ്ടാകുന്ന അംഗവൈകല്യങ്ങള്‍ക്കും മരണത്തിനും കാരണമായ 'പിള്ളവാത'ത്തിനെതിരെയാണ് ഇത് നല്‍കുന്നത്. രോഗബാധിതരുടെ മലത്തിലൂടെ പുറത്തെത്തുന്ന 'പോളിയോ വൈറസ്' പ്രധാനമായും വെള്ളത്തിലൂടെയാണ് പകരുന്നത്. ഈ രോഗം ഇപ്പോള്‍ നാലു രാജ്യങ്ങളില്‍നിന്നുമാത്രമേ റിപ്പോര്‍ട്ടുചെയ്യുന്നുള്ളൂ-ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, നൈജീരിയ. കേരളത്തില്‍ 2000ത്തിനുശേഷം പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വായവഴി നല്‍കുന്ന തുള്ളിമരുന്നാണ് ഇത്. കുട്ടികള്‍ക്ക് സാധാരണ നല്‍കുന്ന ഒ.പി.വി. വാക്‌സിന്‍ തന്നെയാണ് 'പള്‍സ് പോളിയോ' പരിപാടിയിലും അധികമായി നല്‍കുന്നത്. ഒ.പി.വി. നല്‍കിയശേഷം ഉടനെ മുലപ്പാലും നല്‍കാവുന്നതാണ്. 'പോളിയോ' നിര്‍മാര്‍ജനം ചെയ്യപ്പെട്ട രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് ഇഞ്ചക്ഷന്‍ രൂപത്തിലുള്ള വാക്‌സിനാണ് നല്‍കിവരുന്നത്.

(3) ഡി.പി.ടി. (ട്രിപ്പിള്‍ വാക്‌സിന്‍): ഡിഫ്ത്തീരിയ, വില്ലന്‍ചുമ, ടെറ്റനസ് രോഗങ്ങള്‍ക്കെതിരെ നല്‍കുന്ന ഒറ്റ വാക്‌സിനാണ് ഡി.പി.ടി.
(എ) ഡിഫ്തീരിയ (തൊണ്ടമുള്ള്): പ്രധാനമായും കുട്ടികളുടെ തൊണ്ടയില്‍ ബാധിക്കുന്ന രോഗമാണിത്. ശ്വാസതടസ്സം, ഹൃദയാഘാതം മൂലം മരണസാധ്യതയും കൂടുതലുണ്ട്. രോഗബാധിതരുടെ തൊണ്ടയിലും മൂക്കിലുമുള്ള സ്രവങ്ങളിലൂടെ വായുമാര്‍ഗമാണ് രോഗം പകരുന്നത്. 2008-09ല്‍ കേരളത്തില്‍ വാക്‌സിന്‍ എടുക്കുന്ന കുട്ടികളില്‍ രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3 ഡോസ് വാക്‌സിന്‍ 95 ശതമാനം സംരക്ഷണം നല്‍കുന്നു.

(ബി) വില്ലന്‍ചുമ: തുടര്‍ച്ചയായ ചുമമൂലം രോഗി വില്ലുപോലെ വളയുന്നതിനാലാണ് ഈ പേരിലറിയപ്പെടുന്നത്. തുടര്‍ന്ന് 'ന്യൂമോണിയ', പോഷകാഹാരക്കുറവ് തുടങ്ങിയവയിലേക്ക് നയിക്കാം. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ചെറുകണങ്ങള്‍ വഴിയാണ് ഇതുപകരുന്നത്. കേരളത്തിലെ മുതിര്‍ന്ന കുട്ടികളില്‍ ഈ രോഗം തിരിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 3 ഡോസ്‌വാക്‌സിന്‍ 80 ശതമാനം സംരക്ഷണം നല്‍കും.

