Friday, 4 February 2011

സ്ത്രീകള്‍ അവഗണിക്കുന്ന അര്‍ബുദ രോഗലക്ഷണങ്ങള്‍

സ്ത്രീകള്‍ അവഗണിക്കുന്ന അര്‍ബുദ രോഗലക്ഷണങ്ങള്‍

അവഗണിക്കാറുണ്ടോ ഈ രോഗലക്ഷണങ്ങളെ ?

കാന്‍സര്‍ നിര്‍ണയിക്കുന്നതിനുള്‍പ്പെടെ പൊതുവെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ആരോഗ്യപരിശോധനകളെല്ലാം നടത്തുന്നതില്‍ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ ജാഗരൂകരാണെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ മതം. എന്നാല്‍ ഇത് എപ്പോഴും അങ്ങനെയാവണമെന്നില്ലെന്ന് റിപ്പോര്‍ട്ട്. കാന്‍സറിനു കാരണമായേക്കാവുന്ന ലക്ഷണങ്ങളെ ചെറുപ്പക്കാരായ സ്ത്രീകള്‍ അവഗണിക്കുന്നതായി ഫിലാഡെല്‍ഫിയയിലെ ഫോക്‌സ് ചേസ് കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍ മേരി ഡാലി ചൂണ്ടിക്കാട്ടുന്നു.

അര്‍ബുദം പ്രായമായവരുടെ രോഗമാണെന്നാണ് ചെറുപ്പക്കാരുടെ ധാരണ. അതു പലപ്പോഴും ശരിയുമാണ്. എന്നാല്‍ അടുത്തിടെയായി ചെറുപ്പക്കാരില്‍ അര്‍ബുദം കൂടുതലായി കണ്ടുവരുന്നുവെന്നത് അവഗണിക്കാവുന്ന കാര്യവുമല്ല.

ചില സ്ത്രീകള്‍ രോഗലക്ഷണങ്ങളെ കാര്യമാക്കാതെ അവഗണിക്കുകയാണ് ചെയ്യുന്നതെങ്കില്‍ മറ്റുചിലര്‍ പരിശോധനകള്‍ ഒഴിവാക്കുന്നത് വ്യത്യസ്തമായ കാരണങ്ങള്‍ കൊണ്ടാണ്. 'അര്‍ബുദം ചികില്‍സിച്ചു ഭേദമാക്കാനാകില്ല, പിന്നെന്തിന് രോഗം പരിശോധിച്ച് ഉറപ്പിക്കാന്‍ പോവണം?' ഈ പഴഞ്ചന്‍ വിശ്വാസമാണ് ഇക്കൂട്ടരെ ഡോക്ടറെ സമീപിക്കുന്നതില്‍ നിന്ന് തടയുന്നതെന്് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ അസോസിയേറ്റ് പ്രൊഫസറും ഫ്രെഡ് ഹച്ചിന്‍സണ്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ജോയിന്റ് അസോസിയേറ്റ് മെമ്പറുമായ ഡോക്ടര്‍ ഹന്ന ലിന്‍ഡെന്‍ ചൂണ്ടിക്കാട്ടുന്നു.

ഇതോടൊപ്പം മറ്റൊരു വസ്തുത കൂടി കൂട്ടിവായിക്കേണ്ടതുണ്ട്. രോഗലക്ഷണങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ആളുകളെ അമിത ആശങ്കയിലേക്ക് തള്ളിവിടാനും പാടില്ല. സമചിത്തതയോടെ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ട് ശരിയായ വഴിയില്‍ മുന്നേറുകയാണ് വേണ്ടത്. പരിശോധനകള്‍ തന്നെ ഒഴിവാക്കുന്ന നിസ്സംഗതയ്ക്കും പ്രശ്‌നത്തോട് അമിതാശങ്കയോടെ പ്രതികരിക്കുന്ന വൈകാരികതയ്ക്കും ഇടയിലുള്ള യുക്തിപൂര്‍ണമായ നിലപാടാണ് നല്ലത്.

