Saturday, 6 August 2011

പനികൾ തിരിച്ചറിയുക, പ്രതിരോധിക്കുക

മഴക്കാലമായതോടെ കേരളത്തിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ കിടക്കകളും വരാന്തകളും പനിരോഗികളെക്കൊണ്ട് നിറഞ്ഞുകവിയുകയാണ്.
മുന്‍കാലങ്ങളില്‍ മഴക്കാലത്ത് പകരുന്നത് ‘ഫ്‌ളൂ’ പനിയായിരുന്നു. എന്നാല്‍,  ഇപ്പോള്‍ എലിപ്പനി, ഡെങ്കിപ്പനി, ചികുന്‍ഗുനിയ എന്നിവയും പുതുതായി ആവിര്‍ഭവിച്ച എച്ച്1 എന്‍1 പനിയും ഭീഷണി ഉയര്‍ത്തുന്നു.  തകിടം മറിയുന്ന പരിസ്ഥിതികളുടെ പിന്‍ബലത്തില്‍ മലമ്പനി തിരിച്ചുവന്ന് ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. അങ്ങനെ അനാരോഗ്യ വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്.
കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്ഥയും പകര്‍ച്ചവ്യാധികള്‍ക്കും കൊതുകുജന്യ രോഗങ്ങള്‍ക്കും അനുകൂലമാണ്. ഭൂമധ്യരേഖക്ക് 20 ഡിഗ്രി വടക്കായി, ഉഷ്ണമേഖലയില്‍ കിടക്കുന്ന കേരളത്തില്‍ ശരാശരി വര്‍ഷത്തില്‍ 3000 മി.മീ.എന്ന തോതില്‍ മഴ ആറു മാസമായി ലഭിക്കുന്നുണ്ട്. അന്തരീക്ഷ താപനില 20-40 ഡിഗ്രിക്കിടയിലാണ് -ഇതൊക്കെ കൊതുകിന്റെ അതിജീവനത്തിന് അനുകൂലമാണ്. വീടുകളുടെ ആധിക്യവും ജനസാന്ദ്രതയും (900/സ്‌ക്വയര്‍ കി.മീ), നിരന്തരം യാത്രചെയ്യുന്ന ജനങ്ങളുടെ (Mobility) പൊതുസ്വാഭാവവും രോഗപ്പകര്‍ച്ചക്ക് അനുകൂലമാണ്. ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിക്കാത്തതും മാലിന്യങ്ങള്‍ തള്ളുന്നതും വെള്ളക്കെട്ടുകളുണ്ടാകുന്നതും രോഗവാഹകരായ എലികളും കൊതുകുകളും പെരുകാന്‍ കളമൊരുക്കുന്നു.
വൈറല്‍ പനി (ഫ്‌ളൂ)
പനികളില്‍ 80 ശതമാനത്തിലധികം വിവിധതരം വൈറസുകള്‍ പരത്തുന്ന  ഫ്‌ളൂ എന്നറിയപ്പെടുന്ന വൈറല്‍ പനിയായിരിക്കും. ജലദോഷവും തുമ്മലും വേദനയും പനിയും സാധാരണ 3-4 ദിവസംകൊണ്ട് ഭേദമാകും. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും തെറിക്കുന്ന ചെറുകണങ്ങളിലൂടെ വായുമാര്‍ഗമാണ് പകരുന്നത്. രോഗിയുടെ മൂക്കിലും വായിലുമുള്ള സ്രവങ്ങള്‍, വിരലുകള്‍, ടവ്വലുകള്‍ തുടങ്ങിയവയിലൂടെ ഇത് മറ്റൊരാളിലേക്ക് പകരാവുന്നതാണ്. മഴക്കാലത്തെ ഈര്‍പ്പം വൈറസുകളെ എളുപ്പം പകരാന്‍ സഹായിക്കുന്നു.
വിശ്രമത്തോടൊപ്പം, ദ്രാവകരൂപത്തിലുള്ള ഭക്ഷണവും ഗുളികകളും കഴിച്ചാല്‍ വൈറല്‍ പനി തനിയെ ഭേദമാകും. എളുപ്പം പകരാന്‍ സാധ്യതയുള്ളതിനാല്‍ രോഗി വീട്ടില്‍തന്നെ വിശ്രമിക്കുന്നതാണ് പനി വ്യാപിക്കാതിരിക്കാന്‍ എളുപ്പമാര്‍ഗം. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ ടവ്വല്‍കൊണ്ട് അടച്ചുപിടിക്കുകയും ഇടക്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുകയും വേണം. വിദ്യാര്‍ഥികള്‍ക്ക് പനിയുടെ ലക്ഷണമുണ്ടായാല്‍ സ്‌കൂളില്‍ അയക്കാതിരിക്കാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കള്‍ കാണിക്കേണ്ടതുണ്ട്.
ഇത്തരം പനിക്കുശേഷം തൊണ്ടയിലും ശ്വാസകോശത്തിലും അണുബാധയുണ്ടായി കഫത്തിന് മഞ്ഞനിറം വരുമ്പോള്‍ മാത്രമേ ആന്റിബയോട്ടിക്കുകള്‍ ചികിത്സക്ക് ഉപയോഗിക്കേണ്ടതുള്ളൂ.
