മഴക്കാലമായതോടെ കേരളത്തിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ കിടക്കകളും വരാന്തകളും പനിരോഗികളെക്കൊണ്ട് നിറഞ്ഞുകവിയുകയാണ്.
മുന്‍കാലങ്ങളില്‍ മഴക്കാലത്ത് പകരുന്നത് ‘ഫ്‌ളൂ’ പനിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ എലിപ്പനി, ഡെങ്കിപ്പനി, ചികുന്‍ഗുനിയ എന്നിവയും പുതുതായി ആവിര്‍ഭവിച്ച എച്ച്1 എന്‍1 പനിയും ഭീഷണി ഉയര്‍ത്തുന്നു. തകിടം മറിയുന്ന പരിസ്ഥിതികളുടെ പിന്‍ബലത്തില്‍ മലമ്പനി തിരിച്ചുവന്ന് ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. അങ്ങനെ അനാരോഗ്യ വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്.
കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്ഥയും പകര്‍ച്ചവ്യാധികള്‍ക്കും കൊതുകുജന്യ രോഗങ്ങള്‍ക്കും അനുകൂലമാണ്. ഭൂമധ്യരേഖക്ക് 20 ഡിഗ്രി വടക്കായി, ഉഷ്ണമേഖലയില്‍ കിടക്കുന്ന കേരളത്തില്‍ ശരാശരി വര്‍ഷത്തില്‍ 3000 മി.മീ.എന്ന തോതില്‍ മഴ ആറു മാസമായി ലഭിക്കുന്നുണ്ട്. അന്തരീക്ഷ താപനില 20-40 ഡിഗ്രിക്കിടയിലാണ് -ഇതൊക്കെ കൊതുകിന്റെ അതിജീവനത്തിന് അനുകൂലമാണ്. വീടുകളുടെ ആധിക്യവും ജനസാന്ദ്രതയും (900/സ്‌ക്വയര്‍ കി.മീ), നിരന്തരം യാത്രചെയ്യുന്ന ജനങ്ങളുടെ (Mobility) പൊതുസ്വാഭാവവും രോഗപ്പകര്‍ച്ചക്ക് അനുകൂലമാണ്. ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിക്കാത്തതും മാലിന്യങ്ങള്‍ തള്ളുന്നതും വെള്ളക്കെട്ടുകളുണ്ടാകുന്നതും രോഗവാഹകരായ എലികളും കൊതുകുകളും പെരുകാന്‍ കളമൊരുക്കുന്നു.
വൈറല്‍ പനി (ഫ്‌ളൂ)
പനികളില്‍ 80 ശതമാനത്തിലധികം വിവിധതരം വൈറസുകള്‍ പരത്തുന്ന ഫ്‌ളൂ എന്നറിയപ്പെടുന്ന വൈറല്‍ പനിയായിരിക്കും. ജലദോഷവും തുമ്മലും വേദനയും പനിയും സാധാരണ 3-4 ദിവസംകൊണ്ട് ഭേദമാകും. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും തെറിക്കുന്ന ചെറുകണങ്ങളിലൂടെ വായുമാര്‍ഗമാണ് പകരുന്നത്. രോഗിയുടെ മൂക്കിലും വായിലുമുള്ള സ്രവങ്ങള്‍, വിരലുകള്‍, ടവ്വലുകള്‍ തുടങ്ങിയവയിലൂടെ ഇത് മറ്റൊരാളിലേക്ക് പകരാവുന്നതാണ്. മഴക്കാലത്തെ ഈര്‍പ്പം വൈറസുകളെ എളുപ്പം പകരാന്‍ സഹായിക്കുന്നു.
വിശ്രമത്തോടൊപ്പം, ദ്രാവകരൂപത്തിലുള്ള ഭക്ഷണവും ഗുളികകളും കഴിച്ചാല്‍ വൈറല്‍ പനി തനിയെ ഭേദമാകും. എളുപ്പം പകരാന്‍ സാധ്യതയുള്ളതിനാല്‍ രോഗി വീട്ടില്‍തന്നെ വിശ്രമിക്കുന്നതാണ് പനി വ്യാപിക്കാതിരിക്കാന്‍ എളുപ്പമാര്‍ഗം. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ ടവ്വല്‍കൊണ്ട് അടച്ചുപിടിക്കുകയും ഇടക്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുകയും വേണം. വിദ്യാര്‍ഥികള്‍ക്ക് പനിയുടെ ലക്ഷണമുണ്ടായാല്‍ സ്‌കൂളില്‍ അയക്കാതിരിക്കാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കള്‍ കാണിക്കേണ്ടതുണ്ട്.
