Saturday 21 April 2012

സമൂഹ മന്തുരോഗ ചികിത്സാ പരിപാടി ഏപ്രില്‍ 26 മുതല്‍



ദേശീയ സമൂഹ മന്തുരോഗ നിവാരണ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ 26 മുതല്‍ 28 വരെ മന്തുരോഗത്തിനെതിരെ പ്രതിരോധ മരുന്നു വിതരണം ചെയ്യും. 

ജില്ലയില്‍ ഏപ്രില്‍ 26 നു സമൂഹ മന്തുരോഗ ചികിത്സാ ദിനമാചരിക്കും. മന്തുരോഗത്തിന് എതിരെയുള്ള ഡി.ഇ.സി, ആല്‍ബന്‍ഡസോള്‍ എന്നീ പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നുകളാണ് വിതരണം ചെയ്യുക.  ആരോഗ്യ പ്രവര്‍ത്തകര്‍, നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, അംഗണ്‍വാടി പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യും.

രാത്രികാല രക്തപരിശോധനകളില്‍ കൂടി മാത്രമേ മന്തുരോഗം തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. ആരോഗ്യവാനായി തോന്നിപ്പിക്കുന്ന മന്തുരോഗ ലക്ഷണങ്ങള്‍ പ്രകടമാക്കാത്ത രോഗവാഹകരായ ആളുകളിലൂടെയാണ് രോഗം പകരുന്നത്. കൊതുക് മൂലമാണ് മന്ത് പകരുന്നത്. രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചാല്‍ മന്ത് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതല്ല. 



മനുഷ്യരില്‍നിന്ന് കൊതുകുകളിലേക്ക് രോഗാണുക്കളുടെ പകര്‍ച്ച തടയുകയാണ് സമൂഹ ചികിത്സാ പരിപാടിയുടെ ലക്ഷ്യം. പൂര്‍ണ വളര്‍ച്ചത്തെിയ മന്തുവിരയുടെ ആയുസ്സ് നാലു മുതല്‍ ആറു വര്‍ഷം വരെയാണ്.

വര്‍ഷത്തില്‍ ഒരിക്കല്‍ തുടര്‍ച്ചയായി മുഴുവന്‍ ആളുകള്‍ക്കും ഗുളികകള്‍ നല്‍കി മൈക്രോ ഫൈലേറിയയുടെ അളവ് കുറക്കുകയാണ് പരിപാടി.

ഈ പ്രക്രിയയിലൂടെ കൊതുകുകള്‍ വഴിയുള്ള രോഗപകര്‍ച്ച പൂര്‍ണമായി ഇല്ലാതാക്കാം.രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതരരോഗികള്‍, പ്രായാധിക്യം ബാധിച്ചവര്‍ എന്നിവരെ സാമൂഹിക ചികിത്സയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.