Friday 16 September 2011

'വാക്‌സിനുകളുടെ പാര്‍ശ്വഫലം' പ്രചാരണം അടിസ്ഥാനരഹിതമെന്ന്


കൊച്ചി: പെന്റവാലന്റ് അടക്കമുള്ള വാക്‌സിനുകള്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരള ഘടകം. വാക്‌സിനുകളുടെ ഉപയോഗം സംബന്ധിച്ച് സമീപകാലത്തായി സംസ്ഥാനത്ത് പൊതുജനങ്ങളിലും ആരോഗ്യപ്രവര്‍ത്തകരിലും ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില വാക്‌സിനുകള്‍ ലോകാരോഗ്യ സംഘടന പിന്‍വലിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ഭാരവാഹികള്‍ അറിയിച്ചു.

ഇന്തന്‍ വാക്‌സിനുകള്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കുന്നതും പിന്‍വലിക്കുന്നതും കേന്ദ്ര സംസ്ഥാന തലങ്ങളിലുള്ള ഡ്രഗ് കണ്‍ട്രോളര്‍മാരാണ്. ഉത്പാദന സംവിധാനങ്ങളിലെ പോരായ്മ ചൂണ്ടിക്കാണിച്ച് ഇവ പരിഹരിക്കുമെന്നല്ലാതെ ഒരു വാക്‌സിനും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് സംസ്ഥാന പ്രസിഡന്റ് ഡോ.വി.എന്‍.എന്‍.പിഷാരടി, സെക്രട്ടറി ഡോ.ഒ.ജോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

പെന്റവാലന്റ് വാക്‌സിന്‍ സംബന്ധിച്ചുള്ള വിവാദങ്ങള്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ വാക്‌സിന്റെ സ്വീകാര്യത കുറയ്ക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഇതൊഴിവാക്കുന്നതിനായി വാക്‌സിന്‍ വിതരണം സംബന്ധിച്ചുള്ള വിവാദങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടതാണെന്നും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പകര്‍ച്ച വ്യാധിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തും

കൊച്ചി: ജില്ലയിലെ പകര്‍ച്ച വ്യാധിക്കെതിരെ എല്ലാ വകുപ്പുകളെയും സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തി പ്രതിരോധ നടപടി ശക്തിപ്പെടുത്താന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തീരുമാനിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എ.ഡി.എം ഇ.കെ.സുജാതയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
ആരോഗ്യവകുപ്പിന്റെ  പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ മറ്റു വകുപ്പുകളുടെയും സംയോജിത ഇടപെടലിലൂടെ മാത്രമേ നിയന്ത്രിക്കാനാവൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. സുധാകരന്‍ പറഞ്ഞു. ജില്ലയില്‍ കിഴക്കന്‍ മേഖലകളിലാണ് പകര്‍ച്ചരോഗങ്ങള്‍ പ്രധാനമായുമുള്ളത്. ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളും സ്വകാര്യ ആശുപത്രികളും പകര്‍ച്ചവ്യാധികള്‍ കണ്ടെത്തിയാല്‍ ഉടന്‍ ഡി.എം.ഓ. ഓഫിസില്‍ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 110348 പനി ബാധിത കേസുകളും 14478 വയറിളക്ക രോഗങ്ങളും ജില്ലയില്‍ രേഖപ്പെടുത്തി. ഇക്കാലയളവില്‍ തന്നെ  289 ചിക്കന്‍ പോക്സ്, 105 മലേറിയ, 81 എലിപ്പനിയും രേഖപ്പെടുത്തി. ജനുവരി മുതല്‍ ജൂലൈ വരെ 11 മഞ്ഞപ്പിത്ത ബാധിതരെ മാത്രം കണ്ടെത്തിയെങ്കില്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രം 54 പേരില്‍ മഞ്ഞപ്പിത്ത രോഗമുള്ളതായി കണ്ടെത്തി.  എ.ഡി.എം ഇ.കെ. സുജാതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഡെപ്യൂട്ടി കലക്ടര്‍ പി. ഇന്ദിരാ ദേവി, അഡീഷനല്‍.ഡി.എം.ഒ ഡോ. ഹസീന മുഹമ്മദ്, എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി. ബീന, റൂറല്‍ ഹെല്‍ത്ത് ഓഫിസര്‍ ശ്രീനിവാസന്‍, വിവിധ വകുപ്പു മേധാവികള്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.