വൈറല്‍ പനിയുണ്ടാക്കുന്നത് വിവിധ തരം  വൈറസുകളാണ്. അതുകൊണ്ടാണ് പനി മാറിക്കഴിഞ്ഞാലും കുറച്ച് ദിവസത്തിനുശേഷം മറ്റൊരു വൈറസ് ബാധമൂലം വീണ്ടും പനിക്കുന്നത്.
എച്ച്1 എന്‍1
2009 മാര്‍ച്ചില്‍ മെക്‌സികോയില്‍ പൊട്ടിപ്പുറപ്പെട്ട എച്ച്-1 എന്‍1 പനി ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍മൂലം ഉണ്ടായതാണ്. 2009 ജൂണില്‍തന്നെ കേരളത്തിലെത്തിയ ഈ രോഗാണു 2010ല്‍  സംസ്ഥാനത്ത് അനേകം പേര്‍ക്ക് ബാധിക്കുകയുണ്ടായി. പുതിയ വൈറസായതിനാല്‍ ആര്‍ക്കും രോഗാണുവിനെതിരെ ആര്‍ജിത പ്രതിരോധം ഇല്ലാത്തതിനാലും പകരുന്നത് വൈറല്‍ പനിപോലെ വായുവിലൂടെ ആയതിനാലും ഇത് എളുപ്പം വ്യാപിക്കാവുന്നതാണ്. പക്ഷേ, ആരംഭദശയിലുള്ള തീവ്രത മാറി ഭൂരിഭാഗം പേരിലും ജലദോഷപ്പനിപോലെ ലക്ഷണങ്ങള്‍ കാണിച്ച് തനിയെ ഭേദമാകും.
രോഗബാധയുള്ള ആളില്‍നിന്ന് ഒരാഴ്ചവരെ മറ്റൊരാളിലേക്ക് തൊണ്ടയിലും മൂക്കിലുമുള്ള സ്രവം വഴി രോഗം പകരാവുന്നതാണ്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ രോഗം പ്രത്യക്ഷപ്പെടാം. പനി, ജലദോഷം, തലവേദന, തൊണ്ടവേദന, ഛര്‍ദി എന്നിവയൊക്കെയാണ് രോഗലക്ഷണങ്ങള്‍. സാധാരണ പനിക്ക് ആവശ്യമായ ശ്രദ്ധയും ശുശ്രൂഷയും മാത്രമേ എച്ച്1എന്‍1 പനിക്കും വേണ്ടതുള്ളൂ (വീട്ടില്‍ വിശ്രമം, ധാരാളം വെള്ളം കുടിക്കുക എന്നിവ). എച്ച് 1 എന്‍ 1 പനിയുടെ കാറ്റഗറി എ, കാറ്റഗറി ബി എന്നിവക്ക് പരിശോധനാ ടെസ്റ്റുകള്‍ നടത്തേണ്ടതില്ല. ഗര്‍ഭിണികള്‍ അഞ്ച് വയസ്സില്‍ താഴെയുള്ളവര്‍, 65 വയസ്സില്‍ മേല്‍ പ്രായമുള്ളവര്‍, കിഡ്‌നി, കരള്‍ രോഗികള്‍ എന്നിവര്‍ക്കും കാറ്റഗറി സിയില്‍പ്പെട്ട എച്ച് 1 എന്‍ 1 രോഗികള്‍ക്കും ഔഷധമായ  ഒസെല്‍റ്റാമിവിര്‍ (Oseltamivir) നല്‍കണം. പാശ്ചാത്യരാജ്യങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ എച്ച്1 എന്‍1 പനിക്ക് വൈറല്‍ പനിയുടെ ശ്രദ്ധ മാത്രമാണ് അനുശാസിക്കുന്നത്. സാധാരണ എല്ലാ പനികള്‍ക്കും അനാവശ്യമായി ‘ആന്റിവൈറല്‍’ ഔഷധങ്ങള്‍ നല്‍കുന്നതു രോഗാണുക്കള്‍ മരുന്നുകളെ അതിജീവിക്കാനും ചികിത്സ ഫലിക്കാതിരിക്കാനും പുതിയ രോഗാണുക്കള്‍ പിറവിയെടുക്കാനും കാരണമാവും.
എലിപ്പനി
ലെപ്‌റ്റോസ്‌പിറ (Leptospira) വിഭാഗത്തില്‍പെട്ട ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണം. സാധാരണ എലികളില്‍ കാണപ്പെടുന്ന ഈ ബാക്ടീരിയ അതിന്റെ ശരീരത്തില്‍ ആയുഷ്‌കാലം ഉണ്ടാവും. മൂത്രത്തിലൂടെ പുറത്ത് പരക്കുകയുംചെയ്യുന്നു. കൂടാതെ വളര്‍ത്തുമൃഗങ്ങളായ പശു, ആട്, നായ തുടങ്ങിയവയും എലിപ്പനി രോഗവാഹകരാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ മൂത്രത്തിലൂടെ നേരിട്ടും മണ്ണിലൂടെയും വെള്ളത്തിലൂടെയും തൊലികളിലെ മുറിവുകളിലൂടെയും വായ, കണ്ണ്, മൂക്ക് എന്നിവയിലെ ശ്ലേഷ്മ ചര്‍മം വഴിയും മനുഷ്യന്റെ ശരീരത്തില്‍ രോഗാണു പ്രവേശിക്കുന്നു. എലിപ്പനി ഒരിക്കലും ഒരു രോഗിയില്‍നിന്ന് മറ്റൊരാളിലേക്ക് പകരില്ല. കേരളത്തിലെ മണ്ണിന്റെ ‘ക്ഷാരഗുണവും’ ഒഴുകിപ്പോകാത്ത വെള്ളക്കെട്ടും എലികളെ പോറ്റുന്ന മാലിന്യക്കൂമ്പാരവും എലിപ്പനിയുടെ വ്യാപനം എളുപ്പമാക്കുന്നു. രോഗാണു ശരീരത്തിലെത്തിയാല്‍ 4-20 ദിവസങ്ങള്‍ക്കുള്ളില്‍ രോഗം പ്രത്യക്ഷപ്പെടും. 