(സി) ടെറ്റനസ്(കുതിരസന്നി): പൊക്കിള്‍ കൊടി, മുറിവുകള്‍, ചെവിപഴുപ്പ് വഴി പകരുന്ന മാരക രോഗമാണിത്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് നല്‍കുന്ന 'ടെറ്റനസ്' (ടി.ടി.) കുത്തിവെപ്പും ഈ രോഗത്തെ പ്രതിരോധിക്കാനാണ്. മൂന്ന് ഡോസ് വാക്‌സിന്‍ 100 ശതമാനം സംരക്ഷണം നല്‍കും.

തുടയുടെ വശങ്ങളിലുള്ള പേശിയിലാണ് ഡി.പി.ടി. കുത്തിവെപ്പ് നല്‍കുന്നത്. കൃത്യമായദിവസം തന്നെ നല്‍കാന്‍ പറ്റിയില്ലെങ്കില്‍ ഏറ്റവും അടുത്തദിവസം കുട്ടിക്ക് വാക്‌സിന്‍ നല്‍കേണ്ടതാണ്. ഡി.പി.ടി. യോടൊപ്പം തന്നെ ഓരോതവണയും പോളിയോ വാക്‌സിനും ഒ.പി.വൈ.യും നല്‍കാം. ഏതെങ്കിലും ഡോസ് എടുക്കാന്‍ വിട്ടുപോയാല്‍ വീണ്ടും മൂന്ന് ഡോസ് എടുക്കാതെ വിട്ടുപോയവമാത്രം നല്‍കിയാല്‍ മതി. രണ്ടു വയസ്സായ കുട്ടി ഡി.പി.ടി. ഒരു ഡോസും എടുത്തില്ലെങ്കില്‍ ഒരുമാസത്തെ ഇടവേളയ്ക്കുള്ളില്‍ രണ്ട് ഡോസ് ഡി.പി.ടി. നല്‍കിയാല്‍ മതി.

(4) അഞ്ചാം പനി(മീസില്‍സ്): കഠിനമായ പനിയും ചുമയും, തുടര്‍ന്ന് ശരീരത്തില്‍ പൊങ്ങുന്ന ചുവന്ന പാടുകളുമാണ് (ഉണലുകള്‍) രോഗലക്ഷണങ്ങള്‍. വയറിളക്കം, ന്യൂമോണിയ, ചെവിപഴുപ്പ്, പോഷകാഹാരക്കുറവ് ഇവ തുടര്‍ന്നുണ്ടാകാം. വായുവിലൂടെയാണ് രോഗം പകരുന്നത്. വലതു കൈത്തണ്ടയില്‍ കുത്തിവെക്കുന്നു. സമീപപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് രോഗബാധയുണ്ടായാല്‍ നേരത്തേ തന്നെ വാക്‌സിന്‍ നല്‍കണം. 85 ശതമാനം സംരക്ഷണം നല്‍കുന്നു.

(5) ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍: എച്ച്.ഐ.വി. വൈറസിനെപോലെ രക്തത്തിലൂടെയും ലൈംഗികബന്ധത്തിലൂടെയും അമ്മയില്‍ നിന്ന് ശിശുവിലേക്കും പകരാവുന്ന രോഗമാണിത്. കരളിനെ ബാധിച്ച് ദീര്‍ഘസ്ഥായി രോഗമാകാന്‍ സാധ്യതയുണ്ട്. തുടയില്‍ കുത്തിവെക്കുന്നു.

