Thursday 6 October 2011

പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങള്‍

പണക്കാരുടെ രോഗങ്ങള്‍ പാവങ്ങളില്‍ പടരുന്നു
Posted on: 24 Sep 2011
ഒ. കെ. മുരളീകൃഷ്ണന്‍


ലോകത്ത് 170കോടിപേര്‍ കൊടിയ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ സമ്പന്നരുടെ രോഗമെന്ന് കരുതു ജീവിത ശൈലീരോഗങ്ങളടക്കമുള്ള പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങള്‍ (non communicable diseases-എന്‍ .സി.ഡി) മാനവരാശിയെ കൊന്നൊടുക്കുകയാണ്. പകര്‍ച്ചവ്യാധികളെ നിയന്ത്രിച്ചാല്‍ എല്ലാമായി എന്ന വിശ്വാസത്തില്‍ മുന്നോട്ട് പോകുന്ന ലോകജനതയെ ഭീതിയിലാഴ്ത്തുന്ന വസ്തുതകളാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പുറത്തു വിടുന്നത്.പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളാണ് ലോകജനതയ്ക്ക് കൂടുതല്‍ വിപത്തുണ്ടാക്കുകയെന്നാണ് ഇപ്പോള്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.2008ല്‍ ലോകത്തെ മരണ സംഖ്യയുടെ 63 ശതമാനവും ഇത്തരം രോഗങ്ങള്‍കൊണ്ടാണ് ഉണ്ടായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

2030ഓടെ എന്‍.സി.ഡി. കൊണ്ടുണ്ടാകുന്ന മരണസംഖ്യ 5.2കോടിയാകുമെന്നാണ് വിലയിരുത്തല്‍.ഈ പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ചചെയ്യാന്‍ ഐക്യരാഷ്ട്രസഭ പ്രത്യേക സമ്മേളനംതന്നെ വിളിച്ചുചേര്‍ത്തത്. ആരോഗ്യസംബന്ധമായ വിഷയത്തില്‍ മുന്‍പ് എയ്ഡ്‌സിനെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ മാത്രമാണ് യു.എന്‍ .ഒരു സമ്മേളനം വിളിച്ചുചേര്‍ത്തത്.
2008ല്‍ പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങള്‍ (ഉദാ: കാന്‍സര്‍ , പ്രമേഹം, ഹൃദ്‌രോഗം, കരള്‍രോഗം) ബാധിച്ചു മരിച്ചവരില്‍ 80 ശതമാനവും സാമ്പത്തികമായി താഴ്ന്നതോ ഇടത്തരം നിലയിലോ നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നതും പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്ന വിഷയമാണ്. കൂടുതലാളുകളെ ബാധിക്കുകയാണെന്നതിനാലും നീണ്ടുനില്‍ക്കുന്നുവെന്നതിനാലും വ്യക്തികള്‍ക്കും സര്‍ക്കാരുകള്‍ക്കും കനത്ത സാമ്പത്തികബാധ്യത വരുത്തിവെക്കുന്നുവെന്നതാണ് ഇത്തരം രോഗങ്ങളുടെ മറ്റൊരു കെടുതി.വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കനുസരിച്ച് അടുത്ത 15 വര്‍ഷംകൊണ്ട് താഴ്ന്നതോ ഇടത്തരം നിലയിലോ നില്‍ക്കുന്നതോ ആയ രാജ്യങ്ങള്‍ രോഗചികിത്സയ്ക്കും പ്രതിരോധത്തിനുമായി ഏഴ് ലക്ഷംകോടി രൂപയുടെ ബാധ്യത ചുമക്കേണ്ടിവരും.ശ്രദ്ധേയമായ മറ്റൊരു വസ്തുത ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളില്‍ എയ്ഡ്‌സ്, ക്ഷയം, മസ്തിഷകജ്വരം, മലേറിയ എന്നിവയേക്കാള്‍ മരണ കാരകമാകുന്നതായി എന്‍ .സി.ഡി മാറിയിരിക്കുന്നുവെന്നതാണ്.