90 ശതമാനം പേരിലും അത്ര തീവ്രതയില്ലാതെയും 10 ശതമാനം പേരില്‍ തീവ്രത കൂടിയും രോഗം ഉണ്ടാകും. പനി, തലവേദന, മാംസപേശി വേദന (പ്രത്യേകിച്ച് കാലിന്റെ പേശികള്‍), കണ്ണുചുവക്കുക എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവരും വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്നവരും പനിയുള്ളപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. 10 ശതമാനം പേരില്‍ രോഗം കരളിനെ ബാധിച്ച് മഞ്ഞപ്പിത്തം ഉണ്ടാവും. തുടര്‍ന്ന് വൃക്കകള്‍ക്കോ ഹൃദയത്തിനെയോ തലച്ചോറിനെയോ ബാധിച്ച് അതിഗുരുതരാവസ്ഥയിലെത്തിച്ചേര്‍ന്ന് മരണംവരെ ഉണ്ടായേക്കാം. പനിയോടൊപ്പം മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയുക (24 മണിക്കൂറില്‍ 400 മില്ലിക്കു താഴെ), രക്തസമ്മര്‍ദം കുറയുക, ശ്വാസംമുട്ടുക, രക്തം തുപ്പുക, ബോധക്ഷയം എന്നിവയുണ്ടാകുമ്പോള്‍ രോഗിയെ ഉടനെ സൗകര്യമുള്ള ആശുപത്രിയില്‍ എത്തിക്കേണ്ടതാണ്.
മഴക്കാലങ്ങളില്‍ ഓവുചാലുകള്‍, കുളം എന്നിവ വൃത്തിയാക്കുന്നവര്‍, ദേശീയ തൊഴില്‍ ദാനപദ്ധതിയനുസരിച്ച് തൊഴിയിലിലേര്‍പ്പെടുന്നവര്‍ എന്നിവര്‍ എലിപ്പനി പ്രതിരോധ ഗുളികകള്‍ കഴിക്കണം. എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ വയലിലും പൈനാപ്പിള്‍ തോട്ടത്തിലും പണിയെടുക്കുന്നവര്‍, കേബിള്‍ കുഴിക്കുന്നവര്‍ തുടങ്ങിയവര്‍ കൈകാലുകള്‍ മുട്ടോളംവരെ പ്ലാസ്റ്റികുകൊണ്ട് പൊതിയുന്നത് നല്ലതാണ്. ശരീരത്തില്‍ മുറിവുള്ളവര്‍ അത് പ്ലാസ്റ്റര്‍കൊണ്ട് ഒട്ടിച്ചുവെക്കണം. വീടും പരിസരവും എലിശല്യമില്ലാതെ സംരക്ഷിക്കണം.  തൊഴുത്തുകളുടെ ശുചിത്വം എലിപ്പനി പ്രതിരോധത്തിന്റെ പ്രാഥമിക പാഠമാണ്. 48 മണിക്കൂറുകള്‍ക്കുള്ളില്‍ ശരിയായ ചികിത്സ കിട്ടിയാല്‍ എലിപ്പനി  ഭേദമാകും.
ചികുന്‍ഗുനിയ
2006ല്‍  കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ‘ചികുന്‍ഗുനിയ’ തുടര്‍വര്‍ഷങ്ങളില്‍ ജില്ലകള്‍ മാറിമാറി ജനങ്ങളുടെ ‘നടുവൊടിച്ചു’. ആര്‍ബോ വൈറസുകള്‍ ഉണ്ടാക്കുന്ന ഈ രോഗം ഈഡിസ് വര്‍ഗത്തില്‍പെട്ട കൊതുകുകള്‍ വഴിയാണ് മറ്റൊരാളിലേക്ക് പകരുന്നത്. (പകല്‍ കടിക്കുന്ന ‘വരയന്‍ കൊതുകുകള്‍’ വീടുകളില്‍ ചുറ്റിപ്പറ്റി കഴിയുന്നു). രോഗിയുടെ രക്തം കുടിക്കുന്ന പെണ്‍കൊതുകുകള്‍ വഴിയാണ് രോഗം പകരുന്നത്. രോഗാണു ശരീരത്തിലെത്തിയാല്‍ 1-3 ദിവസങ്ങള്‍ക്കകം രോഗം പ്രത്യക്ഷപ്പെടാം. പെട്ടെന്നുള്ള പനി, തലവേദന, വെളിച്ചം നോക്കാന്‍ വിഷമം, കഴുത്തും മുഖത്തും ചുവന്നുതുടുക്കുക, തൊലിയില്‍ തിണര്‍പ്പുകള്‍, നാഡികളില്‍ വേദനയും നീരും- ഇവയാണ് രോഗക്ഷണങ്ങള്‍. സാധാരണഗതിയില്‍ പനി 5-7 ദിവസങ്ങള്‍ക്കുള്ളില്‍ ഭേദമാകുന്നതാണ്. പക്ഷേ, ചികുന്‍ഗുനിയ മൂലമുള്ള സന്ധിവേദനയും നീരും മാസങ്ങളോളം നീണ്ടുനില്‍ക്കുന്നത് ബാധിതരെ ശയ്യാവലംബികളാക്കുന്നു. ഇതുമൂലം രോഗബാധിതര്‍ക്ക് മാസങ്ങളോളം തൊഴില്‍ ചെയ്യാനാവാത്തത് രോഗമുണ്ടാകുന്ന ജനസമൂഹത്തിന്റെ സാമ്പത്തിക പ്രത്യാഘാതത്തിന്റെ ആക്കംകൂട്ടുന്നു. (ലേഖകന്‍ കോഴിക്കോട് കോടഞ്ചേരിയില്‍ നടത്തിയ പഠനം രോഗിക്ക് ശരാശരി രണ്ടര മാസത്തിലധികം തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്).