സ്ത്രീകള്‍ പൊതുവെ അവഗണിക്കാറുള്ള 15 അര്‍ബുദരോഗലക്ഷണങ്ങള്‍ ഏതെല്ലാമെന്നു നോക്കാം. പെട്ടെന്ന് ശ്രദ്ധിക്കാറില്ലാത്തതും എന്നാല്‍ പരിശോധിക്കേണ്ടതുമായി കാര്യങ്ങളാണിവ.

ഭാരംകുറയല്‍

ഒരു ശ്രമവും നടത്താതെ തന്നെ ഭാരം കുറയുകയെന്നത് ഒട്ടുമിക്ക സ്ത്രീകള്‍ക്കും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ വ്യയാമം പതിവില്‍ നിന്നു കൂടുകയോ ഭക്ഷണം കുറയ്ക്കുകയോ ചെയ്യാതിരുന്നിട്ടും മാസം 10 പൗണ്ടോളം ഭാരം കുറഞ്ഞാല്‍ അത് പരിശോധിക്കേണ്ടതാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവര്‍ത്തനം പോലുള്ള ചില രോഗാവസ്ഥകളിലും ഇത്തരം ഭാരം കുറയല്‍ ഉണ്ടാകാം. എന്നാല്‍ അത്തരം കാരണങ്ങളൊന്നുമില്ലാത്തിടത്തോളം അത് അര്‍ബുദം മൂലമാകാന്‍ സാധ്യതയേറെയാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതോടൊപ്പം വിവിധ അവയവങ്ങളുടെ സി.ടി. സ്‌കാനും ഡോക്ടര്‍ നിര്‍ദേശിച്ചേക്കാം. അവ കൃത്യമായി ചെയ്യുക.

ചെറിയ തോതിലുള്ള രക്തസ്രാവം
പല സ്ത്രീകളും 'അതങ്ങനെയാണ്' എന്ന് മനസ്സാ വിശ്വസിച്ച് കൊണ്ടു നടക്കുന്ന അവസ്ഥയാണ് ചെറിയതോതിലുള്ള രക്തസ്രാവം (ബ്ലോട്ടിങ്). എന്നാലത് അണ്ഡാശയ കാന്‍സറിന്റെ ലക്ഷണമാകാം. വയറുവേദനയോ പെല്‍വിക് വേദനയോ ഉണ്ടാവുക, വളരെക്കുറച്ചു ഭക്ഷണം മാത്രം കഴിച്ചാലും പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നുക, പെട്ടെന്ന് മൂത്രമൊഴിക്കാന്‍ തോന്നുന്നതുള്‍പ്പെടെയുള്ള യൂറിനറി പ്രശ്‌നങ്ങള്‍ എന്നിവയും ഒവേറിയന്‍ കാന്‍സറിലേക്ക് വിരല്‍ ചൂണ്ടുന്ന ലക്ഷണങ്ങളാവാം.

ചെറിയ തോതിലുള്ള രക്തസ്രാവം ഏതാണ്ടെല്ലാ ദിവസവും ഉണ്ടാവുകയും ഏതാനും ആഴ്ചകള്‍ക്കുമേല്‍ തുടരുകയും ചെയ്താല്‍ തീര്‍ച്ചയായും ഡോക്ടറെ സമീപിക്കണം. സി.ടി. സ്‌കാനും രക്തപരിശോധനയുമുള്‍പ്പെടെ ഡോക്ടര്‍ നിര്‍ദേശിക്കുന്ന എല്ലാ പരിശോധനകളും ചെയ്യണം.

സ്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

കൃത്യമായ സ്തനപരിശോധനയൊന്നും നടത്താറില്ലെങ്കിലും മുഴകള്‍ ഉണ്ടാവുകയാണെങ്കില്‍ സ്ത്രീകള്‍ അവ പെട്ടെന്ന് തിരിച്ചറിയാറുണ്ട്. എന്നാല്‍ മുഴകള്‍ മാത്രമല്ല അര്‍ബുദത്തിന്റെ ലക്ഷണം. സ്തനത്തില്‍ തൊലിപ്പുറമേ ചുവന്ന നിറവും തടിപ്പുമുണ്ടെങ്കില്‍ അത് അപൂര്‍വവും അതേസമയം പെട്ടെന്ന് വ്യാപിക്കുന്നതുമായ വീക്കം സ്തനാര്‍ബുദത്തിന്റെ ലക്ഷണമായേക്കാം. ആഴ്ചകളോളം നിലനില്‍ക്കുന്ന വ്രണം കണ്ടാലും അതു വൈകാതെ പരിശോധിപ്പിക്കണം.