ഏറ്റവും പുതിയ വാക്‌സിന്‍ ചാര്‍ട്ട്
(മുകളിലെ ലിങ്കില്‍ ക്ലിക്കു ചെയ്ത് നിങ്ങളുടെ കുട്ടിയുടെ ജനനത്തീയതി നല്‍കി സബ്മിറ്റു ചെയ്താല്‍ നിങ്ങളുടെ കുട്ടിക്ക് ഏതെല്ലാം പ്രതിരോധ കുത്തിവയ്പുകള്‌ എപ്പോഴെല്ലാം നല്‍കണമെന്നു വ്യക്തമാക്കുന്ന ചാര്‍ട്ട് കാണാം)



































(മാതൃഭൂമി ദിനപ്പത്രത്തോട് കടപ്പാട്)
ഡോ. ടി. ജയകൃഷ്ണന്‍



 

Sunday 11 September 2011

ബ്രൂസെല്ലോസിസ്


വീട്ടമ്മയുടെ മരണത്തെത്തുടര്‍ന്ന് ബ്രൂസെല്ലോസിസ് രോഗബാധ സ്ഥിരീകരിച്ച മൂവാറ്റുപുഴയില്‍ പാലോട് കാറ്റില്‍ ഡിസീസ് മാനേജ്‌മെന്റ് ഓഫീസില്‍ നിന്നുള്ള വിദഗ്ദ്ധസംഘം പരിശോധന നടത്തിയതു സംബന്ധിച്ച വാര്‍ത്ത നാം പത്രത്തിലൂടെ അറിഞ്ഞുകാണും.സാധാരണയായി മൃഗങ്ങളെ ബാധിക്കുന്ന രോഗമാണിത്. എന്നാല്‍ വളരെ അപൂര്‍വമായി മനുഷ്യരെയും ബാധിക്കുന്നു. അത്തരത്തിലൊന്നാവാം മുവാറ്റുപുഴയിലുണ്ടായത്. ഈ സന്ദര്‍ഭത്തില്‍  ഈ രോഗത്തെക്കുറിച്ച്  കൂടുതലറിയാന്‍ നമുക്കു താത്പര്യമുണ്ടാകും. അനിമല്‍ ഹസ്ബന്‍ഡറി വകുപ്പിലെ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി.കെ. മുഹ്‌സിന്‍, താമരശ്ശേരി എഴുതുന്നു:

ബ്രൂസെല്ലാ അബോര്‍ട്ടസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് ബ്രൂസല്ലോസിസ്. പശുക്കളില്‍ ഗര്‍ഭസ്രാവത്തിനും പിന്നീട് വന്ധ്യതയ്ക്കും ഈ രോഗം ഇടവരുത്തുന്നു. കുതിര, പന്നി, ആട് എന്നീ മൃഗങ്ങളിലും ഈ രോഗം കാണപ്പെടുന്നു. രോഗം ബാധിച്ച പശുവിന്റെ പാലില്‍ ഈ അണുക്കള്‍ കാണാം. തന്മൂലം പാല്‍ കുടിക്കുന്നവരില്‍ അണുക്കള്‍ കടന്നുപകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ സര്‍പ്പിളസന്നി (ഇടവിട്ടുള്ള പനി) എന്ന രോഗം ഈ അണുക്കള്‍ ഉണ്ടാക്കുന്നു.

രോഗാണുക്കള്‍ കലര്‍ന്ന പുല്ല്, വെള്ളം, ആഹാരം എന്നിവ വഴി അടുത്തുള്ള പശുക്കളിലേക്ക് രോഗം വ്യാപിക്കുന്നു. നനവുള്ള മണ്ണ്, ചാണകം എന്നിവിടങ്ങളില്‍ ബ്‌റൂസെല്ലാ അണുക്കള്‍ ഏറെക്കാലം ആക്രമണശേഷിയോടെ നിലനില്‍ക്കും. രോഗം ബാധിച്ച കാളകളുമായി ആരോഗ്യമുള്ള പശുക്കളെ ഇണചേര്‍ക്കുമ്പോള്‍ ഈ രോഗം പകരാന്‍ സാധ്യതയുണ്ട്.

