Sunday 11 September 2011

ബ്രൂസെല്ലോസിസ്


വീട്ടമ്മയുടെ മരണത്തെത്തുടര്‍ന്ന് ബ്രൂസെല്ലോസിസ് രോഗബാധ സ്ഥിരീകരിച്ച മൂവാറ്റുപുഴയില്‍ പാലോട് കാറ്റില്‍ ഡിസീസ് മാനേജ്‌മെന്റ് ഓഫീസില്‍ നിന്നുള്ള വിദഗ്ദ്ധസംഘം പരിശോധന നടത്തിയതു സംബന്ധിച്ച വാര്‍ത്ത നാം പത്രത്തിലൂടെ അറിഞ്ഞുകാണും.സാധാരണയായി മൃഗങ്ങളെ ബാധിക്കുന്ന രോഗമാണിത്. എന്നാല്‍ വളരെ അപൂര്‍വമായി മനുഷ്യരെയും ബാധിക്കുന്നു. അത്തരത്തിലൊന്നാവാം മുവാറ്റുപുഴയിലുണ്ടായത്. ഈ സന്ദര്‍ഭത്തില്‍  ഈ രോഗത്തെക്കുറിച്ച്  കൂടുതലറിയാന്‍ നമുക്കു താത്പര്യമുണ്ടാകും. അനിമല്‍ ഹസ്ബന്‍ഡറി വകുപ്പിലെ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി.കെ. മുഹ്‌സിന്‍, താമരശ്ശേരി എഴുതുന്നു:

ബ്രൂസെല്ലാ അബോര്‍ട്ടസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് ബ്രൂസല്ലോസിസ്. പശുക്കളില്‍ ഗര്‍ഭസ്രാവത്തിനും പിന്നീട് വന്ധ്യതയ്ക്കും ഈ രോഗം ഇടവരുത്തുന്നു. കുതിര, പന്നി, ആട് എന്നീ മൃഗങ്ങളിലും ഈ രോഗം കാണപ്പെടുന്നു. രോഗം ബാധിച്ച പശുവിന്റെ പാലില്‍ ഈ അണുക്കള്‍ കാണാം. തന്മൂലം പാല്‍ കുടിക്കുന്നവരില്‍ അണുക്കള്‍ കടന്നുപകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ സര്‍പ്പിളസന്നി (ഇടവിട്ടുള്ള പനി) എന്ന രോഗം ഈ അണുക്കള്‍ ഉണ്ടാക്കുന്നു.

രോഗാണുക്കള്‍ കലര്‍ന്ന പുല്ല്, വെള്ളം, ആഹാരം എന്നിവ വഴി അടുത്തുള്ള പശുക്കളിലേക്ക് രോഗം വ്യാപിക്കുന്നു. നനവുള്ള മണ്ണ്, ചാണകം എന്നിവിടങ്ങളില്‍ ബ്‌റൂസെല്ലാ അണുക്കള്‍ ഏറെക്കാലം ആക്രമണശേഷിയോടെ നിലനില്‍ക്കും. രോഗം ബാധിച്ച കാളകളുമായി ആരോഗ്യമുള്ള പശുക്കളെ ഇണചേര്‍ക്കുമ്പോള്‍ ഈ രോഗം പകരാന്‍ സാധ്യതയുണ്ട്.

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് ഒരു മാസം കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ കാണുന്നു. ഗര്‍ഭം അലസലാണ് പ്രധാനലക്ഷണം. അഞ്ച് മാസത്തിനും ഒമ്പത് മാസത്തിനുമിടയ്ക്കാണ് ഗര്‍ഭമലസല്‍ കാണപ്പെടുക. തുടര്‍ന്നുള്ള രണ്ട് ഗര്‍ഭങ്ങള്‍കൂടി ചിലപ്പോള്‍ അലസിപ്പോയെന്ന് വരാം. ഇതോടനുബന്ധിച്ച് ഗര്‍ഭാശയവീക്കവും യോനീസ്രാവവും കാണാം.ചില പശുക്കളില്‍ ഗര്‍ഭസ്രാവത്തെ തുടര്‍ന്ന് സ്ഥിരമായി വന്ധ്യത കാണപ്പെടുന്നു. മറ്റുള്ളവയില്‍ ഒന്നോ രണ്ടോ ഗര്‍ഭസ്രാവത്തിന് ശേഷം പ്രജനന ശേഷി ഉണ്ടായെന്ന് വരാം.ഗര്‍ഭം അലസി 21 ദിവസത്തിന് ശേഷം രോഗിയുടെ രക്തം എടുത്ത് സീറം അഗ്ലൂട്ടിനേഷന്‍ ടെസ്റ്റ് നടത്തി രോഗ നിര്‍ണയം നടത്താം. പശുവിന്റെ പാല്‍ ഉപയോഗിച്ചും ഈ ടെസ്റ്റ് നടത്തി രോഗനിര്‍ണയം നടത്താം. കന്നുകുട്ടിയുടെ കവചങ്ങള്‍, ആമാശയം, പശുവിന്റെ ഗര്‍ഭാശയ ദ്രവം എന്നിവിടങ്ങളില്‍ രോഗാണുക്കള്‍ സുലഭമാണ്.

ചികിത്സയും പ്രതിരോധവും


മൃഗങ്ങളില്‍ ബ്രൂസെല്ലാ രോഗത്തിന് ഫലപ്രദമായ ചികിത്സാരീതി ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. തന്മൂലം നിയന്ത്രണവും പ്രതിരോധവും കൂടുതല്‍ പ്രധാന്യം അര്‍ഹിക്കുന്നു. രോഗം ഉണ്ടെന്ന് ബോധ്യപ്പെട്ടവയെ കൊന്നുകളയേണ്ടതാണ്.ഗര്‍ഭമലസിപ്പോവുന്ന പിള്ളയെയും മറുപിള്ളയെയും ശരിയായ രീതിയില്‍ കുഴിച്ചിടുകയോ ദഹിപ്പിക്കുകയോ വേണം. ഗര്‍ഭമലസല്‍ ഉണ്ടായ ശേഷം ചുരുങ്ങിയത് മൂന്നുമാസം കഴിഞ്ഞിട്ടേ വീണ്ടും ബീജാധാനത്തിന് വിധേയമാക്കാവൂ.രോഗം ബാധിച്ച ജന്തുക്കളുടെ അവയവങ്ങള്‍ സ്പര്‍ശിക്കുന്നത് വഴിയും രോഗാണുക്കള്‍ അടങ്ങുന്ന വിസര്‍ജ്യവസ്തുക്കളില്‍ നിന്നും വായുവിലൂടെയും ഈ രോഗം മനുഷ്യരിലേക്ക് പകരാം. രോഗമുള്ള പശുക്കളുടെ പാല്‍ ചൂടാക്കാതെ ഉപയോഗിച്ചാലും രോഗം പകരും. പാല്‍ പാസ്ചറൈസ് ചെയ്യുകയോ തിളപ്പിക്കുകയോ ചെയ്തതിന് ശേഷമേ ഉപയോഗിക്കാവൂ! ഇന്ത്യയില്‍ വളരെ കുറഞ്ഞ എണ്ണത്തിലേ മനുഷ്യരിലേക്ക് ഈ രോഗപ്പകര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. മനുഷ്യരില്‍ ഫലപ്രദമായ ചികിത്സയുമുണ്ട്.