മുലക്കണ്ണിന് കാഴ്ചയില്‍ മാറ്റം തോന്നുകയോ മുലയൂട്ടുന്ന അവസ്ഥയിലല്ലാഞ്ഞിട്ടും സ്തനത്തില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള സ്രവം ഉണ്ടാവുകയോ ചെയ്താലും ഉടന്‍ ഡോക്ടറെ കാണണം. മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞിരുന്നാലും ശ്രദ്ധിക്കേണ്ടതുണ്ട്. മാമോഗ്രാം, അള്‍ട്രാസൗണ്ട്, എം.ആര്‍.ഐ. സ്‌കാനുകള്‍ തുടങ്ങിയ പരിശോധനകളും വേണ്ടിവന്നാല്‍ ബയോപ്‌സിയും ഡോക്ടര്‍ നിര്‍ദേശിച്ചേക്കാം.

അസാധാരണമായ രക്തസ്രാവം

ആര്‍ത്തവവിരാമം ആവാറായിട്ടില്ലാത്ത സ്ത്രീകള്‍ രണ്ട് ആര്‍ത്തവങ്ങള്‍ക്കിടയിലുണ്ടാകുന്ന രക്തസ്രാവത്തെ പൊതുവെ അവഗണിക്കുകയാണ് പതിവ്. രക്തസ്രാവത്തെ ആര്‍ത്തവത്തിന്റെ ഭാഗമാണെന്ന തെറ്റിദ്ധാരണയില്‍ ചിലര്‍ കാര്യമാക്കാറില്ല. എന്നാല്‍ ആര്‍ത്തവങ്ങള്‍ക്കിടയ്ക്കുണ്ടാകുന്ന രക്തസ്രാവം ശ്രദ്ധിക്കേണ്ടതാണ്, പ്രത്യേകിച്ച് കൃത്യമായ ആര്‍ത്തവ ചക്രമുള്ളവര്‍. ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള രക്തസ്രാവം എന്‍ഡോമെട്രിയല്‍ കാന്‍സര്‍ മൂലമാകാം.

ഗര്‍ഭപാത്രത്തിന്റെ ആന്തരിക ആവരണമാണ് എന്‍ഡോമെട്രിയം. എന്‍ഡോമെട്രിയല്‍ കാന്‍സറുണ്ടാകുന്നവരില്‍ നാലില്‍ മൂന്നുപേര്‍ക്കും ആദ്യകാല ലക്ഷണമായി അസാധാരണമായ രക്തസ്രാവം ഉണ്ടായതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഏക രക്തസ്രാവം കോളോറെക്ടല്‍(വന്‍കുടലും മലാശയവുംചേരുന്ന ഭാഗത്തുകണ്ടാകുന്ന) കാന്‍സറിന്റെ സൂചനയാകാം. അള്‍ട്രാസൗണ്ട് സ്‌കാനോ ബയോപ്‌സിയോ മറ്റു പരിശോധനകള്‍ക്കൊപ്പം ഡോക്ടര്‍ നിര്‍ദേശിച്ചേക്കാം.

