പ്രതിരോധ മരുന്നിനെതിരായ ഹരജി സ്വകാര്യമേഖലയെ സഹായിക്കാനെന്ന്
കൊച്ചി: പ്രതിരോധ ഔഷധമായ പെന്‍റാവാലന്‍റ് വാക്സിനെതിരായ ഹരജി സ്വകാര്യവാക്സിന്‍ നിര്‍മാതാക്കളെ സഹായിക്കാനെന്ന് കേന്ദ്രസര്‍ക്കാര്‍ . പെന്‍റാവാലന്‍റ് വാക്സിന്‍ നല്‍കുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്നും ഇതു നിരോധിക്കണമെന്നും ചൂണ്ടിക്കാട്ടി ഹൈകോടതിയില്‍ നല്‍കിയ ഹരജിയിന്മേല്‍ നല്‍കിയ വിശദീകരണത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ പ്രതിരോധ മരുന്ന് 2004 മുതല്‍ ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ ലഭ്യമാണ്. സ്വകാര്യ ഡോക്ടര്‍മാര്‍ ഇത് വ്യാപകമായി നിര്‍ദേശിക്കുകയും ആളുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഒരു ഡോസിന് കുറഞ്ഞത് 2000 രൂപ വീതം മൂന്ന് ഡോസിന് 6000മാണ് ഈടാക്കുന്നത്. 2007-11 കാലയളവില്‍ ഉല്‍പ്പാദിപ്പിച്ച 1.67കോടി ഡോസ് വാക്സിനില്‍ 1.56 കോടിയും ചെലവഴിച്ചു. കൂടുതല്‍ വാക്സിന്‍ നിര്‍മാതാക്കള്‍ ഈ രംഗത്തേക്ക് കടന്നുവന്നതും ഇതുമായി ബന്ധപ്പെട്ട ലാഭം മുന്നില്‍ക്കണ്ടാണ്. ഇതിനിടെ, പ്രത്യേക പദ്ധതിയുടെ ഭാഗമായി വാക്സിനുകള്‍ സര്‍ക്കാര്‍ സൗജന്യ വിതരണം നടത്തുന്നത് തങ്ങളുടെ ലാഭം ഇല്ലാതാക്കുമെന്നുകണ്ടു തടയാനാണു ഹരജിയിലൂടെ ശ്രമിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി കമീഷണര്‍ (ഇമ്യൂണൈസേഷന്‍) നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
വര്‍ഷങ്ങളായി നിലവിലുള്ള വാക്സിനെ ഇപ്പോള്‍ മാത്രം എതിര്‍ക്കുന്നതിനു കാരണമിതാണ്. ജനങ്ങള്‍ക്കിടയില്‍ വാക്സിനെതിരെ അനാവശ്യഭയം വളര്‍ത്താനും ഇക്കൂട്ടര്‍ ശ്രമിക്കുന്നതായി സത്യവാങ്മൂലത്തില്‍ പറയുന്നു.
രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച ഉന്നതതല ഉപദേശക സമിതിയായ നാഷനല്‍ ടെക്നിക്കല്‍ ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്‍റെ (എന്‍.ടി.എ.ജി.ഐ) നിര്‍ദേശപ്രകാരമാണ് വാക്സിന്‍ വിതരണം സംബന്ധിച്ച തീരുമാനമുണ്ടായത്. പൊതുജനാരോഗ്യം, ഇമ്യൂണോളജി, വൈറോണ്‍, റിസര്‍ച്ച്, പീഡിയാട്രിക്, അക്കാദമിക് മേഖലകളിലെ 27പ്രമുഖരടങ്ങുന്ന സമിതിയാണ് എന്‍.ടി.എ.ജി.ഐ എന്നത് ഹരജിക്കാരന്‍ മറച്ചുവെക്കുന്നു. 116രാഷ്ട്രങ്ങളില്‍ പെന്‍റാവാലന്‍റ് അടങ്ങിയ വാക്സിനാണ് വിതരണം ചെയ്യുന്നത്. ചില രോഗങ്ങള്‍ കണ്ടെത്തിയാല്‍ എട്ട് മണിക്കൂറിനകം ചികിത്സ അനിവാര്യമാണ്. ഭൂരിപക്ഷം പേര്‍ക്കും ഈ ചികിത്സ അടിയന്തരമായി നല്‍കാനാവാത്ത അവസ്ഥയാണുള്ളത്. അതിനാല്‍ പ്രതിരോധ മരുന്നാണ് ആശ്രയം. ഈ ആശയത്തിന്‍റെ ഭാഗമായാണ് പെന്‍റാവാലന്‍റ് വാക്സിന്‍ രോഗപ്രതിരോധത്തിന്‍റെ ഭാഗമായി വിതരണം ചെയ്യുന്നത്.
ദോഷകരമായി ബാധിക്കുന്ന വാക്സിനുകള്‍ സര്‍ക്കാര്‍ അനുവദിക്കില്ല. വാക്സിനേഷനുമായി ബന്ധപ്പെട്ട് ജില്ലാ, സംസ്ഥാന, ദേശീയതലത്തില്‍ ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാറുണ്ട്. വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സംവിധാനങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ വാക്സിനുമായി ബന്ധപ്പെട്ടുള്ള കുപ്രചാരണങ്ങളുടെ ഭാഗം മാത്രമാണ് ഹരജിയെന്ന് സര്‍ക്കാറിന്‍റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.