Monday 21 November 2011

സമഗ്ര ആരോഗ്യ പദ്ധതി-പ്രൊജക്റ്റ് മാതൃക



സമഗ്ര ആരോഗ്യ പദ്ധതി 2011-12
തൃപ്പൂണിത്തുറ നഗരസഭ-തിരുവാങ്കുളം മേഖല

പദ്ധതി 1 മാലിന്യ നിര്‍മാര്‍ജനം-ബയോഗ്യാസ് പ്ളാന്റ്

ആമുഖം
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭയിലെ ഇപ്പോഴത്തെ തിരുവാങ്കുളം മേഖല(പഴയ തിരുവാങ്കുളം ഗ്രാമ പഞ്ചായത്ത്) ില്‍പ്പെടുന്ന 13 ഡിവിഷനുകളില്‍ സമഗ്ര ആരോഗ്യ പദ്ധതി പ്രകാരം അടുത്ത അഞ്ചു വര്‍ഷം കൊണ്ടു നടപ്പാക്കേണ്ട വിവിധ ആരോഗ്യ പദ്ധതികളെ സംബന്ധിച്ച നിര്‍ദേശങ്ങളും 2012-13 വര്‍ഷം നടപ്പാക്കേണ്ട പദ്ധതികളുടെ പ്രൊജക്റ്റ് റിപ്പോര്‍ട്ടുമാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്.

ശുചിത്വമുള്ള സമൂഹത്തിനു മാത്രമേ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ നിത്യേനയുണ്ടാകുന്ന മാലിന്യങ്ങള്‍ ശരിയായ വിധത്തില്‍ സംസ്കരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ശരിയായ വിധത്തില്‍ ശുചിത്വം നിലനിര്‍ത്താന്‍ കഴിയാത്തത്. മാലിന്യങ്ങള്‍ രണ്ടു വിധത്തില്‍പ്പെടുന്നു. ജീര്‍ണിക്കുന്ന ജൈവ മാലിന്യങ്ങളും പ്ളാസ്റിക്,ഗ്ളാസ്,ലോഹങ്ങള്‍ മുതലായ ജീര്‍ണിക്കാത്ത അജൈവ മാലിന്യങ്ങളും. ജൈവമാലിന്യങ്ങളില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ , പഴം-പച്ചക്കറി-മത്സ്യ-മാംസ അവശിഷ്ടങ്ങള്‍ , പക്ഷി മൃഗാദികളുടെ കാഷ്ടം, മനുഷ്യ വിസര്‍ജ്യം എന്നിവയാണ് ഗുരുതരമായ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നത്. ഇവയെ ശാസ്ത്രീയമായി സംസ്കരിക്കാന്‍ കഴിഞ്ഞാല്‍ നാം അഭിമുഖീകരിക്കുന്ന മലിനീകരണ പ്രശ്നങ്ങള്‍ക്ക് വലിയ ഒരളവോളം പരിഹാരമാകും. 

വീടുകളിലും ഹോട്ടലുകളിലും ഉണ്ടാകുന്ന മേല്‍പ്പറഞ്ഞ മാലിന്യങ്ങള്‍ അവിടെവച്ചു തന്നെ സംസ്കരിച്ച് ഊര്‍ജവും ജൈവവളവും ഉല്പാദിപ്പിക്കുന്ന പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ളാന്റുകള്‍ ഒരേസമയം മലിനീകരണ പ്രശ്നത്തിനും പാചകവാതകപ്രശ്നത്തിനും പരിഹാരം കണ്ടെത്താന്‍ നമ്മെ സഹായിക്കുന്നതാണ്. 

