Thursday, 13 October 2011
കണ്ണു തന്നെ പ്രധാനം
ഇന്ന് ലോക കാഴ്ച്ച ദിനമാണ്. നേത്ര സംരക്ഷണം എല്ലാവര്‍ക്കും എന്നതാണ് സന്ദേശം. ജില്ലാതല ഉദ്ഘാടനം എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാവിലെ 10ന് കൊച്ചി മേയര്‍ ടോണി ചമ്മണി നിര്‍വഹിക്കും.
കണ്ണു തന്നെ പ്രധാനം
ഇന്ദ്രിയം അഞ്ചും പത്തും ഒക്കെയുണ്ടെങ്കിലും അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതു കണ്ണു തന്നെ. 'സര്‍വേന്ദ്രിയാണാം നയനം പ്രധാനം' എന്നതു സംസ്കൃതക്കാരുടെ ചൊല്ല്. സംസ്കൃതമൊന്നുമറിയാത്ത നമ്മുടെ സാധാരണക്കാരനും അറിയാം, കണ്ണു പ്രധാനപ്പെട്ടതാണെന്ന്. ക്യാമറ പോലെയാണ് കണ്ണ് എന്നോ കണ്ണ് പോലെയാണ് ക്യാമറ എന്നോ രണ്ടും പറയാം. കണ്ണിലുണ്ണി, എന്റെ കണ്ണേ എന്നിങ്ങനെ വിശേഷിപ്പിച്ചാലും കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്ന് ഓര്‍മിപ്പിച്ചാലും തീരുന്നതല്ല അതിന്റെ പ്രസക്തി. രൂപങ്ങള്‍ ഗ്രഹിക്കുക എന്ന ചുമതല നിറവേറ്റാന്‍ കണ്ണ് ചുമ്മാ വിചാരിച്ചാല്‍ നടക്കില്ല. രൂപഗ്രഹണത്തിനും അതു മനസിലാക്കാനും നാഡികളും അതുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗവും വിചാരിക്കുക തന്നെ വേണം.
കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ചയാള്‍ക്കു സലാം. ടി കക്ഷിയാണ് കണ്ണുകളെ ഭംഗിയായി സംരക്ഷിച്ച് കൃഷ്ണമണി കഴുകി വൃത്തിയാക്കി കണ്ണിലെ ചെറിയ മുറിവുകളെ വേഗത്തില്‍ ഉണക്കി അണുബാധ തടഞ്ഞ് സുന്ദരമായി നിലനിറുത്തുന്നത്.
ഇരിപ്പുവശം
തലയോട്ടിയുടെ മുന്‍ ഭാഗത്ത് ഇരുവശങ്ങളിലുമായി അസ്ഥികള്‍ കൊണ്ടുണ്ടാക്കിയ രണ്ട് ദ്വാരങ്ങളിലാണ് നേത്രഗോളങ്ങളുടെ ഇരിപ്പു വശം. ആളിത്തിരി വെയ്റ്റുള്ള ആളായതുകൊണ്ട് വഴിതെറ്റി അപകടങ്ങള്‍ വന്നുവീഴാതിരിക്കാന്‍ കണ്‍പോളകള്‍ കണ്‍പീലികള്‍ എന്നിങ്ങനെയുള്ള സുരക്ഷാഭടന്‍മാരുടെ കാവലുണ്ട്.
അടിപൊളി ലെന്‍സ്
കണ്ണ് ആളുവളരെ ഡീസന്റാണെങ്കിലും എന്തിന്റെയും തല തിരിഞ്ഞ ചിത്രമേ എടുക്കൂ .ക്യാമറ പോലെ .അതു പിന്നെ ശരിപ്പെടുത്തിയെടുക്കാന്‍ ഒരു ലെന്‍സ് തന്നെ വേണം. മുന്നില്‍ പെടുന്ന ഏതിനെയും പിടിച്ച് അകത്താക്കാന്‍,റെറ്റിനയില്‍ പതിപ്പിക്കാന്‍, സ്വയം രൂപം മാറുന്നതിനും ചലിക്കുന്നതിനും ശേഷിയുള്ള ലെന്‍സാണ് കണ്ണിലുള്ളത്. ജലവും പ്രോട്ടീനും കൊണ്ട് നിര്‍മിക്കപ്പെട്ട ഈ സുതാര്യമായ ലെന്‍സില്‍ വിവിധ കാരണങ്ങള്‍ കൊണ്ട് പ്രോട്ടീനുകള്‍ കട്ടപിടിക്കുകയും നിറം മാറുകയും ക്രമേണ കാഴ്ചശക്തി കുറയുകയും ചെയ്യുന്ന അവസ്ഥയാണ് തിമിരം. റെറ്റിനയില്‍ പ്രകാശരശ്മികള്‍ ശരിക്കു പതിയാത്തതുകൊണ്ടുണ്ടാകുന്ന ഇടങ്ങേറുകളാണ് ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി , അസ്റ്റിഗ്മാറ്റിസം.പരിഹാരം കണ്ണടയോ കോണ്ടാക്ട് ലെന്‍സോ തന്നെ.
കഴിക്കൂ... കുളിക്കൂ...
