Wednesday, 23 November 2011

മാലിന്യം വലിച്ചെറിയുന്നവര്‍ സൂക്ഷിക്കുക




Posted on: 22 Nov 2011







കൊച്ചി: പ്ലാസ്റ്റിക് ഉള്‍പ്പെടെ മണ്ണില്‍ ലയിച്ചു ചേരാത്ത കവറുകളില്‍ പൊതിഞ്ഞ് മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് ഹൈക്കോടതി നിരോധിച്ചു. റോഡരികിലോ മറ്റ് പൊതുസ്ഥലങ്ങളിലോ ഇത്തരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും കേസെടുക്കാന്‍ ഡി.ജി.പി. നിര്‍ദേശം നല്‍കണമെന്നാണ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരും ജസ്റ്റിസ് പി.എസ്.ഗോപിനാഥനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടുള്ളത്.


പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം കണ്ടെത്താന്‍ നഗരപ്രദേശങ്ങളില്‍ പോലീസ് റോന്തു ചുറ്റേണ്ടതാണ്. പുകവലി നിരോധ ഉത്തരവ് നടപ്പാക്കിയതുപോലെ ഈ ഉത്തരവ് നടപ്പാക്കണം. മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പരത്താന്‍ കാരണമാകുന്ന പൊതുശല്യമാകുന്ന അശ്രദ്ധമായ നടപടിക്കാണ് കേസെടുക്കേണ്ടത്. മറ്റാരെങ്കിലും പ്ലാസ്റ്റിക് ക്യാരിബാഗിലും മറ്റും മാലിന്യം തള്ളുന്നതിനെപ്പറ്റി വിവരം കിട്ടിയാല്‍ പോലീസിന് പരാതി നല്‍കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. മാലിന്യനിക്ഷേപം പൊതുജനാരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന്കാട്ടി കേരള ഫെഡറേഷന്‍ ഓഫ് വിമന്‍ ലോയേഴ്‌സ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഈ ഉത്തരവ്. പ്ലാസ്റ്റിക് കവറിലാക്കാത്ത മാലിന്യം നിക്ഷേപിക്കാന്‍ കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും ചവറുവീപ്പകള്‍ ഒരുക്കേണ്ടതാണ്. ഇതിലെ മാലിന്യം യഥാസമയം നീക്കാനും സംസ്‌കരിക്കാനും സംവിധാനം ഒരുക്കണമെന്ന് കോടതി നഗരസഭകള്‍ക്ക് നിര്‍ദേശം നല്‍കുന്നു. മാലിന്യശേഖരണ സമയത്ത് ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കണം. 


മലിനമായ കുടിവെള്ളം കാരണം മനുഷ്യരില്‍ കുടലിനും കരളിനും രോഗം ബാധിക്കുന്നത് നിത്യേനയെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ഒപ്പം പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും രോഗബാധയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പച്ചക്കറിയും മീനും ഇറച്ചിയുമൊക്കെ വില്‍ക്കാന്‍ തീരെ കനം കുറഞ്ഞ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. അടുക്കള മാലിന്യം ഇത്തരം കവറുകളിലും മറ്റും പൊതിഞ്ഞ് പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ് പോകുന്നവര്‍ ഏറെയാണ്. കൊച്ചി നഗരസഭയിലും പരിസരപ്രദേശത്തും റോഡരികിലും മറ്റും ഇത്തരം മാലിന്യപ്പൊതികള്‍ പതിവാണെന്ന കാര്യം ആരും നിഷേധിക്കില്ല. ക്യാരിബാഗില്‍ നിറച്ച് തള്ളുന്ന ജൈവാവശിഷ്ടം അതില്‍ക്കിടന്ന് ചീഞ്ഞ് അന്തരീക്ഷവും പരിസരവും വെള്ളവുമെല്ലാം മലിനമാവുകയാണ്. രോഗകാരണമാവുന്ന ഇത്തരം മാലിന്യം തിന്ന് മുംബൈയില്‍ കഴുകന്മാര്‍ കൂട്ടത്തോടെ ചാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ ഇത്തരത്തില്‍ ചീഞ്ഞ് വിഷമയമായ മാലിന്യം തിന്ന് കാക്കകളുടെയും മറ്റ് പക്ഷികളുടെയും എണ്ണത്തില്‍ കുറവുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. മാലിന്യം പ്ലാസ്റ്റിക് കവറിലാക്കാതെ വെറുതെ കളഞ്ഞാല്‍ അവ അഴുകുംമുമ്പ് കാക്കയും മറ്റും തിന്ന് പരിസരം വൃത്തിയാക്കുമായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. വീട്, ആസ്​പത്രി, ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്ന് മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് ഒഴിവാക്കാന്‍ അത് നിരോധിക്കുക മാത്രമാണ് വഴിയെന്ന് കോടതി വിലയിരുത്തി. 


