Wednesday 8 December 2010

പാസ്റ്റിക് കവറിലെ പാന്‍ മസാലയ്ക്ക് മാര്‍ച്ച് മുതല്‍ നിരോധനം

ന്യൂഡല്‍ഹി: പാന്‍ മസാല, ഗുട്ക തുടങ്ങിയ പുകയില ഉത്പന്നങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി വില്ക്കുന്നത് അടുത്ത മാര്‍ച്ച് മുതല്‍ നിരോധിച്ചു സുപ്രീംകോടതി ഉത്തരവിട്ടു. ഇത്തരം ഉത്പന്നങ്ങള്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയുയര്‍ത്തിന്നതിനെക്കുറിച്ച് എട്ടാഴ്ചയ്ക്കകം സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഉത്തരവ് പാന്‍ മസാല വ്യവസായം അടച്ചുപൂട്ടാനുള്ള സാഹചര്യത്തിനിടയാക്കുമെന്നും ആയിരക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലാകുമെന്നുമുള്ള വ്യവസായികളുടെ വാദം കോടതി അംഗീകരിച്ചില്ല. ഒന്നുകില്‍ പരിസ്ഥിതി സൗഹൃദമായ ബദല്‍ കവറുകള്‍ ഉപയോഗിക്കുക, അല്ലെങ്കില്‍ അടച്ചുപൂട്ടുക-ജസ്റ്റിസുമാരായ ജി.എസ്. സിംഘ്‌വി, എ.കെ. ഗാംഗുലി എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

പൊതുവെ കടലാസുപാക്കറ്റില്‍ വില്പനയ്‌ക്കെത്തുന്ന സിഗരറ്റുകള്‍ക്ക് നിരോധനം ബാധകമാവില്ല.

രാജ്യത്തെ അനിയന്ത്രിതമായ പാന്‍ മസാല വില്‍പ്പനയ്‌ക്കെതിരെ സന്നദ്ധസംഘടന സമര്‍പ്പിച്ച പരാതിയില്‍ തീര്‍പ്പുകല്പിച്ചാണ് സുപ്രീംകോടതി ഈ ഉത്തരവിറക്കിയത്.

പാന്‍ മസാലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള സര്‍വേക്കൊപ്പം പ്ലാസ്റ്റിക് കവറുകള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചും പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

(കടപ്പാട്- മാതൃഭൂമി ദിനപത്രം 2010 ഡിസം 08)