ജീവിതദൈര്‍ഘ്യം കൂടുന്നതാണ് ദരിദ്രരാജ്യങ്ങളില്‍ എന്‍ .സി.ഡി മൂലമുള്ള മരണം കൂടാനുള്ള കാരണങ്ങളിലൊന്നായി പറയുന്നത്.ഇത്തരം രാജ്യങ്ങളുടെ സാമ്പത്തികനിലവാരം മെച്ചപ്പെടുന്നതോടെ പ്രമേഹം, ശ്വാസകോശാര്‍ബുദം തുടങ്ങിയവ വര്‍ധിക്കുന്നതായും കാണുന്നു.എന്നാല്‍ ജീവിത നിലവാരം ഉയര്‍ന്നതോടെ ഹൃദ്‌രോഗങ്ങള്‍ കുറഞ്ഞതായും കാണുന്നു.ദരിദ്രരാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന ഇത്തരം രോഗങ്ങള്‍ ചികിത്സാ സമ്പ്രദായങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ തടയാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍ .മറ്റൊന്ന് പിന്നാക്ക,ഇടത്തരം സാമ്പത്തിക നിലയുള്ള രാജ്യങ്ങളില്‍ ജനനനിരക്ക് കുറഞ്ഞ് ചെറുപ്പക്കാരേക്കാള്‍ മുതിര്‍ന്നവരുടെ എണ്ണം കൂടുന്നതും രോഗാവസ്ഥ വര്‍ധിപ്പിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ദരിദ്രരാജ്യങ്ങളിലെ സ്ഥിതി ഇതാണെങ്കില്‍ വികസ്വര രാജ്യങ്ങളില്‍ ജീവിതശൈലിയില്‍ വന്ന മാറ്റം ഇത്തരം രോഗങ്ങള്‍ വര്‍ധിക്കാനിടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍ .വ്യായാമക്കുറവും, കൊഴുപ്പും മധുരവുമേറിയതുമായ ഭക്ഷണവും മറ്റൊരു പ്രധാന കാരണമാണ്. വികസ്വര,അവികസിത രാജ്യങ്ങളില്‍ എയ്ഡ്‌സ്, മലേറിയ, ക്ഷയം തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്നതിനേക്കാള്‍ മരണം പുകയിലയുടെ ഉപയോഗത്താലുണ്ടാകുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.

എന്‍ .സി.ഡി ബാധിച്ചു മരിക്കുന്നവരിലേറെയും ദരിദ്രരാകുന്നത് ഉത്പാദനമേഖലയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍ . കൂടാതെ അവരുടെ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയേയും അതു ബാധിക്കും. ചുരുക്കത്തില്‍ ദാരിദ്ര്യം ഇത്തരം രോഗാവസ്ഥയിലേക്കു നയിക്കുന്നതുപോലെ എന്‍ .സി.ഡി കൊണ്ടുള്ള മരണം ദാരിദ്ര്യത്തിലേക്കും നയിക്കും.ഇതൊരു വിഷമവൃത്തമാണ്.

ലോകജനതയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നം എന്ന നിലയില്‍ വിഷയം ഐക്യരാഷ്ട്രസഭയോടൊപ്പം വിവിധ സംഘടനകളും ചര്‍ച്ചചെയ്യുന്നുണ്ട്.സുസ്ഥിര വികസനവും വിദ്യഭ്യാസത്തിന്റെ വ്യാപനവുമാണ് അവികസിത,വികസ്വര രാജ്യങ്ങള്‍ക്ക് ഈ വിഷയത്തില്‍ അടിസ്ഥാനപരമായി ചെയ്യാനുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.എന്‍ .സി.ഡി. നിയന്ത്രിക്കുകയെന്നത് ഏറെ പണച്ചെലവുള്ള കാര്യമല്ലെന്നും ഇവര്‍ പറയുന്നു.പ്രതിശീര്‍ഷം ഒരു ഡോളര്‍ ഒരുവര്‍ഷത്തേക്കു ചെലവഴിച്ചാല്‍ വലിയ മാറ്റമുണ്ടാകുമെന്നാണു വിലയിരുത്തല്‍ .

എ‍ന്‍ എസ് ഡി നിയന്ത്രിക്കുന്നതിനുള്ള ദേശീയ പരിപാടി ആരോഗ്യ വകുപ്പ് (എന്‍ ആര്‍ എച്ച് എം)  ആരംഭിച്ചു കഴിഞ്ഞു.