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് ഒരു മാസം കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ കാണുന്നു. ഗര്‍ഭം അലസലാണ് പ്രധാനലക്ഷണം. അഞ്ച് മാസത്തിനും ഒമ്പത് മാസത്തിനുമിടയ്ക്കാണ് ഗര്‍ഭമലസല്‍ കാണപ്പെടുക. തുടര്‍ന്നുള്ള രണ്ട് ഗര്‍ഭങ്ങള്‍കൂടി ചിലപ്പോള്‍ അലസിപ്പോയെന്ന് വരാം. ഇതോടനുബന്ധിച്ച് ഗര്‍ഭാശയവീക്കവും യോനീസ്രാവവും കാണാം.ചില പശുക്കളില്‍ ഗര്‍ഭസ്രാവത്തെ തുടര്‍ന്ന് സ്ഥിരമായി വന്ധ്യത കാണപ്പെടുന്നു. മറ്റുള്ളവയില്‍ ഒന്നോ രണ്ടോ ഗര്‍ഭസ്രാവത്തിന് ശേഷം പ്രജനന ശേഷി ഉണ്ടായെന്ന് വരാം.ഗര്‍ഭം അലസി 21 ദിവസത്തിന് ശേഷം രോഗിയുടെ രക്തം എടുത്ത് സീറം അഗ്ലൂട്ടിനേഷന്‍ ടെസ്റ്റ് നടത്തി രോഗ നിര്‍ണയം നടത്താം. പശുവിന്റെ പാല്‍ ഉപയോഗിച്ചും ഈ ടെസ്റ്റ് നടത്തി രോഗനിര്‍ണയം നടത്താം. കന്നുകുട്ടിയുടെ കവചങ്ങള്‍, ആമാശയം, പശുവിന്റെ ഗര്‍ഭാശയ ദ്രവം എന്നിവിടങ്ങളില്‍ രോഗാണുക്കള്‍ സുലഭമാണ്.

ചികിത്സയും പ്രതിരോധവും


മൃഗങ്ങളില്‍ ബ്രൂസെല്ലാ രോഗത്തിന് ഫലപ്രദമായ ചികിത്സാരീതി ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. തന്മൂലം നിയന്ത്രണവും പ്രതിരോധവും കൂടുതല്‍ പ്രധാന്യം അര്‍ഹിക്കുന്നു. രോഗം ഉണ്ടെന്ന് ബോധ്യപ്പെട്ടവയെ കൊന്നുകളയേണ്ടതാണ്.ഗര്‍ഭമലസിപ്പോവുന്ന പിള്ളയെയും മറുപിള്ളയെയും ശരിയായ രീതിയില്‍ കുഴിച്ചിടുകയോ ദഹിപ്പിക്കുകയോ വേണം. ഗര്‍ഭമലസല്‍ ഉണ്ടായ ശേഷം ചുരുങ്ങിയത് മൂന്നുമാസം കഴിഞ്ഞിട്ടേ വീണ്ടും ബീജാധാനത്തിന് വിധേയമാക്കാവൂ.രോഗം ബാധിച്ച ജന്തുക്കളുടെ അവയവങ്ങള്‍ സ്പര്‍ശിക്കുന്നത് വഴിയും രോഗാണുക്കള്‍ അടങ്ങുന്ന വിസര്‍ജ്യവസ്തുക്കളില്‍ നിന്നും വായുവിലൂടെയും ഈ രോഗം മനുഷ്യരിലേക്ക് പകരാം. രോഗമുള്ള പശുക്കളുടെ പാല്‍ ചൂടാക്കാതെ ഉപയോഗിച്ചാലും രോഗം പകരും. പാല്‍ പാസ്ചറൈസ് ചെയ്യുകയോ തിളപ്പിക്കുകയോ ചെയ്തതിന് ശേഷമേ ഉപയോഗിക്കാവൂ! ഇന്ത്യയില്‍ വളരെ കുറഞ്ഞ എണ്ണത്തിലേ മനുഷ്യരിലേക്ക് ഈ രോഗപ്പകര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. മനുഷ്യരില്‍ ഫലപ്രദമായ ചികിത്സയുമുണ്ട്.