ഇത്തരം പനിക്കുശേഷം തൊണ്ടയിലും ശ്വാസകോശത്തിലും അണുബാധയുണ്ടായി കഫത്തിന് മഞ്ഞനിറം വരുമ്പോള്‍ മാത്രമേ ആന്റിബയോട്ടിക്കുകള്‍ ചികിത്സക്ക് ഉപയോഗിക്കേണ്ടതുള്ളൂ.
വൈറല്‍ പനിയുണ്ടാക്കുന്നത് വിവിധ തരം വൈറസുകളാണ്. അതുകൊണ്ടാണ് പനി മാറിക്കഴിഞ്ഞാലും കുറച്ച് ദിവസത്തിനുശേഷം മറ്റൊരു വൈറസ് ബാധമൂലം വീണ്ടും പനിക്കുന്നത്.
എച്ച്1 എന്‍1
2009 മാര്‍ച്ചില്‍ മെക്‌സികോയില്‍ പൊട്ടിപ്പുറപ്പെട്ട എച്ച്-1 എന്‍1 പനി ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍മൂലം ഉണ്ടായതാണ്. 2009 ജൂണില്‍തന്നെ കേരളത്തിലെത്തിയ ഈ രോഗാണു 2010ല്‍ സംസ്ഥാനത്ത് അനേകം പേര്‍ക്ക് ബാധിക്കുകയുണ്ടായി. പുതിയ വൈറസായതിനാല്‍ ആര്‍ക്കും രോഗാണുവിനെതിരെ ആര്‍ജിത പ്രതിരോധം ഇല്ലാത്തതിനാലും പകരുന്നത് വൈറല്‍ പനിപോലെ വായുവിലൂടെ ആയതിനാലും ഇത് എളുപ്പം വ്യാപിക്കാവുന്നതാണ്. പക്ഷേ, ആരംഭദശയിലുള്ള തീവ്രത മാറി ഭൂരിഭാഗം പേരിലും ജലദോഷപ്പനിപോലെ ലക്ഷണങ്ങള്‍ കാണിച്ച് തനിയെ ഭേദമാകും.
രോഗബാധയുള്ള ആളില്‍നിന്ന് ഒരാഴ്ചവരെ മറ്റൊരാളിലേക്ക് തൊണ്ടയിലും മൂക്കിലുമുള്ള സ്രവം വഴി രോഗം പകരാവുന്നതാണ്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ രോഗം പ്രത്യക്ഷപ്പെടാം. പനി, ജലദോഷം, തലവേദന, തൊണ്ടവേദന, ഛര്‍ദി എന്നിവയൊക്കെയാണ് രോഗലക്ഷണങ്ങള്‍. സാധാരണ പനിക്ക് ആവശ്യമായ ശ്രദ്ധയും ശുശ്രൂഷയും മാത്രമേ എച്ച്1എന്‍1 പനിക്കും വേണ്ടതുള്ളൂ (വീട്ടില്‍ വിശ്രമം, ധാരാളം വെള്ളം കുടിക്കുക എന്നിവ). എച്ച് 1 എന്‍ 1 പനിയുടെ കാറ്റഗറി എ, കാറ്റഗറി ബി എന്നിവക്ക് പരിശോധനാ ടെസ്റ്റുകള്‍ നടത്തേണ്ടതില്ല. ഗര്‍ഭിണികള്‍ അഞ്ച് വയസ്സില്‍ താഴെയുള്ളവര്‍, 65 വയസ്സില്‍ മേല്‍ പ്രായമുള്ളവര്‍, കിഡ്‌നി, കരള്‍ രോഗികള്‍ എന്നിവര്‍ക്കും കാറ്റഗറി സിയില്‍പ്പെട്ട എച്ച് 1 എന്‍ 1 രോഗികള്‍ക്കും ഔഷധമായ ഒസെല്‍റ്റാമിവിര്‍ (Oseltamivir) നല്‍കണം. പാശ്ചാത്യരാജ്യങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ എച്ച്1 എന്‍1 പനിക്ക് വൈറല്‍ പനിയുടെ ശ്രദ്ധ മാത്രമാണ് അനുശാസിക്കുന്നത്. സാധാരണ എല്ലാ പനികള്‍ക്കും അനാവശ്യമായി ‘ആന്റിവൈറല്‍’ ഔഷധങ്ങള്‍ നല്‍കുന്നതു രോഗാണുക്കള്‍ മരുന്നുകളെ അതിജീവിക്കാനും ചികിത്സ ഫലിക്കാതിരിക്കാനും പുതിയ രോഗാണുക്കള്‍ പിറവിയെടുക്കാനും കാരണമാവും.
