Wednesday 28 March 2012

മഴക്കാല രോഗപ്രതിരോധത്തിന് ഒരുക്കം തുടങ്ങു

ആരോഗ്യമുള്ള ജനത രാഷ്ട്രത്തിന്റെ സമ്പത്താണ്. രോഗം വന്നിട്ട് ചികില്‍സിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ നോക്കുന്നതാണെന്ന ചൊല്ലിന് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുണ്ട്.
ആദ്യം പ്രതിരോധം

ജൂണില്‍ മഴ പെയ്യാനിരിക്കെ മെയ് മാസത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള ശീലം മാറ്റിയെടുക്കേണ്ടതുണ്ട്. കഴിയുന്നതും നേരത്തേ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങുക.വീടുകളില്‍ പ്ളാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം. മഴയ്ക്കു മുമ്പേ ജനപ്രതിനിധികള്‍ മുഖേന ഓടകള്‍ വൃത്തിയാക്കാന്‍ ശ്രമിക്കുകയും വേണം. കിണറുകള്‍ ക്ളോറിനേറ്റ് ചെയ്യുന്നതു നല്ലതാണ്. മഴ പെയ്തുതുടങ്ങിയ ഉടനെയാണ് ക്ളോറിനേഷന്‍ ചെയ്യേണ്ടത്. കഴിയുന്നതും പ്രദേശത്തെ എല്ലാ കിണറുകളും ഒരുമിച്ചു ക്ളോറിനേറ്റ് ചെയ്യുക.

വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കുക. ചെറിയ ചെടികളില്‍ കൊതുകുകള്‍ എളുപ്പം പെരുകുന്നതാണ്. തോട്ടങ്ങളിലെ കമുകിന്‍പാളകളിലും മറ്റും വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യത കൂടുതലാണ്. സെപ്റ്റിക് ടാങ്കിന്റെ സ്ളാബിന്റെ വിടവുകള്‍ സിമന്റ് ഉപയോഗിച്ച് അടയ്ക്കണം. വിന്റ് പൈപ്പില്‍ നെറ്റ് ഇടാനും മറക്കരുത്. രോഗം പരത്തുന്ന കൊതുകുകളുടെ ഉദ്ഭവസ്ഥാനങ്ങളാണവ. അതു കണ്ടെത്തി അവയെ നശിപ്പിക്കുന്നതാണ് ഏറ്റവും നല്ല രോഗപ്രതിരോധപ്രവര്‍ത്തനം.

വൃത്തിഹീനമായ സാഹചര്യത്തില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ കണ്ടാല്‍  വിവരം അറിയിക്കണം.

മാലിന്യങ്ങള്‍ ഓടയില്‍ വലിച്ചെറിയാതെ നശിപ്പിക്കാന്‍ ശീലിക്കണം. എലികള്‍ പെറ്റുപെരുകാന്‍ അതു കാരണമാവും. എലി മാത്രമല്ല, കന്നുകാലികള്‍, പൂച്ച, പട്ടി എന്നിവയും എലിപ്പനിയുടെ രോഗാണുവാഹകരാണ്.

കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയാണ് എലിപ്പനി പകരുന്നത്. അതിനാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഉപ്പോ ബ്ളീച്ചിങ് പൌഡറോ വിതറുക. വീടുകളില്‍ പാത്രം കഴുകുന്ന സ്ഥലം, അലക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് അണുക്കള്‍ കൂടുതല്‍ കണ്ടുവരാറുള്ളത്. ഈ സ്ഥലങ്ങളില്‍ അണുനശീകരണത്തിന് ഉപ്പ് വിതറിയാല്‍ മതി. വൃത്തിഹീനമായി കെട്ടിക്കിടക്കുന്ന ജലാശയത്തില്‍ കുളിക്കുന്നതിലൂടെ ചെവി, മൂക്ക്, വായ എന്നിവയിലൂടെ എലിപ്പനിയുടെ അണുക്കള്‍ മനുഷ്യരിലേക്കു പടരാനിടയുണ്ട്.


1. പനി കണ്ടാലുടന്‍ ഡോക്ടറുടെ സേവനം ഉറപ്പാക്കുക.
2. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ശീലമാക്കുക.
3. വീട്ടിലാര്‍ക്കെങ്കിലും എലിപ്പനിയുണ്ടെങ്കില്‍ പ്രതിരോധത്തിനായി ഡോക്സി സൈക്ളിന്‍ കഴിക്കുക.
4. പനി വന്നുകഴിഞ്ഞാല്‍ മറ്റുള്ളവരുമായുള്ള സഹവാസം കുറയ്ക്കുക.