ലക്ഷ്യം
കേരളം പോലെ ജനസാന്ദ്രതയേറിയ  പ്രദേശത്ത് ഒരു പഞ്ചായത്തിലും നഗരസഭയിലും ഗാര്‍ഹിക മാലിന്യങ്ങള്‍  കേന്ദ്രീകൃതമായി സംസ്കരിക്കുന്നത് എളുപ്പമല്ല.തൃപ്പൂണിത്തുറയും വ്യത്യസ്തമല്ല. അതുകൊണ്ട്  അവരവരുടെ മാലിന്യങ്ങള്‍ അവരവര്‍ തന്നെ സംസ്കരിക്കുന്ന ഒരു സംസ്കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇപ്പോള്‍ ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാവുന്നതും കാര്യക്ഷമമായതും സ്ഥലസൌകര്യം കുറഞ്ഞവര്‍ക്കുപോലും അനുയോജ്യവും ആയ പോര്‍ട്ടബ്ള്‍ ബയോഗ്യാസ് പ്ളാന്റുകള്‍ നിരവധി ഏജന്‍സികള്‍ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്.ഭക്ഷണ അവശിഷ്ടം,കന്നുകാലി ചാണകം തുടങ്ങിയ ജൈവമാലിന്യങ്ങള്‍ ലഭ്യമായ എല്ലാ വീടുകളിലും ഹോട്ടലിലും മേല്‍പ്പറഞ്ഞ ബയോഗ്യാസ് പ്ളാന്റുകള്‍ അടുത്ത അഞ്ചു വര്‍ഷങ്ങള്‍ കൊണ്ടു സ്ഥാപിക്കുകയും തിരുവാങ്കുളം ഒരു മാലിന്യമുക്ത പ്രദേശമാക്കി മാറ്റുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ജൈവമാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നത് അങ്ങനെ തടയാനാകും.

ഗുണഭോക്താക്കള്‍
തിരുവാങ്കുളം മേഖലയില്‍ ജൈവമാലിന്യങ്ങള്‍ ലഭ്യമായ എല്ലാ വീടുകളിലും ഹോട്ടലുകളിലും മറ്റു പൊതു സ്ഥാപനങ്ങളിലും പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിലൂടെ ഈ മേഖലയിലെ മുഴുവന്‍ ജനങ്ങളും ഇതിന്റെ ഗുണഭോക്താക്കളായി മാറുന്നതാണ്.

പ്രവര്‍ത്തനങ്ങള്‍
1. ബയോഗ്യാസ് പ്ളാന്റ് സ്ഥാപിക്കുന്ന ഏജന്‍സിയെ നിശ്ചയിക്കുക
2. തിരുവാങ്കുളം മേഖലയിലെ വിവിധ റസിഡന്‍സ് അസോസിയേഷനുകളെയും കുടുംബശ്രീകളെയും ഉപയോഗിച്ച് മേഖലയില്‍ ബയോഗ്യാസ് പ്ളാന്റിനെക്കുറിച്ച് ഡെമോണ്‍സ്ട്രേഷനും ബോധവത്കരണവും.
3. ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് ആദ്യവര്‍ഷത്തെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുക
4. ബി.പി.എല്‍. വിഭാഗത്തിനും എ.പി.എല്‍. വിഭാഗത്തിനും ഹോട്ടലുകള്‍ക്കും നല്‍കാവുന്ന സബ്സിഡി നിശ്ചയിക്കുക
5. ഗുണഭോക്തൃ വിഹിതവും സബ്സിഡിയും നിശ്ചയിച്ചതിനുശേഷം മുന്‍ഗണനാക്രമത്തില്‍ പ്ളാന്റുകള്‍ സ്ഥാപിക്കുക
6.ഫോളോ അപ് നടത്തുകയും തുടര്‍ ബോധവത്കരണം നടത്തുകയും ചെയ്യുക

ധനകാര്യ വിശകലനം

ബയോടെക്കിന്റെ ഒരു ക്യുബിക് പ്ളാന്റിന്റെ വില 17300 രൂപയാണ്. കേന്ദ്ര സര്‍ക്കാരിന്റെ സബ്സിഡി ഇനത്തില്‍ 4000 ക ലഭിക്കും. ബാക്കി വരുന്ന 13300 കയില്‍ തദ്ദേശ സ്ഥാപനങ്ങളോ സര്‍ക്കാരോ ബി പി എല്‍ വിഭാഗത്തിന് 90 ശതമാനം സബ്സിഡിയും എ പി എല്‍ വിഭാഗത്തിന് 75 ശതമാനം സബ്സിഡിയും നല്‍കാവുന്നതാണ്. ബാക്കിവരുന്ന തുക ഗുണഭോക്തൃ വിഹിതമായി വാങ്ങണം. ആദ്യഘട്ടത്തില്‍ 2000 വീടുകള്‍ക്കും 10 ഹോട്ടലുകള്‍ക്കും പ്ളാന്റ് നല്‍കാവുന്നതാണ്. 


