Sunday 25 March 2012

വേനലില്‍ വാടാതിരിക്കാന്‍

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ ചുട്ടുപൊള്ളുമെന്നാണ് മുന്നറിയിപ്പ്.  ഹൃദ്രോഗികള്‍, പ്രായമേറിയവര്‍, കുഞ്ഞുങ്ങള്‍, സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ചൂടേറ്റു വാടാതിരിക്കാന്‍ ചില കാര്യങ്ങള്‍ ചൂടോടെ.ഇനിയങ്ങോട്ടു ചൂടുവാര്‍ത്തകളുടെ സമയമാണ്. പ്രത്യേകിച്ചൊരു പ്രകോപനവും കൂടാതെ കണ്ണില്‍ക്കണ്ടവരോടൊക്കെ സൂര്യന്‍ ചൂടാവുന്ന കാലം. പൊള്ളുന്ന സത്യം തിരിച്ചറിഞ്ഞില്ലെങ്കില്‍ കടുത്ത വേനലില്‍ വെയിലേറ്റു വാടിപ്പോകും. ചൂടിനൊപ്പം രോഗങ്ങളും കൂടുമെന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം. രോഗപ്രതിരോധത്തിന്റെ തണലുപറ്റി നടക്കുകയേ നിവൃത്തിയുള്ളൂ.ചൂടു കൂടിക്കൂടി വരികയാണ്. വരാനിരിക്കുന്ന രണ്ടുമാസങ്ങളും ചുട്ടുപൊള്ളുമെന്നാണ് വിദഗ്ധപക്ഷം. ഹൃദ്രോഗികള്‍, പ്രായമേറിയവര്‍, കുഞ്ഞുങ്ങള്‍, സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അന്തരീക്ഷ ഊഷ്മാവ് 41 ഡിഗ്രി കടക്കുമ്പോള്‍ സൂര്യാഘാത ലക്ഷണങ്ങള്‍ പ്രകടമാവാനിടയുണ്ട്. നിര്‍ജലീകരണത്തില്‍നിന്നു രക്ഷപ്പെടാന്‍ ധാരാളം വെള്ളം കുടിക്കുകയാണ് പ്രധാന പോംവഴി. കൂടുതല്‍ സമയം വെയില്‍കൊള്ളുന്ന സാഹചര്യം പരമാവധി ഒഴിവാക്കിയാല്‍ നന്ന്. തലച്ചോറ്, ത്വക്ക്, ഹൃദയം, മസിലുകള്‍ എന്നിവയെ ഗുരുതരമായ തോതില്‍ത്തന്നെ സൂര്യഘാതം ബാധിക്കാം. ചൂടുപേടിച്ച് വീടിനുള്ളില്‍ ഇരിക്കുന്നവരും സൂര്യതാപത്തെ സൂക്ഷിക്കണം.

വെള്ളം കുടിക്കൂ...
നിര്‍ജലീകരണം വരാതിരിക്കാന്‍ ഇഷ്ടംപോലെ വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളമായാല്‍ നന്ന്. ഇരുപതു മിനിറ്റോളം 100 ഡിഗ്രി സെല്‍ഷ്യസില്‍ വെട്ടിത്തിളച്ചാലേ വെള്ളം പൂര്‍ണമായും അണുവിമുക്തമാകൂ. മഞ്ഞപ്പിത്തത്തിനു കാരണമാകുന്ന അണുക്കള്‍ ചൂടിനെ പ്രതിരോധിക്കും.  തിളച്ചശേഷം വെള്ളം മറ്റു പാത്രങ്ങളിലേക്കു മാറ്റരുത്. അതേ പാത്രത്തില്‍നിന്നുതന്നെ എടുത്ത് ഉപയോഗിക്കുന്നതാവും നല്ലത്. ദിവസേന കുറഞ്ഞതു രണ്ടര ലീറ്റര്‍ വെള്ളമെങ്കിലും കുടിച്ചേ പറ്റൂ. കായികാധ്വാനമുള്ള ജോലിയില്‍ ഏര്‍പ്പെടുന്നവരാണെങ്കില്‍ അളവ് പിന്നെയും കൂട്ടാം. ഉച്ചയ്ക്കു 12 മുതല്‍ രണ്ടുവരെയാണ് സാധാരണ ശക്തമായ രീതിയില്‍ ചൂട് അനുഭവപ്പെടുന്നത്. ഈ സമയം വിശ്രമിക്കാന്‍ പറ്റുമെങ്കില്‍ നന്നായി.

