Sunday, 4 September 2011

മഞ്ഞപ്പിത്തം: കള്ളിലും കുടിവെള്ളത്തിലും മലിനജലം കലര്‍ന്നു

കോതമംഗലം: കോതമംഗലം താലൂക്കില്‍ മഞ്ഞപ്പിത്തം ക്രമാതീതമായി ഉയരാന്‍ കാരണം അന്യസംസ്ഥാനത്തുനിന്നും കൊണ്ടുവന്ന കള്ളിലെ മലിനജലവും കുടിവെള്ളസ്രോതസ്സുകളില്‍ മലിനജലം കലര്‍ന്നതുമൂലവുമാണെന്ന് ആരോഗ്യവകുപ്പ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചു.

താലൂക്കിലെ വാരപ്പെട്ടി, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തരോഗം ബാധിച്ചിട്ടുള്ളത് കൂടുതലും പുരുഷന്മാര്‍ക്കാണ്. ഇവിടത്തെ ചില ഷാപ്പുകളില്‍ തമിഴ്‌നാട്ടില്‍നിന്നും കൊണ്ടുവന്ന കള്ളില്‍ മലിനജലം കലര്‍ന്നതായി സംശയിക്കുന്നു. രോഗം ക്രമാതീതമായി ഉയരുകയും രോഗികള്‍ മരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പകര്‍ച്ചവ്യാധി പ്രോജക്ട് വിഭാഗം രോഗബാധിതരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ രേഖരിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച എറണാകുളത്ത് ആരോഗ്യവകുപ്പ് ഡയറക്ടര്‍ കുമാരി ജി. പ്രേമയുടെയും പബ്ലിക് ഹെല്‍ത്ത് വിഭാഗം അഡീ. ഡയറക്ടര്‍ ഡോ. എം. ശ്രീധറിന്റെയും നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് രോഗം കൂടുതല്‍ ആളുകളില്‍ കണ്ടെത്തുവാനുണ്ടായ സാഹചര്യം വിലയിരുത്തിയത്.

മലിനജലം കലര്‍ന്ന കള്ള് കഴിച്ചവരിലാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് രോഗികളെ സന്ദര്‍ശിച്ച് അവരില്‍നിന്നും കിട്ടിയ വിവരമനുസരിച്ച് ആരോഗ്യവകുപ്പ് ഉറപ്പിച്ചിട്ടുള്ളത്.

രോഗംബാധിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും ആഗസ്ത് 14ന് തൊട്ടടുത്ത സമയത്താണ് രോഗാണുകാരിയായ വൈറസ് ശരീരത്തില്‍ പ്രവേശിച്ചിട്ടുള്ളത്. അതുകൊണ്ട് തുടര്‍ദിവസങ്ങളിലെ കള്ളിന്റെ സാമ്പിളെടുത്ത് പരിശോധനാവിധേയമാക്കിയിട്ടും പ്രയോജനമില്ല. കള്ളിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് എക്‌സൈസ്‌വകുപ്പിനേ അധികാരമുള്ളൂവെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.

പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കടവൂര്‍, നാലാം ബ്ലോക്ക് ഭാഗങ്ങളില്‍ മഞ്ഞപ്പിത്തംപടരാന്‍ പ്രധാന കാരണം ഇവിടത്തെ കുടിവെള്ള സ്രോതസ്സുകളില്‍ മലിനജലം കലര്‍ന്നതാണ്. മനുഷ്യവിസര്‍ജ്യം ഒലിച്ചിറങ്ങുന്ന കിണറുകളിലെ ജലം ഉപയോഗിക്കുന്നതാണ് ഇവിടെ മഞ്ഞപ്പിത്തം പടരാനുണ്ടായ സാഹചര്യമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

കുന്നിന്‍പുറം പ്രദേശമായ ഇവിടെ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും കക്കൂസുകളില്ല. കൂടുതല്‍ പേരും മലഞ്ചെരിവായ സ്ഥലത്തെ പറമ്പുകളിലാണ് മലമൂത്ര വിസര്‍ജ്യംചെയ്യുന്നതെന്ന് കഴിഞ്ഞദിവസം ഇവിടെ സന്ദര്‍ശനം നടത്തിയ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസി. പ്രൊഫ. ഡോ. സൈറുഫിലിപ്പ്, അഡീ. ഡിഎംഒ ഹസീന, ഡോ. ശാന്ത, ഡോ. ബ്ലെസി പോള്‍, ജില്ല ആരോഗ്യവിഭാഗം ഓഫീസര്‍ പി.എന്‍. ശ്രീനിവാസന്‍, പി.എസ്. സുജ, ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല മെഡിക്കല്‍സംഘം വിലയിരുത്തിയിരുന്നു. പഞ്ചായത്തിലെ 7, 8, 10 വാര്‍ഡുകളിലെ ഒട്ടനവധി വീടുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ടുമനസ്സിലാക്കിയ സംഘം ആരോഗ്യവകുപ്പധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഈ പ്രദേശത്തെ ഭൂരിഭാഗം കിണറുകള്‍ക്കും ചുറ്റുമതിലുകളില്ല. അതുകൊണ്ട് മഴവെള്ളത്തോടൊപ്പം വിസര്‍ജ്യവസ്തുക്കളും മലിനജലവും കൂടി കലര്‍ന്ന് കിണറുകളിലേക്ക് പതിക്കുന്നു. കിണറുകളിലെ ജലം തിളപ്പിക്കാതെ ഉപയോഗിച്ചതാണ് രോഗം വ്യാപിക്കാന്‍ കാരണം. ഇവിടത്തെ പത്ത് കിണറുകളിലെ ജലം സാമ്പിള്‍ ശേഖരിച്ച് പരിശോധനാ വിധേയമാക്കിയിരുന്നു. ഒമ്പതെണ്ണത്തിലും മലിനജലം കലര്‍ന്നതായി കണ്ടെത്തി. സ്ഥായിയായ ശുചിത്വ സംവിധാനത്തിന് നടപടികള്‍ സ്വീകരിച്ചാലെ രോഗം നിയന്ത്രണവിധേയമാകുകയുള്ളൂ.