മറുകുകളിലുണ്ടാകുന്ന മാറ്റങ്ങള്‍

മറുകുകളിലുണ്ടാകുന്ന മാറ്റങ്ങള്‍ ചര്‍മത്തിലുണ്ടാവുന്ന അര്‍ബുദത്തിന്റെ ലക്ഷണമാണെന്ന് ഒട്ടുമിക്കയാളുകള്‍ക്കുമറിയാം; പലരുമത് ശ്രദ്ധിക്കാറുമുണ്ട്. എന്നാല്‍ തൊലിപ്പെേുറയുള്ള നിറംമാറ്റം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ത്വക്കില്‍ നിന്നു രക്തം വരികയോ തൊലിപ്പുറമെ ചെതുമ്പല്‍ പോലെ മൊരിച്ചില്‍ കൂടുതലായി കാണപ്പെടുകയോ ചെയ്താലും പരിശോധന വേണം. ചര്‍മത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഏതാനും ആഴ്ചകള്‍ നിലനിന്നാല്‍ പരിശോധന വൈകിക്കരുത്.

ഭക്ഷണം ഇറക്കുന്നതിന് ബുദ്ധിമുട്ട്.

ഭക്ഷണം ഇറക്കുന്നതിനു ബുദ്ധിമുട്ടു തോന്നിയാല്‍, ചവച്ചിറക്കാന്‍ അത്ര ബുദ്ധിമുട്ടില്ലാത്ത ഭക്ഷണക്രമം സ്വീകരിക്കുന്നതാണ് നമ്മുടെ പൊതുവായി രീതി. സൂപ്പ്, ജ്യൂസ്, ദ്രവരൂപത്തിലുള്ള മറ്റാഹാരങ്ങള്‍ എന്നിവയിലേക്കോ നിങ്ങള്‍ തല്‍ക്കാലം മാറിയേക്കാം. എന്നാല്‍ ഈ ബുദ്ധിമുട്ട് അന്നനാളം പോലെയുള്ള ഭാഗങ്ങളിലെ കാന്‍സറിന്റെ ലക്ഷണമാകാം. നെഞ്ചിന്റെ എക്‌സ്‌റേയോ ഏക ടാക്ട്് പരിശോധനയോ നടത്തേണ്ടിവന്നേക്കാം.

മൂത്രത്തില്‍ രക്തം

മൂത്രത്തിലോ മലത്തിലോ രക്തം കണ്ടാല്‍ അത് ഏതെങ്കിലും ആന്തരിക മുറിവുണ്ടായതിനാലാണെന്ന് തീര്‍ച്ചപ്പെടുത്താന്‍ വരട്ടെ. അത് വന്‍കുടലിലെ കാന്‍സറിന്റെ ലക്ഷണമാകാം. മലവിസര്‍ജന സമയത്ത് രക്തം കണ്ടാല്‍ വൃക്കയിലെയോ മൂത്രസഞ്ചിയിലെയോ അര്‍ബുദസാധ്യത തള്ളിക്കളയാനാവില്ല.

കടുത്ത വയറുവേദനയും വിഷാദവും
വയറുവേദനയുണ്ടാവുകയും അതോടൊപ്പം അമിതമായ നൈരാശ്യം തോന്നുകയും ചെയ്യുന്ന സ്്ത്രീകള്‍ തീര്‍ച്ചയായും പരിശോധനയ്ക്ക് വിധേയരാകണം. ഡിപ്രഷനും പാന്‍ക്രിയാറ്റിക് കാന്‍സറും തമ്മില്‍ ബന്ധമുള്ളതായി ചില ഗവേഷകര്‍ വിലയിരുത്തുന്നു.

ദഹനക്കേട്

ഗര്‍ഭകാലത്ത് ദഹനക്കുറവുണ്ടാകുന്നത് അത്ര അസാധാരണമല്ല. എന്നാല്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയുള്ള ദഹനക്കേട് രോഗലക്ഷണമാകാം. വയറിലേയോ അന്നനാളത്തിലെയോ തൊണ്ടയിലേയോ അര്‍ബുദത്തിന്റെ ആദ്യലക്ഷണങ്ങളാകാമത്.

വായ്ക്കുള്ളിലെ മാറ്റങ്ങള്‍

വായ്ക്കകത്ത് വെള്ളപ്പാടുകളോ നാക്കിന്‍മേല്‍ വെളുത്ത കുത്തുകളോ കണ്ടാല്‍ പുകവലിശീലമുള്ളവര്‍ സൂക്ഷിക്കുക. വായിലെ കാന്‍സറായി മാറാന്‍ സാധ്യതയുള്ള, അര്‍ബുദത്തിനു മുന്നോടിയായ ല്യൂകോ പ്ലാകിയ എന്ന രോഗാവസ്ഥയാകാമത്.

