Saturday 17 September 2011

തട്ടുകടകള്‍ നിരോധിച്ചേക്കും


പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ തട്ടുകടകള്‍ക്കു നിരോധം ഏര്‍പ്പെടുത്തിയേക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രസിഡന്റുമാര്‍ , സെക്രട്ടറിമാര്‍ , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഡി എം ഓയുടെ സാന്നിധ്യത്തില്‍ ഇന്നു ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. 

സംസ്ഥാന പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധന്റെ നിര്‍ദേശപ്രകാരമാണ് തട്ടുകടകള്‍ അടക്കാനുള്ള നിര്‍ദേശം വയ്ക്കുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാര്‍ നടത്തിയ പരിശോധനകളിലും രോഗകാരണങ്ങളിലൊന്ന് ശുചിത്വമില്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകളാണെന്ന് കണ്ടെത്തിയിരുന്നു. മലിനജലം ഉപയോഗിച്ച് ശുചിത്വമില്ലാത്ത സാഹചര്യത്തിലാണ് പലയിടത്തും പാചകം . ഉപയോഗിച്ച പാത്രങ്ങള്‍ കഴുകാതെ അടുത്തയാള്‍ക്കു നല്‍കുന്നതും പതിവാണ്. മാരക രോഗങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അതീവ ഗുരുതരാവസ്ഥ സൃഷ്ടിക്കുമെന്ന നിഗമനത്തെത്തുടര്‍ന്നാണ് നിരോധ നിര്‍ദേശം ചര്‍ച്ച ചെയ്യുന്നത്. എത്രനാളത്തേക്കാണ് നിരോധമെന്നും യോഗത്തില്‍ തീരുമാനിക്കും. 

കോര്‍പ്പറേഷന്‍ , മുനിസിപ്പല്‍ പരിധികളില്‍ അതതു സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗവും പഞ്ചായത്തു പരിധികളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖേനയും നിരോധം നടപ്പാക്കും. ഇക്കാര്യത്തില്‍ കര്‍ശന നിലപാടെടുക്കാനാണു തീരുമാനം. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ പൂട്ടിയിടാനും നിര്‍ദേശമുണ്ടാകും.

ഹോട്ടലുകളിലും ആശുപത്രി കന്റീനുകളിലും ഉള്‍പ്പെടെ പരിശോധന ഇനിയും തുടരും. വീടുകളിലെത്തി കിണറുകള്‍ ശുദ്ധീകരിക്കുന്ന ജോലികള്‍ ജില്ലയിലൊട്ടാകെ നടപ്പാക്കും.