Saturday 10 September 2011

പഴങ്ങള്‍ വാങ്ങുമ്പോള്‍...

പഴങ്ങളില്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുവെന്ന്

ന്യദല്‍ഹി:പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണമെന്നാണ് ഡോക്ടര്‍മാര്‍ സാധാരണയായി നിര്‍ദ്ദേശിക്കുന്നത്.  പലനിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കടകളില്‍ നിരന്നിരിക്കുന്നത് കാണാന്‍ ഏറെ മനോഹരവുമാണ്. എന്നാല്‍ ഇവയില്‍ ധാരാളമായി രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. പാകമാവാത്ത പഴങ്ങള്‍ പഴുപ്പിക്കാനുപയോഗിക്കുന്ന ഇവ ശരീരത്തിന് ഏറെ ദോഷകരമാണ്. മാങ്ങ പോലെയുള്ള പഴങ്ങള്‍ മരത്തില്‍ നിന്ന് തന്നെ പഴുക്കാറുണ്ടെങ്കിലും പാകമായാല്‍  കച്ചവട സൗകര്യാര്‍ത്ഥം   അവ പറിച്ചെടുത്ത് കൃത്രിമ മാര്‍ഗങ്ങളിലൂടെ പഴുപ്പിക്കാറായിരുന്നു പതിവ് . പണ്ടുകാലങ്ങളില്‍ പുകയത്ത് വെക്കുന്നത് പോലെ പ്രകൃത്യാ ഉള്ള രീതികളാണ് സ്വീകരിച്ചിരുന്നതെങ്കിലും പിന്നീടത് കൃത്രിമ മാര്‍ഗങ്ങളിലേക്ക് മാറി.ആദ്യം എഥിലിന്‍ മാത്രമാണ് ഇതിനുപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈഥേന്‍, കാല്‍സ്യം കാര്‍ബൈഡ്, എഥഫോണ്‍ എന്നീ രാസപദാര്‍ത്ഥങ്ങളും വ്യാപകമായി ഉപയാഗിക്കുന്നു.  ഇവയുടെ അശാസ്ത്രീയ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

സസ്യ വളര്‍ച്ചയെ ത്വരിതപ്പെടുത്താനുപയോഗിക്കുന്ന പദാര്‍ത്ഥമാണ് എഥഫോണ്‍. ഇത് വളര്‍ച്ചയെത്താത്ത പഴങ്ങള്‍ വേഗത്തില്‍ പഴുപ്പിക്കുന്നു. ആപ്പിള്‍, തക്കാളി, കാപ്പി, കാപ്‌സിക്കം തടങ്ങിയവയിലാണ് ഇതിന്റെ ഉപയോഗം കാണുന്നത്. മാത്രമല്ല വളരെ വേഗം ഇത് എഥിലിന്‍ ആയി മാറുകയും പെയ്യുന്നു. എഥിലിന്‍ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കുകയും കണ്ണ്, തൊലി, കരള്‍ തുടങ്ങിയ അവയവങ്ങളെ ബാധിക്കുകയും ചെയ്യുന്നു. കുടാതെ ഓര്‍മക്കുറവിനും ശ്വസന സംബന്ധമായ പ്രയാസങ്ങള്‍ക്കും ഇത് കാരണമാവുന്നു. എഫ്. ഡി. സി. എ(സ്‌റ്റേറ്റ് ഫുഡ് ആന്റ് ഡ്രഗ്‌സ് കണ്‍ട്രോള്‍ അട്മിനിസ്‌ട്രേഷന്‍) എഥഫോണിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഉപയോഗം വ്യാപകമായി തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഉപ്പും നാരങ്ങനീരുമൊഴിച്ച വെള്ളത്തില്‍ അഞ്ചുമുതല്‍ ഏഴു മിനിറ്റ് വരെ പഴങ്ങള്‍ ഇട്ട് വെച്ചതിന് ശേഷം ഉപയോഗിക്കുക. നഖത്തിന്റെ അടയാളം, ചെറിയ കുത്തുകള്‍, പൊടികള്‍ വിതറിയതിന്റെ അടയാളം മുതലായവ ഉള്ള പഴങ്ങള്‍ വാങ്ങാതിരിക്കുക.

 

Monday 5 September 2011

കൗമാരക്കാര്‍ക്ക് ആരോഗ്യ വിദ്യാഭ്യാസ ക്ലാസ് ഇന്ന്‌

                                         (ചിത്രത്തില്‍ ക്ലിക്കു ചെയ്താല്‍ വലുതാകുന്നതാണ്‌)

Sunday 4 September 2011

മഞ്ഞപ്പിത്തം: കള്ളിലും കുടിവെള്ളത്തിലും മലിനജലം കലര്‍ന്നു

കോതമംഗലം: കോതമംഗലം താലൂക്കില്‍ മഞ്ഞപ്പിത്തം ക്രമാതീതമായി ഉയരാന്‍ കാരണം അന്യസംസ്ഥാനത്തുനിന്നും കൊണ്ടുവന്ന കള്ളിലെ മലിനജലവും കുടിവെള്ളസ്രോതസ്സുകളില്‍ മലിനജലം കലര്‍ന്നതുമൂലവുമാണെന്ന് ആരോഗ്യവകുപ്പ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചു.

താലൂക്കിലെ വാരപ്പെട്ടി, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തരോഗം ബാധിച്ചിട്ടുള്ളത് കൂടുതലും പുരുഷന്മാര്‍ക്കാണ്. ഇവിടത്തെ ചില ഷാപ്പുകളില്‍ തമിഴ്‌നാട്ടില്‍നിന്നും കൊണ്ടുവന്ന കള്ളില്‍ മലിനജലം കലര്‍ന്നതായി സംശയിക്കുന്നു. രോഗം ക്രമാതീതമായി ഉയരുകയും രോഗികള്‍ മരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പകര്‍ച്ചവ്യാധി പ്രോജക്ട് വിഭാഗം രോഗബാധിതരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ രേഖരിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച എറണാകുളത്ത് ആരോഗ്യവകുപ്പ് ഡയറക്ടര്‍ കുമാരി ജി. പ്രേമയുടെയും പബ്ലിക് ഹെല്‍ത്ത് വിഭാഗം അഡീ. ഡയറക്ടര്‍ ഡോ. എം. ശ്രീധറിന്റെയും നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് രോഗം കൂടുതല്‍ ആളുകളില്‍ കണ്ടെത്തുവാനുണ്ടായ സാഹചര്യം വിലയിരുത്തിയത്.

മലിനജലം കലര്‍ന്ന കള്ള് കഴിച്ചവരിലാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് രോഗികളെ സന്ദര്‍ശിച്ച് അവരില്‍നിന്നും കിട്ടിയ വിവരമനുസരിച്ച് ആരോഗ്യവകുപ്പ് ഉറപ്പിച്ചിട്ടുള്ളത്.

രോഗംബാധിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും ആഗസ്ത് 14ന് തൊട്ടടുത്ത സമയത്താണ് രോഗാണുകാരിയായ വൈറസ് ശരീരത്തില്‍ പ്രവേശിച്ചിട്ടുള്ളത്. അതുകൊണ്ട് തുടര്‍ദിവസങ്ങളിലെ കള്ളിന്റെ സാമ്പിളെടുത്ത് പരിശോധനാവിധേയമാക്കിയിട്ടും പ്രയോജനമില്ല. കള്ളിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് എക്‌സൈസ്‌വകുപ്പിനേ അധികാരമുള്ളൂവെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.

പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കടവൂര്‍, നാലാം ബ്ലോക്ക് ഭാഗങ്ങളില്‍ മഞ്ഞപ്പിത്തംപടരാന്‍ പ്രധാന കാരണം ഇവിടത്തെ കുടിവെള്ള സ്രോതസ്സുകളില്‍ മലിനജലം കലര്‍ന്നതാണ്. മനുഷ്യവിസര്‍ജ്യം ഒലിച്ചിറങ്ങുന്ന കിണറുകളിലെ ജലം ഉപയോഗിക്കുന്നതാണ് ഇവിടെ മഞ്ഞപ്പിത്തം പടരാനുണ്ടായ സാഹചര്യമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

കുന്നിന്‍പുറം പ്രദേശമായ ഇവിടെ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും കക്കൂസുകളില്ല. കൂടുതല്‍ പേരും മലഞ്ചെരിവായ സ്ഥലത്തെ പറമ്പുകളിലാണ് മലമൂത്ര വിസര്‍ജ്യംചെയ്യുന്നതെന്ന് കഴിഞ്ഞദിവസം ഇവിടെ സന്ദര്‍ശനം നടത്തിയ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസി. പ്രൊഫ. ഡോ. സൈറുഫിലിപ്പ്, അഡീ. ഡിഎംഒ ഹസീന, ഡോ. ശാന്ത, ഡോ. ബ്ലെസി പോള്‍, ജില്ല ആരോഗ്യവിഭാഗം ഓഫീസര്‍ പി.എന്‍. ശ്രീനിവാസന്‍, പി.എസ്. സുജ, ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല മെഡിക്കല്‍സംഘം വിലയിരുത്തിയിരുന്നു. പഞ്ചായത്തിലെ 7, 8, 10 വാര്‍ഡുകളിലെ ഒട്ടനവധി വീടുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ടുമനസ്സിലാക്കിയ സംഘം ആരോഗ്യവകുപ്പധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഈ പ്രദേശത്തെ ഭൂരിഭാഗം കിണറുകള്‍ക്കും ചുറ്റുമതിലുകളില്ല. അതുകൊണ്ട് മഴവെള്ളത്തോടൊപ്പം വിസര്‍ജ്യവസ്തുക്കളും മലിനജലവും കൂടി കലര്‍ന്ന് കിണറുകളിലേക്ക് പതിക്കുന്നു. കിണറുകളിലെ ജലം തിളപ്പിക്കാതെ ഉപയോഗിച്ചതാണ് രോഗം വ്യാപിക്കാന്‍ കാരണം. ഇവിടത്തെ പത്ത് കിണറുകളിലെ ജലം സാമ്പിള്‍ ശേഖരിച്ച് പരിശോധനാ വിധേയമാക്കിയിരുന്നു. ഒമ്പതെണ്ണത്തിലും മലിനജലം കലര്‍ന്നതായി കണ്ടെത്തി. സ്ഥായിയായ ശുചിത്വ സംവിധാനത്തിന് നടപടികള്‍ സ്വീകരിച്ചാലെ രോഗം നിയന്ത്രണവിധേയമാകുകയുള്ളൂ.

ഈ മേഖലയിലെ ഭൂരിഭാഗം ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ പട്ടയവിതരണം നടത്തിയിട്ടില്ലായെന്ന് ആക്ഷേപമുണ്ട്. പട്ടയവിതരണം നടത്തിയാലെ ഗ്രാമപഞ്ചായത്തധികൃതര്‍ക്ക് വീട്കക്കൂസ് നിര്‍മാണത്തിന് നടപടികള്‍ എടുക്കുവാന്‍ കഴിയുകയുള്ളൂ. കോളനി പ്രദേശമായതുകൊണ്ട് പകര്‍ച്ചവ്യാധികള്‍ പടരാന്‍ കൂടുതല്‍ സാധ്യതയുണ്ട്. അതുകൊണ്ട് ബന്ധപ്പെട്ടവര്‍ ഉടനടി നടപടി സ്വീകരിക്കേണ്ടതാണ്.
 
