Wednesday 11 January 2012

സമഗ്ര ആരോഗ്യ പരിപാടി: ജില്ലാതല പദ്ധതി രൂപരേഖ സമര്‍പ്പിച്ചു


കൊച്ചി: സംസ്ഥാനതലത്തി ല്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പരിപാടിയില്‍ ഉള്‍പ്പെടുത്താനുള്ള ജില്ലാതല പദ്ധതിയുടെ  അന്തിമ രൂപരേഖ സര്‍ക്കാറിന് സമര്‍പ്പിച്ചതായി  കലക്ടര്‍ പി. ഐ. ഷെയ്ഖ് പരീത് അറിയിച്ചു. 759.58 കോടിയുടെ സംയോജിത ആരോഗ്യ പദ്ധതിയാണ്  ജില്ലയില്‍ നടപ്പാക്കുക.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. സുധാകരന്‍ കണ്‍വീനറും അഡീഷനല്‍ ഡി.എം.ഒ ഡോ. ഹസീന മുഹമ്മദ് നോഡല്‍ ഓഫിസറുമായ സമിതിയാണ് പദ്ധതി രൂപവത്കരിച്ചത്.


ദേശീയ ആരോഗ്യ ദൗത്യം ജില്ലാ മാനേജര്‍ ഡോ. കെ.വി. ബീനയും ജില്ലാ പ്ളാനിങ് ഓഫിസര്‍ ആര്‍. ഗിരിജയും രേഖ തയാറാക്കുന്നതില്‍ പങ്കാളികളായി. ജില്ലാ ആസൂത്രണ സമിതി പദ്ധതി തത്വത്തില്‍ അംഗീകരിച്ചു. സര്‍ക്കാറിന്‍െറ ഒരു വര്‍ഷ കര്‍മ പദ്ധതിയുടെ ഭാഗമായാണ് സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കുക. ജില്ലാതല പദ്ധതികള്‍ ക്രോഡീകരിച്ചാകും സംസ്ഥാനതല പദ്ധതി നടപ്പാക്കുക.  


ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ 1625 ആരോഗ്യ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷം കൊണ്ട് 337 കോടി  ഇതിനായി ചെലവിടും. അന്തര്‍ദേശീയ നിലവാരത്തിലേക്ക് ചികിത്സാ സൗകര്യമുയര്‍ത്താന്‍ 675 അനുബന്ധ ഭൗതിക സാഹചര്യ വികസന പദ്ധതികളും നടപ്പാക്കും. 422.58 കോടിയാണ് ഇതിനുള്ള വിഹിതം. മൊത്തം 2300 പദ്ധതികള്‍ക്കായി 759.58 കോടി രൂപ വിനിയോഗിക്കാനാണ് ജില്ല ലക്ഷ്യമിടുന്നത്.