ഒരു തവണ ചികുന്‍ഗുനിയ ഉണ്ടായാല്‍ ആ വ്യക്തിക്ക് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധം കിട്ടുമെന്നതിനാല്‍ രോഗം പിന്നെ പിടികൂടുകയില്ല എന്നൊരു അനുഗ്രഹമുണ്ട്. പനിയും സന്ധിവേദനയും തൊലിയിലെ പാടുകളും രോഗലക്ഷണങ്ങളായ ചികുന്‍ഗുനിയക്ക് വിശ്രമവും ആവശ്യത്തിന് ജലാഹാരവുമാണ് പ്രാഥമിക ചികിത്സ. മൂന്നു ദിവസത്തില്‍ കൂടുതല്‍ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് ചികിത്സിക്കണം.
ഡെങ്കിപ്പനി
ചികുന്‍ഗുനിയ പോലെതന്നെ ‘ഈഡിസ്’ കൊതുകകള്‍ പരത്തുന്നതാണ് ഡെങ്കിപ്പനി. കൊതുകുകള്‍വഴി രോഗാണു ശരീരത്തിലെത്തി 5-6 ദിവസം കഴിഞ്ഞാണ് രോഗം പ്രത്യക്ഷപ്പെടുക. പനി, തലവേദന പ്രത്യേകിച്ച് കണ്ണിന് ചുറ്റുമുള്ള കഠിനമായ വേദന, ശരീരത്തിലെ തിണര്‍പ്പുകള്‍ തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. മിക്കവരിലും പനി 2-7 ദിവസം നീണ്ടുനില്‍ക്കും. ഭൂരിഭാഗം പേരിലും ഈ രോഗം മറ്റു പനികള്‍പോലെ കുഴപ്പമില്ലാതെ ഭേദമായേക്കാം. പക്ഷേ, ചുരുക്കം ചിലരില്‍ (10 ശതമാനം) പനിക്കു പുറമെ ആന്തരിക രക്തസ്രാവം, ബോധക്ഷയം എന്നിവ ഉണ്ടാകുകയും മരണം  സംഭവിക്കുകയും ചെയ്യാം.
ഡെങ്കിപ്പനിയുടെ രോഗാണുക്കള്‍ നാലു തരത്തിലുണ്ട്. ഒന്നിനു പിറകെ മറ്റൊരു തരത്തിലുള്ള ഡെങ്കി രോഗാണു വരുന്നതിനാലോ കൂടുതല്‍ തരത്തിലുള്ള ഡെങ്കി രോഗാണുബാധ മൂലമോ ആണ് രോഗം തീവ്രമാകുന്നത്. കേരളത്തില്‍ നാലു തരവും സംക്രമണത്തിലുണ്ട്. ഇവരില്‍ ഒന്നുകില്‍ രക്തം കട്ടപിടിക്കാന്‍ ആവശ്യമള്ള പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വളരെ കുറച്ച് ആന്തരിക രക്തസ്രാവം ഉണ്ടാക്കാം.
കൊതുകുവഴി പകരുന്നതിനാല്‍ ചികുന്‍ഗുനിയ, ഡെങ്കിപ്പനി ബാധിതര്‍ പകലും കൊതുകുവലകള്‍ക്കുള്ളില്‍ വിശ്രമിക്കേണ്ടതുണ്ട്.  -ഇങ്ങനെയുള്ളവരെ കിടത്തിചികിത്സിക്കുന്ന ആശുപത്രി വാര്‍ഡുകളും കൊതുകുവലകൊണ്ട് സംരക്ഷിച്ചവയായിരിക്കണം. ആശുപത്രികളില്‍ കൊതുകു പെരുകാനുള്ള ഉറവിടങ്ങള്‍ ഉണ്ടാകരുത്.
ഡെങ്കി പരത്തുന്ന കൊതുകളുടെ ‘ഫ്ലൈറ്റ്‌റെയിഞ്ച്’ നൂറു മീറ്ററത്രെ. ഇവ പെരുകുന്നത് വീടിന് ചുറ്റിപ്പറ്റിയുമാണ്. അതിനാല്‍ പ്രതിരോധ  പ്രവര്‍ത്തനങ്ങള്‍ വീട്ടില്‍നിന്ന് തുടങ്ങണം. പകര്‍ച്ചപ്പനി സര്‍ക്കാര്‍ ഡോക്ടര്‍മാരോ ആരോഗ്യ പ്രവര്‍ത്തകരോ  മാത്രം ശ്രമിച്ച് നിയന്ത്രിക്കാന്‍ പറ്റുന്നവയല്ല. പൊതുജനങ്ങള്‍ ശരിയായ പൊതുശുചിത്വത്തെക്കുറിച്ച് അവബോധവും അവയൊക്കെ സ്വജീവിതത്തില്‍ പാലിക്കാനുള്ള പക്വതയും ആര്‍ജിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ മഴക്കാലത്തിന് അകമ്പടിയായി  കേരളം ‘പനിയില്‍ വിറച്ചു’കൊണ്ടിരിക്കും. ഇവയൊക്കെ തടയാന്‍ വേണ്ടത് ഇനിയും കോടികള്‍ ചെലവിട്ട് ഉയര്‍ത്തുന്ന പഞ്ചനക്ഷത്ര ആശുപത്രികളല്ല, കൊതുകുകളും എലികളും പെരുകുന്ന ഉറവിടങ്ങളുടെയും ജീര്‍ണതകളുടെയും അനിവാര്യമായ നിര്‍മാര്‍ജനം എങ്ങനെ സാധ്യമാകുമെന്ന ചിന്തകളും പ്രവൃത്തികളുമാണ്.
[കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ , ഡോ. ടി. ജയകൃഷ്ണന്‍ 2011ജൂലൈ 18 ലെ മാധ്യമം ദിനപത്രത്തിൽ എഴുതിയ ലേഖനമാണിത്.]

Friday, 18 February 2011

എച്ച്1 എന്‍1ഉം ഗര്‍ഭിണികളും


എച്ച്1 എന്‍1: മരിച്ചവരില്‍ 30 ശതമാനവും ഗര്‍ഭിണികള്‍


കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് എച്ച്1 എന്‍1 പനി ബാധിച്ച് മരിച്ചവരില്‍ 30 ശതമാനത്തോളം പേര്‍ ഗര്‍ഭിണികളായിരുന്നുവെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കു പ്രകാരം 2009-10 വര്‍ഷം സംസ്ഥാനത്ത് 122 പേരാണ് എച്ച്1 എന്‍1 ബാധിച്ച് മരിച്ചത്. ഇവരില്‍ 32 പേര്‍ ഗര്‍ഭിണികളായിരുന്നു. ഇത് സംസ്ഥാനത്തെ മാതൃമരണ നിരക്കിന്റെ 10 ശതമാനത്തോളം വരും.
ജലദോഷം, പനി, തൊണ്ടവേദന എന്നീ ലക്ഷണങ്ങളോടെ തുടങ്ങുന്ന എച്ച്1 എന്‍1 യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ ന്യുമോണിയയാവുകയും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ച് രോഗിയുടെ മരണത്തിനിടയാക്കുകയും ചെയ്യും.
2008 അവസാനത്തോടെ വിദേശരാജ്യങ്ങളില്‍നിന്നാണ് ഈ രോഗം ഇന്ത്യയിലേക്ക് പടര്‍ന്നത്. പ്രവാസികള്‍ ഏറെയുള്ള കേരളത്തില്‍ 3116 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. രോഗവ്യാപന സാധ്യത മുന്‍കൂട്ടി കണ്ട് ആരോഗ്യവകുപ്പ് ശക്തമായ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒരെണ്ണത്തിന് 4000 രൂപയോളം വില വരുന്ന ഒസെള്‍റ്റാമിവിര്‍ എന്ന പ്രതിരോധ ഗുളിക പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാറാശുപത്രികളിലും സൗജന്യമായി ലഭ്യമാക്കി. രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരുടെ തൊണ്ടയിലെ സ്രവപരിശോധനക്ക് കേന്ദ്രസര്‍ക്കാറിന്റെ സഹകരണത്തോടെ മൂന്ന് ലാബുകള്‍ സജ്ജീകരിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, ആലപ്പുഴയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി എന്നീ ലാബുകളിലും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയായ കസ്തൂര്‍ബാ മെഡിക്കല്‍ കോളജിലുമാണ് സ്രവപരിശോധന നടത്തുന്നത്. 10,000 രൂപയോളം ചെലവു വരുന്ന ഈ പരിശോധനക്ക് രോഗികളില്‍നിന്ന് പണം ഈടാക്കുന്നില്ല.
അതേസമയം, ഏതാനും മാസത്തെ ഇടവേളക്കുശേഷം എച്ച്1 എന്‍1 വീണ്ടും കണ്ടുതുടങ്ങിയത് ആരോഗ്യവകുപ്പ് ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം 20ലേറെ പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗപ്രതിരോധശേഷി കുറഞ്ഞ ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായംചെന്നവര്‍ എന്നിവര്‍ക്കാണ് സാധാരണയായി രോഗബാധയേല്‍ക്കുന്നത്. തൊണ്ടവേദന, പനി, ജലദോഷം, ശരീരവേദന തുടങ്ങിയ അസ്വസ്ഥതകളുള്ളവര്‍ വിദഗ്ധപരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നുണ്ട്. രോഗമുണ്ടെന്ന് സംശയിക്കുന്നവരുടെ സ്രവം ശേഖരിച്ച് പരിശോധിക്കും.
എച്ച്1 എന്‍1 പനി ബാധിച്ചവരെ വിശദമായി പരിശോധിച്ച ശേഷം മെഡിക്കല്‍ എജുക്കേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഗവേഷണ പഠനം നടത്തുന്നുണ്ട്. ഗൈനക്കോളജി, ശിശുരോഗ, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തുന്ന പഠനത്തിന്റെ റിപ്പോര്‍ട്ടിനനുസരിച്ച് ആരോഗ്യവകുപ്പ് തുടര്‍നടപടി സ്വീകരിക്കും.

Friday, 4 February 2011

സ്ത്രീകള്‍ അവഗണിക്കുന്ന അര്‍ബുദ രോഗലക്ഷണങ്ങള്‍

സ്ത്രീകള്‍ അവഗണിക്കുന്ന അര്‍ബുദ രോഗലക്ഷണങ്ങള്‍

അവഗണിക്കാറുണ്ടോ ഈ രോഗലക്ഷണങ്ങളെ ?

കാന്‍സര്‍ നിര്‍ണയിക്കുന്നതിനുള്‍പ്പെടെ പൊതുവെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ആരോഗ്യപരിശോധനകളെല്ലാം നടത്തുന്നതില്‍ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ ജാഗരൂകരാണെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ മതം. എന്നാല്‍ ഇത് എപ്പോഴും അങ്ങനെയാവണമെന്നില്ലെന്ന് റിപ്പോര്‍ട്ട്. കാന്‍സറിനു കാരണമായേക്കാവുന്ന ലക്ഷണങ്ങളെ ചെറുപ്പക്കാരായ സ്ത്രീകള്‍ അവഗണിക്കുന്നതായി ഫിലാഡെല്‍ഫിയയിലെ ഫോക്‌സ് ചേസ് കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍ മേരി ഡാലി ചൂണ്ടിക്കാട്ടുന്നു.

അര്‍ബുദം പ്രായമായവരുടെ രോഗമാണെന്നാണ് ചെറുപ്പക്കാരുടെ ധാരണ. അതു പലപ്പോഴും ശരിയുമാണ്. എന്നാല്‍ അടുത്തിടെയായി ചെറുപ്പക്കാരില്‍ അര്‍ബുദം കൂടുതലായി കണ്ടുവരുന്നുവെന്നത് അവഗണിക്കാവുന്ന കാര്യവുമല്ല.

ചില സ്ത്രീകള്‍ രോഗലക്ഷണങ്ങളെ കാര്യമാക്കാതെ അവഗണിക്കുകയാണ് ചെയ്യുന്നതെങ്കില്‍ മറ്റുചിലര്‍ പരിശോധനകള്‍ ഒഴിവാക്കുന്നത് വ്യത്യസ്തമായ കാരണങ്ങള്‍ കൊണ്ടാണ്. 'അര്‍ബുദം ചികില്‍സിച്ചു ഭേദമാക്കാനാകില്ല, പിന്നെന്തിന് രോഗം പരിശോധിച്ച് ഉറപ്പിക്കാന്‍ പോവണം?' ഈ പഴഞ്ചന്‍ വിശ്വാസമാണ് ഇക്കൂട്ടരെ ഡോക്ടറെ സമീപിക്കുന്നതില്‍ നിന്ന് തടയുന്നതെന്് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ അസോസിയേറ്റ് പ്രൊഫസറും ഫ്രെഡ് ഹച്ചിന്‍സണ്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ജോയിന്റ് അസോസിയേറ്റ് മെമ്പറുമായ ഡോക്ടര്‍ ഹന്ന ലിന്‍ഡെന്‍ ചൂണ്ടിക്കാട്ടുന്നു.

ഇതോടൊപ്പം മറ്റൊരു വസ്തുത കൂടി കൂട്ടിവായിക്കേണ്ടതുണ്ട്. രോഗലക്ഷണങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ആളുകളെ അമിത ആശങ്കയിലേക്ക് തള്ളിവിടാനും പാടില്ല. സമചിത്തതയോടെ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ട് ശരിയായ വഴിയില്‍ മുന്നേറുകയാണ് വേണ്ടത്. പരിശോധനകള്‍ തന്നെ ഒഴിവാക്കുന്ന നിസ്സംഗതയ്ക്കും പ്രശ്‌നത്തോട് അമിതാശങ്കയോടെ പ്രതികരിക്കുന്ന വൈകാരികതയ്ക്കും ഇടയിലുള്ള യുക്തിപൂര്‍ണമായ നിലപാടാണ് നല്ലത്.

സ്ത്രീകള്‍ പൊതുവെ അവഗണിക്കാറുള്ള 15 അര്‍ബുദരോഗലക്ഷണങ്ങള്‍ ഏതെല്ലാമെന്നു നോക്കാം. പെട്ടെന്ന് ശ്രദ്ധിക്കാറില്ലാത്തതും എന്നാല്‍ പരിശോധിക്കേണ്ടതുമായി കാര്യങ്ങളാണിവ.

ഭാരംകുറയല്‍

ഒരു ശ്രമവും നടത്താതെ തന്നെ ഭാരം കുറയുകയെന്നത് ഒട്ടുമിക്ക സ്ത്രീകള്‍ക്കും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ വ്യയാമം പതിവില്‍ നിന്നു കൂടുകയോ ഭക്ഷണം കുറയ്ക്കുകയോ ചെയ്യാതിരുന്നിട്ടും മാസം 10 പൗണ്ടോളം ഭാരം കുറഞ്ഞാല്‍ അത് പരിശോധിക്കേണ്ടതാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവര്‍ത്തനം പോലുള്ള ചില രോഗാവസ്ഥകളിലും ഇത്തരം ഭാരം കുറയല്‍ ഉണ്ടാകാം. എന്നാല്‍ അത്തരം കാരണങ്ങളൊന്നുമില്ലാത്തിടത്തോളം അത് അര്‍ബുദം മൂലമാകാന്‍ സാധ്യതയേറെയാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതോടൊപ്പം വിവിധ അവയവങ്ങളുടെ സി.ടി. സ്‌കാനും ഡോക്ടര്‍ നിര്‍ദേശിച്ചേക്കാം. അവ കൃത്യമായി ചെയ്യുക.

ചെറിയ തോതിലുള്ള രക്തസ്രാവം
പല സ്ത്രീകളും 'അതങ്ങനെയാണ്' എന്ന് മനസ്സാ വിശ്വസിച്ച് കൊണ്ടു നടക്കുന്ന അവസ്ഥയാണ് ചെറിയതോതിലുള്ള രക്തസ്രാവം (ബ്ലോട്ടിങ്). എന്നാലത് അണ്ഡാശയ കാന്‍സറിന്റെ ലക്ഷണമാകാം. വയറുവേദനയോ പെല്‍വിക് വേദനയോ ഉണ്ടാവുക, വളരെക്കുറച്ചു ഭക്ഷണം മാത്രം കഴിച്ചാലും പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നുക, പെട്ടെന്ന് മൂത്രമൊഴിക്കാന്‍ തോന്നുന്നതുള്‍പ്പെടെയുള്ള യൂറിനറി പ്രശ്‌നങ്ങള്‍ എന്നിവയും ഒവേറിയന്‍ കാന്‍സറിലേക്ക് വിരല്‍ ചൂണ്ടുന്ന ലക്ഷണങ്ങളാവാം.

ചെറിയ തോതിലുള്ള രക്തസ്രാവം ഏതാണ്ടെല്ലാ ദിവസവും ഉണ്ടാവുകയും ഏതാനും ആഴ്ചകള്‍ക്കുമേല്‍ തുടരുകയും ചെയ്താല്‍ തീര്‍ച്ചയായും ഡോക്ടറെ സമീപിക്കണം. സി.ടി. സ്‌കാനും രക്തപരിശോധനയുമുള്‍പ്പെടെ ഡോക്ടര്‍ നിര്‍ദേശിക്കുന്ന എല്ലാ പരിശോധനകളും ചെയ്യണം.

സ്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

കൃത്യമായ സ്തനപരിശോധനയൊന്നും നടത്താറില്ലെങ്കിലും മുഴകള്‍ ഉണ്ടാവുകയാണെങ്കില്‍ സ്ത്രീകള്‍ അവ പെട്ടെന്ന് തിരിച്ചറിയാറുണ്ട്. എന്നാല്‍ മുഴകള്‍ മാത്രമല്ല അര്‍ബുദത്തിന്റെ ലക്ഷണം. സ്തനത്തില്‍ തൊലിപ്പുറമേ ചുവന്ന നിറവും തടിപ്പുമുണ്ടെങ്കില്‍ അത് അപൂര്‍വവും അതേസമയം പെട്ടെന്ന് വ്യാപിക്കുന്നതുമായ വീക്കം സ്തനാര്‍ബുദത്തിന്റെ ലക്ഷണമായേക്കാം. ആഴ്ചകളോളം നിലനില്‍ക്കുന്ന വ്രണം കണ്ടാലും അതു വൈകാതെ പരിശോധിപ്പിക്കണം.

മുലക്കണ്ണിന് കാഴ്ചയില്‍ മാറ്റം തോന്നുകയോ മുലയൂട്ടുന്ന അവസ്ഥയിലല്ലാഞ്ഞിട്ടും സ്തനത്തില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള സ്രവം ഉണ്ടാവുകയോ ചെയ്താലും ഉടന്‍ ഡോക്ടറെ കാണണം. മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞിരുന്നാലും ശ്രദ്ധിക്കേണ്ടതുണ്ട്. മാമോഗ്രാം, അള്‍ട്രാസൗണ്ട്, എം.ആര്‍.ഐ. സ്‌കാനുകള്‍ തുടങ്ങിയ പരിശോധനകളും വേണ്ടിവന്നാല്‍ ബയോപ്‌സിയും ഡോക്ടര്‍ നിര്‍ദേശിച്ചേക്കാം.

അസാധാരണമായ രക്തസ്രാവം

ആര്‍ത്തവവിരാമം ആവാറായിട്ടില്ലാത്ത സ്ത്രീകള്‍ രണ്ട് ആര്‍ത്തവങ്ങള്‍ക്കിടയിലുണ്ടാകുന്ന രക്തസ്രാവത്തെ പൊതുവെ അവഗണിക്കുകയാണ് പതിവ്. രക്തസ്രാവത്തെ ആര്‍ത്തവത്തിന്റെ ഭാഗമാണെന്ന തെറ്റിദ്ധാരണയില്‍ ചിലര്‍ കാര്യമാക്കാറില്ല. എന്നാല്‍ ആര്‍ത്തവങ്ങള്‍ക്കിടയ്ക്കുണ്ടാകുന്ന രക്തസ്രാവം ശ്രദ്ധിക്കേണ്ടതാണ്, പ്രത്യേകിച്ച് കൃത്യമായ ആര്‍ത്തവ ചക്രമുള്ളവര്‍. ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള രക്തസ്രാവം എന്‍ഡോമെട്രിയല്‍ കാന്‍സര്‍ മൂലമാകാം.

ഗര്‍ഭപാത്രത്തിന്റെ ആന്തരിക ആവരണമാണ് എന്‍ഡോമെട്രിയം. എന്‍ഡോമെട്രിയല്‍ കാന്‍സറുണ്ടാകുന്നവരില്‍ നാലില്‍ മൂന്നുപേര്‍ക്കും ആദ്യകാല ലക്ഷണമായി അസാധാരണമായ രക്തസ്രാവം ഉണ്ടായതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഏക രക്തസ്രാവം കോളോറെക്ടല്‍(വന്‍കുടലും മലാശയവുംചേരുന്ന ഭാഗത്തുകണ്ടാകുന്ന) കാന്‍സറിന്റെ സൂചനയാകാം. അള്‍ട്രാസൗണ്ട് സ്‌കാനോ ബയോപ്‌സിയോ മറ്റു പരിശോധനകള്‍ക്കൊപ്പം ഡോക്ടര്‍ നിര്‍ദേശിച്ചേക്കാം.

മറുകുകളിലുണ്ടാകുന്ന മാറ്റങ്ങള്‍

മറുകുകളിലുണ്ടാകുന്ന മാറ്റങ്ങള്‍ ചര്‍മത്തിലുണ്ടാവുന്ന അര്‍ബുദത്തിന്റെ ലക്ഷണമാണെന്ന് ഒട്ടുമിക്കയാളുകള്‍ക്കുമറിയാം; പലരുമത് ശ്രദ്ധിക്കാറുമുണ്ട്. എന്നാല്‍ തൊലിപ്പെേുറയുള്ള നിറംമാറ്റം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ത്വക്കില്‍ നിന്നു രക്തം വരികയോ തൊലിപ്പുറമെ ചെതുമ്പല്‍ പോലെ മൊരിച്ചില്‍ കൂടുതലായി കാണപ്പെടുകയോ ചെയ്താലും പരിശോധന വേണം. ചര്‍മത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഏതാനും ആഴ്ചകള്‍ നിലനിന്നാല്‍ പരിശോധന വൈകിക്കരുത്.

ഭക്ഷണം ഇറക്കുന്നതിന് ബുദ്ധിമുട്ട്.

ഭക്ഷണം ഇറക്കുന്നതിനു ബുദ്ധിമുട്ടു തോന്നിയാല്‍, ചവച്ചിറക്കാന്‍ അത്ര ബുദ്ധിമുട്ടില്ലാത്ത ഭക്ഷണക്രമം സ്വീകരിക്കുന്നതാണ് നമ്മുടെ പൊതുവായി രീതി. സൂപ്പ്, ജ്യൂസ്, ദ്രവരൂപത്തിലുള്ള മറ്റാഹാരങ്ങള്‍ എന്നിവയിലേക്കോ നിങ്ങള്‍ തല്‍ക്കാലം മാറിയേക്കാം. എന്നാല്‍ ഈ ബുദ്ധിമുട്ട് അന്നനാളം പോലെയുള്ള ഭാഗങ്ങളിലെ കാന്‍സറിന്റെ ലക്ഷണമാകാം. നെഞ്ചിന്റെ എക്‌സ്‌റേയോ ഏക ടാക്ട്് പരിശോധനയോ നടത്തേണ്ടിവന്നേക്കാം.

