Saturday 22 January 2011

പോളിയോ തുളളിമരുന്ന് വിതരണം നാളെ

 



ദേശീയ പള്‍സ് പോളിയോ തുളളിമരുന്ന്‌ വിതരണം ജനുവരി 23, ഫെബ്രുവരി 27 തീയതികളില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എം.ബീന പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ഫിഷറീസ് രജിസ്‌ട്രേഷന്‍ മന്ത്രി എസ്.ശര്‍മ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നാളെ രാവിലെ എട്ടിന് പോളിയോ തുള്ളിമരുന്ന് കുട്ടികള്‍ക്ക് നല്‍കി നിര്‍വഹിക്കും.ജില്ലയില്‍ അഞ്ചുവയസ്സിന് താഴെയുളള 2,49,673 കുട്ടികള്‍ക്കു മരുന്ന് നല്‍കാനാണ് ലക്ഷ്യം. ഇതിനായി 2000 ബൂത്തുകള്‍ സജ്ജമാക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ തുളളിമരുന്ന്‌നല്‍കാനായി 317085 ഡോസ് മരുന്നാണ് വിതരണം ചെയ്തിട്ടുളളത്. പരിശീലനം ലഭിച്ച 4000 സന്നദ്ധ പ്രവര്‍ത്തകര്‍, 200 സൂപ്പര്‍ വൈസര്‍മാര്‍ എന്നിവരെ ഇതിന് നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 247539 കുട്ടികള്‍ക്ക് തുളളിമരുന്ന് നല്‍കാനായിരുന്നു ലക്ഷ്യം. ഇതില്‍ 246378 കുട്ടികള്‍ക്ക് വിതരണം ചെയ്തു. ലക്ഷ്യത്തിന്റെ 99.52 ശതമാനമാണിത്.
പോളിയോ തുളളിമരുന്ന് വിതരണത്തിന്റെ പ്രചാരണാര്‍ഥം ഇന്ന് വൈകുന്നേരം നാലിന് ഹൈകോടതിയില്‍ നിന്ന് എറണാകുളം ജനറല്‍ ആശുപത്രി വരെ റോളര്‍ സ്‌കേറ്റിങ് പ്രകടനം നടത്തും. അമ്പതോളം കുട്ടികള്‍ അണിനിരക്കുന്ന റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പളളി ഫ്‌ളാഗ് ഓഫ് ചെയ്യും.
സര്‍ക്കാര്‍ ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, റയില്‍വെ സ്‌റ്റേഷന്‍, ബസ് സ്‌റ്റേഷന്‍, വിമാനത്താവളം, ബോട്ടുജെട്ടി, മറ്റ്   പ്രത്യേകം സജ്ജീകരിക്കുന്ന ബൂത്തുകള്‍, വഴിയോരതാമസ സ്ഥലങ്ങള്‍, എന്നിവിടങ്ങളില്‍ മൊബൈല്‍ ബൂത്തുകള്‍ വഴിയും വാക്‌സിന്‍ നല്‍കും. എല്ലാ ബൂത്തുകളും രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കും.
പള്‍സ് പോളിയോ പരിപാടി ത്രിതല പഞ്ചായത്തിന്റെയും വിവിധ വകുപ്പുകളുടെയും, മറ്റ് സന്നദ്ധ സാമൂഹികപ്രവര്‍ത്തകരുടെയും റോട്ടറി ഇന്റര്‍നാഷനല്‍, റസിഡന്‍സ് അസോസിയേഷന്‍ തുടങ്ങിയവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് നടപ്പാക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു.
പോളിയോ രോഗമുണ്ടാക്കുന്ന വൈല്‍ഡ് വൈറസിന്റെ വ്യാപനം പൂര്‍ണമായും ഇല്ലാതാക്കി പോളിയോ രോഗത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിനാണ് 1995 മുതല്‍ വര്‍ഷംതോറും പള്‍സ് പോളിയോ നടപ്പാക്കിവരുന്നത്. വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം പ്രധാനമായും ജലത്തിലൂടെയാണ് പകരുന്നത്. അഞ്ചുവയസ്സില്‍ താഴെയുളള കുട്ടികളെയാണ് പോളിയോ രോഗം മുഖ്യമായും ബാധിക്കുന്നത്.

തിരുവാങ്കുളം മേഖലയില്‍ 12 ബൂത്തുകളാണ് പോളിയോ വിതരണത്തിനായി ഒരുക്കിയിട്ടുള്ളത്.

1. പ്രാഥമിക ആരോഗ്യ കേന്ദ്രം, തിരുവാങ്കുളം, കേശവന്‍ പടി


2. അങ്കണവാടി . ചങ്ങംപുത


3. അങ്കണവാടി, കുന്നപ്പിള്ളി, എല്‍ ബി എസ് റോഡ്


4. കെ സി എല്‍ പി എസ്, ചിത്രപ്പുഴ


5. കൊല്ലംപടി ജങ്ഷന്‍


6. അങ്കണവാടി 26 ,ചിത്രപ്പുഴ


7. എല്‍ പി എസ് ഇരുമ്പനം


8. സബ് സെന്റര്‍, ഇരുമ്പനം


9. എന്‍ എസ് എസ് കരയോഗം ബില്‍ഡിങ്ങിനു സമീപം, തിരുവാങ്കുളം


10. അങ്കണവാടി, കര്‍ഷക കോളനി, ഇരുമ്പനം


11. പാറക്കടവു് ജങ്ഷന്‍


12. പാറക്കടവ് അങ്കണവാടി