ഗുണഭോക്താക്കള്‍ യഥാക്രമം 1330കയും 3325   കയും നല്‍കണം. 
ഹോട്ടലുകളുടെ പ്ളാന്റിന് 35000  മുതല്‍ 50000  ക ചെലവു വരും. അതിന് 10 ശതമാനം സബ്സിഡി നല്‍കിയാല്‍ ശരാശരി 4500 ക ഒരു പ്ളാന്റിനു സബ്സിഡി നല്‍കേണ്ടിവരും.


പ്രവര്‍ത്തന കലണ്ടര്‍
ഏപ്രില്‍ 2012: ബോധവത്കരണ ക്ളാസുകള്‍
മെയ്: ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ സ്വീകരിക്കല്‍ 
ജൂണ്‍: ആദ്യത്തെ അര്‍ഹരായ ആളുകളെ കണ്ടത്തല്‍
ജൂലൈ-ഡിസംബര്‍: പ്ളാന്റുകള്‍ സ്ഥാപിക്കല്‍ 
2013 ജനുവരി-മാര്‍ച്ച്: ഫോളോഅപ്പ് ബോധവത്കരണം 

സംഘാടനം
തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍മാന്‍ , വൈസ് ചെയര്‍പേഴ്സന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ , തിരുവാങ്കുളം മേഖലയിലെ മറ്റു കൌണ്‍സിലര്‍മാര്‍ , പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍-ഇന്‍-ചാര്‍ജ്, ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍,പബ്ളിക് ഹെല്‍ത്ത് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍മാര്‍, ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് ഉള്‍പ്പെടുന്ന ടീം.

നേട്ടങ്ങള്‍
1.ജൈവമാലിന്യ സംസ്കരണം വികേന്ദ്രീകൃതമായി നടപ്പാക്കാന്‍ കഴിയുന്നു.
2.ജൈവമാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കുന്നു.
3. ജൈവവാതക പ്ളാന്റുകളുമായി കക്കൂസുകള്‍ ബന്ധിപ്പിക്കാനും സാധിക്കുമെന്നതിനാല്‍ (താത്പര്യമുള്ളവര്‍ക്ക് അധികം വരുന്ന തുക നല്‍കുന്ന മുറയ്ക്ക്) സമ്പൂര്‍ണ ശുചിത്വം നടപ്പാക്കാന്‍ സാധിക്കുന്നു.
4.ഹോട്ടലുകളും മറ്റുമുണ്ടാക്കുന്ന മലിനീകരണം ഒഴിവാക്കാനും മികച്ച രീതിയില്‍ അത്തരം സ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തിക്കാനും സാധിക്കുന്നു.
5.വീട്ടിലും പരിസരത്തും വലിച്ചെറിയുനന മാലിന്യങ്ങളും കന്നുകാലികളുടെയും പക്ഷിമൃഗാദികളുടെയും കാഷ്ഠവും ശാസ്ത്രീയമായി സംസ്കരിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും സാധിക്കുന്നു.
6.ജൈവവാതക പ്ളാന്റില്‍ നിന്നു സൌജന്യമായി ലഭിക്കുന്ന ജൈവവാതകം പാചകവാതകമായി ഉപയോഗിക്കുന്നതുവഴി പാചക ഇന്ധനത്തിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കാനും തന്മൂലം സാമ്പത്തികലാഭം ഉണ്ടാക്കാനും സാധിക്കുന്നു. 
7.ജൈവവാതകത്തോടൊപ്പം പ്ളാന്റില്‍ നിന്നു ലഭിക്കുന്ന ജൈവവളം വീട്ടുവളപ്പിലെ പച്ചക്കറിക്കൃഷിക്കോ പൂച്ചെടിക്കൃഷിക്കോ ഉപയോഗിക്കുന്നതുവഴി രാസവളങ്ങളുടെയും മറ്റും ഉപയോഗം കുറയ്ക്കാനും ഗുണമേന്മയുള്ള പച്ചക്കറികളും പഴങ്ങളും പൂക്കളും മറ്റും സ്വന്തം വീട്ടില്‍ ഉത്പാദിപ്പിക്കാനും കഴിയുന്നു.

മോണിട്ടറിങ്
വാര്‍ഡുതല ആരോഗ്യ ശുചിത്വ സമിതി ഈ പദ്ധതിയുടെ മോണിട്ടറിങ് നടത്തണം.

(ഇതൊരു മാതൃക മാത്രമാണ്. ഇതിലെ ധനകാര്യ വിശകലനമൊന്നും സമഗ്രമല്ല. ആവശ്യമായ ഭേദഗതികള്‍ വരുത്താവുന്നതാണ്)