ഈ മേഖലയിലെ ഭൂരിഭാഗം ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ പട്ടയവിതരണം നടത്തിയിട്ടില്ലായെന്ന് ആക്ഷേപമുണ്ട്. പട്ടയവിതരണം നടത്തിയാലെ ഗ്രാമപഞ്ചായത്തധികൃതര്‍ക്ക് വീട്കക്കൂസ് നിര്‍മാണത്തിന് നടപടികള്‍ എടുക്കുവാന്‍ കഴിയുകയുള്ളൂ. കോളനി പ്രദേശമായതുകൊണ്ട് പകര്‍ച്ചവ്യാധികള്‍ പടരാന്‍ കൂടുതല്‍ സാധ്യതയുണ്ട്. അതുകൊണ്ട് ബന്ധപ്പെട്ടവര്‍ ഉടനടി നടപടി സ്വീകരിക്കേണ്ടതാണ്.
 
മഞ്ഞപ്പിത്തം വരാതിരിക്കാന്‍
ഡോ.സന്തോഷ് മോഹന്‍

ശുചിത്വക്കുറവിനാല്‍ പകരുന്ന അസുഖമാണ് മഞ്ഞപ്പിത്തം. വെള്ളത്തിലൂടേയും ആഹാരസാധനങ്ങളിലൂടേയുമാണ് ഈ രോഗം ഒരാളിലെത്തുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലുണ്ടാകുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്ന് മറ്റൊരാളിലെത്തുന്നു.

ലക്ഷണങ്ങള്‍

പനി, കഠിനമായ ക്ഷീണം, സന്ധി-പേശി വേദന, കണ്ണുകള്‍ക്ക് മഞ്ഞനിറം, മൂത്രത്തിന് കടുത്ത മഞ്ഞ നിറം, മൂത്രത്തിന്റെ അളവിലെ കുറവ്, വിശപ്പില്ലായ്മ, ഛര്‍ദിക്കാനുള്ള തോന്നല്‍ ഇവയാണ് സാധാരണ ലക്ഷണങ്ങള്‍.
മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്. കരളിന്റെ പ്രവര്‍ത്തന തകരാറുകള്‍മൂലം 'ബിലിറൂബിന്‍' രക്തത്തില്‍ കൂടുന്നതാണ് മഞ്ഞനിറത്തിനു കാരണം. കരളിന്റെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിടുമ്പോള്‍ പിത്തരസം പുറത്തുപോവാതാവുന്നത് മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്നു.

ഭക്ഷണം

മഞ്ഞപ്പിത്തം വന്നാല്‍ എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. കൊഴുപ്പ്, എണ്ണ കൂടുതലുള്ള ഭക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. കരളിന് ആയാസമുണ്ടാകുന്ന ഭക്ഷണ-പാനീയങ്ങള്‍ പാടില്ല. മദ്യപാനം, പുകവലി എന്നിവ തീര്‍ത്തും ഒഴിവാക്കുക. ഇളനീര്‍, പഴച്ചാറുകള്‍ ഇവ നല്ലതാണ്. ധാരാളം വെള്ളം കുടിക്കണം. ഐസ് ക്രീം, ശീതളപാനീയങ്ങള്‍ എന്നിവ ഒഴിവാക്കാം. ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക. തുറന്നുവെച്ച ഭക്ഷണങ്ങളും വല്ലാതെ തണുത്തവയും ഒഴിവാക്കുക.

പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം 20 മിനുട്ടെങ്കിലും തിളപ്പിച്ചതായിരിക്കണം. ജലം ഫില്‍റ്റര്‍ ചെയ്യുന്നതിലൂടെ ബാക്ടീരിയകള്‍ മാത്രമേ നശിക്കൂ. മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസ് നശിക്കണമെങ്കില്‍ വെള്ളം തിളപ്പിക്കുകതന്നെ വേണം. തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി അതില്‍ പച്ചവെള്ളമൊഴിക്കുന്ന ശീലം ഉപേക്ഷിക്കുക. മഞ്ഞപ്പിത്തരോഗികള്‍ക്ക് പ്രത്യേക പാത്രത്തില്‍ ഭക്ഷണം നല്‍കുക. അവ തിളപ്പിച്ച വെള്ളത്തില്‍ കഴുകി അണുവിമുക്തമാക്കുകയും വേണം.

മഞ്ഞപ്പിത്തം പടരാതിരിക്കാന്‍ ശുദ്ധജലസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യണം. മഞ്ഞപ്പിത്തരോഗിയുടെ വസ്ത്രങ്ങള്‍ അണുവിമുക്തമാക്കണം.

ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക. രോഗിയെ സ്​പര്‍ശിക്കുകയാണെങ്കില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം.