Saturday 4 February 2012

ഇന്ത്യയില്‍ പോളിയോ രഹിത വര്‍ഷം

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍നിന്ന് ഒരു പുതിയ പോളിയോ കേസ് പോലും റിപ്പോര്‍ട്ട് ചെയ്‌യപ്പെടാത്ത മഹനീയ നേട്ടത്തിനു ലോകമെന്പാടും നിന്നു പ്രശംസ. പൊതു ആരോഗ്യ മേഖലയിലെ ചരിത്രപരമായ ഈ നേട്ടത്തിനു് ലോകാരോഗ്യ സംഘടനയും ബില്‍ ആന്‍ഡ് മിലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍, റോട്ടറി ഇന്‍റര്‍നാഷനല്‍ തുടങ്ങി ഒട്ടേറെ സംഘടനകളും ഇന്ത്യയെ അഭിനന്ദിച്ചു. 
കഴിഞ്ഞ വര്‍ഷം ജനുവരി 13ന് ബംഗാളില്‍ രണ്ടു വയസ്സുള്ള പെണ്‍കുട്ടിയിലാണ് ഇന്ത്യയില്‍ അവസാനമായി പോളിയോ കണ്ടെത്തിയത്.മാരകമായ ഈ രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ നേടിയ വിജയം പൊതുജനാരോഗ്യരംഗത്തെ ചരിത്രനേട്ടമായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ വിശേഷിപ്പിച്ചു.
 ഭൂമുഖത്തുനിന്നു പോളിയോ തുടച്ചുനീക്കാനുള്ള ദൗത്യത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടം നാഴികക്കല്ലാണെന്ന് മൈക്രോസോഫ്റ്റ് തലവനായിരുന്ന ബില്‍ ഗേറ്റ്സും ഭാര്യ മിലിന്‍ഡയും നേതൃത്വം നല്‍കുന്ന ഫൗണ്ടേഷനുവേണ്ടി ബില്‍ ഗേറ്റ്സ് പറഞ്ഞു. ഈ നേട്ടത്തിനു നേതൃത്വം നല്‍കിയ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അടക്കമുള്ള നേതാക്കളെ ഗേറ്റ്സ് അഭിനന്ദിച്ചു.
 റോട്ടറി ഇന്‍റര്‍നാഷനല്‍, ലോകാരോഗ്യ സംഘടന, യുനിസെഫ് എന്നിവയുമായി ചേര്‍ന്ന് ലക്ഷക്കണക്കിനു വൊളന്‍റിയര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ സാമൂഹികസംഘടനാ നേതാക്കള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

 രാജ്യത്തു നിന്നു ശേഖരിച്ച ശേഷിക്കുന്ന സാംപിളുകളുടെ പരിശോധനയില്‍ ഫലം നെഗറ്റീവായാല്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി പോളിയോ വിമുക്താകും. അതോടെ പോളിയോ ഉള്ള രാജ്യങ്ങള്‍ മൂന്നായി ചുരുങ്ങും _ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നൈജീരിയ.

ഈ വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ആദ്യ ഘട്ടം ഫെബ്രുവരി 19 ഞായറാഴ്ചയാണ്.അന്നേ ദിവസം, അഞ്ചു വയസിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഓരോ ഡോസ് പോളിയോ തുള്ളിമരുന്നു നല്‍കുക.