Tuesday, 25 January 2011

ജില്ലയില്‍ 86.06 ശതമാനം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി

കൊച്ചി: ദേശീയ പള്‍സ് പോളിയോ തുളളിമരുന്ന് വിതരണത്തില്‍ ജില്ലയില്‍ 86.06 ശതമാനം കുട്ടികള്‍ക്ക് മരുന്നുനല്‍കി. അഞ്ച് വയസ്സിനു താഴെയുള്ള 249673 പേര്‍ക്ക് മരുന്നുനല്‍കാനായിരുന്നു ലക്ഷ്യം. 214863 കുട്ടികളാണ് മരുന്നുകഴിച്ചത്. ഗ്രാമപ്രദേശങ്ങളില്‍145548 കുട്ടികളും നഗരങ്ങളില്‍ 69615 കുട്ടികളുമാണ് ഞായറാഴ്ച മരുന്നു കഴിച്ചത്. മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് മരുന്ന് നല്‍കും.
ഫെബ്രുവരി 27നാണ് അടുത്ത ഘട്ടം.മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ ഫിഷറീസ് മന്ത്രി എസ്.ശര്‍മ എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുള്ളിമരുന്ന് കുട്ടികള്‍ക്കുനല്‍കി നിര്‍വഹിച്ചു. ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ ടോണി ചമ്മണി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കലക്ടര്‍ ഡോ.എം. ബീന, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര സതീഷ്, ഡി.എം.ഒ ഡോ. കെ.ടി. രമണി, ആയുര്‍വേദ ഡി.എം.ഒ ഡോ. ടി.ടി. കൃഷ്ണകുമാര്‍‌, അഡീഷനല്‍ ഡി.എം.ഒ മാരായ ഡോ.ആര്‍.സുധാകരന്‍, ഡോ. ഹസീന മുഹമ്മദ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ജുനൈദ് റഹ്മാന്‍, ആരോഗ്യകേരളം ജില്ലാ മാനേജര്‍ ഡോ. കെ.വി. ബീന, ആര്‍.സി.എച്ച്. ഓഫിസര്‍ ഡോ.എ.പാര്‍വതി, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജി. വിശ്വനാഥന്‍, പള്‍സ്‌പോളിയോ നിരീക്ഷക ഡോ. മോളി തോമസ്, ഐ.എ.പി പ്രസിഡന്റ് ഡോ. ടോണി മാമ്പിള്ളി, മാസ് മീഡിയ ഓഫിസര്‍ ജി. ശ്രീകല എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയില്‍ അഞ്ചുവയസ്സിനുതാഴെയുള്ള 249673 കുട്ടികള്‍ക്ക് മരുന്നുനല്‍കാന്‍ 2000 ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍, സൂമൂഹികാരോഗ്യകേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, റയില്‍വേ സ്‌റ്റേഷന്‍, ബസ് സ്‌റ്റേഷന്‍, വിമാനത്താവളം, ബോട്ടുജെട്ടി,ഉല്‍സവ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍, വഴിയോരതാമസ സ്ഥലങ്ങളില്‍ മൊബൈല്‍ ബൂത്തുകള്‍ വഴിയും മരുന്നുനല്‍കി.