അയഞ്ഞവസ്ത്രങ്ങള്‍ ധരിക്കുക, നടക്കുമ്പോള്‍ തണലുപറ്റി പോവുക. ജീരകം, പതിമുഖം, തുളസി ഇവയിലേതെങ്കിലും ഇട്ടു തിളപ്പിച്ച വെള്ളം യാത്രകള്‍ക്കു പോകുമ്പോള്‍ കൂടെ കരുതാം. വെള്ളം ധാരാളം കുടിക്കാമെങ്കിലും ആരോഗ്യത്തിനു ഹാനികരമായ 'വെള്ളം ഒഴിവാക്കണം. അല്ലെങ്കില്‍ ഒഴിവാക്കിയ
രോഗങ്ങള്‍ പലതും തിരിച്ചുവരുമെന്നറിയുക. തണുത്ത ബിയറും നിര്‍ജലീകരണം കൂട്ടുകയേയുള്ളൂ. അമിതദാഹം, മൂത്രം കുറയുക, ഛര്‍ദി, രക്തസമ്മര്‍ദം കുറയുക, നാവു വരളുക എന്നിവ കണ്ടാല്‍ നിര്‍ജലീകരണം ആണെന്നു സംശയിക്കാം. അല്‍പം ഉപ്പുചേര്‍ത്ത കഞ്ഞിവെള്ളം, ഓറഞ്ചുനീര്, കരിക്കിന്‍വെള്ളം, ഓറഞ്ച് ജ്യൂസ് എന്നിവയെല്ലാം നല്ലതാണ്. ദഹിക്കാന്‍ എളുപ്പമുള്ളതും ജലാംശം കൂടുതലുള്ളതുമായ ഭക്ഷണമാണു വേനല്‍ക്കാലത്ത് ഉത്തമം. വാഴപ്പഴം, ചക്കപ്പഴം, ഞാവല്‍പ്പഴം, മാമ്പഴം, തണ്ണിമത്തന്‍ തുടങ്ങിയവയെല്ലാം ഏറെ പ്രയോജനപ്രദമാണ്.

ജലജന്യരോഗങ്ങള്‍ ഭീഷണിജലത്തിലൂടെ പകരുന്ന രോഗങ്ങളാണ് പ്രധാനമായും വേനല്‍ക്കാലത്ത് ഭീഷണി ഉയര്‍ത്തുന്നത്. കോളറ, അതിസാരം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവ പിടിപെടാനുള്ള സാധ്യത വളരെ കൂടുതല്‍. വെള്ളത്തില്‍ക്കൂടി പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എയും ഇയും. വിട്ടുവിട്ടുള്ള പനി, ശരീരമാസകലം വേദന, വിശപ്പില്ലായ്മ, നിരന്തര ക്ഷീണം, മനംപിരട്ടല്‍, ഉന്മേഷമില്ലായ്മ എന്നിവയാണു ലക്ഷണങ്ങള്‍. അസുഖം മൂര്‍ച്ഛിച്ചാല്‍ ചിലപ്പോള്‍ ഛര്‍ദിയുമുണ്ടാകും.വേനല്‍ച്ചൂട് കൂടുമ്പോഴാണു ചിക്കന്‍പോക്സിന്റെ ഭീഷണി. തൊലിപ്പുറത്തു കുമിളകളായാണു രോഗം പ്രത്യക്ഷപ്പെടുക. യഥാസമയം ചികില്‍സിച്ചില്ലെങ്കില്‍ ആന്തരികാവയവങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ 14 ദിവസമെടുക്കും. രോഗം ഭേദമാകുന്നതിനും 14 ദിവസത്തെ ഇടവേളയുണ്ട്. ഡോക്ടറെ കണ്ട് ആവശ്യമായ ചികില്‍സതേടണം.