മഞ്ഞപ്പിത്തം വരാതിരിക്കാന്‍
ഡോ.സന്തോഷ് മോഹന്‍

ശുചിത്വക്കുറവിനാല്‍ പകരുന്ന അസുഖമാണ് മഞ്ഞപ്പിത്തം. വെള്ളത്തിലൂടേയും ആഹാരസാധനങ്ങളിലൂടേയുമാണ് ഈ രോഗം ഒരാളിലെത്തുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലുണ്ടാകുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്ന് മറ്റൊരാളിലെത്തുന്നു.

ലക്ഷണങ്ങള്‍

പനി, കഠിനമായ ക്ഷീണം, സന്ധി-പേശി വേദന, കണ്ണുകള്‍ക്ക് മഞ്ഞനിറം, മൂത്രത്തിന് കടുത്ത മഞ്ഞ നിറം, മൂത്രത്തിന്റെ അളവിലെ കുറവ്, വിശപ്പില്ലായ്മ, ഛര്‍ദിക്കാനുള്ള തോന്നല്‍ ഇവയാണ് സാധാരണ ലക്ഷണങ്ങള്‍.
മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്. കരളിന്റെ പ്രവര്‍ത്തന തകരാറുകള്‍മൂലം 'ബിലിറൂബിന്‍' രക്തത്തില്‍ കൂടുന്നതാണ് മഞ്ഞനിറത്തിനു കാരണം. കരളിന്റെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിടുമ്പോള്‍ പിത്തരസം പുറത്തുപോവാതാവുന്നത് മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്നു.

ഭക്ഷണം

മഞ്ഞപ്പിത്തം വന്നാല്‍ എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. കൊഴുപ്പ്, എണ്ണ കൂടുതലുള്ള ഭക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. കരളിന് ആയാസമുണ്ടാകുന്ന ഭക്ഷണ-പാനീയങ്ങള്‍ പാടില്ല. മദ്യപാനം, പുകവലി എന്നിവ തീര്‍ത്തും ഒഴിവാക്കുക. ഇളനീര്‍, പഴച്ചാറുകള്‍ ഇവ നല്ലതാണ്. ധാരാളം വെള്ളം കുടിക്കണം. ഐസ് ക്രീം, ശീതളപാനീയങ്ങള്‍ എന്നിവ ഒഴിവാക്കാം. ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക. തുറന്നുവെച്ച ഭക്ഷണങ്ങളും വല്ലാതെ തണുത്തവയും ഒഴിവാക്കുക.

പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം 20 മിനുട്ടെങ്കിലും തിളപ്പിച്ചതായിരിക്കണം. ജലം ഫില്‍റ്റര്‍ ചെയ്യുന്നതിലൂടെ ബാക്ടീരിയകള്‍ മാത്രമേ നശിക്കൂ. മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസ് നശിക്കണമെങ്കില്‍ വെള്ളം തിളപ്പിക്കുകതന്നെ വേണം. തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി അതില്‍ പച്ചവെള്ളമൊഴിക്കുന്ന ശീലം ഉപേക്ഷിക്കുക. മഞ്ഞപ്പിത്തരോഗികള്‍ക്ക് പ്രത്യേക പാത്രത്തില്‍ ഭക്ഷണം നല്‍കുക. അവ തിളപ്പിച്ച വെള്ളത്തില്‍ കഴുകി അണുവിമുക്തമാക്കുകയും വേണം.

മഞ്ഞപ്പിത്തം പടരാതിരിക്കാന്‍ ശുദ്ധജലസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യണം. മഞ്ഞപ്പിത്തരോഗിയുടെ വസ്ത്രങ്ങള്‍ അണുവിമുക്തമാക്കണം.

ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക. രോഗിയെ സ്​പര്‍ശിക്കുകയാണെങ്കില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം.