ലോക എയ്ഡ്സ് ദിനം
ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എച്ച് ഐ വി അണുബാധ ഇന്നും ലോകത്തു നിലനില്‍ക്കുന്നുവെന്നും ഇനിയും ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഈ ദിനം മാനവരാശിയെ ഓര്‍മിപ്പിക്കുകയാണ്.
മനുഷ്യാവകാശം സംരക്ഷിച്ചു കൊണ്ട് എച്ച് ഐ വി നിയന്ത്രണം. എച്ച് ഐ വി അണുബാധിതര്‍ക്കുള്ള ചികിത്സ, സംരക്ഷണം, പിന്തു ണ എന്നിവയെല്ലാം എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്നതാണ് ഇത്തവണത്തെ ലോക എയ്ഡ്സ് ദിനത്തിന്റെ സന്ദേശം.
എച്ച് ഐ വി അണുബാധ ഏറ്റവും കൂടുതലായി ബാധിക്കുന്ന പാവപ്പെട്ട വര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും വിവേചനവും സാമൂഹ്യനിന്ദയും ഭയക്കാതെ ജീവിക്കാനുള്ള മൌലികാവകാ ശമാണ് ഇവിടെ ഉറപ്പാക്കുന്നത്.
എച്ച് ഐ വി അണുബാധിതരോടും സ്ത്രീകളോടും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടും വിവേചനം കാട്ടുന്ന തരത്തിലുള്ള നിയമങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട് മനുഷ്യാവകാശം സംരക്ഷിക്കുക എന്ന് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിനം വിവിധ രാജ്യങ്ങളോടും ആഹ്വാനം ചെയ്യുകയാണ്. എച്ച് ഐ വി, എയ്ഡ്സുമായി ബന്ധപ്പെട്ട് രാജ്യങ്ങള്‍ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങളും ഉറപ്പുകളും പാലിക്കാനുള്ള അവസരം കൂടിയായാണ് ഇക്കുറി എയ്ഡ്സ് ദിനത്തെ കാണുന്നത്.
ലൈംഗികബന്ധത്തിലൂടെ എച്ച് ഐ വി അണുബാധ വ്യാപിക്കുന്നതു കുറയ്ക്കുക, എച്ച് ഐ വി പിടിപെടുന്നതിലൂടെ അമ്മമാര്‍ മരിക്കുന്നതും കുട്ടികള്‍ അണുബാധിതരാകു ന്നതും തടയുക, എച്ച് ഐ വി അണുബാധിതരായവര്‍ ക്ഷയരോഗബാധയിലൂടെ മരിക്കുന്ന സാഹചര്യം ഇല്ലാതാക്കുക, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കിടയിലെ എച്ച് ഐ വി വ്യാപനം തടയുക, എയ്ഡ്സ് വ്യാപനത്തിനെതിരെയുള്ള പരിപാടികള്‍ക്കു തടസമാകുന്ന നിയമങ്ങളും നയങ്ങളും പ്രവര്‍ത്തനങ്ങളും എച്ച് ഐ വി അണുബാധിതരോടും എയ്ഡ്സ് ബാധിതരോടുമുള്ള വിവേചനവും സാമൂഹ്യനിന്ദയും ഇല്ലാതാക്കുക, എച്ച് ഐ വിയില്‍ നിന്ന് സ്വയം ഒഴിവാകാന്‍ യുവാക്കളെ പ്രാപ്തരാക്കുക, സ്ത്രീകള്‍ക്കും പെണ്‍ കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കുക, എച്ച് ഐ വി അണുബാധിതര്‍ക്കുള്ള സാമൂഹ്യസുരക്ഷ മെച്ചപ്പെടുത്തുക തുടങ്ങിയ നടപടികളിലൂടെ എല്ലാവരി ലേക്കും എച്ച് ഐ വി സേവനങ്ങള്‍ എന്ന ലക്ഷ്യം കൈവരിക്കാമെന്ന് യു എന്‍ എയ്ഡ്സ് പ്രതീക്ഷിക്കുകയാണ്.
1988 ഡിസംബര്‍ ഒന്നിനാണ് ലോകത്ത് ആദ്യമായി എയ്ഡ്സ് ദിനം ആചരിക്കുന്നത്. അന്നു മുതല്‍ എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് ലോകവ്യാപകമായി എയ്ഡ്സ് ദിനമായി ആചരിച്ചു വരികയാണ്. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തെ എയ്ഡ്സ് ദിനാചരണത്തിലൂടെ എയ്ഡ്സ് ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചും എച്ച് ഐ വിക്കും എയ്ഡ്സിനു മെതിരെ ബോധവത്കരണവും കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും രാജ്യങ്ങള്‍ക്കിടയിലും ഭരണാധികാരികള്‍ക്കിടയിലും സാധാരണ ജനങ്ങള്‍ ക്കിടയിലും അവബോധം വളര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.
എച്ച് ഐ വി, എയ്ഡ്സ്: സ്ഥിതിവിവര കണക്കുകള്‍
ലോകത്ത് എച്ച് ഐ വി അണുബാധിതരായി 3.32 കോടി ജനങ്ങളുണ്ട്. ഇവരില്‍ 25 ലക്ഷം കുട്ടികളാണ്. പതിനഞ്ചും ഇരുപത്തിനാലിനുമിടയില്‍ പ്രായമുള്ളവര്‍ ഒരു കോടി വരും.
ഓരോ ദിവസവും ലോകത്തെങ്ങുമായി 7400 പേര്‍ പുതിയതായി എച്ച് ഐ വി അണുബാധിതരാകുന്നു. 40 ലക്ഷം പേര്‍ക്ക് ഇപ്പോള്‍ ചികിത്സ ലഭിക്കുന്നുണ്ട്. 97 ലക്ഷം പേര്‍ക്ക് ഇനിയും ചികിത്സ ലഭിക്കേണ്ടതായുണ്ട്. പുതിയതായി അണുബാധിതരാകുന്നതില്‍ പകുതിയും 25 വയസില്‍ താഴെയുള്ളവരാണ്. ഇവരില്‍ ഭൂരിപക്ഷവും 35 വയസ് എത്തുന്ന തിനു മുമ്പു തന്നെ മരണമടയുകയും ചെയ്യുന്നു. എയ്ഡ്സിനെതിരെ ജാഗ്രത തുടരേണ്ടതിന്റെ ആവശ്യകത എടുത്തു കാട്ടുന്നതാണ് ഈ കണക്കുകള്‍.
എന്നാല്‍ പുതിയതായി എച്ച് ഐ വി അണുബാധിതരാകുന്നവരുടെ എണ്ണത്തില്‍ വരുന്ന കുറവ് ഈ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയെ കാണിക്കുന്നു. 2001 ല്‍ ലോകത്ത് പുതിയതായി 30 ലക്ഷം പേര്‍ എച്ച് ഐ വി അണുബാധിതരായെങ്കില്‍ 2007 ല്‍ ഈ എണ്ണം 27 ലക്ഷമായി കുറഞ്ഞു. 2005 ല്‍ എച്ച് ഐ വി അണുബാധയുടെ ഫലമായുണ്ടായ മരണം 22 ലക്ഷമായിരുന്നു. എന്നാല്‍ ഇത് 2007 ല്‍ 20 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.
എച്ച് ഐ വി, എയ്ഡ്സ് ഇന്ത്യയില്‍
ഇന്ത്യയില്‍ 23.1 ലക്ഷം എച്ച് ഐ വി അണുബാധിതര്‍ ഉള്ളതായാണ് കണക്ക്. ഇവരില്‍ 88.7 ശതമാനവും പതിനഞ്ചിനും 49നുമിടയില്‍ പ്രായമുള്ളവരാണ്. നിലവില്‍ രാജ്യത്ത് 7,58,698 എച്ച് ഐ വി അണുബാധിതര്‍ സര്‍ക്കാരിന്റെ എയ്ഡ്സ് നിയന്ത്രണ സംവിധാനത്തിന്റെ കീഴില്‍ ചികിത്സയിലുണ്ട്.
കേരളവും എയ്ഡ്സും
കേരളത്തില്‍ എച്ച് ഐ വി അണുബാധിതരും എയ്ഡ്സ് ബാധിതരമായ 55,167 പേര്‍ ഉണ്ടെന്നാണ് കണക്ക്. മുതിര്‍ന്നവര്‍ക്കിടയില്‍ എച്ച് ഐ വി അണുബാധ കേരളത്തില്‍ 0.26 ശതമാനമാണ്. ഇന്ത്യയിലൊട്ടാകെയുള്ള കണക്കെടുത്താല്‍ ഇത് 0.34 ശതമാനമാണ്.
2009 ഒക്ടോബറിലെ കണക്കനുസരിച്ച് 11,024 എച്ച് ഐ വി അണുബാധിതരാണ് കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുള്ള ഉഷസ് കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 6004 പേര്‍ക്ക് എ.ആര്‍.ടി ചികിത്സ ആരംഭിച്ചു. നിലവില്‍ എ.ആര്‍.ടി ചികിത്സയിലുള്ളത് 4018 പേരാണ്. എ.ആര്‍.ടിയില്‍ രജിസ്റ്റര്‍ ചെയ്തതില്‍ 950 പേര്‍ ഇതിനകം മരണമടഞ്ഞിട്ടുണ്ട്.