കണ്ണടയ്ക്കരുതേ

നേത്രപടലത്തിനുണ്ടാകുന്ന അണുബാധയായ ചെങ്കണ്ണ് ചൂടുകാലത്തെ മറ്റൊരു പ്രശ്നക്കാരനാണ്. വൈറസ്, ബാക്ടീരിയ എന്നിവമൂലം രോഗമുണ്ടാകാം. പനി, തലവേദന, കണ്ണുകള്‍ക്കു ചൊറിച്ചില്‍, ചൂട്, കണ്‍പോളകള്‍ക്കു തടിപ്പ്, പീളകെട്ടല്‍, പ്രകാശം ഏല്‍ക്കുമ്പോള്‍ വല്ലായ്മ എന്നിവയാണു ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍. പകല്‍സമയത്തെ കടുത്തചൂടും വൈകിട്ടുള്ള മഴയും ചെങ്കണ്ണു വ്യാപകമാക്കും. നല്ല ശുദ്ധമായ വെള്ളത്തില്‍ ഇടയ്ക്കിടെ മുഖം കഴുകുന്നതു നല്ലതാണ്. ചെങ്കണ്ണ് വന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കണം.

കുട്ടികളെ ശ്രദ്ധിക്കണം
വേനല്‍ക്കാലത്ത് കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ വേണം. തിളയ്ക്കുന്ന വെയിലുള്ള സമയത്ത്, സ്കൂള്‍ അടുത്താണെങ്കില്‍പോലും കുട്ടികളെ നടന്നുപോകാന്‍ സമ്മതിക്കരുത്. ഉച്ചയ്ക്കു വീട്ടില്‍വന്ന് ഊണുകഴിച്ചിട്ടു തിരികെപ്പോകുന്ന പതിവും തല്‍ക്കാലം ഈ വെയിലത്തു വേണ്ടെന്നു പറയുക. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കു കുടിക്കാന്‍ വീട്ടില്‍നിന്നുതന്നെ തിളപ്പിച്ചാറിയ വെള്ളം കൊടുത്തുവിടാന്‍ മറക്കരുത്.

ഇനിയുമുണ്ട് ശ്രദ്ധിക്കാന്‍
ചൂടുകാലത്ത് ഇളംനിറത്തിലുള്ളതും അയഞ്ഞതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. പുറത്തിറങ്ങുമ്പോള്‍ ഒരു കുടകൂടി കയ്യിലിരുന്നോട്ടെ. കാപ്പി, ചായ അധികം വേണ്ട. നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ കഠിനമായ വെയിലത്ത് അധികസമയം ചെലവഴിക്കരുത്. ലഘുവായ സമീകൃതാഹാരം ശീലിക്കണം. ദിവസം രണ്ടുനേരം കുളിക്കുക. യാത്രകള്‍ കഴിവതും ഉച്ചയ്ക്കു 12 മണിക്കു മുന്‍പേയും മൂന്നിനു ശേഷവും ക്രമീകരിക്കുക.

സൂര്യതാപമോ സൂര്യാഘാതമോ ഏല്‍ക്കുന്ന വ്യക്തിയെ പെട്ടെന്നുതന്നെ തണലിലേക്കു മാറ്റിക്കിടത്തണം. കട്ടികൂടിയ വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ടെങ്കില്‍ ഒഴിവാക്കണം. സാധാരണ വെള്ളത്തില്‍ തുണിമുക്കി ശരീരം തുടയ്ക്കണം. തണുത്ത വെള്ളം ഉപയോഗിക്കരുത്. ഇത്രയും ചെയ്തശേഷം എത്രയുംവേഗം ആശുപത്രിയില്‍ എത്തിക്കുകയാണ് ഉത്തമം.

വിവരങ്ങള്‍ക്കു കടപ്പാട്:
ഡോ. എം.എ. സിയാര്‍ , (സിവില്‍ സര്‍ജന്‍, ജില്ലാ ആശുപത്രി, പാലക്കാട്)
(മനോരമ ഓണ്‍ലൈനില്‍ നിന്ന്)