Friday 18 February 2011

എച്ച്1 എന്‍1ഉം ഗര്‍ഭിണികളും


എച്ച്1 എന്‍1: മരിച്ചവരില്‍ 30 ശതമാനവും ഗര്‍ഭിണികള്‍


കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് എച്ച്1 എന്‍1 പനി ബാധിച്ച് മരിച്ചവരില്‍ 30 ശതമാനത്തോളം പേര്‍ ഗര്‍ഭിണികളായിരുന്നുവെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കു പ്രകാരം 2009-10 വര്‍ഷം സംസ്ഥാനത്ത് 122 പേരാണ് എച്ച്1 എന്‍1 ബാധിച്ച് മരിച്ചത്. ഇവരില്‍ 32 പേര്‍ ഗര്‍ഭിണികളായിരുന്നു. ഇത് സംസ്ഥാനത്തെ മാതൃമരണ നിരക്കിന്റെ 10 ശതമാനത്തോളം വരും.
ജലദോഷം, പനി, തൊണ്ടവേദന എന്നീ ലക്ഷണങ്ങളോടെ തുടങ്ങുന്ന എച്ച്1 എന്‍1 യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ ന്യുമോണിയയാവുകയും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ച് രോഗിയുടെ മരണത്തിനിടയാക്കുകയും ചെയ്യും.
2008 അവസാനത്തോടെ വിദേശരാജ്യങ്ങളില്‍നിന്നാണ് ഈ രോഗം ഇന്ത്യയിലേക്ക് പടര്‍ന്നത്. പ്രവാസികള്‍ ഏറെയുള്ള കേരളത്തില്‍ 3116 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. രോഗവ്യാപന സാധ്യത മുന്‍കൂട്ടി കണ്ട് ആരോഗ്യവകുപ്പ് ശക്തമായ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒരെണ്ണത്തിന് 4000 രൂപയോളം വില വരുന്ന ഒസെള്‍റ്റാമിവിര്‍ എന്ന പ്രതിരോധ ഗുളിക പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാറാശുപത്രികളിലും സൗജന്യമായി ലഭ്യമാക്കി. രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരുടെ തൊണ്ടയിലെ സ്രവപരിശോധനക്ക് കേന്ദ്രസര്‍ക്കാറിന്റെ സഹകരണത്തോടെ മൂന്ന് ലാബുകള്‍ സജ്ജീകരിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, ആലപ്പുഴയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി എന്നീ ലാബുകളിലും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയായ കസ്തൂര്‍ബാ മെഡിക്കല്‍ കോളജിലുമാണ് സ്രവപരിശോധന നടത്തുന്നത്. 10,000 രൂപയോളം ചെലവു വരുന്ന ഈ പരിശോധനക്ക് രോഗികളില്‍നിന്ന് പണം ഈടാക്കുന്നില്ല.
അതേസമയം, ഏതാനും മാസത്തെ ഇടവേളക്കുശേഷം എച്ച്1 എന്‍1 വീണ്ടും കണ്ടുതുടങ്ങിയത് ആരോഗ്യവകുപ്പ് ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം 20ലേറെ പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗപ്രതിരോധശേഷി കുറഞ്ഞ ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായംചെന്നവര്‍ എന്നിവര്‍ക്കാണ് സാധാരണയായി രോഗബാധയേല്‍ക്കുന്നത്. തൊണ്ടവേദന, പനി, ജലദോഷം, ശരീരവേദന തുടങ്ങിയ അസ്വസ്ഥതകളുള്ളവര്‍ വിദഗ്ധപരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നുണ്ട്. രോഗമുണ്ടെന്ന് സംശയിക്കുന്നവരുടെ സ്രവം ശേഖരിച്ച് പരിശോധിക്കും.
എച്ച്1 എന്‍1 പനി ബാധിച്ചവരെ വിശദമായി പരിശോധിച്ച ശേഷം മെഡിക്കല്‍ എജുക്കേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഗവേഷണ പഠനം നടത്തുന്നുണ്ട്. ഗൈനക്കോളജി, ശിശുരോഗ, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തുന്ന പഠനത്തിന്റെ റിപ്പോര്‍ട്ടിനനുസരിച്ച് ആരോഗ്യവകുപ്പ് തുടര്‍നടപടി സ്വീകരിക്കും.