വേദന

ശരീരത്തിലെവിടെയെങ്കിലുമൊക്കെ വേദന തോന്നാത്തവര്‍ ആരുമില്ല; പ്രത്യേകിച്ച് പ്രായമേറുമ്പോള്‍. പ്രത്യേകിച്ച് കാരണമൊന്നും കണ്ടെത്താനാകാത്തതും നീണ്ടുനില്‍ക്കുന്നതുമായ വേദന ശരീരഭാഗങ്ങളിലെവിടെയെങ്കിലും ഉണ്ടായാല്‍ അതു പരിശോധിക്കേണ്ടതാണ്.

ലിംഫ് നോഡുകളിലെ മാറ്റം

കക്ഷത്തിലേയോ കഴുത്തിലേയോ മറ്റേതെങ്കിലും ഭാഗത്ത് കഴലയോ തടിപ്പോ കണ്ടാല്‍ ശ്രദ്ധിക്കുക. കഴല ക്രമേണ വലുതാവുകയാണെങ്കില്‍ ഡോക്ടറെ കാണണം.

പനി

ഇന്‍ഫ്ഌവന്‍സയോ മറ്റ് അണുബാധകളോ ഒന്നും മൂലമല്ലാതെ പനി വന്നാല്‍ സൂക്ഷിക്കണം. പലപ്പോഴും അര്‍ബുദബാധ തുടങ്ങിയേടത്തു നിന്ന് വ്യാപിച്ച ശേഷമാവും പനിയുണ്ടാവുക. എന്നാല്‍ ലുക്കേമിയയോ ലിംഫോമയോ പോലുള്ള രക്താര്‍ബുദത്തിന്റെ കാര്യത്തില്‍ പനി തുടക്കത്തിലുള്ള ലക്ഷണമായിരിക്കും.

മഞ്ഞപ്പിത്തവും മലത്തില്‍ നിറവ്യത്യാസവും കാന്‍സര്‍ ലക്ഷണത്തില്‍ ഉള്‍പ്പെടും. നെഞ്ചിന്റെ എക്‌സ്‌റേ, സി.ടി. സ്‌കാന്‍, എം.ആര്‍.ഐ. എന്നിവ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ഡോക്ടര്‍ നിര്‍ദേശിച്ചേക്കും.

ക്ഷീണം

പല കാരണങ്ങള്‍ കൊണ്ട് ശരീരത്തിന് ക്ഷീണം അനുഭവപ്പെടാം. കാന്‍സറിന്റെയും ചെറിയൊരു ലക്ഷണമാണത്. രക്താര്‍ബുദം, വയറിലേയും വന്‍കുടലിലെയും കാന്‍സര്‍ എന്നിവപോലെയുള്ള വയുടെ കാര്യത്തില്‍ തുടക്കത്തിലാണ് അമിത ക്ഷീണം തോന്നുന്നതെങ്കില്‍ ശ്രദ്ധിക്കണം. അര്‍ബുദം വ്യാപിച്ച ശേഷമാണ് ഈ ലക്ഷണം കാണുന്നത്.

വിട്ടുമാറാത്ത ചുമ.

ജലദോഷം, ഫ്ല, അലര്‍ജി എന്നിവയോടൊപ്പമാണ് പലപ്പോഴും ചുമ കാണുക. ചിലപ്പോള്‍ ചില മരുന്നുകളുടെ പാര്‍ശ്വഫലമായും ചുമയുണ്ടാകാം. എന്നാല്‍ മൂന്നോ നാലോ ആഴ്ചയോളം നീളുന്ന ചുമ അവഗണിച്ചുകൂട. തൊണ്ടയുടെയും ശ്വാസകോശത്തിന്റെയും പരിശോധന, എക്‌സ്്‌റേ തുടങ്ങിയവ വേണ്ടിവന്നേക്കും.