എലിപ്പനി
ലെപ്‌റ്റോസ്‌പിറ (Leptospira) വിഭാഗത്തില്‍പെട്ട ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണം. സാധാരണ എലികളില്‍ കാണപ്പെടുന്ന ഈ ബാക്ടീരിയ അതിന്റെ ശരീരത്തില്‍ ആയുഷ്‌കാലം ഉണ്ടാവും. മൂത്രത്തിലൂടെ പുറത്ത് പരക്കുകയുംചെയ്യുന്നു. കൂടാതെ വളര്‍ത്തുമൃഗങ്ങളായ പശു, ആട്, നായ തുടങ്ങിയവയും എലിപ്പനി രോഗവാഹകരാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ മൂത്രത്തിലൂടെ നേരിട്ടും മണ്ണിലൂടെയും വെള്ളത്തിലൂടെയും തൊലികളിലെ മുറിവുകളിലൂടെയും വായ, കണ്ണ്, മൂക്ക് എന്നിവയിലെ ശ്ലേഷ്മ ചര്‍മം വഴിയും മനുഷ്യന്റെ ശരീരത്തില്‍ രോഗാണു പ്രവേശിക്കുന്നു. എലിപ്പനി ഒരിക്കലും ഒരു രോഗിയില്‍നിന്ന് മറ്റൊരാളിലേക്ക് പകരില്ല. കേരളത്തിലെ മണ്ണിന്റെ ‘ക്ഷാരഗുണവും’ ഒഴുകിപ്പോകാത്ത വെള്ളക്കെട്ടും എലികളെ പോറ്റുന്ന മാലിന്യക്കൂമ്പാരവും എലിപ്പനിയുടെ വ്യാപനം എളുപ്പമാക്കുന്നു. രോഗാണു ശരീരത്തിലെത്തിയാല്‍ 4-20 ദിവസങ്ങള്‍ക്കുള്ളില്‍ രോഗം പ്രത്യക്ഷപ്പെടും. 90 ശതമാനം പേരിലും അത്ര തീവ്രതയില്ലാതെയും 10 ശതമാനം പേരില്‍ തീവ്രത കൂടിയും രോഗം ഉണ്ടാകും. പനി, തലവേദന, മാംസപേശി വേദന (പ്രത്യേകിച്ച് കാലിന്റെ പേശികള്‍), കണ്ണുചുവക്കുക എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവരും വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്നവരും പനിയുള്ളപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. 10 ശതമാനം പേരില്‍ രോഗം കരളിനെ ബാധിച്ച് മഞ്ഞപ്പിത്തം ഉണ്ടാവും. തുടര്‍ന്ന് വൃക്കകള്‍ക്കോ ഹൃദയത്തിനെയോ തലച്ചോറിനെയോ ബാധിച്ച് അതിഗുരുതരാവസ്ഥയിലെത്തിച്ചേര്‍ന്ന് മരണംവരെ ഉണ്ടായേക്കാം. പനിയോടൊപ്പം മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയുക (24 മണിക്കൂറില്‍ 400 മില്ലിക്കു താഴെ), രക്തസമ്മര്‍ദം കുറയുക, ശ്വാസംമുട്ടുക, രക്തം തുപ്പുക, ബോധക്ഷയം എന്നിവയുണ്ടാകുമ്പോള്‍ രോഗിയെ ഉടനെ സൗകര്യമുള്ള ആശുപത്രിയില്‍ എത്തിക്കേണ്ടതാണ്.
മഴക്കാലങ്ങളില്‍ ഓവുചാലുകള്‍, കുളം എന്നിവ വൃത്തിയാക്കുന്നവര്‍, ദേശീയ തൊഴില്‍ ദാനപദ്ധതിയനുസരിച്ച് തൊഴിയിലിലേര്‍പ്പെടുന്നവര്‍ എന്നിവര്‍ എലിപ്പനി പ്രതിരോധ ഗുളികകള്‍ കഴിക്കണം. എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ വയലിലും പൈനാപ്പിള്‍ തോട്ടത്തിലും പണിയെടുക്കുന്നവര്‍, കേബിള്‍ കുഴിക്കുന്നവര്‍ തുടങ്ങിയവര്‍ കൈകാലുകള്‍ മുട്ടോളംവരെ പ്ലാസ്റ്റികുകൊണ്ട് പൊതിയുന്നത് നല്ലതാണ്. ശരീരത്തില്‍ മുറിവുള്ളവര്‍ അത് പ്ലാസ്റ്റര്‍കൊണ്ട് ഒട്ടിച്ചുവെക്കണം. വീടും പരിസരവും എലിശല്യമില്ലാതെ സംരക്ഷിക്കണം. തൊഴുത്തുകളുടെ ശുചിത്വം എലിപ്പനി പ്രതിരോധത്തിന്റെ പ്രാഥമിക പാഠമാണ്. 48 മണിക്കൂറുകള്‍ക്കുള്ളില്‍ ശരിയായ ചികിത്സ കിട്ടിയാല്‍ എലിപ്പനി ഭേദമാകും.