മൂത്രത്തില്‍ രക്തം

മൂത്രത്തിലോ മലത്തിലോ രക്തം കണ്ടാല്‍ അത് ഏതെങ്കിലും ആന്തരിക മുറിവുണ്ടായതിനാലാണെന്ന് തീര്‍ച്ചപ്പെടുത്താന്‍ വരട്ടെ. അത് വന്‍കുടലിലെ കാന്‍സറിന്റെ ലക്ഷണമാകാം. മലവിസര്‍ജന സമയത്ത് രക്തം കണ്ടാല്‍ വൃക്കയിലെയോ മൂത്രസഞ്ചിയിലെയോ അര്‍ബുദസാധ്യത തള്ളിക്കളയാനാവില്ല.

കടുത്ത വയറുവേദനയും വിഷാദവും
വയറുവേദനയുണ്ടാവുകയും അതോടൊപ്പം അമിതമായ നൈരാശ്യം തോന്നുകയും ചെയ്യുന്ന സ്്ത്രീകള്‍ തീര്‍ച്ചയായും പരിശോധനയ്ക്ക് വിധേയരാകണം. ഡിപ്രഷനും പാന്‍ക്രിയാറ്റിക് കാന്‍സറും തമ്മില്‍ ബന്ധമുള്ളതായി ചില ഗവേഷകര്‍ വിലയിരുത്തുന്നു.

ദഹനക്കേട്

ഗര്‍ഭകാലത്ത് ദഹനക്കുറവുണ്ടാകുന്നത് അത്ര അസാധാരണമല്ല. എന്നാല്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയുള്ള ദഹനക്കേട് രോഗലക്ഷണമാകാം. വയറിലേയോ അന്നനാളത്തിലെയോ തൊണ്ടയിലേയോ അര്‍ബുദത്തിന്റെ ആദ്യലക്ഷണങ്ങളാകാമത്.

വായ്ക്കുള്ളിലെ മാറ്റങ്ങള്‍

വായ്ക്കകത്ത് വെള്ളപ്പാടുകളോ നാക്കിന്‍മേല്‍ വെളുത്ത കുത്തുകളോ കണ്ടാല്‍ പുകവലിശീലമുള്ളവര്‍ സൂക്ഷിക്കുക. വായിലെ കാന്‍സറായി മാറാന്‍ സാധ്യതയുള്ള, അര്‍ബുദത്തിനു മുന്നോടിയായ ല്യൂകോ പ്ലാകിയ എന്ന രോഗാവസ്ഥയാകാമത്.

വേദന

ശരീരത്തിലെവിടെയെങ്കിലുമൊക്കെ വേദന തോന്നാത്തവര്‍ ആരുമില്ല; പ്രത്യേകിച്ച് പ്രായമേറുമ്പോള്‍. പ്രത്യേകിച്ച് കാരണമൊന്നും കണ്ടെത്താനാകാത്തതും നീണ്ടുനില്‍ക്കുന്നതുമായ വേദന ശരീരഭാഗങ്ങളിലെവിടെയെങ്കിലും ഉണ്ടായാല്‍ അതു പരിശോധിക്കേണ്ടതാണ്.

ലിംഫ് നോഡുകളിലെ മാറ്റം

കക്ഷത്തിലേയോ കഴുത്തിലേയോ മറ്റേതെങ്കിലും ഭാഗത്ത് കഴലയോ തടിപ്പോ കണ്ടാല്‍ ശ്രദ്ധിക്കുക. കഴല ക്രമേണ വലുതാവുകയാണെങ്കില്‍ ഡോക്ടറെ കാണണം.

പനി

ഇന്‍ഫ്ഌവന്‍സയോ മറ്റ് അണുബാധകളോ ഒന്നും മൂലമല്ലാതെ പനി വന്നാല്‍ സൂക്ഷിക്കണം. പലപ്പോഴും അര്‍ബുദബാധ തുടങ്ങിയേടത്തു നിന്ന് വ്യാപിച്ച ശേഷമാവും പനിയുണ്ടാവുക. എന്നാല്‍ ലുക്കേമിയയോ ലിംഫോമയോ പോലുള്ള രക്താര്‍ബുദത്തിന്റെ കാര്യത്തില്‍ പനി തുടക്കത്തിലുള്ള ലക്ഷണമായിരിക്കും.

മഞ്ഞപ്പിത്തവും മലത്തില്‍ നിറവ്യത്യാസവും കാന്‍സര്‍ ലക്ഷണത്തില്‍ ഉള്‍പ്പെടും. നെഞ്ചിന്റെ എക്‌സ്‌റേ, സി.ടി. സ്‌കാന്‍, എം.ആര്‍.ഐ. എന്നിവ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ഡോക്ടര്‍ നിര്‍ദേശിച്ചേക്കും.

ക്ഷീണം

പല കാരണങ്ങള്‍ കൊണ്ട് ശരീരത്തിന് ക്ഷീണം അനുഭവപ്പെടാം. കാന്‍സറിന്റെയും ചെറിയൊരു ലക്ഷണമാണത്. രക്താര്‍ബുദം, വയറിലേയും വന്‍കുടലിലെയും കാന്‍സര്‍ എന്നിവപോലെയുള്ള വയുടെ കാര്യത്തില്‍ തുടക്കത്തിലാണ് അമിത ക്ഷീണം തോന്നുന്നതെങ്കില്‍ ശ്രദ്ധിക്കണം. അര്‍ബുദം വ്യാപിച്ച ശേഷമാണ് ഈ ലക്ഷണം കാണുന്നത്.

വിട്ടുമാറാത്ത ചുമ.

ജലദോഷം, ഫ്ല, അലര്‍ജി എന്നിവയോടൊപ്പമാണ് പലപ്പോഴും ചുമ കാണുക. ചിലപ്പോള്‍ ചില മരുന്നുകളുടെ പാര്‍ശ്വഫലമായും ചുമയുണ്ടാകാം. എന്നാല്‍ മൂന്നോ നാലോ ആഴ്ചയോളം നീളുന്ന ചുമ അവഗണിച്ചുകൂട. തൊണ്ടയുടെയും ശ്വാസകോശത്തിന്റെയും പരിശോധന, എക്‌സ്്‌റേ തുടങ്ങിയവ വേണ്ടിവന്നേക്കും.