Thursday 27 January 2011

കോംഗോ പനി

കോംഗോ പനി: ഗുജറാത്തില്‍ മലയാളി നഴ്‌സ് അടക്കം മൂന്നു മരണം


അഹ്മദാബാദ്: ക്രിമിയന്‍ കോംഗോ ഹെമൊറോജിക് പനിബാധിച്ച് ഗുജറാത്തില്‍ രോഗിയും ചികിത്സിച്ച ഡോക്ടറും മലയാളി നഴ്‌സുമടക്കം മൂന്നുപേര്‍ മരിച്ചു. പത്തനംതിട്ട ഓതറ കരുണിച്ചിയില്‍ വീട്ടില്‍ പരേതനായ ജോണ്‍സന്റേയും ഓമനയുടെയും മകള്‍ ആശ ജോണ്‍ ആണ് മരിച്ചത്.
ഇതാദ്യമായാണ് ഈ വൈറല്‍ പനി ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. രോഗം ബാധിച്ചവരുടെ രക്ത സാമ്പികളുകള്‍ പരിശോധിച്ച പുണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി)യിലെ അധികൃതരാണ് മരണകാരണമാവുന്ന സി.സി.എച്ച് വൈറസാണിതെന്ന് സ്ഥിരീകരിച്ചത്. അഹ്മദാബാദില്‍നിന്നും 25കിലോമീറ്റര്‍ അകലെ കൊലാട് ഗ്രാമത്തില്‍നിന്നുള്ള ആമിന മൊമിന്‍ ( 32) ആണ് രോഗത്തിന്റെ ആദ്യ ഇര. ഇവിടെയുള്ള ഷാല്‍ബി ആശുപത്രിയില്‍ ചികില്‍സ തേടിയ ആമിന ഈ മാസം 13ന് മരണമടഞ്ഞു. ഇവരെ ചികില്‍സിച്ച ഡോക്ടര്‍ ഗഗന്‍ ശര്‍മയും നഴ്‌സ് ആശാ ജോണും പനി ബാധിച്ച് മരിക്കുകയായിരുന്നു.
ആമിനയുടെ ഭര്‍ത്താവ് റഹ്മാന്‍ ഹുസൈനും സഹോദരന്‍ റസൂല്‍ ഹുസൈനും ഇതേ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.
മൃഗങ്ങളില്‍നിന്ന് പകര്‍ന്നതാണോ ഈ വൈറസ് എന്ന് സംസ്ഥാന മൃഗപരിപാലന വകുപ്പും അന്വേഷിക്കുന്നുണ്ട്.
എന്താണ് സി.സി.എച്ച് വൈറസ്
'ഹെല്ലോമ' എന്ന ചെള്ളിനത്തില്‍പ്പെട്ട ജീവിയില്‍ കാണുന്ന  'ബണ്‍യാവിരിദെ' കുടുംബത്തില്‍പ്പെട്ട വൈറസ് ആണ് ക്രിമിയന്‍ കോംഗോ ഹെമൊറോജിക് (സി.സി.എച്ച്). 1944ല്‍ മുന്‍ സോവിയറ്റ് യൂനിയനിലെ ക്രിമിയയില്‍ കണ്ടെത്തിയ ഇതിനെ ക്രിമിയന്‍ ഹെമൊറോജിക് ഫീവര്‍ എന്ന് വിളിച്ചു. 1969ല്‍ കോംഗോയിലും കണ്ടെത്തിയതോടെ പേരിനൊപ്പം കോംഗോയും ചേര്‍ന്നു.
വളര്‍ത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും ഒരുപോലെ 'ഹെല്ലോമ' ചേക്കേറും. മൃഗങ്ങളില്‍ ഇതു പടരില്ലെങ്കിലും ഇതു ബാധിച്ച മൃഗങ്ങളുടെ രക്തത്തില്‍നിന്നും തൊലിയില്‍നിന്നും മനുഷ്യരിലേക്കു പകരുന്നു. രോഗം ബാധിച്ച ആളുടെ രക്തത്തിലൂടെയും മറ്റു സ്രവത്തിലൂടെയും മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക്  വൈറസ് വ്യാപിക്കും. രോഗിയില്‍ ഉപയോഗിച്ച് ശരിയായ സംസ്‌കരണത്തിന് വിധേയമാക്കാത്ത സിറിഞ്ചിലൂടെയും മെഡിക്കല്‍ ഉപകരണങ്ങളിലൂടെയും മറ്റും ഇതു പടരാം.
ആറു മാസം മുമ്പ് വടക്കന്‍ പാകിസ്താനില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യന്‍ അധികൃതര്‍ പറയുന്നു.
ലക്ഷണങ്ങള്‍: കടുത്ത തലവേദന, ഉയര്‍ന്ന ഡിഗ്രിയിലുള്ള പനി, നടുവേദന,സന്ധികളില്‍ വേദന, വയറുവേദന, ഛര്‍ദി എന്നിവയാണ് രോഗലക്ഷണങ്ങള്‍. കണ്ണ് ചുവന്നു തുടുക്കല്‍, തൊണ്ടക്ക് പഴുപ്പ് തുടങ്ങിയവയും സാധാരണയായി കാണും. ചിലരില്‍ മഞ്ഞപ്പിത്തവും ലക്ഷണമാവാം. മൂക്കില്‍നിന്നും കുത്തിവെപ്പെടുത്ത ഭാഗത്തുനിന്നും അനിയന്ത്രിതമായ തോതില്‍ രക്തം വരുന്നത് ഈ പനി കൂടുന്നതിന്റെ ലക്ഷണമാണ്.