ചികുന്‍ഗുനിയ
2006ല്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ‘ചികുന്‍ഗുനിയ’ തുടര്‍വര്‍ഷങ്ങളില്‍ ജില്ലകള്‍ മാറിമാറി ജനങ്ങളുടെ ‘നടുവൊടിച്ചു’. ആര്‍ബോ വൈറസുകള്‍ ഉണ്ടാക്കുന്ന ഈ രോഗം ഈഡിസ് വര്‍ഗത്തില്‍പെട്ട കൊതുകുകള്‍ വഴിയാണ് മറ്റൊരാളിലേക്ക് പകരുന്നത്. (പകല്‍ കടിക്കുന്ന ‘വരയന്‍ കൊതുകുകള്‍’ വീടുകളില്‍ ചുറ്റിപ്പറ്റി കഴിയുന്നു). രോഗിയുടെ രക്തം കുടിക്കുന്ന പെണ്‍കൊതുകുകള്‍ വഴിയാണ് രോഗം പകരുന്നത്. രോഗാണു ശരീരത്തിലെത്തിയാല്‍ 1-3 ദിവസങ്ങള്‍ക്കകം രോഗം പ്രത്യക്ഷപ്പെടാം. പെട്ടെന്നുള്ള പനി, തലവേദന, വെളിച്ചം നോക്കാന്‍ വിഷമം, കഴുത്തും മുഖത്തും ചുവന്നുതുടുക്കുക, തൊലിയില്‍ തിണര്‍പ്പുകള്‍, നാഡികളില്‍ വേദനയും നീരും- ഇവയാണ് രോഗക്ഷണങ്ങള്‍. സാധാരണഗതിയില്‍ പനി 5-7 ദിവസങ്ങള്‍ക്കുള്ളില്‍ ഭേദമാകുന്നതാണ്. പക്ഷേ, ചികുന്‍ഗുനിയ മൂലമുള്ള സന്ധിവേദനയും നീരും മാസങ്ങളോളം നീണ്ടുനില്‍ക്കുന്നത് ബാധിതരെ ശയ്യാവലംബികളാക്കുന്നു. ഇതുമൂലം രോഗബാധിതര്‍ക്ക് മാസങ്ങളോളം തൊഴില്‍ ചെയ്യാനാവാത്തത് രോഗമുണ്ടാകുന്ന ജനസമൂഹത്തിന്റെ സാമ്പത്തിക പ്രത്യാഘാതത്തിന്റെ ആക്കംകൂട്ടുന്നു. (ലേഖകന്‍ കോഴിക്കോട് കോടഞ്ചേരിയില്‍ നടത്തിയ പഠനം രോഗിക്ക് ശരാശരി രണ്ടര മാസത്തിലധികം തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്).
ഒരു തവണ ചികുന്‍ഗുനിയ ഉണ്ടായാല്‍ ആ വ്യക്തിക്ക് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധം കിട്ടുമെന്നതിനാല്‍ രോഗം പിന്നെ പിടികൂടുകയില്ല എന്നൊരു അനുഗ്രഹമുണ്ട്. പനിയും സന്ധിവേദനയും തൊലിയിലെ പാടുകളും രോഗലക്ഷണങ്ങളായ ചികുന്‍ഗുനിയക്ക് വിശ്രമവും ആവശ്യത്തിന് ജലാഹാരവുമാണ് പ്രാഥമിക ചികിത്സ. മൂന്നു ദിവസത്തില്‍ കൂടുതല്‍ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് ചികിത്സിക്കണം.