കണ്ണിനു തിളക്കം ലഭിക്കുന്നതിനും രാത്രിയില്‍ കാഴ്ച ലഭിക്കുന്നതിനും ജീവകം എ തന്നെ വേണം . കാരറ്റ് , പപ്പായ, മാങ്ങ, മല്‍സ്യം, ചീര. കരള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങി വൈറ്റമിന്‍ എ സമൃദ്ധമായ ഭക്ഷണം കഴിക്കൂ. പതിവായി എണ്ണതേച്ചുകുളിക്കുന്നതും കണ്ണെഴുതുന്നതും കണ്ണിനു നല്ലതെന്നു ആയുര്‍വേദം. പാവയ്ക്കാ, ചെറുപയര്‍, പടവലങ്ങ എന്നിവ പതിവായി ഉപയോഗിക്കുന്നതും നന്നെന്ന് ആയുര്‍വേദം. നെയ്യ് ചേര്‍ത്ത ഇലക്കറികള്‍, മുന്തിരിങ്ങ, മാതളനാരങ്ങ, എന്നിവയും കൊള്ളാമെന്നുംശാസ്ത്രം.ഇനി കണ്‍മഷി ആയുര്‍വേദപ്രകാരം വേണമെങ്കില്‍ 4കോലരക്കിന്‍ചാറ്, കരുനൊച്ചി ഇലനീര്, കയ്യന്യത്തിന്‍ നീര്, മരമഞ്ഞള്‍ തൊലിക്കഷായം എന്നിവ ഓരോന്നിലും ഏഴുപ്രാവശ്യം മുക്കി ഉണക്കി,ശുദ്ധമായ പരുത്തിത്തുണി തിരിയാക്കി ശുദ്ധമായ നെയ്യൊഴിച്ച് തിരിയാക്കി വിളക്കുകത്തിച്ച് അതിന്റെ പുക തളികയില്‍ കൊള്ളിച്ചൊക്കെ വേണം ഈ കണ്‍മഷിയുണ്ടാക്കാന്‍.
കണ്ണു തന്നെ പ്രധാനം
പഴമയുടെ നാട്ടറിവുകള്‍ പലതും അലോപ്പതിക്കു വഴങ്ങുന്നവയല്ല. ആയുര്‍വേദത്തില്‍ പോലും ആധികാരികത കണ്ടെത്താന്‍ കഴിയാത്ത നാട്ടറിവുകളുമുണ്ട്. കണ്ണു നന്നാക്കാ നുള്ള വഴികളേറെ നമ്മുടെ നാട്ടറിവുകളിലുണ്ട്. മുലപ്പാല്‍ ഒഴിച്ചാല്‍ കണ്ണിന്റെ എല്ലാ രോഗവും മാറുമെന്നത് മലയാളിയുടെ പണ്ടേയുള്ള കേട്ടറിവ്. കരിക്കിന്‍വെള്ളം കൊണ്ടു ധാര ചെയ്താല്‍ ചെങ്കണ്ണു മാറുമെന്നും പഴമക്കാര്‍ പറയും. കണ്ണിലെ ചൊറിച്ചിലിനും ചെങ്കണ്ണിനുമൊക്കെ മരുന്നായി ആയുര്‍വേദക്കാര്‍ നിര്‍ദേശിക്കുന്ന മരുന്നുകളിലൊന്നാണ് ഇളനീര്‍ക്കുഴമ്പ്. നന്ത്യാര്‍വട്ടപ്പൂവിന്റെ നീര് കണ്ണിലെ മുറിവു മാറാനും മറ്റും നല്ലതാണത്രേ.
എന്നാല്‍, പണ്ടുള്ളവര്‍ കണ്ണില്‍ പ്രയോഗിച്ചിരുന്ന ഇത്തരത്തിലുള്ള പല നാട്ടറിവുകളും ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടതല്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ സ്പെഷലിസ്റ്റും ഒഫ്താല്‍മോളജി വകുപ്പിന്റെ മുന്‍ മേധാവിയുമായ ഡോ. ആര്‍. വേലായുധന്‍ നായര്‍ പറയുന്നു.
മുരിങ്ങയിലനീര് തേന്‍ ചേര്‍ത്ത് കണ്ണിലെഴുതിയാല്‍ കണ്ണിന്റെ ചൊറിച്ചില്‍ മാറുമെന്നും തുമ്പപ്പൂ ചതച്ച് ഇന്തുപ്പു കൂട്ടി കണ്ണില്‍ ഇറ്റിച്ചാല്‍ കണ്ണിലെ മുറിവു മാറുമെന്നുമൊക്കെ യുള്ള നാട്ടറിവുകള്‍ ഇനിയും തെളിയിക്കപ്പെടേണ്ടതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
തുളസിനീരിന്റെ പല ഗുണങ്ങളും അടുത്തയിടെയായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും കണ്ണിന്റെ കാര്യത്തില്‍ അത് എത്രത്തോളം ഗുണം ചെയ്യുമെന്ന പഠനങ്ങളുടെ ആധികാരിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ലെന്നും ഡോ. വേലായുധന്‍ നായര്‍ പറയുന്നു. പഴമയുടെ നാട്ടറിവുകള്‍ പലതും അലോപ്പതിക്കു വഴങ്ങുന്നവയല്ല. ആയുര്‍വേദത്തില്‍ പോലും ആധികാരികത കണ്ടെത്താന്‍ കഴിയാത്ത നാട്ടറിവുകളുമുണ്ട്. ഏതായാലും തലമുറകളില്‍ നിന്നു തലമുറകളിലേക്കു കൈമാറിക്കിട്ടിയ നാട്ടറിവുകള്‍ക്കു സ്വന്തമായുള്ളത് അനുഭവങ്ങളുടെ അടിത്തറ മാത്രം.
കെ.രേഖ മനോരമ ഓണ്‍ലൈനിലെഴുതിയ ലേഖനമാണിത്.