കോടതി നിര്‍ദേശം മുന്‍നിര്‍ത്തി സര്‍ക്കാരിന് ആവശ്യമായ നിയമനിര്‍മാണം നടത്താവുന്നതാണ്. മാലിന്യ നിര്‍മാര്‍ജനത്തിനും സംസ്‌കരണത്തിനും ജനങ്ങളില്‍നിന്ന് ലെവി ഈടാക്കാനും വ്യവസ്ഥ കൊണ്ടുവരാവുന്നതാണ് എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പൊതുശല്യം തടയുന്ന 268-ാം വകുപ്പ് പ്രകാരവും രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമാവുംവിധം അശ്രദ്ധമായ നടപടിക്കെതിരായ 269-ാം വകുപ്പുപ്രകാരവും പൊതുവാസസ്ഥലങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരായ 278-ാം വകുപ്പുപ്രകാരവുമാണ് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിക്ക് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. പിഴയാടുകൂടി പരമാവധി ആറുമാസം വരെ തടവ് ശിക്ഷ കിട്ടാവുന്നതാണ് 269-ാം വകുപ്പ്. 278-ാം വകുപ്പ് പ്രകാരം 500 രൂപ വരെ പിഴയീടാക്കാം.


Posted on: 23 Nov 2011




തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും നിരത്തുവക്കിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ പോലീസ് നടപടികള്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി ഓപ്പറേഷന്‍ സ്വീപ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഈ നടപടി.


ഓരോ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഇത്തരം കുറ്റകൃത്യങ്ങല്‍ കണ്ടുപിടിക്കുന്നതിന് പ്രത്യേക പട്രോളിങ് സംവിധാനം ഏര്‍പ്പെടുത്തും. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും സബ് ഡിവിഷണല്‍ ഓഫീസര്‍മാരും ദിവസേന ഇതിന്റെ പുരോഗതി വിലയിരുത്തണമെന്നും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവികള്‍ ഓരോ ആഴ്ചയിലും ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന നോഡല്‍ ഓഫീസര്‍ക്ക് നല്‍കും. പലപ്പോഴും മാലിന്യം നിറച്ച ബാഗുകള്‍ വാഹനങ്ങളില്‍ കൊണ്ടു വന്ന് റോഡില്‍ വലിച്ചെറിയുന്നതായി കാണുന്നതിനാല്‍ ഓരോ ജില്ലയിലെയും ട്രാഫിക് വിഭാഗത്തെയും പരിശോധനയ്ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്.


പ്ലാസ്റ്റിക്കും ജീര്‍ണിക്കാത്ത മറ്റു വസ്തുക്കളും കൊണ്ട് നിര്‍മിക്കുന്ന ബാഗുകളില്‍ മാലിന്യങ്ങള്‍ നിറച്ച് പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് സംസ്ഥാനത്ത് വ്യാപകമായത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിനുപുറമെ ഭൂഗര്‍ഭജലം ഉള്‍പ്പെടെ മലിനമാകുന്നതിനും ഇതു കാരണമാകുന്നു. ഇത്തരത്തില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപികള്‍ സ്വീകരിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും കേരള പോലീസ് ആക്ടിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിക്കും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുക എന്നത് ഒരു വര്‍ഷം വരെ തടവും 5000 രൂപ വരെ പിഴയും ഈടാക്കാവുന്ന കുറ്റമാണ്.
പൊതുനിരത്തില്‍ ആരെങ്കിലും മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കാം. മാലിന്യം നിറച്ച ബാഗുകള്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് എറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനത്തിന്റെ നമ്പര്‍ സഹിതം പരാതി നല്‍കാം. ഇതിനായി 9497000000 എന്ന നമ്പറിലേക്ക് മൊബൈല്‍ ഫോണ്‍ സന്ദേശമയയ്ക്കാനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.