ഡെങ്കിപ്പനി
ചികുന്‍ഗുനിയ പോലെതന്നെ ‘ഈഡിസ്’ കൊതുകകള്‍ പരത്തുന്നതാണ് ഡെങ്കിപ്പനി. കൊതുകുകള്‍വഴി രോഗാണു ശരീരത്തിലെത്തി 5-6 ദിവസം കഴിഞ്ഞാണ് രോഗം പ്രത്യക്ഷപ്പെടുക. പനി, തലവേദന പ്രത്യേകിച്ച് കണ്ണിന് ചുറ്റുമുള്ള കഠിനമായ വേദന, ശരീരത്തിലെ തിണര്‍പ്പുകള്‍ തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. മിക്കവരിലും പനി 2-7 ദിവസം നീണ്ടുനില്‍ക്കും. ഭൂരിഭാഗം പേരിലും ഈ രോഗം മറ്റു പനികള്‍പോലെ കുഴപ്പമില്ലാതെ ഭേദമായേക്കാം. പക്ഷേ, ചുരുക്കം ചിലരില്‍ (10 ശതമാനം) പനിക്കു പുറമെ ആന്തരിക രക്തസ്രാവം, ബോധക്ഷയം എന്നിവ ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്യാം.
ഡെങ്കിപ്പനിയുടെ രോഗാണുക്കള്‍ നാലു തരത്തിലുണ്ട്. ഒന്നിനു പിറകെ മറ്റൊരു തരത്തിലുള്ള ഡെങ്കി രോഗാണു വരുന്നതിനാലോ കൂടുതല്‍ തരത്തിലുള്ള ഡെങ്കി രോഗാണുബാധ മൂലമോ ആണ് രോഗം തീവ്രമാകുന്നത്. കേരളത്തില്‍ നാലു തരവും സംക്രമണത്തിലുണ്ട്. ഇവരില്‍ ഒന്നുകില്‍ രക്തം കട്ടപിടിക്കാന്‍ ആവശ്യമള്ള പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വളരെ കുറച്ച് ആന്തരിക രക്തസ്രാവം ഉണ്ടാക്കാം.
കൊതുകുവഴി പകരുന്നതിനാല്‍ ചികുന്‍ഗുനിയ, ഡെങ്കിപ്പനി ബാധിതര്‍ പകലും കൊതുകുവലകള്‍ക്കുള്ളില്‍ വിശ്രമിക്കേണ്ടതുണ്ട്. -ഇങ്ങനെയുള്ളവരെ കിടത്തിചികിത്സിക്കുന്ന ആശുപത്രി വാര്‍ഡുകളും കൊതുകുവലകൊണ്ട് സംരക്ഷിച്ചവയായിരിക്കണം. ആശുപത്രികളില്‍ കൊതുകു പെരുകാനുള്ള ഉറവിടങ്ങള്‍ ഉണ്ടാകരുത്.
ഡെങ്കി പരത്തുന്ന കൊതുകളുടെ ‘ഫ്ലൈറ്റ്‌റെയിഞ്ച്’ നൂറു മീറ്ററത്രെ. ഇവ പെരുകുന്നത് വീടിന് ചുറ്റിപ്പറ്റിയുമാണ്. അതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വീട്ടില്‍നിന്ന് തുടങ്ങണം. പകര്‍ച്ചപ്പനി സര്‍ക്കാര്‍ ഡോക്ടര്‍മാരോ ആരോഗ്യ പ്രവര്‍ത്തകരോ മാത്രം ശ്രമിച്ച് നിയന്ത്രിക്കാന്‍ പറ്റുന്നവയല്ല. പൊതുജനങ്ങള്‍ ശരിയായ പൊതുശുചിത്വത്തെക്കുറിച്ച് അവബോധവും അവയൊക്കെ സ്വജീവിതത്തില്‍ പാലിക്കാനുള്ള പക്വതയും ആര്‍ജിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ മഴക്കാലത്തിന് അകമ്പടിയായി കേരളം ‘പനിയില്‍ വിറച്ചു’കൊണ്ടിരിക്കും. ഇവയൊക്കെ തടയാന്‍ വേണ്ടത് ഇനിയും കോടികള്‍ ചെലവിട്ട് ഉയര്‍ത്തുന്ന പഞ്ചനക്ഷത്ര ആശുപത്രികളല്ല, കൊതുകുകളും എലികളും പെരുകുന്ന ഉറവിടങ്ങളുടെയും ജീര്‍ണതകളുടെയും അനിവാര്യമായ നിര്‍മാര്‍ജനം എങ്ങനെ സാധ്യമാകുമെന്ന ചിന്തകളും പ്രവൃത്തികളുമാണ്.
[കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ , ഡോ. ടി. ജയകൃഷ്ണന്‍ 2011ജൂലൈ 18 ലെ മാധ്യമം ദിനപത്രത്തിൽ എഴുതിയ ലേഖനമാണിത്.]